DCBOOKS
Malayalam News Literature Website

സുഖമുള്ള പുളിപ്പും ചവർപ്പും മധുരവും നിറഞ്ഞ പത്തു കഥകൾ !

കുടിയേറ്റത്തിന്റെ പച്ചക്കാലത്തിൽ നിന്ന് കുടിയിറക്കത്തിലെ കോടമൂടിയ ഇരുണ്ട വഴികളിൽ കണ്ടുമുട്ടാൻ കരിമ്പാലന്മാരുണ്ടോ ...

ഡോ.അംബികാസുതൻ മാങ്ങാടിന്റെ ” മൊട്ടാമ്പുളി “എന്ന പുസ്തകത്തിന് നദീറ എഴുതിയ വായനാനുഭവം

ഡോ.അംബികാസുതൻ മാങ്ങാടിന്റെ 10 കഥകളുടെ സമാഹാരം ” മൊട്ടാമ്പുളി ” …. അവതാരികയിൽ വിശേഷിപ്പിച്ചിരിക്കുന്നതു പോലെ അടി തെളിത്തൊഴുകുന്ന കഥകൾ … നമുക്ക് പെറുക്കി എടുക്കാം ആ വെള്ളാരം കല്ലുകളും പഞ്ചാര മണൽത്തരികളും പോലും … ചിലസമാനതകളും പല വ്യത്യസ്തകളും ഒരേ സമയം നമുക്കീ കഥകളിൽ കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ നൂലിഴകൾ പൊട്ടാതെ കാക്കാൻ നമുക്കുള്ള അപായ സൂചനകളുടെ ചൂണ്ടുപലകകൾ അവിടവിടെ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു… എല്ലാ കഥകളും കഥാകൃത്തിന്റെഅനുഭവ പശ്ചാത്തലത്തിൽ നിന്ന് ജീവൻ വച്ചവയും ജീവിതത്തോട് ചേർന്നു നിൽക്കുന്നവയും — മൊട്ടാമ്പുളിയുടെ രുചിയറിഞ്ഞൊരു യാത്ര … “ചിന്താവിഷ്ടയായ സുമംഗല ” മുതൽ “കൈക്കലത്തുണി ” വരെ യുള്ള 10 കഥകൾ.

നമുക്ക് ” ഇപ്പോൾ ” പ്രയോജനപ്പെടാത്തതെല്ലാം നശിപ്പിക്കണം. കാട്ടുനീതിയും കാടൻ നീതിയും തമ്മിലുള്ള അന്തരമാണ് ചിന്താവിഷ്ടയായ സുമംഗല പറയുന്നത്. ഊഞ്ഞാലാട്ടത്തിനിടക്ക് പ്രത്യക്ഷപ്പെട്ട് തല നീട്ടി സൗഹൃദം പുതുക്കുന്ന ചേരസുഹൃത്തിനെ നിഷ്കരുണം കൊല്ലുമ്പോൾ അമ്മമ്മയെ പോലെ സുമംഗലയും നിരാഹാരം അനുഷ്ടിക്കുന്നു. പ്രാണികളെയും പല്ലികളെയും സകല Text‘ക്ഷുദ്ര’ ജീവികളെയും ഉന്മൂലനം ചെയ്യുന്ന മനുഷ്യൻ. കാലത്തിന്റെ മുഷിഞ്ഞ അടിത്തറകളിൽ നിന്ന് ഉയരുന്ന ചിതൽ പുറ്റുകൾ എത്ര തച്ചുടച്ചാലും വീണ്ടും വീണ്ടും മുള പൊട്ടി വരിക തന്നെ ചെയ്യും. വിഷമാണ് വിതച്ചത് കൊയ്യേണ്ടതും അതു തന്നെ..
“ബയ് ലോട്ട് പോലാ ണേ
ബൗതീറ്റ ബീണോകും ”
മുന്നോട്ടാണ് പോകേണ്ടതെന്നോർക്കണം

