DCBOOKS
Malayalam News Literature Website

വിമര്‍ശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യ ചിന്തകള്‍: പി.പി.രവീന്ദ്രന്‍

‘മാര്‍ക്‌സെഴുത്തും തുടര്‍ച്ചകളും’ എന്ന പുസ്തകത്തിന് പി.പി.രവീന്ദ്രന്‍ എഴുതിയ ആമുഖത്തില്‍ നിന്നും

രണ്ട് ലക്ഷ്യങ്ങളാണ് ഈ പുസ്തകരചനയ്ക്ക് പിന്നില്‍: ഒന്ന്, സാഹിത്യത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ ഇന്നത്തെ വിചാരക്രമത്തിന്റെ സന്ദര്‍ഭത്തില്‍ പ്രതിഷ്ഠിച്ച് പരിശോധിക്കുക; രണ്ട്, മാര്‍ക്‌സില്‍ നിന്നു തുടങ്ങുന്ന ചിന്താപാരമ്പര്യവുമായി ഇണങ്ങിയും പിണങ്ങിയും വളര്‍ന്നുവന്ന പുതിയ സാഹിത്യവിചാരത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുക.

കഴിഞ്ഞ മൂന്നു നാല് ദശകങ്ങള്‍ക്കിടയ്ക്ക് വിമര്‍ശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യചിന്തയെക്കുറിച്ചാണ് ഈ പുസ്തകം. മാര്‍ക്‌സില്‍നിന്ന് പുറപ്പെടുന്ന സാഹിത്യവിചിന്തനപാരമ്പര്യവുമായി ഈ സാഹിത്യചിന്തയ്ക്കുള്ള അടുപ്പവും അടുപ്പമില്ലായ്മയുമാണ്  പുസ്തകത്തിന്റെ അന്വേഷണ വിഷയം. മാര്‍ക്‌സിലൂടെയല്ലാതെ മറ്റു പല വഴികളുമുണ്ട് സമകാല ചിന്തയിലേക്കെത്താന്‍ എന്നതു ശരിയാണ്. സോസ്യൂറിലൂടെ, ഫ്രോയ്ഡിലൂടെ, നീഷേയിലൂടെ, ഹൈഡഗറിലൂടെ എല്ലാം സമകാല ചിന്തയിലേക്കെത്താം. മറ്റു വഴികള്‍ അപ്രധാനമാണെന്നു പറയുന്നില്ലെങ്കിലും മാര്‍ക്‌സില്‍നിന്നും ആരംഭിക്കുന്ന
വഴിക്കാണ് ഈ കൃതിയിലെ ഊന്നല്‍. ശീര്‍ഷകത്തിലെ ‘തുടര്‍ച്ച’ എന്ന പദത്തിന് അണമുറിയാത്ത തുടര്‍പ്രക്രിയ എന്ന അര്‍ത്ഥമില്ല. ഇടര്‍ച്ചയോടു കൂടിയ തുടരല്‍ എന്ന അര്‍ത്ഥമാണതിന്. മാര്‍ക്‌സിസത്തില്‍ ബീജരൂപത്തില്‍ മാത്രമുള്ള ചില ആശയങ്ങളുടെ
മുതിരലും പുഷ്പിക്കലുമാണ് പുതിയ സാഹിത്യ ചിന്തയെന്നോ മാര്‍ക്‌സിസമടക്കമുള്ള ആശയവ്യവസ്ഥകളുമായുള്ള വിനിമയങ്ങളിലൂടെ സാഹിത്യചിന്ത എത്തിച്ചേരുന്ന പുതിയ ഉയരങ്ങളെയാണ് അത് ദൃഷ്ടാന്തവത്കരിക്കുന്നതെന്നോ വിചാരിക്കുന്നതില്‍ തെറ്റില്ല. പുതിയ സാഹിത്യചിന്തയ്ക്ക് മാര്‍ക്‌സിസവുമായി യാതൊരു ബന്ധവുമില്ലെന്ന് Textകരുതുന്നവര്‍ക്ക് അങ്ങനെ വിചാരിക്കുന്നതിനും തടസ്സമൊന്നുമില്ല. അത്തരക്കാര്‍ക്ക് വേണമെങ്കില്‍ ‘തുടര്‍ച്ച’ എന്നത് ‘ഇടര്‍ച്ച’ എന്നു മനസ്സിലാക്കാം. അതിനുള്ള വകുപ്പ് പുസ്തകത്തിലെ ‘എഴുത്ത്’ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്ന സോസ്യൂറിയന്‍ ഭാഷാശാസ്ത്രത്തിലുണ്ട്.

