DCBOOKS
Malayalam News Literature Website

സ്വയം കുഴിക്കുന്ന വിശുദ്ധചതികള്‍

ബിവിതാ ഈശോ

ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുമ്പോള്‍, ഭൂരിപക്ഷമാണ് ന്യൂനപക്ഷത്തെ ഉണ്ടാക്കിയെടുത്തതെന്ന് നാം മറന്നു പോകരുത്. ആരും ന്യൂനപക്ഷം ആയതല്ല, ആക്കിയെടുത്തതാണല്ലോ. അങ്ങനെ ആക്കിയെടുക്കപ്പെട്ട ഒരു ന്യൂനപക്ഷം എപ്പോളും ആയിത്തീരലിന്റെ രാഷ്ട്രീയം ആയിരിക്കണം മുന്നോട്ട് വെക്കേണ്ടത് എന്ന് തോന്നുന്നു. ഇപ്രകാരം ആക്കിയെടുക്കപ്പെട്ട ചെറുതും വലുതുമായ ന്യൂനപക്ഷങ്ങളോട്, ചെറു (minor) സമുദായങ്ങളോട്, സംവദിച്ചും സമരസപ്പെട്ടും സംഘടിച്ചും ആയിത്തീര്‍ന്നുകൊണ്ടേയിരിക്കുന്നതല്ലേ സമുദായം എന്ന പരിപ്രേക്ഷ്യം?

2017-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ രാഷ്ട്രത്തിന്റെ ഉപഹാരമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് കൊടുത്തത് കേരളത്തില്‍നിന്നുള്ള ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കവും തഴക്കവും അവകാശപ്പെടുന്ന രണ്ടു ചെമ്പു തകിടുകളുടെ പ്രതിരൂപങ്ങളാണ്. ജൂതശാസനവും
തരിസാപ്പള്ളി ചെപ്പേടും. ആദ്യത്തേത് മട്ടാഞ്ചേരിയിലെ സുനഗോഗിന്റെ സഹായത്തോടെയും രണ്ടാമത്തേത് തിരുവല്ല മാര്‍ത്തോമാ സുറിയാനി പള്ളിയുടെ സഹായത്തോടെയും നിര്‍മ്മിച്ചു എന്നാണ് വാര്‍ത്തകള്‍. ഈ ഉപഹാരങ്ങള്‍ വെറും മോടിക്ക് വേണ്ടിയല്ലെന്നും, പ്രത്യയശാസ്ത്രപരമാണെന്നും ഏവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ക്രിസ്താബ്ദത്തിലെ ആദ്യ നൂറ്റാണ്ടുകളിലെങ്കിലും ഇന്നത്തെ കേരളത്തില്‍ കുടിയേറി പാര്‍ത്ത ജൂതര്‍ക്ക് നല്‍കിയ ചെപ്പേട് എന്ന് വിശ്വസിക്കപ്പെടുന്ന ‘ജൂതശാസനം’ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കുന്നതിലെ ഔചിത്യം മനസ്സിലാക്കാമെങ്കിലും, അതിന്റെകൂടെ ഇന്ന് സുറിയാനി ക്രിസ്ത്യാനികളെന്ന് അറിയപ്പെടുന്ന സമുദായത്തിന് ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്നതരിസാപ്പള്ളി ചെപ്പേട് കൂടെ കൂട്ടിയതിന്റെ സാംഗത്യംഎന്തായിരിക്കും? ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഇടപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതിനപ്പുറം എന്തൊക്കെയായിരിക്കാം ഇതിന്റെ പിന്നിലെ പ്രമാണങ്ങള്‍?

തീര്‍ച്ചയായും, 2011-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ വെറും ‘രണ്ടും ചില്ലറയും’ ശതമാനം വരുന്ന ക്രിസ്ത്യാനികളെ ആഗോളതലത്തില്‍ ഇന്ത്യന്‍ രാഷ്ട്രസങ്കല്പനത്തിന്റെ ഭാഗഭാക്കാക്കുന്ന നിമിഷമായിട്ടിതിനെ കാണാം.
എന്നാല്‍, അതിലുപരിയായി, ഈ ‘രണ്ടും ചില്ലറയും’ വരുന്ന ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ ഉദാത്തപ്രതിനിധി ആയി ഇങ്ങു തെക്കേ വാല്‍ക്കഷണമായ കേരളത്തിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന സുറിയാനി ക്രിസ്ത്യാനികളെ ‘മതേതര (ഹിന്ദു) രാഷ്ട്രം’ വീണ്ടും
വാഴിച്ച നിമിഷം കൂടിയാണത്. എന്നാല്‍, ലോകമെമ്പാടുമുള്ള ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം ‘ആര്‍ഷഭാരതത്തില്‍’ വേരുകളുണ്ടെന്ന് പറയുന്നതോടൊപ്പം, ഇന്ത്യയിലുള്ള ജൂതരുടെയും ക്രിസ്ത്യാനികളുടെയും വേരുകള്‍ വിദേശങ്ങളിലാണെന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഇത്തരം പ്രതിനിധാനങ്ങള്‍ എന്ന് മറക്കരുത്‌.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.