DCBOOKS
Malayalam News Literature Website

ബാലസാഹിത്യത്തിലെ ക്ലാസിക് രചന

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശ്രദ്ധേയമായ ചെറുകഥാസമാഹാരമാണ് മിഠായിപ്പൊതി. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസിക് രചന എന്നുവിശേഷിപ്പിക്കാവുന്ന ഈ കൃതി 1978 ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.

കാക്കയും പൂച്ചയും അണ്ണാനും മുയലും പ്രാവും പുലിയും കരടിയുമൊക്കെ കഥാപാത്രങ്ങളായിവരുന്ന മുപ്പതോളം കഥകളാണ് മിഠായിപ്പൊതിയിലുള്ളത്. വിരുന്നുകാരന്‍, കൂനന്‍കുട്ടി, പാമ്പും പാലും, രാജാവിനെബാധിച്ച ഭൂതം, മൃഗങ്ങളുടെ ഗ്രാമം, പൂവാലന്റെ വയറ്റില്‍ വേദന തുടങ്ങി കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് സുമംഗലയുടെ തൂലികയില്‍ നിന്നും വിടരുന്നത്.

സുമംഗല– പാലക്കാട് ജില്ലയിലെ പ്രശസ്തമായ വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ജനനം. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമേ കുട്ടികള്‍ക്കുവേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം), കടമകള്‍, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം (നോവലുകള്‍), നുണക്കുഴികള്‍(ചെറുകഥാസമാഹാരം)
കേരളകലാമണ്ഡലം ചരിത്രം (ചരിത്രം) തുടങ്ങിയാണ് പ്രധാനപ്പെട്ട കൃതികള്‍. സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി, കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കേരളസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാര്‍ഡ് (നെയ്പായസം), കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാര്‍ഡ് (മിഠായിപ്പൊതി), ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (നടന്നു തീരാത്ത വഴികള്‍), കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം , ശൂരനാട് കുഞ്ഞന്‍പിള്ള പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Comments are closed.