നാലു ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാംഭാഗം മാര്‍ക്‌സിസ്റ്റ് സാഹിത്യചിന്തയെക്കുറിച്ചുള്ള ദീര്‍ഘമായ ആദ്യ അദ്ധ്യായമാണ്. പലതരത്തിലും ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, സംസ്‌കാരമണ്ഡലത്തില്‍ ഉപാധികളോടെയുള്ള ഇതിന്റെ തുടര്‍ച്ചയെന്ന് വേണമെങ്കില്‍ വിവരിക്കാവുന്ന സംസ്‌കാരപഠനം, അധിനിവേശാനന്തരചിന്ത എന്നിവ വിഷയമായി വരുന്ന രണ്ട് അദ്ധ്യായങ്ങളാണ് രണ്ടാം ഭാഗത്ത്. എഴുത്ത്, വായന, ലിംഗപദവി, അറിവ്, സമകാലികത എന്നീ സങ്കല്പനങ്ങ ളെ പ്രത്യേകമായി അപഗ്രഥിക്കുന്ന അഞ്ച് അദ്ധ്യായങ്ങളാണ് മൂന്നാം ഭാഗത്ത്. ഭൗതികവാദ സാഹിത്യചിന്തയിലെ ബഹുസ്വരതയെ പ്രതീകവത്കരിക്കുന്ന നാല് മൗലിക ചിന്തകരെ സവിശേഷമായി പരിശോധിക്കുന്ന അദ്ധ്യായങ്ങളാണ് നാലാം ഭാഗത്ത് വരുന്നത്. വാള്‍ട്ടര്‍ ബെഞ്ചമിന്‍, മിഖയില്‍ ബാഖ്തിന്‍, മിഷേല്‍ ഫൂക്കോ, പിയര്‍ ബോര്‍ദ്യൂ എന്നിവരാണ് ഈ ചിന്തകര്‍. ഇത്തരമൊരു വിശകലനത്തിന്റെ ഭാഗമായി അവതരിപ്പിച്ചതുകൊണ്ട് മാര്‍ക്‌സിസ്റ്റ് ചിന്തയുടെ നേര്‍തുടര്‍ച്ചയാണ് ഇവരുടെ സാഹിത്യവിചാരം എന്നിവിടെ വിവക്ഷിക്കുന്നില്ല. ഇവരിലൊരാള്‍ (ഫൂക്കോ) ചുരുങ്ങിയ കാലമാണെങ്കിലും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. മറ്റൊരാള്‍ (ബെഞ്ചമിന്‍) ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരണമോ അതോ കമ്മ്യൂണിസ്റ്റ് സഹയാത്രികനായി തുടര്‍ന്നാല്‍ മതിയോ എന്ന് ഏറെ ആലോചിച്ചതിനുശേഷം സഹയാത്രികനായി തുടരാന്‍ തീരുമാനിച്ചയാളാണ്. ഇനിയുമൊരാള്‍ (ബാഖ്തിന്‍) മാര്‍ക്‌സിസത്തിനുള്ളില്‍തന്നെയുള്ള നിലപാടുകള്‍ തമ്മിലുള്ള മാത്സര്യത്തിന്റെ ഇരയായി ജീവിച്ചയാളാണ്. ബെഞ്ചമിനെയും ബാഖ്തിനെയും സ്വന്തമാക്കാന്‍ മാര്‍ക്‌സിസ്റ്റേതര സാഹിത്യചിന്ത ഇപ്പോഴും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവരുടെ രണ്ടുപേരുടെയും മാര്‍ക്‌സിസത്തെ ഒരുതരം മതിഭ്രമമായി കണ്ടാല്‍ മതിയെന്നു വിചാരിക്കുന്നവരാണ് ബൂര്‍ഷ്വാചിന്തകരില്‍ ചിലരെങ്കിലും. ആധുനികാനന്തരനായി സ്വയം നിര്‍വചിക്കുന്ന ഫൂക്കോ ആധുനികതയിലെ ഒരു പ്രവണതയായാണ് മാര്‍ക്‌സിസത്തെ അടയാളപ്പെടുത്തുന്നത്. വ്യത്യസ്തമായ രീതിയില്‍ മാര്‍ക്‌സിസത്തെ വ്യാഖ്യാനിച്ച ബോര്‍ദ്യുവിനെ തീര്‍ച്ചയായും പരമ്പരാഗതരീതിയിലുള്ള മാര്‍ക്‌സിസ്റ്റായി ഗണിക്കാന്‍ പറ്റില്ല. പല വൈരുദ്ധ്യങ്ങള്‍ക്കുമിടയിലും മാര്‍ക്‌സിസ്റ്റ് ചിന്താപാരമ്പര്യവുമായി ഈ എഴുത്തുകാര്‍ നടത്തിയ ധൈഷണിക വിനിമയങ്ങള്‍ ഒരേസമയം മാര്‍ക്‌സിസത്തെയും സമകാലചിന്തയെയും സമ്പന്നമാക്കിയിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. ഈ
പശ്ചാത്തലത്തില്‍ക്കൂടിയാണ് മലയാളത്തില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഈ ചിന്തകര്‍ ഇവിടെ പ്രത്യേകമായി വിശകലനം ചെയ്യപ്പെടുന്നത്. വളരെ കാലമായി 1980-കള്‍
മുതല്‍ എന്റെ ആശയലോകത്തിന്റെ ഭാഗമായി നിന്ന വിഷയങ്ങളെക്കുറിച്ചാണ് ഈ
പുസ്തകമെങ്കിലും ഇതിലെ അദ്ധ്യായങ്ങളില്‍ പലതിനും ലിഖിതരൂപം കൈവരുന്നത് ഇതാദ്യമാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സിലെ വിദ്യാര്‍ത്ഥികളും ഗവേഷകരുമായി ഇതിലെ പല ആശയങ്ങളും ഞാന്‍ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. പലരും ഇത്തരമൊരു പുസ്തകത്തിന്റെ ആവശ്യകതയെക്കുറിച്ച് അന്നേ പറയാറുണ്ടായിരുന്നു. സ്‌കൂള്‍ ഒഫ് ലെറ്റേഴ്സിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ എന്റെ സുഹൃത്ത് എബ്രഹാം ഇട്ടീരയുടെ സമീപകാലത്തെ സ്‌നേഹപൂര്‍ണമായ പ്രേരണയാണ് ഈയൊരു പുസ്തകരചനയിലേക്ക് ഞാന്‍ തിരിയാന്‍ പെട്ടെന്നുണ്ടായ കാരണം. മാര്‍ക്‌സിസ്റ്റ് സാഹിത്യചിന്തയെക്കുറിച്ചുള്ള ആദ്യ അദ്ധ്യായമടക്കം മിക്ക അദ്ധ്യായങ്ങളും ഈ പുസ്തകത്തിനു വേണ്ടി പുതിയതായി എഴുതിയതാണ്. മൂന്ന്, നാല്, പത്ത്, പതിനൊന്ന് എന്നീ അദ്ധ്യായങ്ങള്‍ അതത് വിഷയങ്ങളെക്കുറിച്ചുള്ള പൂര്‍വകാല ലേഖനങ്ങള്‍ പരിഷ്കരിച്ച് വിപുലപ്പെടുത്തിയതാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

Comments are closed.