DCBOOKS
Malayalam News Literature Website

വ്യക്തിയും സമൂഹവും ഒന്നാണെന്ന കാഴ്ചപ്പാടിനെ ഉറപ്പിക്കുന്ന കവിതകള്‍

അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ‘എന്ന കവിതാസമാഹരത്തിന് രാജേഷ് കെ എരുമേലി എഴുതിയ വായനാനുഭവം.

പുതുകവിതയുടെ ലോകം സൂക്ഷ്മത്തില്‍നിന്നും കൂടുതല്‍ സൂക്ഷ്മത്തിലേയ്ക്കുള്ള നടത്തമാണ്. നിശബ്ദമായിരിക്കുമ്പോഴും അബോധത്തില്‍ അവ ഒച്ചകളെ അടക്കിവെയ്ക്കുന്നുണ്ട്. നാളിതുവരെ കാണാതിരുന്ന/കണ്ടെത്താത്ത അനുഭവങ്ങളിലൂടെയും വാക്കുകളിലൂടെയും, കാഴ്ചകളിലൂടെയുമാണ് അസീമിന്റെ കവിതകള്‍ സഞ്ചരിക്കുന്നത്. മണ്ണിലേയ്ക്ക് അരിച്ചരിച്ച് ഇറങ്ങുന്ന നനവുകള്‍ മാതിരി. പ്രപഞ്ചത്തിന്റെ നിഗൂഢഭാവങ്ങളെയും അവയുടെ ഭാഗമായ ജീവജാലങ്ങളെയും പച്ചപ്പുകളെയും കവി കാണാന്‍ ശ്രമിക്കുന്നത് അറിയാതെ/കാണാതെ പോയ സന്ദര്‍ഭങ്ങളെ ചേര്‍ത്തുവെച്ചുകൊണ്ടാണ്. പരിസ്ഥിതിയോടുള്ള കേവല സ്നേഹത്തിനപ്പുറം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടര്‍ത്തി മാറ്റാനാകാത്ത ഗാഢബന്ധത്തെക്കുറിച്ചാണ് കവി എഴുതുന്നത്. ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്’ എന്ന തലക്കെട്ടില്‍ ഈ സൂക്ഷ്മത ഒളിഞ്ഞുകിടപ്പുണ്ട്. തന്നിലൂടെ പ്രപഞ്ചത്തിലേക്ക് എത്തിച്ചേര്‍ന്ന മരത്തിനെ തിരിച്ചുവിളിക്കാന്‍ വിത്തിന് മാത്രമാണ് സാധിക്കുക. ദാര്‍ശനികമായ അനുഭൂതിയെയാണ് കവി ഈ കവിതയിലൂടെ അവതരിപ്പിക്കുന്നത്. വിത്തില്‍നിന്നും മരമായി മാറുന്ന അവസ്ഥയെന്നത് പരിണാമചക്രത്തിന്റെ സവിശേഷമായ ഘട്ടമാണ്. പരിണാമ ചക്രമെന്നത് പിറകോട്ടല്ല, മുന്നോട്ടാണ് സഞ്ചരിക്കുന്നത് എന്നതില്‍ കവിയ്ക്കും മറ്റാര്‍ക്കും തര്‍ക്കമില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴും പഴയ അവസ്ഥയിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹം മനുഷ്യനിലുണ്ട് എന്ന് സ്ഥാപിച്ചെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. അതായത് ഉള്‍വലിയാനുള്ള/വലിക്കാനുള്ള ശ്രമം. ജീവിതത്തെയും പ്രണയത്തെയും പ്രകൃതിയുടെ വ്യത്യസ്ത ഇടപെടലുകളെയും തന്റെ വൈകാരികാനുഭൂതിയില്‍ നിര്‍ത്തി പരിശോധിക്കുകയാണ് കവി. ജലം/ഉറവിടത്തേയ്ക്ക്/തിരിച്ചൊഴുകണമെന്നത്/വഴിയില്‍ വറ്റിപ്പോയതിന്റെ/പരിഭ്രമമല്ലാതെ മറ്റൊന്നുമല്ല/വിരിഞ്ഞിറങ്ങിയതൊന്നിനും/മടങ്ങിപ്പോകാനാകില്ല (മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്). ഓരോരോ വായനയിലും നിരവധി വ്യാഖ്യാനങ്ങളെ അര്‍ത്ഥങ്ങളെ തിരിച്ചറിയാന്‍ ഈ കവിതയിലൂടെ സാധിക്കുന്നു. Textവ്യക്തിയും സമൂഹവും ഒന്നാണെന്ന കാഴ്ചപ്പാടിനെ ഉറപ്പിക്കുന്നതാണ് കവിതകളുടെ പൊതുസ്വഭാവം. പാരമ്പര്യം, മിസ്റ്റിസിസം, ഹൈക്കു തുടങ്ങിയ വാര്‍പ്പു മാതൃകകളെ പിന്തുടരുമ്പോഴും അതില്‍ തന്നെ വേറിട്ട ആഖ്യാനലോകത്തെ നിര്‍മ്മിച്ചെടുക്കാന്‍ കവി ശ്രമിക്കുന്നു.

