DCBOOKS
Malayalam News Literature Website

വിത്ത് മടക്കിവിളിച്ച മരത്തിന്‍റെ വിഹ്വലതകള്‍ അസീം കവിതകളിൽ…

അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ‘  എന്ന കവിതാസമാഹരത്തിന്  കുറിഞ്ചിലക്കോട് ബാലചന്ദ്രന്‍ എഴുതിയ വായനാനുഭവം.

അസ്വാസ്ഥ്യങ്ങളുടെ അടയാളപ്പെടുത്തലുകളില്‍ ഇടതടവില്ലാതെ മുഴുകുക എന്നത് എഴുത്തുകാരെ എക്കാലവും വ്യാകുലപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഗതികളില്‍ ഒന്നാണ്.ശാന്തമായിരിക്കാന്‍ കഴിയാതാവുക എന്നൊരവസ്ഥയാണ് അത്തരം വ്യാകുലതകള്‍ സൃഷ്ടിക്കുക .

പ്രജ്ഞയില്‍ കനക്കുന്ന ആ ആന്തലുകളെ ഇറക്കിവെയ്ക്കാന്‍ ഒരത്താണി ലഭിക്കുംവരെ അതു തുടര്‍ന്നുകൊണ്ടേയിരിക്കും.ഭാരം ഇറക്കിക്കഴിഞ്ഞാലോ,എതെങ്കിലുമൊരു കോണില്‍ പിന്നെയുമൊരു കനം അവശേഷിക്കും;വിത്തുകള്‍ പൊട്ടിമുളയ്ക്കാനെന്നോണം അത് വീണ്ടും തിണര്‍ക്കും…!

അസീം താന്നിമൂടിന്‍റെ പുതിയ സമാഹാരം ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'(ഡിസി ബുക്സ്)വായിച്ചു കഴിയുമ്പോഴാണ് ഈ ഒരവസ്ഥയുടെ തലം കൂടുതല്‍ ബോധ്യപ്പെടുക.`കാണാതായ വാക്കുക’ളെ കണ്ടെടുത്ത്,സുഭദ്രമായി സമര്‍പ്പിച്ചുകൊണ്ടാണ് ഒരു വനവാസക്കാലത്തെ ഇടവേളയ്ക്കു ശേഷം ഈ കവി രണ്ടാം വരവിനൊരുങ്ങിയത്.നെടിയ മൗനത്തിന്‍റെ കൂടുപൊളിച്ച് അസീം പ്രത്യക്ഷപ്പെട്ടപ്പോള്‍ മലയാള കവിതയ്ക്കുള്ള ഈടുവെയ്പ്പുകളായി ആ ആവിഷ്കാരങ്ങള്‍…

കവിയായിരിക്കുക എന്നതും അതിനെ ബലപ്പെടുത്തും വിധം  കവിതകള്‍ എഴുതാനാകുക എന്നതും ജന്മവാസന കൊണ്ടുമാത്രം ലഭിക്കുന്ന സിദ്ധിയാണെന്ന് അസീമിന്‍റെ കവിതകള്‍ ബോധ്യപ്പെടുത്തുന്നു.അസീം ജന്മനാ കവിയാണ്.എന്നുമാത്രമല്ല,ആ കവിതകള്‍ നിരന്തരം പരിണാമപ്പെട്ടുകൊണ്ട് ഇരിക്കുകയും ചെയ്യുന്നു.`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ന്‍റെ ആമുഖത്തില്‍ അസീം തന്നെ പറയുന്നത് നോക്കുക:“കവിത എനിക്കു കുട്ടിക്കളിയല്ല.നേരമ്പോക്കിനുള്ള ഉപായമോ നേടാനെന്തെങ്കിലും ഉള്ളതിന്‍റെ പരിശ്രമമോ അല്ല.തീര്‍ത്തും ഗൗരവമുള്ളൊരു പ്രവൃത്തിയാണ്.ഹൃദ്യമായതെന്തോ തേടുന്നതിന്‍റെ ആവേശമാണ്.തൃപ്തമായതെന്തോ ലഭ്യമാകേണ്ടതിന്‍റെ പരവേശമാണ്….”ആ പരവേശത്തെയാണ് ഞാന്‍ ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ സൂചിപ്പിച്ചതും.ഈ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും വെളിച്ചപ്പെടുത്തുന്നത് ഈ പരവേശത്തിന്‍റെ ആന്തലുകളെ തന്നെയാണ്.
സമാഹാരത്തിലെ അവസാന കവിതയായ `ദൈവത്തിന്‍റെ ഫോണ്‍ നമ്പ’റില്‍ നിന്നാണ് ആശങ്കയുടെ വര്‍ത്തുള ബിംബങ്ങള്‍ ഉരുവിടുന്ന സങ്കീര്‍ണ്ണത വായിച്ചു തുടങ്ങേണ്ടത് എന്നു തോന്നുന്നു.യഥാതഥമായി,വര്‍‍ണ്യത്തില്‍ ഒരാശങ്കയുമില്ലാതെ,ചിരപരിചിതമായ ചില വര്‍ത്തമാനങ്ങളാണ് ഈ കവിതയുടെ ഉള്‍ക്കനം.റോങ് നമ്പറില്‍ നിന്നു വന്ന ഒരു ഫോണ്‍ കോള്‍,ജീവന്‍ തന്നെ തിരിച്ചു നല്‍കിയ ഒരു നിമിഷം ! കവിയെ സംബന്ധിച്ച് അത് ദൈവത്തിന്‍റെ ഫോണ്‍ നമ്പര്‍ തന്നെ.കരിമൂര്‍ഖനൊപ്പം വലിച്ചെറിഞ്ഞ ഹെല്‍മറ്റിനുള്ളില്‍ നിന്നാണ് ജീവന്‍റെ ഒരാന്തല്‍ കവിതയിലേയ്ക്കു പടര്‍ന്നു കയറുന്നത്.

