DCBOOKS
Malayalam News Literature Website

ചരിത്രത്തിന്റെ ഭാഗമായ ‘വെണ്ടുരുത്തി റെയില്‍വേ പാളം’ ഇനി ഓര്‍മ്മ

കൊച്ചിയുടെ ചരിത്ര സ്മാരകങ്ങളിലൊന്നായ വെണ്ടുരുത്തി റെയില്‍പാളം പൊളിച്ചുനീക്കുന്നു. കേരളത്തിന്റെ അഭിമാനമായി ഒരുകാലത്ത് കല്‍ക്കരി ട്രെയിനുകള്‍ ഉള്‍പ്പെടെ കൂകീപ്പാഞ്ഞിരുന്ന റെയില്‍വേ പാളമാണിത്. പൂര്‍ണമായും ഉരുക്കില്‍ പണി തീര്‍ത്ത ഇന്ത്യയിലെ ആദ്യ പാളങ്ങളില്‍ ഒന്നു കൂടിയായിരുന്നു വെണ്ടുരുത്തി പാളം. 1936ല്‍ ഇരുമ്പില്‍ നിര്‍മ്മിച്ച പാളം ചെന്നൈയിലെ സ്വകാര്യ കന്പനിക്കാണ് ആക്രിവിലയ്ക്ക് റെയില്‍വേ വിറ്റിരിക്കുന്നത്.

പാളം തുരുമ്പെടുത്തുവെന്ന റെയില്‍വേ അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേരളത്തിന്റെ ചരിത്രസ്മാരകം കൂടിയായ വെണ്ടുരുത്തി പാളം ഉന്മൂലനം ചെയ്യുന്നത്. 2 കോടി രൂപയ്ക്കാണ് ചെന്നൈയിലെ സ്വകാര്യ കന്പനിക്ക് പാളങ്ങള്‍ വിറ്റിരിക്കുന്നത്. 80 ദിവസത്തിനകം പാളം പൊളിച്ചുമാറ്റണമെന്നാണ് കരാര്‍ വ്യവസ്ഥ.

1936 ല്‍ സര്‍ റോബര്‍ട്ട് ബ്രിസ്‌റ്റോയാണ് കൊച്ചി തുറമുഖത്തിന്റെ ഭാഗമായി വെണ്ടുരുത്തിയില്‍ റെയില്‍വേ പാളം നിര്‍മ്മിച്ചത്. ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ സാക്ഷിപത്രമായ ഈ പാലത്തിനുളള ഉരുക്കു ഫ്രെയിമുകളത്രയും ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. മേല്‍പ്പാളത്തിന് തൊട്ടുചേര്‍ന്ന് തുറമുഖത്തേക്കുളള റോഡും പാലവും അക്കാലത്തെ റോഡ് റെയില്‍ യാത്രക്കാര്‍ക്ക് കൗതുകമേറുന്ന കാഴ്ച കൂടിയായിരുന്നു.

2002 ല്‍ ഈ പാളങ്ങളുടെ തൂണില്‍ മണ്ണുമാന്തി കപ്പല്‍ ഇടിച്ചതാണ് ഈ പാളങ്ങളുടെ തലവര മാറ്റിയത്. റെയില്‍വേ പുതിയ കോണ്‍ക്രീറ്റ് പാളം നിര്‍മ്മിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ റോഡും പാലവും നിര്‍മ്മിച്ചു. ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമായ റെയില്‍വേപാളം ഇപ്പോള്‍ നാമാവശേഷമാവുകയാണ്.

 

Comments are closed.