DCBOOKS
Malayalam News Literature Website

‘മെത്രാനും കൊതുകും’ മെത്രാന്മാരുടെ ആപത്കരമായ സമുദായ സ്‌നേഹത്തെ കാലത്തിനു മുന്നേ രൂക്ഷമായി പരിഹസിച്ച പുസ്തകം

ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡി സി കിഴക്കെമുറി രചിച്ച ‘മെത്രാനും കൊതുകും’ എന്ന പുസ്തകത്തിന് പ്രസക്തിയേറുന്നത്. മെത്രാന്മാരുടെ ആപത്കരമായ സമുദായ സ്‌നേഹത്തെ കാലത്തിനു മുന്നേ രൂക്ഷമായി പരിഹസിച്ച പുസ്തകമാണ് ‘മെത്രാനും കൊതുകും’. കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങള്‍ പശ്ചാത്തലമാക്കി എഴുതിയ ഈ കുറിപ്പുകള്‍ അരനൂറ്റാണ്ടിനു ശേഷവും നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

എലിവാണം (1948), കുറ്റിച്ചൂല്‍ (1950), പുറത്തുവന്ന മെത്രാനും കൊതുകും(1955) എന്നീ ആക്ഷേപഹാസ്യ കൃതികളുടെ സമാഹാരമായ ‘മെത്രാനും കൊതുകും’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

മെത്രാന്‍: ആരാണ്, ഈ മുറിയില്‍ മൂളിപ്പാട്ടു പാടി ശല്യമുണ്ടാക്കുന്നത്?

കൊതുക്: ഞാനാണേ, ഞാന്‍—-കൊതുക്.

മെത്രാന്‍: നീ എന്തിനിവിടെ വന്നു?

കൊതുക്: അയ്യോ, ഞാന്‍ ഇന്നും ഇന്നലെയും വന്നതല്ലേ. വളരെക്കാലമായി ഇവിടെത്തന്നെയാണേ താമസം.

മെത്രാന്‍: നീ എന്തിനാണ് ഈ പാട്ടുപാടി ശല്യമുണ്ടാക്കുന്നത്?

കൊതുക്: പാടുന്നതു ശല്യമുണ്ടാക്കാനല്ല, മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയാണ്. അങ്ങ് ദിവസവും ദേവാലയത്തില്‍ ചെന്നു പാടുന്നത് ആര്‍ക്കെങ്കിലും ശല്യമുണ്ടാക്കാനാണോ?

മെത്രാന്‍: നീ ഏതായാലും ഇനി ഈ മുറിയില്‍ താമസിച്ചുകൂടാ.

കൊതുക്: ഞാനും എന്റെ കൂട്ടരും ഈ ടൗണില്‍ താമസിച്ചുകൊള്ളണമെന്നാണ്, മുനിസിപ്പാലിറ്റിയും ഗവണ്മെന്റും പറഞ്ഞിട്ടുള്ളത്.

മെത്രാന്‍: ഏതു മുനിസിപ്പാലിറ്റി? ഏതു ഗവണ്മെന്റ്?

കൊതുക്: അങ്ങ് താങ്ങിനിറുത്തിയിരിക്കുന്ന ഗവണ്മെന്റുതന്നെ. കഴിഞ്ഞ മുനിസിപ്പല്‍ Textതിരഞ്ഞെടുപ്പില്‍ അങ്ങയുടെ ഭഗീരഥ പ്രയത്‌നംകൊണ്ടു ജയിച്ച കക്ഷിയല്ലേ ഈ ടൗണ്‍ ഭരിക്കുന്നത്? ഗവണ്മെന്റും ഞങ്ങള്‍ക്കനുകൂലമാണ്.

മെത്രാന്‍: ഈ അബദ്ധങ്ങളൊക്കെ നിന്നോടാരാ പറഞ്ഞത്?

കൊതുക്: അബദ്ധങ്ങളോ? ഗവണ്മെന്റുത്തരവുണ്ട്, ഈ ടൗണിലെ സകല കൊതുകുനിവാരണ നടപടികളും നിറുത്തിവയ്ക്കാന്‍ അതിനെ പ്രതിഷേധിച്ച് ഒരു കൗണ്‍സിലര്‍ രാജിവയ്ക്കുകകൂടി ചെയ്തത് ഓര്‍മ്മയില്ലേ?