Textജീവിതത്തിന്‍റെയും പരിസ്ഥിതിയുടെയും പരസ്പര സ്പന്ദനങ്ങളോട് ഒട്ടി നില്‍ക്കുകയും വിഷയ സ്വീകരണത്തില്‍ വൈവിധ്യത്തിന്‍റെ കൊടും തണുപ്പും കനപ്പിച്ച ചൂടും ഉള്‍ച്ചേരുകയും ചെയ്യുന്നു എന്നതാണ് അസീം കവിതകളുടെ ഉയിരടുപ്പം.`മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി’എന്ന കവിത മുമ്പു പറഞ്ഞ കവിത പോലെ തന്നെ പ്രത്യക്ഷ പ്രസ്താവനകളില്‍ നങ്കൂരമിടുകയാണ്.പക്ഷെ, ഉപരിപ്ലവമായ വെറുമൊരു കഥ പറച്ചിലിന്‍റെ  തലത്തിലേയ്ക്കത് ചുരുങ്ങിപ്പോകുന്നുമില്ല.തീര്‍ത്തും  വ്യത്യസ്തമായ ഒരു പ്രതലത്തെ പ്രത്യക്ഷമാക്കാന്‍ അനിതരസാധാരണമായ ഒരു ശൈലി ഉപയോഗിക്കുകയാണ് കവി ഈ കവിതയിലൂടെ.കവിതയ്‌ക്കുള്ളിലെ ത്രസിപ്പുകളുടെ പ്രകമ്പനം ഇരുളും വെളിച്ചവും തമ്മിലുള്ള ഇഴയടുപ്പത്തേക്കാള്‍ ഇഴയൊടുക്കത്തെയാണ് കാണിക്കുന്നത്.വെളിച്ചം പൊറുതിക്കു വന്ന മണിച്ചീടെ വീട് അതുവരെ വീടു പ്രദാനം ചെയ്തിരുന്ന സ്വതസിദ്ധമായ ശാന്തതയെ തള്ളിമാറ്റി വല്ലാത്തൊരു അസ്വസ്ഥതയാണ് മണിച്ചിക്കു പകരുന്നത്.ഇടയ്ക്കു വെളിച്ചമൊന്നു പൊലിഞ്ഞപ്പോള്‍

