DCBOOKS
Malayalam News Literature Website

‘മോഹനസ്വാമി എന്റെ രണ്ടാം ജന്മം’: വസുധേന്ദ്ര

പുനഃപ്രസിദ്ധീകരണം

വസുധേന്ദ്ര  2013-ല്‍ കന്നഡയിലെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചെറുകഥകള്‍ അടങ്ങിയ ‘മോഹനസ്വാമി‘ പ്രസിദ്ധീകരിച്ചപ്പോള്‍ സാഹിത്യലോകത്ത് അത് വലിയ കോളിളക്കം സൃഷ്ടിച്ചു. കഥകളിലെ വിഷയം മാത്രമല്ല, കഥാകൃത്തിന്റെ ലൈംഗികാഭിരുചികൂടെ വെളിപ്പെടുത്തുന്ന പുസ്തകം എന്ന നിലയില്‍ അത് കപടസദാചാരത്തിന് മീതെ കെട്ടിപ്പൊക്കിയ ഒരു ലോകത്തെ ഞെട്ടിക്കാന്‍ പ്രാപ്തമായിരുന്നു. ഗേ സാഹിത്യത്തിനു തുടക്കമിട്ട  വസുധേന്ദ്ര പുസ്തകം പ്രസിദ്ധീകരിച്ച ശേഷം കുറെ നാളുകള്‍ ഭീതിയുടെ നിഴലില്‍ ആയിരുന്നു. രാജ്യത്തെ നിയമം മാത്രമല്ല, സമൂഹത്തിന്റെ പ്രതികരണവും ആകുലതയ്ക്ക് കാരണമായിരുന്നു. ലിംഗപരമായ പ്രശ്‌നങ്ങളെ സമൂഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും സ്വന്തം ലൈംഗികാഭിരുചിയെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും വസുധേന്ദ്ര മനസ്സ് തുറക്കുന്നു.

രശ്മി തെദ്രാല്‍ വസുധേന്ദ്രയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍;

വര്‍ഷങ്ങളോളം നിങ്ങള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. എങ്ങനെയാണ് കനത്ത ശമ്പളം കിട്ടുന്ന ഒരു ജോലി വേണ്ടെന്നു വെച്ച് എഴുത്തിലേക്ക് തിരിയുന്നത്?

എഴുത്ത് ചിലപ്പോള്‍ എന്റെ ഏകാന്തതയുടെയും അരക്ഷിതബോധത്തിന്റെയും പ്രതിഫലനമായിരിക്കാം. ജോലിയില്‍ ചേര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് (1996) എഴുതിത്തുടങ്ങുന്നത്. പണവും സൗകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും കോര്‍പറേറ്റ് ലോകം തന്ന സന്തോഷത്തിന്റെ അളവ് കുറവായിരുന്നു. കൂട്ടുകാര്‍ വിവാഹം കഴിച്ച് അവരുടെ ജീവിതത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ഒറ്റപ്പെടലും ശൂന്യതയും നിറഞ്ഞൊരു ഭാവി എന്നെ ഭയപ്പെടുത്തി. അങ്ങനെയാണ് എഴുത്തില്‍ രക്ഷ തേടുന്നത്. ജോലിക്കു പോകുന്നതിനു മുമ്പ് എന്നും രണ്ടു മണിക്കൂര്‍ എഴുതിത്തുടങ്ങി. പക്ഷേ, ആദ്യ സമാഹാരം-മനീഷേ- പ്രസിദ്ധീകരിക്കാന്‍ ആരെയും കിട്ടാതെ ആയപ്പോള്‍ പണം കൊടുത്ത് പുറത്തിറക്കേണ്ടി വന്നു. ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു ചെറുകഥാ സമാഹാരവും ലേഖന സമാഹാരവും തെലുങ്കുകഥകളുടെ തര്‍ജ്ജമയും ചെയ്തു. ബാംഗ്‌ളൂരില്‍ വന്നപ്പോള്‍ ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ചന്ദ പുസ്തക എന്ന പേരില്‍ പ്രസാധക സംരംഭം തുടങ്ങി. വായനക്കാരുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

? കന്നഡസാഹിത്യത്തില്‍ ആദ്യമായി സ്വവര്‍ഗ്ഗാനുരാഗികളുടെ ലോകം അനാവരണം ചെയ്തത് മോഹനസ്വാമി ആണ്. ഈ വിഷയം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