മെത്രാന്‍: ഞാനിന്നുതന്നെ മുഖ്യമന്ത്രിക്ക് എഴുതുന്നുണ്ട്, നിങ്ങളുടെ ശല്യം ഒഴിവാക്കാനുള്ള നടപടിയെടുക്കാന്‍.

കൊതുക്: അതുകൊണ്ടൊന്നും ഒരു ഗുണവുമില്ല. അവര്‍ ഞങ്ങള്‍ക്കെതിരായി ഒന്നും ചെയ്യുവാന്‍ പോകുന്നില്ല. മാത്രമല്ല, നാമെല്ലാം സഹകരിച്ചുപോകേണ്ടവരാണ്.

മെത്രാന്‍: ഞാന്‍ ആരാണെന്നു നിനക്കറിഞ്ഞുകൂടാ.

കൊതുക്: നല്ലതുപോലറിയാം. അതുകൊണ്ടാണു പറഞ്ഞത്, നമുക്കു സഹകരിച്ചു മുന്നോട്ടു പോകാമെന്ന്.

മെത്രാന്‍: എന്ത് അനാവശ്യമാണു നീ ഇപ്പറയുന്നത്?

കൊതുക്: അങ്ങയുടെ കണ്ണു ചുവക്കുന്നല്ലോ! ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല. നമ്മുടെയെല്ലാം തൊഴില്‍ ഒന്നുതന്നെയാണ്; മനുഷ്യരുടെ ചോര ഊറ്റിക്കുടിക്കല്‍.

മെത്രാന്‍: അതു നിന്റെ തൊഴിലാണ്. നീ ഉടനെ എന്റെ മുറിവിട്ടു
പുറത്തു പോകണം.

കൊതുക്: തല്‍ക്കാലം ഞാന്‍ പുറത്തേക്കു പോകുന്നു. തിരഞ്ഞെടുപ്പടുത്തുവരുന്നതുകൊണ്ടു കുറച്ചു പണിത്തിരക്കുണ്ട്.

മെത്രാന്‍: തിരഞ്ഞെടുപ്പില്‍ നിനക്കെന്താ കാര്യം?

കൊതുക്: അങ്ങേയ്‌ക്കെന്താ തിരഞ്ഞെടുപ്പില്‍ കാര്യം? അങ്ങ് എന്തിനാ ഇന്നലെ ആ അച്ചന്മാരെയെല്ലാംകൂടി വിളിച്ചുകൂട്ടി ഉപദേശം നല്‍കിയത്? എന്തിനാണ്, തിരഞ്ഞെടുപ്പിനെപ്പറ്റി ഒന്നരാടന്‍ ദിവസങ്ങളില്‍ കല്പനകളിറക്കുന്നത്?

മെത്രാന്‍: എനിക്ക് എന്റെ ജനങ്ങളുടെ കാര്യം നോക്കാനുണ്ട്. അവരുടെ നന്മയ്ക്കാവശ്യമായ കാര്യങ്ങളെല്ലാം അന്വേഷിക്കേണ്ടത് എന്റെ കടമയാണ്.

കൊതുക്: എനിക്കും എന്റെ സമുദായത്തിന്റെ താത്പര്യങ്ങള്‍ പാലിക്കേണ്ട ആവശ്യമുണ്ട്. ചിലരെയെല്ലാം വിളിച്ചുകൂട്ടി നിര്‍ദേശങ്ങള്‍ കൊടുക്കാനുണ്ട്.

മെത്രാന്‍: ആ സ്ഥിതിക്ക് നീ ഇവിടെ താമസിക്കുന്നത് ഒട്ടും മര്യാദയല്ല. രണ്ടു കക്ഷികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരല്ലേ, നാം?

കൊതുക്: അയ്യോ, അങ്ങേയ്ക്കു തെറ്റിപ്പോയി. നാം ഇരുവരും ഒരേ കക്ഷിക്കുവേണ്ടിയാണ് പാടുപെടുന്നത്. അങ്ങ് ഇന്നലെ അച്ചന്മാര്‍ക്കു നല്‍കിയ അതേ ഉപദേശങ്ങള്‍തന്നെയാണ് ഞാനും എന്റെ ആളുകള്‍ക്കു നല്കിയിട്ടുള്ളത്.

മെത്രാന്‍: അപ്പോള്‍ നീ ഏതു കക്ഷി? നിന്റെ പാട്ടും പ്രസംഗവും മീശയുമെല്ലാം കണ്ടിട്ടു ഞാന്‍ നിന്നെ തെറ്റിദ്ധരിച്ചു! മാത്രമല്ല, ചോരകുടിയാണല്ലോ തൊഴിലും!

