DCBOOKS
Malayalam News Literature Website

മീശയും മീശയോടൊപ്പം വളർന്ന ഒരു കാലവും!

എസ് ഹരീഷിന്റെ ‘മീശ ‘ എന്ന നോവലിന് അനൂപ് സുന്ദരന്‍ എഴുതിയ വായനാനുഭവം

നമ്മുടെ പൂര്‍വ്വികരെക്കുറിച്ച് അറിയുന്നത് എപ്പോഴും കൗതുകമുള്ള കാര്യം തന്നെയാണല്ലോ. രാജാക്കന്മാരുടെ കഥകള്‍ നാം വളരെയധികം വായിച്ചിട്ടുമുണ്ട്. എന്നാല്‍ ഹരീഷ് പറയുന്ന ചരിത്രം പലപ്പോഴും നമ്മുടെ സ്വന്തം അപ്പൂപ്പന്മാര്‍ കണ്ടും കൊണ്ടും അനുഭവിച്ച കാര്യങ്ങളാണ്. നമ്മുടെ രണ്ടു തലമുറ മുന്‍പുള്ളവര്‍ ജീവിച്ച വഴിത്താരകള്‍ അദ്ദേഹം തന്റെ നോവലുകളില്‍ വരച്ചുകാണിക്കുന്നുണ്ട്. അത്ര ദൂരെയല്ലാതെ നടന്നതായി പറയുന്ന സംഭവങ്ങളായതിനാലാവാം മീശ എന്നെ ഹഠാദാകര്‍ഷിച്ചു.

വെബ് പേജുകള്‍ ഉണ്ടാക്കുമ്പോള്‍ ഒരു പ്രധാന മെനു കാണും. അതില്‍ നിന്നും സബ് മെനുക്കള്‍. സബ് മെനു ഞെക്കിയാല്‍ ചിലപ്പോള്‍ വേറെ സബ് മെനുക്കള്‍ കിട്ടും. അങ്ങനെ ഉണ്ടാക്കിയെടുത്ത വെബ് പേജ് പോലെയാണ് മീശ. മീശ അഥവാ മീശധാരിയായ വാവച്ചനാണ് പ്രധാന മെനു. അവനെ ഏതെങ്കിലും രീതിയില്‍ ലിങ്ക് ചെയ്യുന്ന ധാരാളം കഥാപാത്രങ്ങള്‍ സബ് മെനുകളായി ഉണ്ട്. അവ ഓരോന്നും ഓരോ ജീവിതം ആണ് പറയുന്നത്. ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പ് ജീവിച്ച ജീവിതങ്ങള്‍.അന്നത്തെ മനുഷ്യരുടെ ദാരിദ്ര്യവും കെടുതികളുമൊക്കെ ഇത്ര Textപച്ചയായി അടുത്തകാലത്ത് വായിച്ചനുഭവിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. പ്രകൃതിയോട് കൂടുതല്‍ ചേര്‍ന്ന്, പ്രകൃതിയോട് പടവെട്ടി ജീവിക്കുന്ന മനുഷ്യര്‍. കക്കൂസ് എന്നത് എന്താണെന്ന് പോലും അറിയാത്ത ആളുകള്‍, നാട്ടില്‍ ഒരാള്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ക്ക് വേണ്ടി ഒരു കക്കൂസ് ഉണ്ടാക്കിയെന്നറിഞ്ഞ് വിസര്‍ജ്യത്തിന്റെ മേല്‍ വിസര്‍ജ്ജിക്കുന്നവര്‍ എന്ന പേരില്‍ പരിഹസിക്കുന്നത് കൗതുകവും അതിലേറെ അന്നത്തെ ജീവിതത്തെ അറിയുമ്പോഴുള്ള ആശ്ചര്യവും നല്‍കി. അങ്ങനെ ആശ്ചര്യപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങള്‍ മീശയില്‍ വര്‍ണ്ണിക്കുന്നുണ്ട്. അതേപോലെ വെള്ളക്കാര്‍ ഭരിക്കുന്ന കാലത്ത് നമ്മുടെ ഇടയില്‍ താമസിച്ച ബെക്കര്‍ സായിപ്പിനെയും ബ്രണ്ടന്‍ സായിപ്പിനെയും പോലുള്ളവരുടെ ജീവിതങ്ങളും വ്യത്യസ്തമായ അനുഭവം ആയിരുന്നു.

