DCBOOKS
Malayalam News Literature Website

പലതരം സ്‌നേഹങ്ങള്‍ പലകാലത്തായി വന്നുചേരുന്ന ഇടം

‘സൂസന്നയുടെ ഗ്രന്ഥപ്പുരയെക്കാള്‍ നിര്‍വ്യക്തികമാണ്, ഇംപേഴ്സനലാണ് മൂന്നു കല്ലുകള്‍ എന്നു ഞാന്‍ കരുതുന്നു. എഴുത്തുകാരന്റെ വ്യക്തിപരതയില്‍നിന്നു കഥാപാത്രങ്ങളുടെ സാമൂഹികതയിലേക്കുള്ള സഞ്ചാരമായി ഞാന്‍ എഴുത്തിനെ കാണുന്നു. ഈ നോവലില്‍ എനിക്ക് ഏറ്റവും ഉത്സാഹം തന്നതും ഞാന്‍ തനിച്ചായിട്ടില്ല എന്ന ഈ രചനാ ബോധ്യമാണ്. എന്റെ ലോകത്തു പ്രത്യക്ഷരായ പലതരം മനുഷ്യരുടെ പോരാട്ടങ്ങള്‍ എനിക്ക് പ്രതീക്ഷകള്‍ പകര്‍ന്നു. ഏറ്റവും കടുത്ത പ്രതിസന്ധികളിലും മനുഷ്യര്‍ പരസ്പരം സഹായിച്ചു മുന്നോട്ടു പോകുമെന്ന പ്രതീക്ഷയും എനിക്കുണ്ടായി’.

എഴുത്തിന്റെ തുടക്കം എന്നു പറയുന്നത് നിരൂപണം എഴുതിക്കൊണ്ടാണ്. അതെല്ലാം ആത്മകഥയുടെ ഭാഗമായിരുന്നെന്നും ക്രമേണ അതില്‍നിന്നുള്ള മടുപ്പ് ഒഴിവാക്കാന്‍ താന്‍ നോവലെഴുതിത്തുടങ്ങി എന്നും ഈയിടെ താങ്കള്‍ അഭിപ്രായപ്പെടുകയുണ്ടായി. അതൊന്നു വിശദീകരിക്കാമോ.?

സാഹിത്യനിരൂപണമോ പുസ്തക കുറിപ്പോ സാംസ്‌കാരികപഠനമോ ആവട്ടെ ഞാന്‍ അവ സമ്പൂര്‍ണമായും വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടില്‍നിന്നാണ് എഴുതിയത്. അതില്‍ ഞാന്‍ വിവരിക്കുന്ന കൃതിയെക്കാള്‍ അതു വായിച്ച എന്റെ അവസ്ഥയാണ് ഉണ്ടായിരുന്നത്. കുറേക്കാലം കഴിഞ്ഞു പഴയ ലേഖനങ്ങള്‍ വായിച്ചുനോക്കിയപ്പോഴാണ് എനിക്കതുശരിക്കും ബോധ്യമായത്. ഞാന്‍ ഇത് ഒരു കുറവായിട്ടു പറഞ്ഞതല്ല. ഇതൊരു ക്വാളിറ്റിയായിട്ട് എന്നോട് ഇപ്പോള്‍ പലരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എന്നെത്തന്നെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ ഒരു മടുപ്പ് എനിക്ക് ആ ഭാഷയില്‍ ശരിക്കും അനുഭവപ്പെട്ടിട്ടുണ്ട്. വായനക്കാര്‍ക്ക് അങ്ങനെയാവണം എന്നുമില്ല. എല്ലാ എഴുത്തിലും എഴുത്താളുടെ സാന്നിധ്യം കാണുമെങ്കിലും നോവലിലും കഥയിലും അതുവേണമെന്നു വച്ചാല്‍ സമര്‍ഥമായി ഒളിപ്പിക്കാനാവും. കഥയ്ക്കു പുറത്തോ വശത്തോ മാറിയിരിക്കാം. ഇരുട്ടിന്റെ മറ പറ്റി ഒളിക്കുകയും ചെയ്യാം. അതിന്റെ വിസ്തൃതിയാണു കാരണം. സദാ ഓളംവെട്ടുന്ന കുളത്തില്‍ മുഖം തെളിയാത്തതുപോലെ ഒരു അവസ്ഥ നോവലിന്റെ ഭാഷയില്‍ ഉണ്ട്. നോവലില്‍ ഓളങ്ങള്‍ Textഅടങ്ങുന്നില്ല. അതു തരുന്ന ആത്മവിശ്വാസമാണു ധൈര്യമായി കഥ പറയാന്‍ പ്രേരണ തരുന്നത്. അങ്ങനെ സാഹിത്യനിരൂപണത്തില്‍ ഞാന്‍ അനുഭവിച്ച ലജ്ജ നോവലില്‍ എനിക്കു നഷ്ടമാകുന്നു. മറ്റുള്ളവര്‍ എന്തു കരുതുമെന്ന ലേഖനത്തിലെ ഉത്തരവാദിത്തം ഞാന്‍ ഉപേക്ഷിക്കുന്നു. ആത്മകഥയുടെ, അഹന്തയുടെ വിരസത വലിച്ചെറിയുമ്പോഴാണ് ഒരാള്‍ കഥ മാത്രം മതിയെന്നു തീരുമാനിക്കുന്നത്. ഞാന്‍ ഏതാണ്ട് ആ അവസ്ഥയുടെ ലഹരിയിലാണ്.

