DCBOOKS
Malayalam News Literature Website

‘മാടൻ മോക്ഷം’ ദൈവ പരിണാമങ്ങൾ പ്രവചിച്ച നോവൽ

ഡി സി ബുക്‌സ് 'വായനയെ എഴുതാം' ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ വായനാനുഭവം

ജയമോഹന്റെ ‘മാടൻമോക്ഷം’ എന്ന നോവലിന് ഷമ്മി തോമസ് എഴുതിയ വായനാനുഭവം

മനുഷ്യന്റെ ഇല്ലായ്മകൾക്കും കഷ്ടപ്പാടുകൾക്കും സമാനമായി കെടുതികളിലൂടെ കടന്നുപോവുകയും അതിൽ വേദനിക്കുകയുും ചെയ്യുന്ന ഒരു ദളിത് മൂർത്തിയിലൂടെയാണ് “മാടൻ മോക്ഷം” എന്ന ചെറുനോവൽ അകവെളിച്ചമായി മാറുന്നത്. കർക്കിടക മാസത്തിലെ ത്രിതീയ സന്ധിയോഗം ഒത്തുവന്ന ശുഭദിനത്തിൽ കണ്ണ് തുറന്ന മാടൻ എന്ന മൂർത്തി വർഷത്തിലൊരിക്കൽ ലഭിക്കാറുള്ള കള്ളും ഇറച്ചിയും ചുരുട്ടും (വീത് അഥവാ “പടപ്പ് “) ആണ്ടുകളായി കിട്ടാതായതറിഞ്ഞ് ക്ഷമകെട്ട് ചേരിയിലേക്കിറങ്ങുകയാണ്. കലിപൂണ്ട മൂർത്തി പൂജാരിയെക്കണ്ട് ദുഃഖം അറിയിക്കുന്നു. തെരുവിൽ അഞ്ചോ ആറോ പറേക്കുടി മാത്രമേ ഉള്ളൂ ബാക്കി എല്ലാവരും വേദപുസ്തകവും തൂക്കി പള്ളിയിലോട്ടു പോയി പാട്ടുപാടുകയാണ്…

പൂജാരിയായ അപ്പി സ്വന്തം നിസ്സഹായത അറിയിക്കുന്നു.. കക്കാൻ വന തന്നെപ്പിടിച്ചു ഉപ്പു തൊടീച്ചു സത്യം ചെയ്യിപ്പിച്ച് കാവൽ നിർത്തിയതാണ് എന്നും ചോഴരുടെ നല്ല കാലത്താണ് തനിക്ക് ചുടുമണ്ണുകൊണ്ട് രൂപമുണ്ടായതെന്നും അതിനു മുൻപ് ഒരു വെട്ടുകല്ല് മാത്രമായിരുന്നു എന്നും അയവിറക്കുന്നുണ്ട് മാടൻ എന്ന കാവൽക്കാരൻ ദൈവം. കലികാലം മൂത്തു നിൽക്കുമ്പോൾ ദൈവങ്ങൾക്ക് ചീത്ത ദശയാണെന്നും പാടത്തിന്റെ Textവരമ്പിൽ പന്ത്രണ്ടടി പൊക്കത്തിൽ വർണ്ണം ഒലിച്ചുപോയ കളിമണ്ണ് ദേഹവുമായി കയ്യിൽ വാളും പിടിച്ച് തുറിച്ചു നോക്കി കുത്തിയിരിക്കുന്ന പാവപ്പെട്ട ദൈവത്തെ ആർക്കാണ് ഒരു വില എന്നും വരെ മാടൻ വിലപിക്കുകയാണ്.

മാടന് ഈ അവസ്ഥയിൽ നിന്നും മോചനം നൽകാൻ പൂജാരി ഒരുക്കുന്ന തന്ത്രങ്ങളും അത് നയിക്കുന്ന അപകടങ്ങളും ആണ് സരസമായ ആഖ്യാനത്തിലൂടെ ജയമോഹൻ വിവരിക്കുന്നത് എന്ന് ഒറ്റവായനയിൽ തോന്നും. അപൂർവ്വമായി മലയാളത്തിലും നിരന്തരമായും ബ്രഹത്തായും തമിഴിലും എഴുതുന്ന നോവലിസ്റ്റ് ആണ് ജയമോഹൻ. അദ്ദേഹത്തിന്റെ മഹത്തായ തമിഴ് രചനകൾ ഒന്നും മലയാളത്തിൽ എത്തപ്പെട്ടിട്ടില്ല. ജയമോഹന്റെ കഥാസമുദ്രത്തിലെ ചില തുള്ളികൾ മാത്രമാണ് പരിഭാഷപ്പെടുത്തുന്നത് എന്ന് മായപ്പൊന്ന് എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തിൽ കവി പി രാമൻ പറയുന്നുണ്ട്. വിഷ്ണുപുരം,പിന്തുടരും നിഴലിൻ കുരൽ, കന്യാകുമാരി, കാട്.

ഏഴാംലോകം, ഇരവ്, കൊറ്റവെ, വെണ്മുരശ് എന്നീ നോവലുകളോ ചെറുകഥാസമാഹാരങ്ങളോ മലയാളികൾക്ക് അന്യമാണ്. നെടുമ്പാതയോരം, ഉറവിടങ്ങൾ, നൂറു സിംഹാസനങ്ങൾ, മിണ്ടാചെന്നായ്, ആന ഡോക്ടർ എന്നിവ മാത്രമാണ് മലയാള രചനകൾ. തമിഴിൽ സ്ഥൂല രചനകളുടെ വക്താവായ ജയമോഹൻ പക്ഷെ മലയാളത്തിൽ ചെയ്തു വെച്ചതെല്ലാം സൂക്ഷ്മങ്ങളാണെന്നും പറയാം. തമിഴ്‌നാട്ടിലെ ചുടലമാടൻ എന്ന് പറയപ്പെടുന്ന ദളിത് ദൈവത്തിന്റെ ഒറ്റപ്പെട്ട കഥ യഥാർത്ഥത്തിൽ ദ്രാവിഡ ദൈവങ്ങൾക്കെല്ലാം സംഭവിച്ച പരിണാമത്തിന്റെ കഥ കൂടിയാണ്. സംഘകാല ആരാധനാമൂർത്തികളായ മായോൻ കൃഷ്ണനായതും വേലൻ മുരുകനായതും വേന്തൻ ഇന്ദ്രനായതും ഈ പരിണാമത്തിലൂടെയാണ്. പരിണാമത്തിന് അന്ത്യമില്ലെന്നത് പോലെ മൂർത്തികളുടെ ആരാധനാരീതികളിലും ഭാവ വാഹാദികളിലും തുടരുന്ന ഈ തിരുത്തലുകൾ നമ്മുടെ കണ്മുന്നിൽ നടന്നു കൊണ്ടേയിരിക്കുന്നു. 1989ൽ എഴുതിത്തുടങ്ങിയ ഈ നോവൽ ഇന്ത്യയുടെ രാഷ്ട്രീയ,സാംസ്‌കാരിക പുതുവഴികളെ പ്രവചിച്ചിരുന്നു എന്നതും രസകരം. എഴുത്തുകാരൻ നാളെയുടെ കഥപറച്ചിലുകാരൻ ആകുമ്പോൾ അയാൾ തലമുറകളോളം കാലത്തോടൊപ്പം സഞ്ചരിക്കുന്നു. ഇനിയും വരാനിരിക്കുന്ന മോഹിപ്പിക്കുന്ന ജയരചനകളിലേക്ക് കൺപാർത്തിരിക്കുന്നു…

ജയമോഹന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.