DCBOOKS
Malayalam News Literature Website

എന്നെ എഴുത്തുകാരനാക്കിയതില്‍ പരോക്ഷമായി ഏറ്റവും സ്വാധീനം ചെലുത്തിയ കാഥികന്‍ എസ്.കെ. പൊറ്റെക്കാട്ടുതന്നെ: എം ടി

ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ ഓർമ്മകളുടെ സമാഹാരം ‘അച്ഛനാണ് എന്റെ ദേശം’ എന്ന പുസ്തകത്തിന് എം ടി എഴുതിയ അവതാരികയില്‍ നിന്നും

പോയ തലമുറകളുടെ സാന്നിധ്യവും പ്രേരണയും വര്‍ത്തമാനകാലത്തെ കലകളില്‍, സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. അതൊരു ഭാരവും ശാപവുമല്ല, വേരുറപ്പും ശക്തിബോധവുമാണ്. എന്റെ കഥകള്‍ക്കോ നോവലുകള്‍ക്കോ എസ്.കെ. പൊറ്റെക്കാട്ടിന്റെ സാഹിത്യവുമായി യാതൊരടുപ്പവുമില്ല. പക്ഷേ, എന്നെ എഴുത്തുകാരനാക്കിയതില്‍ പരോക്ഷമായി ഏറ്റവും സ്വാധീനം ചെലുത്തിയ കാഥികന്‍ എസ്.കെ. പൊറ്റെക്കാട്ടുതന്നെ.

എന്റെ കുടുംബത്തിലെ മുതിര്‍ന്നവര്‍ എസ്.കെയുടെ കഥകള്‍ വഹിച്ചുവരുന്ന ആഴ്ചപ്പതിപ്പിനുവേണ്ടി ദാഹിച്ചു കാത്തിരിക്കുന്നത് ഞാന്‍ ഇളംപ്രായത്തില്‍ കണ്ടു. ഈ മുതിര്‍ന്നവരില്‍ പഠിപ്പുള്ളവരുണ്ട്. ഇംഗ്ലിഷ് പുസ്തകങ്ങളുമായി നിരന്തരസമ്പര്‍ക്കമുള്ളവരുണ്ട്. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച സ്ത്രീജനങ്ങളുണ്ട്. എന്റെ ജ്യേഷ്ഠന്മാരില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ കുന്നംകുളത്തച്ചടിച്ചു, സാധാരണ പുസ്തകങ്ങളെക്കാള്‍, ചെറിയ സൈസിലുള്ള ‘നാടന്‍ പ്രേമ’വും ‘പ്രേമശിക്ഷ’യും വീട്ടില്‍ വരുത്തിക്കൊണ്ടുവന്ന ദിവസം Textപത്തായപ്പുരയില്‍ ഉല്‍സവമായിരുന്നു.

ഗ്രാമത്തിലെ ഒരു പൊളിഞ്ഞ തറവാട്ടിലെ ദാരിദ്ര്യമനുഭവിക്കുന്ന വായനക്കാര്‍ ആഘോഷിക്കുന്ന ദിവസം. ഈ മുതിര്‍ന്നവര്‍ക്ക് പൊറ്റക്കാട്ടിന്റെ കൃതികള്‍ വായിക്കുന്നത് അഹങ്കാരവും അഭിമാനവുമായിരുന്നു. പുസ്തകങ്ങളുടെ ലോകത്തില്‍ എന്റെ വായനക്കമ്പം തപ്പിത്തടയാന്‍ തുടങ്ങുന്നത് കുറച്ചുകൂടെ കഴിഞ്ഞാണ്. പിന്നെ ഞാനും വായന തുടങ്ങിയപ്പോള്‍, ഇപ്പോള്‍ പേരോര്‍മ്മയില്ലാത്ത നൂറുകണക്കില്‍ നോവലുകള്‍ വായിച്ചു. അതില്‍ ഒരു വിധം പരിചയമുള്ളവയും പരിഷ്‌കൃത കുടുംബങ്ങള്‍ കടംകൊണ്ടവയുമായ എല്ലാ സ്ത്രീനാമങ്ങളിലുമുള്ള നോവലുകളുടെ ഒരു ശേഖരം ഉണ്ടായിരുന്നു എന്റെ ഒരു ബന്ധുവീട്ടില്‍. പക്ഷേ, അക്ഷരവ്യാപാരികള്‍ക്കിടയില്‍ ഒരു മാന്ത്രികന്‍ മാത്രം എഴുതിയ വാക്കുകളിലൂടെ മനസ്സില്‍ അവ്യക്തസുന്ദരസങ്കല്പങ്ങളുടെ ആയിരം പീലിക്കാവടികള്‍ നിവര്‍ത്തി നിറഞ്ഞുനിന്നു ഒരു പേര്; എസ്.കെ. പൊറ്റെക്കാട്ട്.