ഭയമെന്നത് ജീവിതത്തിന്റെ സങ്കീര്‍ണതയില്‍ രൂപപ്പെടുന്ന ഒന്നാണ്. ചിലര്‍ക്ക് ഇരുട്ടും മറ്റു ചിലര്‍ക്ക് വെളിച്ചവും ഭയമായി മാറുന്നു. ഓരോരുത്തവരുടെയും ജീവതത്തെ തന്റെ അനുഭവലോകം എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭയമെന്ന വികാരം രൂപമെടുക്കുക. ഭയത്തിനപ്പുറമുള്ള ഭയത്തെക്കുറിച്ചുള്ള പറച്ചിലാണ് അധികപ്പേടി എന്ന കവിത. സമകാലിക ലോകത്തിന്റെ ഇടപെടലുകള്‍ നിര്‍മ്മിച്ചെടുക്കുന്ന ഭയത്തിന്റെ സാന്നിധ്യവും ഈ കവിതയിലൂടെ വായിച്ചെടുക്കാം. വെളിച്ചം ദുഖമാണെന്ന ആശയത്തിന് വിപരീതമായി വെളിച്ചം നല്‍കുന്ന വെളിപ്പെടുത്തലുകളാണ് മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി എന്ന കവിതയിലൂടെ ആവിഷ്‌കൃതമാകുന്നത്. വൈദ്യുതിയില്ലാതെ സാമൂഹിക ജീവിതം നയിച്ചിരുന്നത്/നയിക്കുന്നത് അടിസ്ഥാന മനുഷ്യരാണ്. അവരെ സംബന്ധിച്ച് വെളിച്ചമെത്തുക എന്നത് സുഖകരമായ/സന്തോഷകരമായ അനുഭവമാണ്. തങ്ങളെ ഇരുട്ടിലാഴ്ത്തിയ സാമൂഹിക ക്രമത്തോടുള്ള പ്രതിഷേധം കൂടിയാണത്. മണിച്ചീടെ വീട്ടില്‍/വെളിച്ചമെത്തി/സ്വിച്ചിട്ടു ലൈറ്റു/തെളിഞ്ഞു കത്തി/അത്രനാളവ്യക്തമായിരുന്ന/തൊക്കെയാവെട്ടം/വെളിപ്പെടുത്തി (മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി). ഈ വരികളിലൂടെ വെളിച്ചം സുഖപ്രദമാണെന്നു എന്തുകൊണ്ടാണ് മണിച്ചിയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹവും പറയുന്നതെന്ന് തെളിയുന്നു.

അസീമിന്റെ കാവ്യവഴികള്‍ പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. വൃത്തവും താളവും കൂടെ നില്‍ക്കുന്നു. എന്നാല്‍ പാരമ്പര്യക്കാര്‍ കാണാത്ത കാഴ്ചകളെ വെളിപ്പെടുത്തുന്നു എന്നതാണ് മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് എന്ന കവിതാ സമാഹാരത്തെ വ്യത്യസ്തമാക്കുന്നത്. വാക്കുകളെ അടുക്കുന്നതില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും മുഴുച്ചുനില്‍ക്കാത്ത ആഖ്യാന സവിശേഷതയും ഈ പുസ്തകത്തിലെ കവിതകളെ വേറിട്ടുനിര്‍ത്തുന്നു. ജലമരം എന്ന കവിത കവിയുടെ ഭാവനാലോകത്തിന്റെ ആഴം തുറന്നിടുന്ന കവിതയാണ്. കിണറിനെ മുന്‍തിര്‍ത്തി ജീവിതത്തിന്റെ നിര്‍ണയാതീത യാത്രയെ ചേര്‍ത്തുനിര്‍ത്തുകയാണ് കവി. മുന്നില്‍ നില്‍ക്കുന്ന യാഥാര്‍ത്ഥ്യം വളരെ വേഗം അപ്രത്യക്ഷമാകുന്നതും ഇപ്പോള്‍ കാണുന്നതെല്ലാം നിമിഷങ്ങള്‍ക്കകം സ്വപ്നമായി കണ്‍മുന്നിലെത്തുന്നതും ചിലപ്പോള്‍ എല്ലാം മറവിയിലേയ്ക്ക് മറയുന്നതും ഈ കവിതയില്‍ കാണാനാകും.
കാഴ്ചയെ അനുഭവിപ്പിക്കുക എന്നത് പുതുകവിതയുടെ മറ്റൊരു പ്രത്യേകതതാണ്. അതായത് ഒട്ടുമിക്ക കവിതകളും ഒരു ചിത്രം വരയ്ക്കുന്ന/കാണുന്ന അനുഭവത്തെ ആവിഷ്‌കരിക്കുക എന്നതാണത്. കാടുവരയ്ക്കല്‍ എന്ന കവിത അതിന് ഉദാഹരണമാണ്. കാടുവരയ്ക്കാന്‍/എളുപ്പമാണ്/കുറെ മരങ്ങളെ/ നിരത്തി വരച്ച്/നിബിഡമാക്കി/ നിവര്‍ത്തിവച്ചാല്‍ മതി/ചില്ലകളില്‍ കുഞ്ഞുകുഞ്ഞു/കിളികളെയും/ചുവട്ടിലങ്ങിങ്ങായ് ചില/മാന്‍മിഴി നോട്ടങ്ങളെയും/മുയല്‍ച്ചാട്ടങ്ങളും കൂടി വരച്ചാല്‍/ഒന്നാന്തരമൊരു കാടായി(കാടുവരയ്ക്കല്‍).

ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയെ വളരെ സൂക്ഷ്മായി കാണുന്ന കവിതയാണ് അശാന്തമായ അസാന്നിധ്യം. പുലിയെ മുന്‍നിര്‍ത്തി രാഷ്ട്രശരീരത്തിന്റെ വിഹ്വലതകളിലേയ്ക്കാണ് കവി നോക്കുന്നത്. പുലിയിറങ്ങി/പരാക്രമം കഴിഞ്ഞു മടങ്ങിയ ഗ്രാമം/അശാന്തമായ ഏതോ രാത്രികളെ/എപ്പോഴും/ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. വളരെ ലളിതമായി രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന കവിതയാണിത്.

താന്‍ ജീവിക്കുന്ന സാമൂഹിക പരിസരത്തെ വളരെ സൂക്ഷ്മതയോടെ നോക്കുകയും അവിടുത്തെ കാഴ്ചകളെ/അനുഭവങ്ങളെയാണ് അസീം കവിതകളിലൂടെ ആവിഷ്‌കരിക്കുന്നത്. അടഞ്ഞവീടുകള്‍, ആരാവാം, തോന്നല്‍ എന്നീ കവിതകള്‍ അതിന് ഉദാഹരണായി തിരിച്ചറിയാവുന്നതാണ്. കണ്‍ഫ്യൂഷന്‍,കേട്ടു പതിഞ്ഞ ശബ്ദത്തില്‍, പക, പ്രളയം, ലിപിയിരമ്പം, പക്ഷിയെ വരയ്ക്കല്‍,ച്യൂയിങ്ഗം…തുടങ്ങി വലുതും ചെറുതുമായ സൂക്ഷ്മാവിഷ്‌കാരങ്ങളാണ് അസീമിന്റെ രണ്ടാമത്തെ സമാഹാരമായ`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന ഈ സമാഹാരത്തിലുള്ളത്. ദൈവത്തിന്റെ ഫോണ്‍ നമ്പര്‍ എന്ന കവിത ഈ പുസ്തകത്തിലെ മറ്റ് കവിതകളില്‍നിന്നും വ്യത്യസ്തമായ ആഖ്യാനമാണ്. താളക്രമാനുസൃതമായ കവിതയില്‍നിന്നും ഗദ്യരൂപത്തിലുള്ള/കഥാഘടനയുള്ള കവിതയായി ഇത് മാറുന്നു എന്നതാണ് ഈ കവിതയെ വ്യതിരിക്തമാക്കുന്നത്. തന്റെ ജീവിത/സാമുദായിക പരിസരത്തെ അഡ്രസ് ചെയ്യുന്ന കവിതകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മലയാള കവിതയില്‍ വ്യത്യസ്തതയെ അടയാളപ്പെടുത്താനുള്ള ശ്രമം അസിം സ്വന്തം രചനയിലൂടെ നടത്തുന്നുണ്ട്. മാറുന്ന/മാറ്റുന്ന എഴുത്തിനെ സാധ്യമാക്കിയാണ് അസീമിന്റെ കവിതാ ലോകം കൂടുതല്‍ വികസിപ്പിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.