DCBOOKS
Malayalam News Literature Website

ഖാദി ബോര്‍ഡിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍, നിയമപരമായി നേരിടുമെന്ന് ശോഭന ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജിനാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തനിക്കെതിരെ ഖാദി ബോര്‍ഡ് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭന ജോര്‍ജ് മാപ്പ് പറയണമെന്നും മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കാന്‍ തയ്യാറാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിനടപടികള്‍ സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന രംഗത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെതിരെ ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദി ബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണ് പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ച് മാസങ്ങള്‍ക്കു ശേഷമാണ് ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രസ്ഥാപനത്തിനു വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ് നോട്ടീസ് അയച്ചതെന്ന് ശോഭന ജോര്‍ജ് പറയുന്നു.

Comments are closed.