DCBOOKS
Malayalam News Literature Website

പ്രപഞ്ചത്തിന് ഭൂമിയോടുള്ള പ്രണയമാണ് ജലം, അതമൂല്യമാണ് പാഴാക്കരുത്!

അജി മാത്യു കോളൂത്ര

മാർച്ച് 22, ലോകജലദിനം. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുവാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലാണ് ഈ ദിവസം ആചരിക്കപ്പെടുന്നത്. 44 നദികളും , നിരവധി കായലുകളും, ഒരായിരം അരുവികളും അതിലുമേറെ കുളങ്ങളും നീരുറവകളും ജലസമൃദ്ധിതീർക്കുന്ന, കേരളം പോലെ ഒരു സ്ഥലത്ത്, ജലദിനം ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരാം. ഉണ്ട് എന്നാണുത്തരം. സമ്പന്നമായ ഓരോ വർഷകാലത്തും മണ്ണിലെങ്ങും തണ്ണിരിന്റെ നറുനനവ് ലഭിച്ചിട്ടും അതിന്റെ പിന്നാലെ വരുന്ന വേനലിൽ നല്ലൊരു ശതമാനം മലയാളികൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നു. ഏപ്രിൽ മെയ്‌ മാസങ്ങളിൽ നമ്മുടെ റോഡുകളിലൂടെ നെട്ടോട്ടമോടുന്ന കുടിവെള്ളടാങ്കറുകളുടെ എണ്ണം മാത്രം മതി, ഒരു വശത്ത് ജലസമ്പന്നതയുടെ നടുവിൽ പരിലസിക്കുമ്പോഴും അതേ സൂചികയുടെ മറ്റൊരു വശത്ത് എത്ര പരാദീനരാണ് നാമെന്നറിയാൻ.

ലോകമെമ്പാടുമുള്ള കണക്കെടുക്കുമ്പോൾ, ഏകദേശം 230 കോടി ജനങ്ങൾ, ആവശ്യത്തിന് ജലലഭ്യതയില്ലാതെ ബുദ്ധിമുട്ടുന്നു എന്ന് കാണാം. അതായത്, ആഗോള ജനസംഖ്യയുടെ മുപ്പത് ശതമാനം. അൽപ്പം കൂടി ലളിതമാക്കിയാൽ ഓരോ മൂന്ന് പേരിലും ഒരാൾ എന്ന നിലക്കാണ്, ലോകം വെള്ളത്തിനായി കാത്തിരിക്കുന്നത്. അസന്തുലിതമായ വിഭവവിതരണം മനുഷ്യവർഗ്ഗം എന്നും നേരിട്ടിട്ടുള്ള വലിയ സൈദ്ധാന്തിക പ്രശ്നങ്ങളിൽ ഒന്നാണ്. ജീവന്റെ നിലനിൽപ്പിന് അവശ്യവസ്തുക്കളിൽ ഒന്നായ ജലം, അസമത്വത്തിന്റെ ആ ലിസ്റ്റിൽ ഉൾപ്പെടുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. ജീവനോടിരിക്കുവാൻ വേണ്ടി മാത്രം മരണത്തിനെതിരെ പോരാടുന്ന മനുഷ്യനെ, മാനുഷീകമൂല്യങ്ങളുടെ ഒരു തത്വശാസ്ത്രംകൊണ്ടും തടഞ്ഞു നിർത്താനാവില്ല. ധർമ്മാധർമ്മങ്ങളുടെ ഉപദേശങ്ങളൊന്നും അവന്റെ കർണ്ണങ്ങൾക്ക് കുളിരേകില്ല. കൊല്ലുക അല്ലങ്കിൽ മരിക്കുക എന്ന ലളിത സമവാക്യത്തിലൂടെ അവൻ നിലനിൽപ്പിന്റെ നീരുറവ തേടും. ഇനിയുമൊരു ലോകമഹായുദ്ധമുണ്ടായാൽ അത് വെള്ളത്തിന് വേണ്ടിയുള്ളതാകും എന്ന് പറയുന്നതിന്റെ അടിസ്ഥാന ആശയം കൊന്നുകൊണ്ടും ജീവിക്കുക എന്ന ഈ ആദിമചോദനയാണ്.

1992 ൽ ബ്രസീലിയൻ നഗരമായ റിയോ ടി ജനീറയിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED) ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത്. ഇതിനെ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. വർഷംന്തോറും ഈ ദിവസത്തിനായ് ഓരോ ചിന്താവിഷയവും UN മുന്നോട്ട് വെയ്ക്കുന്നു. ‘ജലത്തെ വിലമതിക്കുക’ എന്നതായിരുന്നു 2021ലെ ചിന്താവിഷയം ഈ വർഷമത് ‘ഭൂഗർഭജലം’ എന്നതാണ്. കൃഷിക്കും, വ്യവസായങ്ങൾക്കും, ആവാസവ്യവസ്ഥക്കും, കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിലുമെല്ലാം ഭൂഗർഭ ജലത്തിനുള്ള പ്രാധാന്യം ഓർമ്മപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഭൂഗർഭ ജലം മനുഷ്യവർഗ്ഗത്തിന് നൽകിയ അദൃശ്യസംഭാവനകളേ ദൃശ്യമാക്കാൻ ഈ വർഷത്തെ ജലദിനം സഹായിക്കുമെന്ന് യു. എൻ കരുതുന്നു.