മീശയും ആഗസ്റ്റ് 17 ഉം വായിച്ചു കഴിഞ്ഞപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ നല്ല സാദൃശ്യം തോന്നിയെന്നത് എന്റെ മാത്രം അനുഭവം ആണോയെന്നറിയില്ല. കഥകള്‍ നടക്കുന്ന കാലഘട്ടം ഏറെക്കുറെ ഒന്നായതിനാലാവാം. മീശയില്‍ കൊച്ചുപിള്ള വാഴകൃഷി ചെയ്യുന്നത് വായിച്ചപ്പോള്‍ ആഗസ്റ്റ് 17 ഇല്‍ മലബാറിലേക്ക് കുടിയേറ്റം നടത്തിയ സമയത്ത് ഭാസി കൃഷി നടത്തുന്ന കൃഷിഭൂമി മനസിലേക്ക് ഓടിയെത്തി. തിരുവിതാംകൂര്‍ രാജ ഭരണത്തോടുള്ള അസംതൃപ്തിയും രണ്ടിലും കാണാം. എന്നിരിക്കിലും സ്വന്തമായ അസ്തിത്വം ഉള്ള കൃതി തന്നെയാണ് മീശ.

കുട്ടനാടിന്റെ ചെളിയിലും വിയര്‍പ്പിലും നിന്നും മലയാളത്തിന് ഒട്ടേറെ പൊന്‍കതിരുകള്‍ തകഴിയും കാവാലവുമൊക്കെ കൊയ്‌തെടുത്തുകഴിഞ്ഞു. അവര്‍ കൊയ്ത്തു മാറിയ പാടശേഖരത്തില്‍ നിന്നും ഇനിയും വിളവ് നേടാമെന്ന് ഹരീഷ് മനോഹരമായി തെളിയിച്ചിരിക്കുന്നു. മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളില്‍ ഒരാളായി മീശയും എണ്ണപ്പെടും.

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഹരീഷ് എന്ന എഴുത്തുകാരന്‍ പുലര്‍ത്തുന്ന ചങ്കൂറ്റം ആണ്. സത്യത്തില്‍ മീശയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് സ്ത്രീവിരുദ്ധമായ ചില പ്രയോഗങ്ങള്‍ അതിലുണ്ടെന്ന് പറഞ്ഞുള്ള വിവാദവുമായി ചേര്‍ന്നാണ്. ഹരീഷിന്റെ വാക്കുകളില്‍ ഒരു നോവല്‍ എന്നാല്‍ സ്വതന്ത്രമായ ഒരു രാജ്യമാണ്. അവിടത്തെ പ്രജകളായ കഥാപാത്രങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ രചയിതാവിന് അധികാരമില്ല. പൊതുസമൂഹത്തിന് ശ്ലീലമല്ലാത്തതും സഭ്യമല്ലാത്തതുമായ വാക്കുകള്‍ ഒരു കഥയിലെ കഥാപാത്രങ്ങള്‍ സംസാരിക്കാനോ വിചാരിക്കാനോ പാടില്ല എന്ന് പറയുന്നത് ശുദ്ധ ഭോഷത്തമാണ്. കഥയോട് ഇണങ്ങിനില്‍ക്കുന്ന സംഭാഷണങ്ങളില്‍ യാതൊരു വൈകൃതവും എനിക്ക് അനുഭവപ്പെട്ടില്ല. പറയുന്ന കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാന്‍ അത് വളരെയധികം സഹായിക്കുന്നുമുണ്ട്. ഇനിയും ഹരീഷിന്റെ രചനകള്‍ ഞാന്‍ തേടിയെത്തുന്നത് പൊതുസമൂഹത്തെക്കുറിച്ചോര്‍ത്ത് മറ്റ് എഴുത്തുകാര്‍ പറയാന്‍ പേടിക്കുന്ന പ്രയോഗങ്ങള്‍ അതില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കും. അല്ലെങ്കിലും ചുരുളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ ആളുടെ ചങ്കൂറ്റം അളക്കാന്‍ നോക്കുന്നത് കടല്‍വെള്ളത്തിന്റെ ഉപ്പ് നോക്കുന്നത് പോലെയാണല്ലോ.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

 

Comments are closed.