ചവറുകള്‍ക്കിടയില്‍നിന്നും ഉതിര്‍മണികള്‍ കൊത്തിയെടുക്കാന്‍ എന്നിലെ ഇളംമനസ്സിന് അബോധപ്രേരണ നല്‍കിയത് എസ്.കെയാണ്. പിന്നീടാണ് ഞാന്‍ തകഴിയുടെയും ദേവിന്റെയും ബഷീറിന്റെയും മറ്റും കൃതികളുമായി പരിചയപ്പെടുന്നത്.

സാഹസപ്പെട്ട് നടന്ന് കടംവാങ്ങി എസ്.കെ കൃതികള്‍–അന്ന് വന്നിട്ടുള്ളവ മുഴുവന്‍–വായിച്ചുതീര്‍ത്തു. വൈജയന്തിയും മണിമാളികയും മേഘമാലയും ഇന്ദ്രനീലവുമൊക്കെ വായിച്ചപ്പോഴുണ്ടായ കോരിത്തരിപ്പ് ഞാനോര്‍ക്കുന്നു. മുതിര്‍ന്നവര്‍ മുമ്പ് വീട്ടില്‍ കോലാഹലമുണ്ടാക്കിയിരുന്നത് വെറുതേയല്ല.

കഥകള്‍ക്കു പിന്നിലെ മനുഷ്യനെപ്പറ്റിയുള്ള കഥകള്‍ അവിടെ നിന്നും ഇവിടെനിന്നുമൊക്കെ കേള്‍ക്കുന്നു. ചെറുപ്പക്കാരന്‍, അവിവാഹിതന്‍, സഞ്ചാരം മുഖ്യഹോബിയാക്കിയ എഴുത്തുകാരന്‍, എസ്.കെയുടെ സുന്ദരമായ കൈപ്പട, എസ്.കെ വലിക്കുന്ന മുന്തിയ പ്ലേയേഴ്‌സ് സിഗരറ്റ്, എസ്.കെയുടെ വീട്ടുപേര്‍; എല്ലാം പ്രസിദ്ധമായിരുന്നതുകൊണ്ട് മനസ്സില്‍ ഹീറോവിന്റെ ചിത്രം സങ്കല്പിക്കാം.

എഴുതിയ വാക്കുകള്‍ക്കിടയിലെ വെള്ളവിടവുകളില്‍ ഹര്‍ഷവും ദുഃഖവും കിനാവുകളും കണ്ടതുകൊണ്ടാവണം, എനിക്കും എഴുതണമെന്ന് തോന്നി, എഴുതാതെ വയ്യ, എഴുത്ത് മാത്രമാണ് എനിക്ക് ഉഴിഞ്ഞിട്ടിരിക്കുന്നത് എന്ന വിശ്വാസം നാള്‍ ചെല്ലുന്തോറും പ്രബലമായി, എന്തെഴുതണം? ഒന്നും വ്യക്തമല്ല. കവിത, ലേഖനം, കഥ–എല്ലാ മേഖലകളിലും കടന്നാക്രമിച്ചു നോക്കി, എല്ലാം വാരികകള്‍ക്കും മാസികകള്‍ക്കുമയയ്ക്കും. വിലാസമറിയുന്ന എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും. (കൂട്ടത്തില്‍ ഒരു മണ്ടത്തരം പറ്റി. ഒരു മാസികയുടെ പരസ്യം കണ്ടു. അതിനും അയച്ചു. മാസിക ‘സത്യദൂതന്‍’ ഇസ് ലാം മത പ്രസിദ്ധീകരണമാണെന്ന് പിന്നീടാണറിയുന്നത്)

വായന മുറയ്ക്കുണ്ട്. സ്‌കൂള്‍ ലൈബ്രറിയില്‍ എനിക്കുവേണ്ട തൊന്നുമില്ല. അക്കിത്തത്തിന്റെ ലൈബ്രറിതന്നെ ശരണം, ഭേദപ്പെട്ട മാസികകളും അവിടെനിന്നും മറിച്ചുനോക്കാം. പലതും എഴുതിയതിനിടയ്ക്ക് ഒരു ലേഖനത്തിനും വട്ടം കൂട്ടി. ‘പൊറ്റെക്കാട്ടിന്റെ ചെറുകഥകള്‍’ എസ്.കെയുടെ പ്രകൃതിവര്‍ണന, കഥാപാത്ര സൃഷ്ടി, അല്ലെങ്കില്‍ പ്രയോഗങ്ങള്‍ എന്നിവയൊക്കെ ഉദാഹരണസഹിതം വിവരിക്കുന്ന ലേഖനം. അതയച്ചത് മദ്രാസില്‍നിന്ന് വി. മാധവന്‍നായരുടെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന ‘കേരളോദയം’ മാസികയ്ക്ക്. മെക്‌നിക്കോള്‍ റോഡിലെ ഒരു നമ്പറിലായിരുന്നു വിലാസം. അത്ഭുതം, ‘കേരളോദയം’ അത് പ്രസിദ്ധീകരിച്ചു. ഒരു പതിനാലുകാരനാണ് നിരൂപകന്‍ എന്നാര്‍ക്കും തോന്നില്ല, നെടുനീളത്തിലുള്ള പേരു കണ്ടാല്‍–‘നായര്‍’ അടക്കം.

