DCBOOKS
Malayalam News Literature Website

നിധി തേടിയുള്ള വായന

ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍‘  എന്ന നോവലിന് രമ്യ ആര്‍ പിള്ള എഴുതിയ വായനാനുഭവം

ജയിക്കുന്നവരുടെ മാത്രം ഇടമാണ് ചരിത്രം എന്ന പരമ്പരാഗതമായ ചോല്ലിനുള്ള ശക്തമായ മറുപടിയാണ് ദീപു.പി യുടെ ‘മുകിലന്‍‘ എന്ന നോവല്‍. അല്ലെങ്കില്‍ വേണാട് ആക്രമിച്ച ഒരു മുഗള്‍ യുദ്ധപ്രഭുവിനെ കേന്ദ്രകഥാപാത്രമാക്കി ഇങ്ങനെ ഒരു നോവല്‍ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. മുകിലന്റ നിധി അന്വേഷിച്ചു പോകുന്ന നോവലിലെ ആഖ്യാതാവ് ആയ സിദ്ധാര്‍ത്ഥന്‍ അവസാനം എത്തുന്നത് ശ്രീപത്മനാഭന്റെ ബി-നിലവറയിലേക്കാണ്. മുകിലന്‍മാരുടെ കയ്യില്‍ നിന്നും ആക്രമണത്തിലൂടെ കേരളവര്‍മ്മയും ഉമയമ്മറാണിയും ചേര്‍ന്ന് സ്വന്തമാക്കിയ സ്വത്താണോ ബി-നിലവറയില്‍ ഉള്ളത് എന്നാണ് നോവലിസ്റ്റ് അന്വേഷിക്കുന്നത്.

ചരിത്രത്തെ വളച്ചൊടിക്കാന്‍ നോവലിസ്റ്റ് ഒട്ടുംതന്നെ ശ്രമിക്കുന്നില്ല എന്നതിന്റെ തെളിവാണ് സിദ്ധാര്‍ത്ഥന്റെ ഭാവനാ കല്‍പനകള്‍ ആയി നോവലിനെ രൂപപ്പെടുത്തിയിരിക്കുന്നതിലൂടെ വ്യക്തമാകുന്നത്. ‘ആത്മജ്ഞാനത്തിന്റെ ബീജങ്ങള്‍’ തൊട്ട് പരിസമാപ്തിയുടെ മനോസ്ഥലികള്‍’ വരെ 23 അധ്യായങ്ങളിലൂടെ മുകിലന്‍ കടന്നുപോകുന്നു. പുളിയഴങ്ങത്തെ മുത്തശ്ശി, പൊന്നറ മുത്തി, ഏറത്തെ പൊന്നറത്ത തുടങ്ങിയവരുടെ കഥകള്‍ കേട്ട് വളര്‍ന്ന സിദ്ധാര്‍ത്ഥന്‍ തന്റെ അന്വേഷണം ഗവേഷണ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിട്ടും നിര്‍ത്തിയില്ല. ഈ അന്വേഷണങ്ങളുടെ Textആകെത്തുകയാണ് മുകിലന്‍ എന്ന നോവല്‍. പണ്ട് കാലത്ത് ഭൂമി കുഴിക്കുമ്പോള്‍ അമൂല്യ നിധികള്‍ പലതും കണ്ടെടുത്തിട്ടുണ്ട്. പിന്നീടത് പുരാവസ്തു ഗവേഷകരുടെ മാത്രം ഇടമാകുന്നു. ‘Dont Cross-Prohibited area’ എന്ന ബോര്‍ഡിനാല്‍ പുറത്താക്കപ്പെടുന്ന സാധാരണക്കാരുടെ ജീവിതം പിന്നീട് ആരും അന്വേഷിക്കുന്നില്ല.

ആകെയുള്ള മണ്ണില്‍ വീടോ കിണറോ കുത്തുന്നതിലൂടെ നഷ്ടം നേരിടേണ്ടി വരുന്ന സാധാരണക്കാരുടെ മനസ്സ് ഈ നോവല്‍ വരച്ച് കാട്ടുന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഒരു ചുവരെഴുത്തു കൂടിയായി മുകിലന്‍ മാറുന്നുണ്ട്. തങ്ങളുപള്ളിയും തിരുവാറാട്ടമ്മയും സഹോദരങ്ങളായിരുന്ന നാടായിരുന്നു സിദ്ധാര്‍ത്ഥന്റേത്. ‘സൂഫിസത്തിന്റെ ഹൃദയ വിശാലതയും അദ്വൈതത്തിന്റെ ഏകതാനതയും ഒരു പോലെ ഇവിടുത്തെ ഹിന്ദുമുസ്ലീങ്ങള്‍ വച്ചുപുലര്‍ത്തി. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഇവിടുത്തെ ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പോയതിനു ശേഷം അതേ പവിത്രതയോടെയും ഭക്തിയോടെയും തങ്ങളു പള്ളിയുടെ മക്ബറയിലും’ ചെന്ന് വണങ്ങാന്‍ അവിടുത്തുകാര്‍ക്ക് സാധിച്ചത് മതസൗഹാര്‍ദ്ദത്തിന്റെ തെളിവാണ്. മിത്തിന്റെ പരിവേഷവും മുകിലനില്‍ കാണാന്‍ കഴിയും.

