DCBOOKS
Malayalam News Literature Website

മെയ്ദിനം കഴിഞ്ഞു പോയെങ്കിലും ഈ ചിന്തകൾക്ക് എന്നും എല്ലായിപ്പോഴും കാലികപ്രസക്തി ഉണ്ട്

സഞ്ജയ് ദേവരാജൻ

ഇന്ത്യയിലും കേരളത്തിലും ഉള്ള തൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചു ഏറ്റവും മോശപ്പെട്ട സാഹചര്യങ്ങളിലൂടെ കടന്ന് പോവുകയാണ്. മുതലാളിത്ത വ്യവസ്ഥയിലൂടെ രാജ്യത്തെ പൂർണ്ണമായും നടത്താൻ പരിശ്രമിക്കുന്ന ഒരു ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്.പുതിയ കാലഘട്ടത്തിൽ യഥാർത്ഥ തൊഴിലാളിയെ നിർവചിക്കുന്നതിൽ, സംഘടിപ്പിക്കുന്നതിൽ തൊഴിലാളി സംഘടനകൾക്ക് വീഴ്ചപറ്റി. അവശത അനുഭവിക്കുന്ന, കഠിന ജീവിത സാഹചര്യങ്ങളുമായി പോരാടി മുന്നോട്ടുപോകുന്ന തൊഴിലാളികളെ കണ്ടെത്തുകയും, സംഘടിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോവിഡ് സംഹാരതാണ്ഡവം നടത്തുന്ന ഈ സമയത്തു അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന, ജോലി ചെയ്യുന്ന ഏറിയപങ്കും ഉള്ളവർക്ക് വരുമാനം നഷ്ടമായ അവസ്ഥയുണ്ടായി. ദിവസവേതനകാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. ഇതിന്റെ ഒരു മറുവശമുണ്ട്.

തൊഴിലാളികൾ എന്ന് സ്ഥാപിച്ചെടുക്കപെട്ട, അവകാശങ്ങളും ആനുകൂല്യങ്ങളും ഏറെയുള്ള ഗവൺമെന്റ് ജീവനക്കാർ…സെക്രട്ടറിയേറ്റിലും മറ്റും ജോലി ചെയ്യുന്ന ഏറ്റവും ഉയർന്ന സർക്കാർ വിഭാഗത്തിൽപ്പെട്ടവർ…10 മണിക്ക് ജോലിസ്ഥലത്ത് ഹാജരാകണമെന്ന് ഗവൺമെന്റ് ഉത്തരവിട്ടാൽ പോലും പതിനൊന്നരയ്ക്ക് ഓഫീസിൽ എത്തുകയും യാതൊരുവിധ പണിയും ചെയ്യാതെ ഒരു മണിവരെ എത്തിക്കുകയും, ലഞ്ച് ബ്രേക്കിന് ശേഷം 2 മുതൽ 3 വരെ ഓഫീസിൽ ഇരിക്കുകയും മൂന്നുമണിയോടെ ഓഫീസ് വിടുകയും ചെയ്യുന്നു. ഇത്തരം ആൾക്കാർ ആണ് പലപ്പോഴും സമൂഹത്തിൽ തൊഴിലാളികളായി വേഷം കെട്ടുകയും, സംഘടിക്കുകയും “യാതൊരു തൊഴിലും എടുക്കരുത്” എന്ന അവരുടെ അവകാശത്തിനുവേണ്ടി ഭരിക്കുന്ന ഗവൺമെന്റ്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സാധാരണക്കാരായ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റിക്കൊണ്ട് കുളഅട്ടയെപോലെ, സമൂഹത്തിന്റെ അവശത അനുഭവിക്കുന്ന തൊഴിലാളികളെ, അസംഘടിത മേഖലയിലെ തൊഴിലാളികളെ, ജനങ്ങളെ ഒക്കെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുകയാണ്. പഴയ കാലഘട്ടത്തിലെ പ്രഭു വർഗ്ഗത്തെ പോലെ ഇത്തരം ബൂർഷ്വാസികൾ സമൂഹത്തിലെ അസമത്വം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഏറിയ പങ്ക് സർക്കാർ ജീവനക്കാരും മുകളിൽ പറയുന്ന തരത്തിൽ അല്ലെങ്കിൽ പോലും പണിയെടുക്കുന്നതിന് ഏറെ വിമുഖത ഉള്ളവരാണ്. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് ഭരണാധികാരികൾ അവരെ ഓർമ്മപ്പെടുത്തിയിട്ടും തങ്ങളുടെ പ്രവർത്തന ശൈലി മാറ്റാൻ അവർ തയ്യാറല്ല. പകരം സമൂഹത്തിന് ദുരിതകാലം വന്നപ്പോൾ ജനനന്മയ്ക്കായി ദുരിതാശ്വാസനിധിയിലേക്ക് ചെറിയ സംഭാവന നൽകണമെന്ന് പറഞ്ഞപ്പോൾ, നമ്മുടെ മുഖ്യമന്ത്രിയെ വരെ ഇത്തരം ഉദ്യോഗസ്ഥരും സർവീസ് സംഘടനകളും ആക്ഷേപിക്കുകയാണ് ഉണ്ടായത്. എല്ലാത്തരം സർക്കാർ ഉദ്യോഗസ്ഥരും ഇത്തരത്തിൽ ആണ് എന്ന് നമുക്ക് പറയാൻ കഴിയില്ലെങ്കിലും ഭൂരിഭാഗം ഗവൺമെന്റ് ജീവനക്കാരും ഈ മനോഭാവം വെച്ചുപുലർത്തുന്നവരാണ്.

