DCBOOKS
Malayalam News Literature Website

‘മായുന്നു മഞ്ഞും മഴയും’ എന്ന കൃതിക്ക്‌ എ.ശ്യാം തയ്യാറാക്കിയ പഠനക്കുറിപ്പ്

manjum

കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന ടി പി കുഞ്ഞിക്കണ്ണന്‍, കെ രമ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ‘മായുന്നു മഞ്ഞും മഴയും‘ എന്ന പുസ്തകത്തിന് എ.ശ്യാം തയ്യാറാക്കിയ പഠനക്കുറിപ്പ്.

നല്ല ഭൂമിക്കുവേണ്ടി ഒരു മാനിഫെസ്റ്റോ

യുദ്ധങ്ങള്‍പോലെയോ അതിലേറെയോ ഭൂമിയില്‍ വന്‍ കെടുതികളുണ്ടാക്കിയ, ഇപ്പോഴുമുണ്ടാക്കുന്ന പ്രതിഭാസമാണ് കാലാവസ്ഥാവ്യതിയാനം. 450 കോടിവര്‍ഷം പ്രായം കണക്കാക്കുന്ന ഭൂമിയെ ഒരുകാലത്ത് അടക്കി വാണിരുന്ന ദിനോസറുകളും കൂറ്റന്‍ പക്ഷികളും ഉരഗങ്ങളും ചിലസസ്യജാലങ്ങളും മറ്റും തുടച്ചുനീക്കപ്പെട്ടത് ഭൗമപരിസ്ഥിതിയില്‍വന്ന വന്‍ മാറ്റങ്ങളുടെ ഫലമായാണ്. ലോകം പരിസ്ഥിതിദിനം ആചരിക്കാനൊരുങ്ങുമ്പോള്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം വീണ്ടും ചര്‍ച്ചയാവുകയാണ്. അതിലേക്ക് വെളിച്ചം വീശുന്ന പരിസ്ഥിതിപഠന ഗ്രന്ഥമാണ് കെ. രമയും ടി.പി. കുഞ്ഞിക്കണ്ണനും ചേര്‍ന്ന് എഴുതിയ ‘മായുന്നു മഞ്ഞും മഴയും കാലാവസ്ഥാ മാറ്റത്തിന്റെ കാണാപ്പുറങ്ങള്‍‘. ഡിസി ബുക്‌സാണ് പ്രസാധകര്‍. ഭൂമി ചൂടാവുന്നതിന്റെ ശാസ്ത്രവും പരിഹാരത്തിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നതിനുള്ള ശ്രമമാണ് ഈ പുസ്തകമെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ മുഖവുരയില്‍ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന താളപ്പിഴകളെക്കുറിച്ച് അരനൂറ്റാണ്ടോളമായിട്ടെങ്കിലും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

mayunnu-manjum-mazhayum1972 മുതല്‍തന്നെ ഐക്യരാഷ്ട്രസംഘടനയുടെ പരിഗണനയില്‍ ഇക്കാര്യം വന്നുവെന്ന് അവതാരികയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എ.അച്യുതന്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും 1992ലെ റിയോ ഭൗമ ഉച്ചകോടിയോടെയാണ് ഇക്കാര്യത്തില്‍കാര്യമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അപ്പോഴും ലോകം അഭിമുഖീകരിക്കുന്ന പരിസ്ഥിതി ദുരന്തത്തിന് ഉത്തരവാദികളായ സമ്പന്ന പാശ്ചാത്യരാജ്യങ്ങള്‍ പ്രശ്‌നപരിഹാരത്തോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. റിയോ മുതല്‍ കഴിഞ്ഞവര്‍ഷം മറാക്കേഷില്‍ നടന്നതുവരെ 22 ഉച്ചകോടികള്‍ ഈ വിഷയത്തില്‍ ചേരുകയുണ്ടായെങ്കിലും ഇടക്കാലത്തുണ്ടായ ആശാവഹമായ പുരോഗതി പോലും തുടരാനായില്ല എന്നതാണ് നടുക്കമുളവാക്കേണ്ട യാഥാര്‍ഥ്യം. 2015ല്‍ പാരീസില്‍ ചേര്‍ന്ന21-ാം കാലാവസ്ഥാ ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് ഈ പുസ്തകം തയ്യാറാക്കിയതെങ്കിലും മറാക്കേഷ് ഉച്ചകോടിയും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കാല്‍ നൂറ്റാണ്ടുമുമ്പത്തെറിയോ ഉച്ചകോടിയിലെയും അതിലുണ്ടായ ധാരണകളെ ഉടമ്പടിയാക്കിയ ക്യോട്ടോ (1997) സമ്മേളനത്തിലെയും അത്രയെങ്കിലും ഉത്തരവാദിത്വം ഏതെങ്കിലും രാജ്യം ഏറ്റെടുത്തോ എന്ന സംശയം പാരീസ് സമ്മേളനത്തിനുശേഷവും അവശേഷിക്കുകയാണ് എന്നാണ് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ പ്രശ്‌നത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുള്ള അമേരിക്കയുടെ സ്ഥാപിത താത്പര്യങ്ങളാണ് പാരീസില്‍ വിജയിച്ചത്.