`തക്കം പാത്തിരവുട-
നോടിയെത്തി
കുഞ്ഞു നിലാവൊന്നു
കണ്ണു ചിമ്മി…
വെറളിയും വേവലു-
മുന്തിമാറ്റി
വെളിവോടവളാ-
യിരുട്ടില്‍ മിന്നി..’…പെട്ടെന്നു കടന്നു വരുന്ന പരിഷ്കാരങ്ങളോട് ഇണങ്ങാനാവാതെ കുഴങ്ങുന്ന ഒരുതരം അനാസ്തികതയുടെ കടും വെളിച്ചമാണ് കവിതയിലാകെ നിറഞ്ഞു നില്‍ക്കുന്നത് എന്നും കാണാം.ഈ അനാസ്തികതയുടെ വിവിധ ഭാവങ്ങള്‍ `കേട്ടു പതിഞ്ഞ ശബ്ദത്തില്‍’,’കണ്‍ഫ്യൂഷന്‍’,’കാടുവരയ്ക്കല്‍’,’അശാന്തമായ അസാന്നിധ്യം’..തുടങ്ങിയ കവിതകളിലും നമുക്കു ദര്‍ശിക്കാനാകും.പാരിസ്ഥിതിക ഉത്കണ്ഠകതകളില്‍ നിന്നു മുക്തരായി തൂലിക ചലിപ്പിക്കാന്‍ ലോകത്തെവിടെയും,ഒരെഴുത്തുകാരനും ഇക്കാലത്തു കഴിയുകയില്ല എന്നത് നിസ്തര്‍ക്കമാണ്.ഇരുപതാം നൂറ്റാണ്ടിന്‍റെ
അന്ത്യദശകങ്ങളില്‍ എഴുതിത്തുടങ്ങിയ ഏതൊരു എഴുത്തുകാരനേയും പോലെ അസീം താന്നിമൂടിന്‍റെ കവിതകളും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുമേലുള്ള
ഉത്കണ്ഠകളുടെ പങ്കുവെയ്ക്കലുകള്‍ കൂടിയാണ്.വിത്തിന്‍റെ ആത്മാവിലേയ്‌ക്കു നനവേറെക്കിനിഞ്ഞ്,അതിന്‍റെ ആഗ്രഹപ്പെരുക്കത്തിനൊപ്പം മുഴുകുന്ന ‘ജലമരം’ പ്രകൃതീഭാവങ്ങളെ ഒന്നൊന്നായി ഇണക്കിയെടുത്ത്, ഒരുമിപ്പിച്ച് ഒരു പുതുരൂപകത്തെ പരുവപ്പെടുത്തിയെടുക്കാനായി നമുക്കു മുന്നില്‍ നനമണ്ണില്‍ നട്ടുവളര്‍ത്തുന്ന കാവ്യമരം കൂടിയാണ്.`പ്രളയം’,`കാടുവരയ്ക്കല്‍’,’ശിശിരം’,’അശാന്തമായ അസാന്നിധ്യം’,’തൊട്ടാവാടി മുള്ള്’,`മണല്‍ത്തരി ശില്പം’ തുടങ്ങിയ കവിതകളിലും പാരിസ്ഥിതികമായ ആ തലം കാണാം.

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’എന്ന കവിതയുടെ വിതാനം,വിത്തിനുള്ളില്‍ തുടിപ്പായുണര്‍ന്നിരിക്കുന്ന ഏകതയിലേയ്ക്ക് തിരുപ്രവേശനം ആഗ്രഹിക്കുന്ന ജീവരതിയുടെ കാമനയാണ്.നിരാശയായല്ല അതു ധ്വനിപ്പെടുന്നത്.ഊറ്റും ഉറവയും, എന്തിന് വീട്ടിലേയ്ക്കുള്ള മടങ്ങിപ്പോക്കു പോലും ഈ ഒരു പ്രശാന്തിയുടെ പ്രതീക്ഷയിലാണ് ഉരുവപ്പെടേണ്ടതെന്ന് ഈ കവിത ഓര്‍മ്മിപ്പിക്കുന്നു.വിരുദ്ധ ദ്വന്ദ്വങ്ങളെ ഏകതാനതയില്‍ കുടിയിരുത്തി ഒരുതരം മാജിക്കല്‍ ഇമേജ് സൃഷ്ടിക്കുകയാണ് ഈ കവിതയില്‍ അസീം താന്നിമൂട്.
`ഉരവും ജലവും തേടി
വേരുകള്‍ വിരിഞ്ഞിറങ്ങുന്നതു മാതിരി,
ആകാശ വിശാലതയില്‍
വിത്തുകളെന്തിനോ
വ്യാമോഹിക്കുന്നതു പോലെ,
പൊട്ടിയൊഴുകിയ ഊറ്റുകള്‍
കടലിരമ്പം കിനാക്കാണുന്ന രീതിയില്‍,
നിന്‍റെ നനവിലൂടെ
എന്‍റെ പ്രണയമെന്തിനോ
പരതി നീങ്ങുന്ന അതേ മട്ടില്‍….’