ജില്ലാ പഞ്ചായത്തിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായി കരിമ്പാലന്മാരെ കുറിച്ചറിയാൻ മഞ്ഞപ്പുല്ലിലേക്കൊരു യാത്ര . കള്ളവും ചതിയും വഞ്ചനയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ശുദ്ധ മനുഷ്യർ… അദ്ധ്വാന ശീലർ … അവർ വസിക്കുന്ന സ്വാഭാവിക വനങ്ങൾ അക്കേഷ്യക്കാടുകളെന്ന പ്ലാസ്റ്റിക്കാടുകളായി. ആ ചുടു കാട്ടിൽ കരിമ്പാലന്മാരെങ്ങനെ? ഭൂമാഫിയ കൈയേറിയ അവിടം ടൂറിസ്റ്റ് സ്പോട്ടുകളായി…
ഈ മണ്ണിന്റെ യഥാർത്ഥ ഉടമകൾ കുടിയേറ്റക്കാരാൻ വകഞ്ഞുമാറ്റപ്പെട്ടപ്പോൾ ….
കുടിയേറ്റത്തിന്റെ പച്ചക്കാലത്തിൽ നിന്ന് കുടിയിറക്കത്തിലെ കോടമൂടിയ ഇരുണ്ട വഴികളിൽ കണ്ടുമുട്ടാൻ കരിമ്പാലന്മാരുണ്ടോ …

ഇടിഞ്ഞു വീഴാറായ തറവാടിന്റെ അഞ്ചാം പുരയെ ചുഴറ്റിയെറിഞ്ഞ പെൻഡോറ വെറുമൊരു ചുഴലിക്കാറ്റല്ല അടച്ചുപൂട്ടപ്പെടേണ്ട ദുഷിച്ച ചിഹ്നങ്ങളുടെ അടപ്പു തുറന്നപ്പോൾ പുറത്തുവന്ന ശലഭം പെൻ ഡോറക്ക് പ്രതീക്ഷയായിരുന്നെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുളള പെട്ടിയിൽ പഴകി ദ്രവിച്ച ഓല കെട്ടുകൾക്കടിയിലെ ശലഭങ്ങളുടെ മരിച്ച ചിറകുകൾ പ്രതീക്ഷ കെട്ട പുതിയ കാലത്തിലെ കൊടുങ്കാറ്റുകളാകാം.

താരാനാഥന്റെ പാട്ടു ജീവിതം …
കല കലയ്ക്കു വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ ? ഗാനഗന്ധർവ്വന്റെ സ്വരമാധുരിയിൽ പാടുന്ന താരാനാഥനെ വിലാസിനി പ്രണയിച്ചത് അവനിലെ പാട്ടിലലിഞ്ഞായിരുന്നു. ജീവിത യാഥാർത്ഥ്യങ്ങൾ ചുറ്റും നിന്ന് പല്ലിളിച്ചപ്പോൾ ജീവിതവൃത്തിക്കുതകാത്ത സംഗീതത്തെ അവൾ വെറുത്തു. ഗാനഗന്ധർവ്വൻ സംഗീത ലോകം വിട്ടു പോകുന്ന അന്ന് താൻ ആത്മഹത്യ ചെയ്യുമെന്ന താരാനാഥന്റെ യാഥാർത്ഥ്യ ബോധമില്ലാത്ത തീരുമാനത്തെ മറികടക്കാൻ വിലാസിനി നടത്തുന്ന പൂജകൾ … യാദൃശ്ചികമായി യേശുദാസ് താരാനാഥനെ കാണാനെത്തിയ ദിവസം തന്നെ അയാൾ മരണമടയുന്നു… യാഥാർത്ഥ്യന്റെ ലോകത്തിലേക്ക് ഇറങ്ങി വരാൻ മടിക്കുന്ന കലയുടെ ഉപാസകരെ ലക്ഷ്യം വെക്കുന്ന കഥ… താരാനാഥന്റെ പാട്ടു ജീവിതം… വിലാസിനിയുടെ പ്രാർത്ഥന സഫലമായി…താരാനാഥന്റെ ദീർഘായുസ്സിനു വേണ്ടിയായിരുന്നില്ലല്ലോ വിലാസിനി പൂജകൾ കഴിച്ചത് !

വിധിയുടെ മറ്റൊരു കോമാളി വേഷം

കുഞ്ഞി മാഷും കുട്ടികളും നടത്തുന്ന കാടറിവ് യാത്ര .. കാടിന്റെ സൗന്ദര്യവും സത്യവും നിഗൂഢതയും വകഞ്ഞു മാറ്റിക്കൊണ്ട് കുട്ടികൾക്കൊപ്പം നമ്മളും … അറിവും തിരിച്ചറിവും നൽകുന്ന കാടനുഭവങ്ങൾ….. പെൺകോയ്മയുടെ തവളക്കഥയും രണ്ടു മഹാസമുദ്രങ്ങളിലേക്ക് ലയിക്കുന്ന നീർച്ചാലുകളുടെ ഒഴുക്കും കാടിന്റെ സത്യങ്ങൾ…..പ്രകൃതിയുടെ അനുവാദമില്ലാതെ ഒരു പൂവു പോലും ഇറുക്കരുത്.