അതിനുമുമ്പ് പേരില്‍ പല പരീക്ഷണങ്ങളും നടത്തിയിരുന്നു. കണ്ടിട്ടില്ലാത്ത, വിവിധ പത്രമാസികകളുടെ ആപ്പീസുകളെ ശല്യപ്പെടുത്തിയ കയ്യെഴുത്തു പ്രതികളില്‍, ഗ്രാമത്തിന്റെ പേര്‍ ചേര്‍ത്തു നോക്കിയിരുന്നു. എസ്.കെയെ അനുകരിച്ച് ‘വി.എന്‍. തെക്കെപ്പാട്ട്’ എന്നു ചിലതില്‍ എഴുതി. പിന്നെ ഞാന്‍തന്നെ അതു വേണ്ടെന്നു വെച്ചു. ‘ചെറുക്കന്‍ എസ്.കെ. പൊറ്റെക്കാട്ടാവും എന്നാ നാട്യം’ എന്നോ മറ്റോ ആരെങ്കിലും അപഹസിച്ചാലോ എന്ന നഗ്‌നമായ ഭീതികൊണ്ട്. പേരുമാറ്റാന്‍ എസ്.കെ. എത്രപേരെ പരോക്ഷമായി പ്രേരിപ്പിച്ചുണ്ടാവും?

സാഹിത്യത്തില്‍ താരപദവി നേടിയവരായിരുന്നു എസ്.കെയും ചങ്ങമ്പുഴയും. പ്രസിദ്ധരും കരുത്തരുമായി പലരും പിന്നെ വന്നു. പക്ഷേ, എന്റെ ഇളംപ്രായത്തില്‍ താരങ്ങള്‍ ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു.

വര്‍ഷങ്ങള്‍ കഴിയുന്നു. എസ്.കെയുടെ ലോകപര്യടനങ്ങള്‍ തുടരുന്നു. എസ്.കെ. വിവാഹിതനായത് വാര്‍ത്തയായിരുന്നു. അതു കഴിഞ്ഞുള്ള മലേഷ്യ പര്യടനത്തിന്റെ വിവരണം ആരംഭത്തിലേ വായനക്കാരെ മുഴുവന്‍ അത്ഭുതസ്തബ്ധരാക്കി. പ്രത്യേകിച്ചും ഉദ്യോഗപര്‍വത്തിനുശേഷം വന്ന ‘കൊടുംകാറ്റില്‍ കുടുങ്ങിയ കപ്പല്‍’. നാട്ടില്‍ സഞ്ചാരം നടത്തി സാഹിത്യസപര്യകള്‍ എഴുതുന്നവരുടെ ലേഖനങ്ങളിലൂടെ ‘ചന്ദ്രകാന്ത’ത്തെപ്പറ്റി കൂടുതലറിയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൗതുകവസ്തുക്കളുള്ള ‘ചന്ദ്രകാന്തം’.

കോളേജ് വിട്ട് ഞാന്‍ എം.ബി. ട്യൂട്ടോറിയലില്‍ പഠിപ്പിച്ച് ജീവിക്കുന്നു പാലക്കാട്ട്. കഥയെഴുത്തുണ്ട്. അപ്പോള്‍ എസ്.കെയെ നേരിട്ടു കാണാന്‍ ഒരവസരമുണ്ടായി, ട്യൂട്ടോറിയലിന്റെ വാര്‍ഷികം പതിവുണ്ട്. എസ്.കെയെ പ്രധാന അതിഥിയായി വിളിക്കാനുള്ള അപേക്ഷ പ്രിന്‍സിപ്പാള്‍ സി.കെ. മൂസ്സത് സസ്സന്തോഷം സമ്മതിച്ചു. ഒന്ന് കാണാന്‍ മാത്രം, വാര്‍ഷികാഘോഷത്തിന്റെ നടത്തിപ്പിനിടയ്ക്ക് അടുത്തുകൂടാന്‍ സമയം കിട്ടില്ല. നാട്ടിന്‍പുറത്തെ കാമുകിമാര്‍ പറയുന്നപോലെ, ഒന്നു കാണാന്‍ മാത്രം. എന്റെ കഥയെഴുത്തിനെപ്പറ്റിയോ സാഹിത്യത്തെപ്പറ്റിയോ കിട്ടിയ സന്ദര്‍ഭത്തില്‍ സംസാരിച്ചില്ല. കുറെ മണിമാളികകള്‍ പണിത ശില്പിയെ അടുത്തുകാണാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

എം ടി യുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്.കെ. പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

 

 

 

 

Comments are closed.