ഗുപ്തവും എന്നാല്‍,ദീപ്തവുമായ പ്രണയ ഭാവത്തിന്‍റെ തീക്ഷ്ണത ഒരു പ്രഗത്ഭ മജീഷ്യന്‍റെ കയ്യൊതുക്കത്തോടെ ഈ കവിതയില്‍ പ്രവര്‍ത്തിക്കുന്നു.ഈ മാജിക്കല്‍ ഇമേജറി ‘ജലമരം’,മണല്‍ത്തരി ശില്പം,ജാലകപ്പഴുത്,കടല്‍ ജലഭ്രമം,അധികപ്പേടി,കേട്ടു പതിഞ്ഞ ശബ്ദത്തില്‍,..തുടങ്ങിയ കവിതകളിലും പ്രകടമാണ്.ഇതിനെല്ലാമുപരിയായി,ചുറ്റുപാടുകളെ കടഞ്ഞെടുത്തു പകര്‍ത്തലും അതിജീവന വ്യഗ്രതകളെ വ്യംഗപ്പെടുത്താന്‍ കാട്ടിയ കരുതലുകളും കൂടി അസീം തന്‍റെ കവിതകളില്‍ കടഞ്ഞുവെച്ചിട്ടുണ്ട്. പ്രതിസന്ധികളുടെ ഉയിരെടുപ്പുകളെ പ്രതിപത്തിയുടെ സാധകം കൊണ്ട് മറികടക്കാനാണ് പലപ്പോഴും അസീമിനു താല്പര്യം.കണ്‍ഫ്യൂഷന്‍,അധികപ്പേടി,നിയ്യത്ത്,അടഞ്ഞ വീടുകള്‍,ദുരന്തം തുടങ്ങിയ കവിതകളില്‍ ഈ മറുകര കടക്കല്‍ വ്യത്യസ്തമെങ്കിലും ഏകതാനമായിത്തന്നെ വെളിപ്പെടുന്നതു കാണാം.പറഞ്ഞതിനെല്ലാം പുറമെ സമാഹാരത്തിലെ അധികം കവിതകളും മുന്നോട്ടുവയ്ക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളെക്കൂടി കാണേണ്ടതുണ്ട്.വളരെ സൂക്ഷ്മവും സമഗ്രവുമാണ് ആ തലം എന്നതിനാല്‍ വളരെയേറെ പറയേണ്ടിവരും.അതു പിന്നൊരവസരത്തേക്കു മാറ്റിവെയ്ക്കുന്നു.

തനതു മൊഴിവഴക്കവും കാവ്യഭാഷാ സ്വീകാര്യതയിലെ ശ്രദ്ധയും അസീമിനെ സമകാലിക കവികളില്‍ നിന്ന് തികച്ചും വേറിട്ടു നിര്‍ത്തുന്നു.നിയതമായ കാവ്യ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും തന്‍റേതു മാത്രമായൊരു ഭാവരൂപം സൃഷ്ടിക്കുവാന്‍ അസീം കവിതകള്‍ക്കു കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.കവിതയിലേയ്ക്കു മടങ്ങി വന്ന ശേഷമുള്ള മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ എഴുതിയ കവിതകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിട്ടുള്ളത്.സജയ് കെ വിയുടെ അവതാരിക.മനോജ് കുറൂറിന്‍റെ അര്‍ത്ഥവത്തായ പഠനം.ടി പത്മനാഭന്‍റെയും ഡോ.സി ആര്‍ പ്രസാദിന്‍റേയും ഒറ്റക്കവിതാ വായനകള്‍, ശീര്‍ഷകത്തോട് തീര്‍ത്തും നീതിപുലര്‍ത്തുന്ന വിനോദ് മാംഗോസിന്‍റെ കവര്‍ ഡിസൈനിങ്,ഡിസി ബുക്സിന്‍റെ പ്രൗഢ നിര്‍മ്മിതി എന്നിവകൂടി ഈ സമാഹാരത്തിന്‍റെ മികവാണെന്ന് എടുത്തു പറയാതെ വയ്യ.ഏറെ വായനകള്‍ക്കും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട ഒരു സമാഹാരം കൂടിയാണ് `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.