എഴുത്തിലൂടെ മാത്രമേ എന്റെ വ്യക്തിത്വത്തെ പുറംലോകത്തിന് കാണിച്ചു കൊടുക്കാന്‍ പറ്റുകയുള്ളൂ എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പതിമൂന്നാം വയസ്സില്‍തന്നെ എന്റെ ശരീരത്തിന്റെ ഭാഷ ഞാന്‍ അറിഞ്ഞു തുടങ്ങിയിരുന്നുവെങ്കിലും അത് പുറത്തു പറയാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍ മുപ്പത് വര്‍ഷങ്ങള്‍ ഞാന്‍ നിശ്ശബ്ദം സഹിച്ചു. ഒടുവില്‍ അത് ജീവിതമോ മരണമോ എന്നതിനെക്കുറിച്ചായി. ബ്രിട്ടീഷ് എഴുത്തുകാരന്‍ ഇ എം ഫോസ്റ്ററും ഇതേ വേദനയിലൂടെ കടന്നു പോയിട്ടുണ്ട്. എന്റെ മരണത്തിനു ശേഷമല്ല എന്നെ കുറിച്ചുള്ള സത്യം ഈ ലോകം അറിയേണ്ടതെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് മോഹനസ്വാമിയുടെ തുടക്കം. 2009-ല്‍ എഴുതിയ കടുങ്കെട്ട് ഒരു മാസികയില്‍ തൂലികാനാമത്തില്‍ വന്നപ്പോള്‍ അതിഷ്ടപ്പെട്ട് കുറെ വായനക്കാര്‍ എഡിറ്റര്‍ക്ക് കത്തുകള്‍ എഴുതി. കൂടുതല്‍ എഴുതാന്‍ അതെനിക്ക് ഊര്‍ജ്ജം തന്നു. പല ബന്ധങ്ങളും ഉലയ്ക്കാന്‍ അതു കാരണമാകുമെന്നു പറഞ്ഞ് ചില സുഹൃത്തുക്കള്‍ എന്നെ വിലക്കിയെങ്കിലും സ്വന്തം പേരില്‍തന്നെ ഞാന്‍ മോഹനസ്വാമി പൂര്‍ത്തിയാക്കി.

? വായനക്കാര്‍ എങ്ങനെ പ്രതികരിച്ചു?

സമ്മിശ്രപ്രതികരണമായിരുന്നു.  ഒരു വിഭാഗത്തിനെ മോഹനസ്വാമി പ്രകോപിപ്പിച്ചു. കള്ളപ്പേരില്‍ എഴുതിയപ്പോള്‍ നല്ല വാക്കുകള്‍ ചൊരിഞ്ഞ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു. നിരൂപകര്‍ മൗനം ഭജിച്ചു. സ്ത്രീവായനക്കാരും അഭിപ്രായം പറഞ്ഞില്ല. കന്നഡപത്രങ്ങള്‍ കണ്ടില്ലെന്ന് നടിച്ചെങ്കിലും ഇംഗ്ലിഷ് പത്രങ്ങള്‍ പുസ്തകത്തെ കുറിച്ചെഴുതി. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. മെല്ലെ, പുസ്തകം ആളുകളിലേക്കെത്തിത്തുടങ്ങിയ പ്പോള്‍ മാസികകളും ചാനലുകളും അഭിമുഖങ്ങള്‍ക്കായി വന്നു തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്നു പതിപ്പുകളും ഇറങ്ങി. കര്‍ണ്ണാടകയിലെ ഗേ സമൂഹത്തിന്റെ പ്രതികരണമാണ് എന്നെ അമ്പരപ്പിച്ചത്. ചെറുപ്പക്കാര്‍ അവരുടെ ജീവിതകഥ പറയാന്‍ എന്നെ തേടി വന്നു. അതുവരെയും ആരും അവരെക്കുറിച്ച് എഴുതിയിരുന്നില്ല. നഗരങ്ങളില്‍ ഉള്ള ഇംഗ്ലീഷ് സംസാരിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികള്‍ അത്തരം സാഹിത്യം വായിച്ചിട്ടുണ്ടാവാം. ചില അമ്മമാരും എന്നെ വിളിച്ച് അവരുടെ മക്കളെക്കുറിച്ചുള്ള വേവലാതികള്‍ പങ്കുവെച്ചു. കൗണ്‍സലിങ്ങില്‍ പരിശീലനം നേടിയത് എന്നെ സഹായിച്ചു. ഒരു തരത്തില്‍ ഞാന്‍ അവരുടെ ശബ്ദം ആവുകയായിരുന്നു.

? കുടുംബത്തില്‍ ആരോടാണ് നിങ്ങള്‍ സത്യം തുറന്നു പറഞ്ഞത്?

