DCBOOKS
Malayalam News Literature Website

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം മുകുന്ദന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന  ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.  ആൻ അഗസ്റ്റിൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി.അബ്ദുൾ നാസ്സറാണ്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് എം.മുകുന്ദൻ. ഛായാഗ്രാഹണം അഴകപ്പനാണ്. പ്രഭാവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ  സിനിമയാകുന്നുവെന്ന വാര്‍ത്ത സിനിമാപ്രേമികളെയും പുസ്തകപ്രേമികളെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയിരുന്നു. മീത്തലെപ്പുരയിലെ  സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.

മദാമ്മ, സാവിത്രിയുടെ അരഞ്ഞാണം, ദൈവത്തിന്റെ വികൃതികള്‍ തുടങ്ങി എം മുകുന്ദന്റെ കഥകള്‍ ഇതിനുമുമ്പു സിനിമയായിട്ടുണ്ടെങ്കിലും മുകുന്ദന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.

 എം മുകുന്ദന്റെ കൃതികള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

 

Comments are closed.