DCBOOKS
Malayalam News Literature Website

‘അഭിനയകലയിലെ പുലിജന്മം’; നടന്‍ മുരളിയെ ഓര്‍മ്മിക്കുമ്പോള്‍…

ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് രചിച്ച മരിക്കാത്ത നക്ഷത്രങ്ങള്‍ എന്ന പുതിയ കൃതിയില്‍നിന്നും.

ഭാനുപ്രകാശ് നല്ലൂര്‍ എഡിറ്റ് ചെയ്ത ‘മുരളി – ദ ഹോളി ആക്ടര്‍’ എന്ന പുസ്തകം മുരളി എന്ന മഹാനടനെ ഓര്‍ത്തെടുക്കാനുള്ള ഒരു ജനതയുടെ ഒരു ശ്രമമാണ്. മുരളിയുമായി വളരെയടുത്തു ബന്ധമുള്ളവരും ഒരകലത്തിരുന്ന് ആ പ്രതിഭയുടെ കത്തിയാളല്‍ കണ്ടറിഞ്ഞവരും ഇതില്‍ പങ്കാളികളാവുന്നു. മുരളി എന്തായിരുന്നു എന്നാലോചിക്കുന്ന നൂറിലേറെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍.

ഭരതന്റെ ലോഹിതദാസ് ചിത്രമായ ‘അമര’ത്തില്‍ ആരായിരുന്നു മുന്നില്‍? മമ്മൂട്ടിയോ മുരളിയോ? വേണുനാഗവള്ളിയുടെ ചെറിയാന്‍ കല്പകവാടി ചിത്രമായ ലാല്‍സലാമില്‍ മോഹന്‍ലാലോ മുരളിയോ മുന്നില്‍? വ്യത്യസ്ത വീക്ഷണങ്ങള്‍ ഇവിടെയുണ്ട്. മമ്മൂട്ടി സ്വകാര്യ കാരണങ്ങളാല്‍ പിന്മാറിയ ജോര്‍ത്ത് കിത്തുവിന്റെ ലോഹിതദാസ് ചിത്രമായ ആധാരത്തിലൂടെ മലയാളത്തിലെ കരുത്തനായ നടനായി ഉയര്‍ന്നതോടെതന്നെയാണ് മുരളിയുടെ ചലച്ചിത്ര ജീവിതവും ഒരു പ്രതിസന്ധിയിലേക്കു പോയത് എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ കാണാം. ഭരത്‌ഗോപിക്കുശേഷം അഭിനയകലയിലെ പുലിജന്മമായി മുരളി ഉയര്‍ന്നത് മുരളിയുടെ വീഴ്ചയ്ക്കും വഴിയൊരുക്കി എന്നതാണ് യാഥാര്‍ത്ഥ്യം. കഴിവ് തെളിയിക്കുന്നതും ചിലപ്പോഴും അപകടകരമാകും.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മുന്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുള്‍ കലാമില്‍ നിന്ന് മുരളി സ്വീകരിക്കുന്നു

നായകനായതോടെ മുഖ്യധാരയില്‍ മുരളിക്കുണ്ടായിരുന്ന വലിയ ഇടം ചെറിയ ഇടമായി പരിണമിക്കാന്‍ തുടങ്ങി. മുരളിയെന്ന വലിയ നടന്‍ ക്രമേണ സ്വഭാവനടനായി സമാന്തര സിനിമയിലേക്കും ഒടുവില്‍ സീരിയലുകളിലേക്കും മറുഭാഷകളിലേക്കും പറിച്ചു നടപ്പെട്ടു.

തിരസ്‌കരിക്കപ്പെടലിന്റെ ചൂടില്‍ ദഹിക്കുകയായിരുന്നു മുരളി. എന്നും കത്തിക്കൊണ്ടേയിരിക്കുന്ന ആ പ്രതിഭയുടെ ചൂട് താങ്ങാനും ഉള്‍ക്കൊള്ളാനും മലയാള സിനിമയ്ക്ക് പിന്നെ പ്രയാസമായിരുന്നു. മരണമാണ് പിന്നെ ജയിച്ചത് എന്നത് ചരിത്രം. ബാക്കിയായതോ കാലത്തില്‍ കൊത്തിവെച്ച ആ അഭിനയപ്രതിഭയുടെ അനശ്വര ശില്പങ്ങളും.

മുരളിയെ കാണാന്‍ മലയാളിക്ക് ആകാശത്തേക്കു നോക്കേണ്ടി വന്നിട്ടില്ല. വെള്ളത്തില്‍ മത്സ്യമെന്നപോലെ ഏത് ആള്‍ക്കൂട്ടത്തിലും അലിഞ്ഞുചേരാനും ആവശ്യമെങ്കില്‍ സ്വന്തം അഹങ്കാരത്തിന്റെ കരുത്തില്‍ മുകള്‍പ്പരപ്പിലേക്ക് ഊളിയിട്ട് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാനും കഴിയുന്ന നടനായിരുന്നു മുരളി. തത്ത്വചിന്തകനായ നടന്‍. മുരളി ഏതു വേഷമണിയുമ്പോഴും അതില്‍ ബുദ്ധിശൂന്യത നിഴലിട്ടു കാണില്ല. ചിന്തയും അഭിനയവും വേറിട്ടുപോകാതെ മുന്നോട്ടു കൊണ്ടുപോകാനായി എന്നതിലാണ് മുരളിയുടെ അഭിനയത്തെ നമുക്കു പ്രിയങ്കരമാക്കിത്തീര്‍ത്തത്.

പല നിലയ്ക്കും പ്രിയനന്ദനന്റെ ‘പുലിജന്മം’ മുരളിയുടെ അഭിനയജീവിതത്തെ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. പുലിവേഷം കെട്ടി സിനിമയുടെ കാട്ടിലേക്കിറങ്ങിയ മുരളിക്ക് അവിടെനിന്നും ഏല്‍ക്കേണ്ടിവന്ന മുറിവുകളില്‍നിന്നും മുക്തനാകാന്‍ പിന്നീടൊരിക്കലും കഴിഞ്ഞില്ല. ആ അഭിനയ ജീവിതത്തിന്റെ അവസാനകാലം ഒരലര്‍ച്ചയായിരുന്നു. ഒരുതരം കുരുതിയിലേക്കു നടന്നുകയറല്‍…

തുടര്‍ന്നു വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.