പ്രകൃതിയോടുള്ള കരുതലില്‍ പണ്ടുമുതലേ ലോകത്തിന് മാതൃകയാണ് ഇന്ത്യ. എന്നാല്‍, ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും മിനിമം ജീവിത ഗുണതയെങ്കിലും ഉറപ്പുവരുത്താന്‍ ഇന്ത്യ ഊര്‍ജ ഉപഭോഗം ഇനിയും കൂട്ടേണ്ടതുണ്ട്. പക്ഷേ, ആര്‍ത്തിപൂണ്ട് പ്രകൃതിവിഭവങ്ങളെ ധൂര്‍ത്തടിക്കുന്ന അതിസമ്പന്ന രാജ്യങ്ങള്‍ക്കും അതിജീവിക്കാന്‍ പാടുപെടുന്ന ദരിദ്രരാജ്യങ്ങള്‍ക്കും ഒരേ തളപ്പ് നിര്‍ദേശിക്കുന്ന അമേരിക്കയുടെ കുയുക്തികളോട് ചേര്‍ന്നുപോകുന്ന സമീപനമാണ് ഇന്ത്യ പാരീസില്‍ കൈക്കൊണ്ടത്. വിഭവ കച്ചവടത്തിന് കൂട്ടുനിന്ന ഈ നിലപാട് പരിസ്ഥിതിചര്‍ച്ചകളില്‍ ഇന്ത്യയുടെ പാരമ്പര്യത്തിനുതന്നെ എതിരായിരുന്നു എന്നാണ് മഗ്‌സാസെ അവാര്‍ഡ് ജേതാവായ ‘ഇന്ത്യയുടെ ജലമനുഷ്യന്‍’ രാജേന്ദ്രസിങ്ങിന്റെ അനുബന്ധ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥാപ്രശ്‌നത്തില്‍ കേരളത്തിലുള്ള മുന്‍കരുതലുകള്‍ ആശാവഹമെങ്കിലും സര്‍ക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ ഇടപെടലുകളിലൂടെയേ പ്രതിരോധിക്കാനാവൂ എന്ന് ഗ്രസ്ഥകര്‍ത്താക്കള്‍ ഓര്‍മിപ്പിക്കുന്നു. ആഗോളതാപനം, ഹരിതഗൃഹവാതകങ്ങള്‍, ഓസോണ്‍പാളി കാലാവസ്ഥാവ്യതിയാനം  തുടങ്ങിയവയെ കുട്ടികള്‍ക്കും മനസ്സിലാക്കാവുന്നത്ര ലളിതമായി വിവരിച്ചിട്ടുള്ള കൃതിയില്‍ കാള്‍ സാഗന്റെ പ്രസിദ്ധമായ കോസ്മിക് കലണ്ടറും എന്‍ വി കൃഷ്ണവാര്യര്‍ മൂന്ന് പതിറ്റാണ്ടുമുമ്പ് എഴുതിയ ലേഖനവുമടക്കം മറ്റ് കനപ്പെട്ട അനുബന്ധങ്ങളുമുണ്ട്. വരുംതലമുറകളോട് നാം കടംവാങ്ങിയ പരിസ്ഥിതിയെ കേടുകൂടാതെ അവര്‍ക്ക് തിരിച്ചു നല്‍കേണ്ട ബാധ്യത നമ്മള്‍ നിറവേറ്റതുണ്ടെന്ന കൃഷ്ണവാര്യരുടെ ആഹ്വാനം വരുംകാലങ്ങളിലെ മനുഷ്യരോടുകൂടിയുള്ളതാണ്. അമേരിക്കയ്ക്ക് തുച്ഛമായ ബാധ്യതകള്‍ മാത്രമുള്ള പാരീസ് ഉടമ്പടിയില്‍നിന്ന് പിന്മാറാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഈ കൃതിയെ കൂടുതല്‍ പ്രസക്തമാക്കുന്നു.

Comments are closed.