കൊതുക്: അങ്ങനെയാണെങ്കില്‍ ഈ ചുവന്ന ഉടുപ്പും തൊപ്പിയും മറ്റും കണ്ടാല്‍ അങ്ങും മറ്റെ കക്ഷിയാണെന്നു ഞാന്‍ ധരിക്കേണ്ടതല്ലേ?

മെത്രാന്‍: കൊള്ളാം. നിനക്കും നിന്റെ സമുദായത്തിനും നന്മവരട്ടെ! അപ്പോള്‍ നീയും നമ്മുടെ കക്ഷിയാണ്, അല്ലേ?

കൊതുക്: എന്താണിത്ര സംശയം? ഞങ്ങളുടെ സമുദായം ദിവസംതോറും പെരുകിവരുന്ന ഒന്നാണ്. ഞങ്ങള്‍ക്ക് ആരുടെയും ശല്യംകൂടാതെ താമസിക്കുവാനുള്ള സൗകര്യം തരുന്ന ഗവണ്മെന്റിനെ ഞങ്ങള്‍ പിന്താങ്ങേണ്ടതല്ലേ? ആദ്യം ഞങ്ങള്‍ക്കു സ്വല്പം ഭയ
മുണ്ടായിരുന്നു.

മെത്രാന്‍: ആരെ ഭയപ്പെട്ടു?

കൊതുക്: 1947-ലോ മറ്റൊ അല്ലേ പുതിയ ഭരണം വന്നത്? ആ സമയത്തു ഞങ്ങള്‍ക്കു വലിയ ഭയമുണ്ടായിരുന്നു, ഞങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളഞ്ഞേക്കുമെന്ന്. പക്ഷേ, ഭരിക്കാന്‍ തുടങ്ങിയ ഉടനെ മനസ്സിലായി, ഞങ്ങളെപ്പോലുള്ളവരുടെ നില സുരക്ഷിതമാണെന്ന്.

മെത്രാന്‍: കൊള്ളാം. അതുതന്നെയായിരുന്നു എന്റെയും നില. ഇവര്‍ ഭരണത്തില്‍ വന്നുകൂടെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഇന്നു മറ്റവരെ എതിര്‍ക്കുന്നതുപോലെ അന്നു ഞാന്‍ ഇവരെ
എതിര്‍ത്തിരുന്നതാണ്. ഞങ്ങള്‍ക്ക് ഇവരില്‍നിന്നു നാശമുണ്ടാകുമെന്നായിരുന്നു, അന്നത്തെ ധാരണ. പക്ഷേ, ഭരിക്കാന്‍ തുടങ്ങിയപ്പോഴല്ലേ കാര്യം മനസ്സിലായത്?

കൊതുക്: അപ്പോള്‍ നമ്മുടെ ഇരുവരുടെയും നില ഒന്നുതന്നെ. അതാണു പറഞ്ഞത്, നാം ഇരുവരും ഒരുമിച്ചു കഴിയേണ്ടതാണെന്ന്.

മെത്രാന്‍: ശരി, നിങ്ങളെപ്പോലുള്ള ഒരു വലിയ സമുദായത്തിന്റെ പിന്തുണയുള്ളതു നന്നാണ്. നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം.

കൊതുക്: നല്ല കാര്യംതന്നെ. ഒരുമിച്ചു മുമ്പോട്ടു പോകാം. പക്ഷേ, ഒരുറപ്പു തരണം. മറ്റവര്‍ അധികാരത്തില്‍ വന്നാല്‍ അവരുടെ പുറകെ പോകുകയില്ലെന്ന്.

മെത്രാന്‍: അതെപ്പറ്റി എന്തിനാണിത്ര സംശയം? അവരുമായി എന്തുവന്നാലും യോജിച്ചുപോകാന്‍ ഞങ്ങള്‍ക്കു സാദ്ധ്യമല്ല.

കൊതുക്: സംശയമില്ല. പക്ഷേ, ചില അനുഭവങ്ങള്‍വച്ചു നോക്കുമ്പോള്‍ സംശയം തോന്നുന്നുവെന്നുമാത്രം. ഏതായാലും സഹവര്‍ത്തിത്വസിദ്ധാന്തം സമ്മതിച്ചതിനു നന്ദി.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.