മൂന്ന് കല്ലുകള്‍ സമകാലിക രാഷ്ട്രീയ-സാമൂഹികാവസ്ഥകളെ തീക്ഷ്ണമായി തുറന്നുകാട്ടുന്നുണ്ട്. ആദ്യ നോവലായ സൂസന്നയുടെ ഗ്രന്ഥപ്പുരയാകട്ടെ ഏറക്കുറെ ലോകസാഹിത്യവുമായുള്ള താങ്കളുടെ നിരന്തരമായ സമ്പര്‍ക്കത്തിലൂടെ രൂപപ്പെട്ടതാണെന്നും പറയാം. മൂന്നു കല്ലുകള്‍ സൂസന്നയുടെ ഗ്രന്ഥപ്പുരയില്‍നിന്ന് അസാധാരണമാംവിധം വ്യത്യസ്തമായവതരിപ്പിക്കാന്‍ ശ്രമിച്ചതെങ്ങിനെയാണ്?

മൂന്ന് കല്ലുകളില്‍ പ്രകടമായരാഷ്ട്രീയ അന്തരീഷമുണ്ട്. ആ അന്തരീഷം ശ്വസിച്ചാണു കഥാപാത്രങ്ങള്‍ വരുന്നതും പോകുന്നതും. എന്നാല്‍ രാഷ്ട്രീയം പറയുന്ന നോവലായി ഇതു മാറുന്നുമില്ല. ഇത് സ്നേഹബന്ധങ്ങളുടെ പ്രദേശചിത്രീകരണമായിട്ടാണ് ഞാന്‍ സങ്കല്‍പിച്ചത്. പലതരം സ്നേഹങ്ങള്‍ പല കാലത്തായി വന്നുചേരുന്ന ഒരിടമായിട്ടാണ് ഞാന്‍ ഇതു സങ്കല്‍പിച്ചത്. ഒരു ഭൂപ്രദേശം ക്രമേണ മനുഷ്യര്‍ക്കു പാര്‍ക്കാന്‍ പറ്റാത്ത ഒരിടമായി മാറുന്നതുപോലെ, മനുഷ്യര്‍ സ്നേഹബന്ധങ്ങളിലെ വാസസ്ഥലങ്ങള്‍ വിട്ടുപോകുന്നതു ചിത്രീകരിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. സൂസന്നയുടെ ഗ്രന്ഥപ്പുരയില്‍ ഞാന്‍ വായനക്കാരുടെ ലോകത്തെയാണ് അന്വേഷിച്ചത്. പുസ്തകങ്ങള്‍ അവിടെ ആ ജീവിതങ്ങളെ തുറക്കുന്ന ചില ഉപായങ്ങളായിരുന്നു. ഈ നോവലെഴുതുമ്പോള്‍ ഇതില്‍ പുസ്തകങ്ങള്‍ വരരുതെന്നു ഞാന്‍ തീരുമാനിച്ചു. കാരണം എഴുത്താളിനെപ്പോലെ, പുസ്തകവും അപ്രത്യക്ഷമാകുകയും ഇരുള്‍വെള്ളം മാത്രം ബാക്കിയാവുകയും ചെയ്യുന്ന കഥയാണു ഞാന്‍ സങ്കല്‍പിച്ചത്.