പെയ്ത മഴയെല്ലാം നിസംഗതയിലുപേക്ഷിച്ച്, അതിനുമപ്പുറം കടന്നെത്തുന്ന വേനലിന്റെ തീഷ്ണതയിൽ മാത്രമാണ്, ജല സംരക്ഷണത്തെക്കുറിച്ച് നാം ഓർക്കാറുള്ളത്. പൊയ്പ്പോയ മഴ, നഷ്ടപ്പെട്ട അവസരമാണ്. അതിനി തിരികെ ലഭിക്കില്ല. സമൃദ്ധമായ മഴ ലഭിക്കുമ്പോൾ തന്നെ ഊർവരതയുടെ വിളവ് കൊയ്യാൻ മണ്ണിനെ നാം പരുവപ്പെടുത്തണം. ഓടുന്ന വെള്ളത്തിനെ നടത്തണം, ഇരുത്തണം, പിന്നെ കിടത്തണം എന്നതാണ് ജലസംരക്ഷണത്തിന്റെ പ്രാഥമീക പാഠം. മണ്ണിനെ പുൽകാതെ സമുദ്രത്തിന്റെ വിരിമാറിലേക്ക് പായുന്ന മഴയെ, ഒരു ചെറിയ കാൽവെയ്പ്പുകൊണ്ട് തടസപ്പെടുത്താനായാൽ അതും ഒരു സത്-വൃത്തിയാണ്. എന്നാൽ മുറ്റമാകെ ടൈലുകൾ വിരിച്ചും, പറമ്പിൽ നിന്നും റോഡിലേക്ക് നീളത്തിൽ ഹോസുകൾ വച്ചും മഴക്ക് മണ്ണിനെ തൊടാൻ അവസ്സരം നൽകാതെ നാം ദുഷ്-വൃത്തരാകുന്നു. അവിടെയും അവസാനിപ്പിക്കാതെ, പ്ലാസ്റ്റിക് മാലിന്യങ്ങളും, അടുക്കള വേസ്റ്റുകളും, തനിക്ക് ഉപയോഗമില്ലാത്ത എല്ലാ വസ്തുക്കളും മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിഞ്ഞ് അവയെ മലിനപ്പെടുത്തുന്നു.

ഒരു തുള്ളി ജലം സംരക്ഷിക്കാൻ കഴിയില്ലെങ്കിലും, ഒരു തണ്ണീർതടവും വിടാതെ മലിനമാക്കാം എന്നാണ് നമ്മുടെ മുദ്രാവാക്യം. എന്റെ പറമ്പിലെ മഴ എന്റെ കിണറ്റിൽ തന്നെ വെള്ളമായി മാറുമോ എന്ന സംശയം നമ്മെ വിടാതെ വേദനിപ്പിക്കുന്നു. നമ്മുടെ മഴ അയലത്തുകാരന്റെ കിണറ്റിൽ ഉറവയായി ഉയരുന്നത് കാണാൻ നമുക്കാവില്ലതന്നെ.

ജീവൻ നിലനിർത്താൻ വെള്ളം ലഭിക്കാതെ, നാവ് നയ്ക്കുവാൻ ഒരുതുള്ളി നീര് ലഭിക്കാതെ, വരണ്ട നാവും വിണ്ടുകീറിയ ചുണ്ടുകളുമായി മരണത്തെ പുൽകുന്ന അനേകരുടെ ലോകമാണിത്. അവരുടെ ദുരിതങ്ങൾക്ക് മീതെയാണ് ജലം ദുരുപയോഗം ചെയ്തും കുടിവെള്ള സ്രോതസുകളെ ചൂഷണം ചെയ്തും ജലാശയങ്ങളെ മലിനപ്പെടുത്തിയും നാം സംഹാരത്തിന്റ ജലനൃത്തമാടുന്നത്. പൈപ്പ് തുറന്നുവെച്ച് കൈകളിലേക്ക് കുളിർമ്മ പകരുമ്പോൾ ഒന്നൊർക്കുക, ഇനിയാർക്കും ഉപയോഗിക്കാൻ കഴിയാത്ത വിധം അഴുക്ക് ചാലിലേക്ക് നാമോഴുക്കുന്ന വെള്ളത്തിന്‌ ഒരുപക്ഷെ ഒരായിരം ജീവന്റെ വിലയുണ്ടാകാം. നഷ്ടപ്പെടുത്തുന്ന ഓരോ തുള്ളി ജലവും ദാഹജലത്തിനായി കാത്തിരിക്കുന്ന മനുഷ്യരുടെ മറുപടി ലഭിക്കാത്ത പ്രാർത്ഥനകളാണ്.

പ്രപഞ്ചത്തിന് ഭൂമിയോടുള്ള പ്രണയമാണ് ജലം, അതമൂല്യമാണ് പാഴാക്കരുത്.

നമ്മൾ (കൊള്ളും) മഴയെല്ലാം മനുഷ്യവർഗത്തിന്റെതാകെയാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

Comments are closed.