സ്വാതന്ത്ര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും വലിയ ജീവിത സത്യങ്ങൾ …
ഇപ്സിയ മലബാറിക്ക മുമ്പോട്ടു വെക്കുന്ന ആശയങ്ങൾ തീരുന്നില്ല ..

“പപ്പായ ” പറയുന്നത് സോഷ്യൽ മീഡിയയിൽ അഭിരമിച്ച് പച്ച ജീവിതം കാണാനാകാതെ ഉൾവലിഞ്ഞു പോകുന്ന ആധുനിക ജീവിതങ്ങളാണ്. ലൈക്കും ഷെയറും കമന്റും രാപ്പകലുകളെ നിറയ്ക്കുന്നതറിഞ്ഞ് ഉന്മത്തരായി ചടഞ്ഞിഞ്ഞിരിക്കുന്നവർ …
മനപ്രകാശത്തിന്റെ വെളിച്ചക്കുറവിൽ ഇരുട്ടി ലകപ്പെട്ടവർ …

കാടിന്റെ മകൾ ….
ആന മനുഷ്യനെന്നും കമ്പവും കൗതുകവുമാണ്. അതിനപ്പുറം പോന്ന ദുഷ്ട ലാക്കും…. ബോംബു വെച്ചപൈനാപ്പിൾ കഴിച്ച് ഗുരുതരമായി പരിക്കേറ്റ ഉലൂപിയെന്ന ആനയുടെയും ലോകം കാണാൻ കഴിയാതെ അമ്മയുടെഗർഭത്തിൽ തന്നെ അവസാനിച്ച പീലിയുടെയും കഥ. മനുഷ്യന്റെ ക്രൂരതയുടെ മുഖം ഒരു വശത്തും നന്മയുള്ള കവിമാഷ് മറുവശത്തും

മൊട്ടാമ്പുളി
കാട്ടിനുള്ളിലെ കൊലപാതകം യാദ്യശ്ചികമായി കണ്ട രൂപത്തിൽ പോലീസിന്റെ വിശ്വാസം നേടി ജഗൻ അരുണിനെ കുടുക്കുന്നു. മനസ്സാക്ഷിയുടെ കോടതിയിൽ ജഗന് എവിടെയാകുംരക്ഷ . പച്ചയുടുപ്പിനുള്ളിലെ പഴുത്ത മൊട്ടാമ്പുളിയുടെ രുചി അവനിലെ ചവർപ്പിനെ ഇല്ലാതാക്കുമോ?

കൈകലത്തുണി പോലെ ചവിട്ടിത്തേയ്ക്കപ്പെടുന്ന , അർഹിക്കുന്നസ്നേഹവും പരിഗണനയും ലഭിക്കാതാക്കുമ്പോൾ പൊട്ടിത്തെറിച്ചു പോയേക്കാവുന്ന സ്ത്രീ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തയായ സാധ്വിയായ ഒരു പെണ്ണ്. വിട്ടു കൊടുക്കലിന്റെയും ശുദ്ധവും കുലീനവുമായ പാരമ്പര്യത്തിന്റേയും നിറച്ചാർത്തിൽ വിദഗ്ദ്ധമായി കുടുംബം തെളിച്ചു കൊണ്ടുപോകുന്ന പെണ്ണ് …. പുരുഷാധികാരത്തിന്റെ അനൽപ ധാർഷ്ട്യത്തിൽ നിന്ന് തിരിച്ചറിവിലേക്ക് നടന്നുകയറാനുളള കൈ നീട്ടുമ്പോൾ ലിംഗ സമത്വത്തിന്റെ നൂലിഴകൾ കൂടുതൽ കൂടുതൽ ദൃഢമാകുന്നു….

പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള ഊഷ്മള ബന്ധം ഓർമ്മിപ്പിക്കുന്ന പത്തു മനോഹര കഥകൾ ….

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.