കോവിഡ് വാക്സിനേഷൻ ആയി സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സംഘടിത സർക്കാർ ഉദ്യോഗസ്ഥർ ഗവൺമെന്റ്ൽ രഹസ്യമായി സമ്മർദ്ദം ചെലുത്തി കോവിഡ് വാക്സിനേഷൻ നേരത്തെ തരപ്പെടുത്തിയത് ഈ സന്ദർഭത്തിൽ ഓർമ്മിക്കേണ്ടതാണ്.

കോവിഡ് കാലഘട്ടത്തിൽ നമ്മുടെ പൊതു ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾക്ക് മറ്റു വകുപ്പുകളിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ മാതൃകയാക്കേണ്ടതാണ്.

കോവിഡും ലോക് ഡൗൺ നിയന്ത്രണങ്ങളും. ജനജീവിതത്തെ ദുരിതപൂർണ്ണം ആകുമ്പോൾ, രോഗപ്പകർച്ച തടയാൻ വേണ്ടി ഗവൺമെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, മനുഷ്യത്വമില്ലാത്ത ചില കാക്കി ധാരികൾ ജനങ്ങൾക്ക് മേൽ തങ്ങളുടെ അധീശത്വം അടിച്ചു ഏൽപ്പിക്കാനും, ഒരു ദിവസത്തെ ശമ്പളത്തിനു വേണ്ടി പണിയെടുക്കാൻ പോകുന്നവനെ പെറ്റി അടിച്ചു പിഴിയാനും ആണ് മിടുക്ക് കാണിക്കുന്നത്. ഇത്തരം ആൾക്കാർ തൊഴിലാളികൾ അല്ല. ഇവരാണ് യഥാർത്ഥ ബൂർഷ്വാസികൾ. ഇത്തരം ബൂർഷ്വാസികളെ ഗവൺമെന്റ്ഉം, നീതിപീഠവും, നിയന്ത്രിക്കേണ്ടതാണ്. പോലീസ് വകുപ്പിൽ ഉള്ള എല്ലാവരെയും ഇത്തരത്തിൽ അടച്ചാക്ഷേപിക്കാൻ കഴിയില്ല. നന്മയും മനുഷ്യത്വമുള്ളവരും ധാരാളമായി അക്കൂട്ടത്തിലുണ്ട്.

ഇത്തരത്തിൽ ജനങ്ങളെ, തൊഴിലാളികളെ ദ്രോഹിക്കുന്നവരെ, ഇത്തരത്തിലുള്ള കപട തൊഴിലാളികളെ നിലയ്ക്ക് നിർത്തേണ്ടത് പൊതു ജനനന്മയ്ക്ക് അനിവാര്യമാണ്. മെയ്ദിനം കഴിഞ്ഞു പോയെങ്കിലും ഇത് എന്നും എല്ലായ്പ്പോഴും എല്ലാദിവസത്തിലും പ്രസക്തമാണ്.

 

Comments are closed.