എന്റെ മൂത്ത ചേച്ചിയോട്. അന്നെനിക്ക് നാല്‍പ്പതു വയസ്സായിരുന്നു. വളരെയധികം ആത്മസംഘര്‍ഷത്തോടെ ആണ് ഞാനത് പറയാനൊരുങ്ങിയത്. ഇതു പറയാന്‍ ഇത്രേം കാലം എന്തിന് കാത്തിരുന്നു? മുമ്പേ പറയാമായിരുന്നില്ലേ? എന്നാണ് അവര്‍ ചോദിച്ചത്. അതെന്നെ തണുപ്പിച്ചു. വലിയൊരു ഭാരം ഇറക്കി വെച്ച് സ്വതന്ത്രനായപോലെ. പക്ഷേ, അപ്പോഴേക്കും എന്റെ അച്ഛനമ്മമാര്‍ മരിച്ചിരുന്നു. അവരോടു കൂടെ പറയണമായിരുന്നു. എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍, ഒഴികഴിവുകള്‍ പറയുന്നതിനു പകരം സത്യം പറയാമായിരുന്നു. അവര്‍ക്കെന്നോട് സ്‌നേഹമായിരുന്നതിനാല്‍ അവരെന്നെ അംഗീകരിച്ചേനെ. എനിക്ക് അങ്ങനെ മുഖംമൂടിയണിഞ്ഞു ജീവിക്കേണ്ടി വരില്ലായിരുന്നു. സുഹൃത്തുക്കളോടും പരിചയക്കാരോടും വായനക്കരോടുമെല്ലാം പറഞ്ഞത് മോഹനസ്വാമിയിലൂടെ ആണ്. പുറത്തു വരേണ്ടത് പ്രധാനമാണ്, ആവശ്യവും. ഭയത്തിന്റെ, കുറ്റബോധത്തിന്റെ, സ്വയംനിന്ദയുടെ പിടിയില്‍ ജീവിതത്തെ എറിഞ്ഞു കൊടുക്കുന്നതിലും നല്ലത്, വീട്ടുകാരോട് തുറന്നു സംസാരിക്കുന്നതാണ്. സത്യം മനസ്സിലാക്കാന്‍ അവര്‍ സമയമെടുക്കുമായിരിക്കും. എന്റെ അഭിപ്രായത്തില്‍ നിങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ ആരാണെന്നറിയാനുള്ള അവകാശമുണ്ട്. സമൂഹം സത്യസന്ധതയെ അംഗീകരിക്കും. സത്യത്തില്‍ സമൂഹത്തിന് നമ്മുടെ നിയമങ്ങളെക്കാള്‍ പുരോഗമനചിന്തയുണ്ട്.

? നിയമത്തെക്കുറിച്ച് ഭയം തോന്നിയില്ലേ?

2009-ല്‍ ഡല്‍ഹി ഹൈക്കോടതി പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയത്  LGBT സമൂഹത്തിന് വലിയ  പ്രതീക്ഷ നല്കിയിരുന്നു. അതിനുശേഷം മാത്രമാണ് മോഹനസ്വാമി പുറത്തിറക്കാനുള്ള ധൈര്യം എനിക്ക് കിട്ടുന്നത്. പക്ഷേ, അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. പുസ്തകം പ്രസിദ്ധീകരിക്കുന്ന അന്നാണ് (ഡിസംബര്‍ 11, 2013) കജഇ 377 വകുപ്പ് പഴയപടി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത്. ആ വകുപ്പ് പിന്‍വലിക്കാനോ അതില്‍ ഭേദഗതി വരുത്താനോ ഉള്ള സ്വാതന്ത്ര്യം പാര്‍ലമെന്റിന് വിട്ടുകൊടുത്തു. അതൊരു വേദനാജനകമായ യാദൃച്ഛികത ആയിരുന്നു. പുസ്തകം പുറത്തിറങ്ങിയ ശേഷം എന്റെ ഉറക്കം നഷ്ടപ്പെട്ടു. ഞാന്‍ പല അഭിഭാഷക സുഹൃത്തുക്കളുടെയും ഉപദേശം തേടി. കുറെ മാസങ്ങള്‍ എടുത്തു ആ മാനസിക സമ്മര്‍ദ്ദത്തില്‍നിന്നും പുറത്തു കടക്കാന്‍. എങ്കിലും ആ കഷ്ടപ്പാടുകള്‍ക്ക് ഫലമുണ്ടായി. മോഹനസ്വാമി എന്റെ രണ്ടാം ജന്മമാണ്. ഇനിയൊരിക്കലും എനിക്ക് ആ കപടജീവിതം നയിക്കേണ്ടതില്ല. എന്നോടും സമൂഹത്തോടും എനിക്ക് സത്യസന്ധത പുലര്‍ത്താം.

? ചില മതനേതാക്കള്‍ സ്വവര്‍ഗ്ഗരതിയെ പ്രകൃതിവിരുദ്ധമെന്ന് വിളിച്ചിട്ടുണ്ട്. ചിലര്‍ യോഗയിലൂടെയും പ്രകൃതിചികിത്സയിലൂടെയും അതിന് പ്രതിവിധിയുണ്ടെന്നു പറയുന്നു..

