DCBOOKS
Malayalam News Literature Website

നിലയ്ക്കലില്‍ സംഘര്‍ഷം; വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന സമരത്തിനിടെ വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.

സി.എന്‍.എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് റിപ്പബ്ലിക് ടിവിയുടെ ട്വീറ്റില്‍ പറയുന്നു. തങ്ങള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു.

ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടറായ സരിതയെ നിലയ്ക്കലില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിവിടുകയുമായിരുന്നു.

അതേസമയം സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധക്കാര്‍ നടത്തുന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്ക് നേരെ ലാത്തി വീശി. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപമാണ് പൊലീസ് പ്രതിഷേധക്കാരെ ലാത്തി വീശി ഓടിച്ചത്.പരുക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ പോയ പൊലീസ് വാഹനത്തിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. ലാത്തിച്ചാര്‍ജിനിടെയുണ്ടായ കല്ലേറില്‍ എഡിജിപി ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സ്ഥലത്ത് കൂടുതല്‍ പൊലീസെത്തി സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ഇന്ന് വൈകിട്ടോടെ നട തുറക്കും.

Comments are closed.