DCBOOKS
Malayalam News Literature Website

കരുതിയിരിക്കാം മഴക്കാലരോഗങ്ങളെ!

monsoon health

മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പകർച്ചവ്യാധികളും രോഗങ്ങളും. ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകർച്ച മൂലം പലവിധ സാംക്രമിക രോഗങ്ങൾ മഴക്കാലത്ത് കൂടിയ തോതിൽ കാണപ്പെടുന്നു.

കുടിവെള്ളം മലിനപ്പെടുന്നതും, രോഗാണുക്കൾക്ക് പെറ്റ് പെരുകാൻ കൂടുതൽ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈർപ്പവും ഒക്കെ മഴക്കാലത്ത് ഈ വിധ രോഗങ്ങൾ കൂടാൻ കാരണമാവുന്നു. മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകൾ പെരുകാനും തന്മൂലം കൊതുക് പകർത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന് പുറമേ രോഗാണു വാഹകർ ഈച്ചകൾ പെറ്റ് പെരുകുന്നതും വയറിളക്ക രോഗങ്ങൾക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും.

പ്രധാനപ്പെട്ട മഴക്കാലരോഗങ്ങളെ അറിയാം..

ജലജന്യ രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ), കോളറ ചർദ്ദി, അതിസാരം തുടങ്ങിയവ.
കൊതുക് പകർത്തുന്ന രോഗങ്ങൾ: മലേറിയ, ഡെങ്കി പനി & ചിക്കൻ ഗുനിയ, ജാപ്പനീസ് എന്സേഫലൈടിസ് എന്നിവ. മറ്റു പകർച്ച വ്യാധികൾ: മറ്റു വൈറൽ പനികൾ, എലിപ്പനി തുടങ്ങിയവ.

രോഗലക്ഷണങ്ങൾ

  • വയറിളക്കംറോട്ട വൈറസ് രോഗാണു ബാധ വയറിളക്കം ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളിൽ ഒന്നാണ്. വയറിളക്കം ലക്ഷണമായി കാണുന്ന മറ്റൊരു പ്രധാന രോഗം Vibrio Cholerae എന്ന ബാക്ടീരിയ പരത്തുന്ന കോളറ ആണ്. കഞ്ഞി വെള്ളത്തിന് സമാനമായ രീതിയിലുള്ള മലമാണ് കോളറ വയറിളക്കത്തിൽ കാണപ്പെടുക. കൂടെ ചർദ്ദിയും ഉണ്ടാവാം.
  • പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .
  • ടൈഫോയിഡ്; നീണ്ടു നിൽക്കുന്ന പനി ആണ് സാല്മോണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് രോഗത്തിന്റെ പ്രധാന ലക്ഷണം.
  • ആദ്യ ദിവസങ്ങളിൽ സാധാരണ വൈറൽ പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും. എന്നാൽ നാലഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതൽ ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു.
  • ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്കിൽ ടൈഫോയിഡ് മൂലം ചെറുകുടലിൽ കാണപ്പെടുന്ന അൾസർ മൂർഛിച്ചു കുടലിൽ സുഷിരം വീഴുകയും തലച്ചോറിന്റെ പ്രവർത്തനം തകരാറിലായി ബോധക്കേട് ഉണ്ടാവുകയും ചെയ്യാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വൈഡാൽ (Widal Test) ടെസ്റ്റ്. എന്നാൽ ഈ ടെസ്റ്റ് പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു.
  • മഞ്ഞപ്പിത്തം;ഭക്ഷണവിരക്തി, പനി, ക്ഷീണം, ഓക്കാനം, ചർദ്ദി, മൂത്രത്തിന് കടുത്ത മഞ്ഞ നിറം എന്നിവ ഒക്കെ ആയിരിക്കും വൈറൽ ഹെപ്പറ്റൈറ്റിസ് മഞ്ഞപ്പിത്തതിന്റെ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം പിടിപെട്ട രോഗികൾ ആഹാരത്തിൽ ഉപ്പു ഉപയോഗിക്കാൻ പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് തീർത്തും അശാസ്ത്രീയമാണ്.
  • പനി, തളർച്ച, ശരീരം/സന്ധി വേദനകൾ, ചർമ്മത്തിൽ ചുവന്ന പാടുകൾ എന്നിവ ഡെങ്കിപ്പനി, ചികുൻഗുനിയ, ജപ്പാൻ ജ്വരംഎന്നിവയുടെ പ്രധാന ലക്ഷണങ്ങളാണ്. ജപ്പാൻ ജ്വരം തലച്ചോറിനെയും ബാധിക്കുന്നത് കൊണ്ട് അവർക്ക് ഇത് കൂടാതെ പെരുമാറ്റത്തിൽ വ്യതിയാനം, അപസ്മാര ചേഷ്ടകൾ, കടുത്ത തലവേദന, കൈ കാൽ തളർച്ച എന്നിവയും ഉണ്ടാവാം.
  • ഡെങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shocks yndrome ഭാഗ്യവശാൽ അപൂർവ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയിൽ മികച്ച ചികിത്സ ലഭിച്ചാൽ പോലും ജീവഹാനി വരെ സംഭവിച്ചേക്കാം. എന്നാൽ ഭൂരിഭാഗം ഡെങ്കിപനികളും കാര്യമായ ചികിത്സകൾ ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോർടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാൽ ഡെങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അർത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കലും ആണ് ഡെങ്കി പനിയിൽ നിന്ന് രക്ഷപ്പെടാൻ സ്വീകരിക്കേണ്ട അത്യാവശ്യ മുൻകരുതലുകൾ.