പറവയുടെ സ്വാതന്ത്ര്യം, ലോകം അവസാനിക്കുന്നില്ല തുടങ്ങിയ സാഹിത്യപഠനകൃതികള്‍ ഫിക്ഷന്റെ അപാരസാധ്യതകളാണ് ചര്‍ച്ചചെയ്യുന്നത്. സര്‍ഗ്ഗഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ നോണ്‍ഫിക്ഷന്റെ സാധ്യതകള്‍ എത്രത്തോളമെന്നാണ് സ്വയം വിലയിരുത്തുന്നത്?

സര്‍ഗാത്മകതയ്ക്ക് സഞ്ചരിക്കാന്‍ എപ്പോഴും നോണ്‍ഫിക്ഷന്‍ പിന്തുണ വേണം. സാഹിത്യത്തിനു പുറത്തുള്ള ലോകത്തേക്കു നിരന്തരം സഞ്ചരിക്കുന്നവര്‍ക്കു മാത്രമേ സാഹിത്യത്തിലേക്ക് ഒരുദിവസം എന്തെങ്കിലും കൊണ്ടുവരാനാകൂ. ഇത്തരത്തില്‍ സാഹിത്യേതര അനുഭവങ്ങളുടെയും അറിവുകളുടെയും സങ്കീര്‍ണമായ വലിയ ലോകമാണ് നമ്മുടെ സര്‍ഗാത്മകതയുടെ ചെറിയ ഉറവുകളെ നിലനിര്‍ത്തുന്നത്.

വായന ജീവിതത്തിന്റേതന്നെ ഭാഗമാക്കിയ ഒരുപാടു മനുഷ്യരുണ്ട്. അതുപോലെത്തന്നെയാണ് ഭാവനയും സര്‍ഗ്ഗസിദ്ധിയും. അത്തരമൊരു നൈസര്‍ഗികത തന്നിലുണ്ടെന്ന് തിരിച്ചറിയുന്നതെപ്പോഴാണ്? ഇതില്‍ സൗഹൃദപരവും കുടുംബപരവുമായ പ്രോത്സാഹനങ്ങളും മറ്റും ഓര്‍ത്തെടുക്കുന്നതെങ്ങിനെയൊക്കയാണ്?

എന്റെ എഴുത്തിലെ പ്രധാന ഊര്‍ജം ആരാണെന്നോ എന്താണെന്നോ എനിക്കു വെളിപ്പെടുത്താനാവില്ല. അതൊരു രഹസ്യ ഉടമ്പടിയാണ്-സത്യം വെളിപ്പെടുത്തുകയില്ല എന്നത്. വിചിത്രമായ സൗഹൃദങ്ങളിലെയും കുടുംബബന്ധങ്ങളിലെയും അനുഭവലോകം എനിക്കു വളരെ പ്രധാനമാണെന്നു മാത്രം ഞാന്‍ പറയുന്നു. കുറച്ചു കൂട്ടുകാരേയുള്ളു. എങ്കിലും അത്രയും ഉന്മാദങ്ങള്‍ മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ല. ഒരു ഗര്‍ഭിണിയോട് തോന്നിയ അനുരാഗത്തെപ്പറ്റി ഒരു കൂട്ടുകാരന്‍ എന്നോട് ഒരിക്കല്‍ പറഞ്ഞു. മിനിറ്റുകള്‍ മാത്രം നീണ്ട ആ അനുഭവം അയാള്‍ പല തവണ എന്നോടു പറഞ്ഞു. രസകരമായ കാര്യം ഓരോ തവണയും അതിലെ വിശദാംശങ്ങള്‍ വ്യത്യസ്തമായിരുന്നു. അതായത് അയാള്‍ ആ ചെറിയ അനുഭവം പലതരത്തില്‍ മാറ്റിപറഞ്ഞ് അതിലെ വലുതാക്കിക്കൊണ്ടിരുന്നു. ഈ നോവലില്‍ ആ ഗര്‍ഭിണി എനിക്ക് ശക്തമായ മോട്ടിഫ് ആയിത്തീര്‍ന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.