സ്വവര്‍ഗ്ഗരതി പ്രകൃതിക്ക് എതിരാണെന്ന് വിധിക്കാന്‍ അവര്‍ ആരാണ്? ചികിത്സിച്ചു മാറ്റാന്‍ ഇതൊരു രോഗമല്ല. അത്തരം അബദ്ധജടിലമായ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാനേ പറ്റൂ. ഒരു പുരുഷന് ഒരു സ്ത്രീയോട് ആകര്‍ഷണം തോന്നുമ്പോള്‍, ഒരു സ്ത്രീ ഒരു പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുമ്പോള്‍, അത് സ്വാഭാവികമെന്ന് കരുതുന്നു. രണ്ട് പുരുഷന്മാര്‍ക്കോ രണ്ടു സ്ത്രീകള്‍ക്കോ ശാരീരികാകര്‍ഷണം തോന്നിയാല്‍ അതെങ്ങനെ പ്രകൃതിവിരുദ്ധമാകും? എങ്ങനെയാണ് അതിനെ സ്വാംശീകരിക്കപ്പെട്ട ഒരു ശീലമെന്ന് (acquired habi)  പറയാനാവുക? ആരാണ് ആളുകള്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഇറക്കാന്‍ അധികാരം നല്കിയിരിക്കുന്നത്?

ചില പരിചയക്കാര്‍ എന്നോടു പറഞ്ഞത് ‘നിങ്ങളുടെ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ മാനിക്കുന്നു’ എന്നാണ്. എനിക്കവരോട് പറയാനുള്ളത് സ്വവര്‍ഗ്ഗരതിയെ തെരഞ്ഞെടുപ്പ് ( choice) എന്നു വിളിക്കരുതെന്നാണ്. അത് ജീവിതരീതിയുമായി ബന്ധപ്പെട്ടതല്ല. ഒരു വ്യക്തിയില്‍ പ്രകൃതി ദത്തമായുള്ളതാണ്.

ഔട്ട്‌ലുക്ക് മാസികയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ എഴുത്തുകാരി അരുന്ധതി റോയ് രണ്ടു ജെന്‍ഡര്‍ (gender) മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്നില്ലെന്ന് പറയുകയുണ്ടായി. ലിംഗഭേദം മഴവില്‍ നിറങ്ങള്‍ (spetrcum) പോലെയാണെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. എന്റെ അഭിപ്രായത്തില്‍ ലിംഗഭേദത്തിനു കൂടുതല്‍ വ്യാപ്തി (multidimentional) ഉണ്ട്. ആര്‍ക്കും അതെക്കുറിച്ച് പൂര്‍ണ്ണമായ അറിവില്ല. ഭിന്നലൈംഗികതയുള്ളവരുടെ പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. അതെക്കുറിച്ച് അധികമാരും എഴുതിയിട്ടില്ല. LGBT വിഭാഗങ്ങളുടെ സാമൂഹികവും നിയമപരവുമായ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്.

? കന്നഡയില്‍ വേറെ ഏതെങ്കിലും എഴുത്തുകാര്‍ ഭിന്നലൈംഗികതയെ കുറിച്ച് എഴുതിയിട്ടുണ്ടോ?

കന്നഡസാഹിത്യത്തില്‍ ചിലര്‍ അതെക്കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ, അതൊരു ആരോഗ്യകരമായ കാഴ്ചപ്പാടില്‍ അല്ല. പലരും സ്വവര്‍ഗ്ഗാനുരാഗത്തെ ഭയപ്പെടുത്തുന്ന, കുറ്റബോധം നിറയ്ക്കുന്ന, പ്രകൃതിക്ക് വിരുദ്ധമായ, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചെയ്യുന്ന ഒരു കാര്യമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഈയിടെയായി കാര്യങ്ങള്‍ ഇത്തിരി മാറിയിട്ടുണ്ട്. എങ്കിലും പലപ്പോഴും എഴുത്തുകാര്‍ ഭിന്നലൈംഗികതയുള്ള കഥാപാത്രങ്ങളെക്കുറിച്ചെഴുതുന്നത് സഹതാപമോ കൗതുകമോ കൊണ്ടോ അല്ലെങ്കില്‍ വ്യത്യസ്തതകൊണ്ടുവരാനോ ആണ്. ഭിന്നലൈംഗികതയുള്ളവരുടെ ജീവിതത്തെ സമഗ്രമായി പ്രതി ഫലിപ്പിക്കുന്ന എഴുത്തുകള്‍ കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട്.

മോഹനസ്വാമി വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.