* ഇടവിട്ടുള്ള പനി, തലവേദന, ചർദ്ദി, വിറയൽ എന്നിവമലേറിയ അഥവാ മലമ്പനിയിൽ കാണപ്പെടുന്നു.

*ലെപ്ടോസ്പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗം ആണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. രോഗാണു വാഹകർ ആയ ജന്തുക്കളുടെ വൃക്കയിൽ ഇവ കാണപ്പെടുമെങ്കിലും ഈ ജന്തുക്കളിൽ രോഗമുണ്ടാവില്ല. നായ, കന്നുകാലികൾ, പന്നി എന്നിവ രോഗാണു വാഹകർ ആവാമെങ്കിലും നമ്മുടെ നാട്ടിൽ സാധാരണയായി എലികളാണ് ഈ രോഗം പടർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് എന്നതിനാലാവണം എലിപ്പനി എന്ന പേര് ഈ രോഗത്തിന് വന്നുഭവിച്ചത്.

രോഗാണു വാഹകർ ആയ ജന്തുക്കളുടെ മൂത്രം കലർന്ന ജലത്തിൽ മനുഷ്യർ വേണ്ട മുൻകരുതൽ ഇല്ലാതെ ഇറങ്ങുമ്പോൾ തൊലിപ്പുറത്ത് ഉള്ള ചെറിയ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെയും ലെപ്ടോസ്പൈറ രോഗം ഉണ്ടാവാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന പ്രത്യേകിച്ചും കാലിന്റെ മുട്ടിന് താഴെയുള്ള പേശികൾകളുടെ വേദന, തലവേദന, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

രോഗം ഉള്ള ആളുടെ വിസ്സർജ്യങ്ങൾ കലർന്ന് കുടിവെള്ളം മലിനം ആവുന്നതാണ് ജലജന്യരോഗങ്ങൾക്ക് കാരണം. ശരിയായ രീതിയിലല്ലാത്ത മാലിന്യനിർമ്മാർജ്ജനവും, പരിസര ശുചിത്വത്തിന്റെ അഭാവവും, കുടിവെള്ള ശ്രോതസ്സുകൾ മലിനമാക്കുന്നു. ഇത് ജലജന്യരോഗങ്ങളുടെ വ്യാപനത്തിന് കാരണമാവുന്നു. ഭക്ഷണത്തിലൂടെയും ജലത്തിലൂടെയുമാണ് പല മഴക്കാല രോഗങ്ങളും പ്രധാനമായും പടരുന്നത് എന്നുള്ളത് കൊണ്ട് തന്നെ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാം.

മഴക്കാലരോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?

  • രോഗങ്ങൾ തടയാൻ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിർമ്മാർജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.
  • ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, മലവിസർജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
  • പഴങ്ങൾ, പച്ചക്കറികൾ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
  • ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളിൽ മൂടി വെക്കുക,
  • പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.
  • തിളച്ച വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാൻ പാടില്ല.
  • കുടിവെള്ള സ്രോതസുകൾ ബ്ലീച്ചിംഗ് പൗഡർ, ക്ളോറിൻ ഗുളികകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യണം.
  • വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
  • തുറസായ സ്ഥലത്ത് മലവിസർജനം ചെയ്യാതിരിക്കുക.
  • പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.

കൊതുകിന്റെ പ്രജനനം തടയാൻ :

  • വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം.
  • ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഉള്ള ‘ഡ്രൈ ഡേ ആചരണം’ (കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ) നടത്തുന്നത് ശീലമാക്കുക.
  • മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയർ, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ മുതലായവയിൽ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക. (ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് പെറ്റ് പെരുകാൻ ഒരു സ്പൂൺ വെള്ളം പോലും വേണ്ട എന്നത് ഓർക്കുക.)
  • കൊതുക് കടിക്കാതെ ഇരിക്കാൻ വ്യക്തിഗത പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുക. അതായത് കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളിൽ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങൾ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനൽ, മറ്റു ദ്വാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകു കടക്കാത്ത വല അടിക്കുക.

എലിപ്പനി പ്രതിരോധിക്കാൻ

കെട്ടി കിടക്കുന്ന മലിനജലവുമായുള്ള സമ്പർക്കം കഴിയുന്നതും ഒഴിവാക്കുക. എന്നാൽ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യേണ്ടി വരുന്നവർ കൈയുറ, റബ്ബർ ബൂട്ട് എന്നിവ ഉപയോഗിക്കുക. മുറിവുകൾ കൃത്യമായി ബാൻഡേജ് കൊണ്ട് മറയ്ക്കുക, ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകൾ വൃത്തിയാക്കുക.
എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക. സ്വയം ചികിൽസ അപകടകരമാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക് കടപ്പാട്: ഇൻഫോക്ലിനിക്ക്

Comments are closed.