‘കൊയ്‌തൊഴിഞ്ഞ പാടത്ത് ദേവീ സാന്നിധ്യമില്ലാതാകുമ്പോള്‍ മാത്രമാണ് അറവലക്ക് തേര്‍വാഴ്ച്ച നടത്താന്‍ പറ്റുക. നെല്ലു വിളഞ്ഞു കിടക്കുമ്പോള്‍ അതുവഴിയെങ്ങാനും ഓടിയാല്‍ ചൂരലുമായി നില്‍ക്കുന്ന തമ്പുരാട്ടി പന്തം വലിച്ചു പിടിച്ചെറിഞ്ഞ് അറവലയുടെ ചെവിക്കു പിടിച്ചുയര്‍ത്തി ചന്തിയടിച്ചു പൊട്ടിക്കും’ എന്നായിരുന്നു അവിടുത്തുകാരുടെ വിശ്വാസം. നാട്ടുകാരെ ഭയപ്പെടുത്താന്‍ വേണ്ടി സ്വയം അറവലയായി മാറിയ ഉമ്മറു കാക്കയുടെ കഥയിലൂടെ മിത്ത് എന്നതിനെ വിശ്വാസത്തിന്റെ ഊട്ടുറപ്പിക്കലായി മാറ്റുന്നു. ചില അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ നന്മക്കായി സൃഷ്ടിക്കപ്പെട്ടവയാണല്ലൊ. ഇത്തരം പേടികള്‍ തന്നെയാണ് പലരെയും തെറ്റില്‍നിന്ന് പുറകോട്ട് നയിക്കുന്നത്.

ചോറ് തന്ന നാടിനെ തള്ളിപ്പറയുന്ന ചില പ്രവാസികളുടെ വികലമായ സ്വഭാവത്തെ ശശാങ്കന്‍ പിള്ള എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് വിമര്‍ശിക്കുന്നുണ്ട്. നാട് വിട്ടാല്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനികളെന്നോ വിവേചനമില്ലാതെ ഒത്തൊരുമയോടെ സ്‌നേഹിക്കുന്ന, പരസ്പരം പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്ന കേരള ജനതയെ ഈ നോവലില്‍ കാണാന്‍ കഴിയുന്നു. കൂടെയുണ്ടാകും എന്ന് നാം വിചാരിക്കുന്ന ആരുമാകില്ല ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ നമ്മുടെ കൂടെയുണ്ടാകുന്നത് എന്ന് ശശാങ്കന്‍ പിള്ള, അബ്ദുള്ള, ശ്രീകണ്ഠന്‍ നായര്‍, സുഗുണന്‍ തുടങ്ങിയ കഥാപാത്രത്തിലൂടെ നമുക്ക് വായിക്കാന്‍ കഴിയും. തേങ്ങയും കപ്പയും മോഷ്ടിച്ചവരില്‍ പോലും ചിത്രവധം എന്ന ക്രൂരമായ പീഡനമുറ അവലമ്പിച്ചിരുന്നു എന്നത് കഴിഞ്ഞുപോയ നമ്മുടെ ഭരണവ്യവസ്ഥ എത്ര ഭീകരമായിരുന്നു എന്ന വസ്തുതയെ ഓര്‍മ്മപ്പെടുത്തുന്നു. അതിനെ ഇന്നത്തെ സാമൂഹികാവസ്ഥയുമായി താരതമ്യം ചെയ്തുള്ള നിരീക്ഷണം വായനയെ മറ്റൊരു ചിന്തയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇങ്ങനെ മുകിലന്റെ നിധി തേടിയുള്ള വായന നമ്മെ ചരിത്രത്തിന്റെ വിവിധ തലങ്ങളിലേക്ക് ബോധപൂര്‍വ്വമായ ഒരു യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു. മൊത്തത്തില്‍ മികച്ച വായനാനുഭവം തന്നെയാണ് മുകിലന്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.