DCBOOKS
Malayalam News Literature Website

അവ്യക്തതകളുടെ അസാധാരണമായ ആവിഷ്കാരങ്ങൾ…

അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ‘ എന്ന കവിതാസമാഹരത്തിന്  പ്രവീണ്‍ രാജ് എഴുതിയ വായനാനുഭവം.

 

ഒരു മാനസികരോഗത്തിലാണ് അസീം താന്നിമൂടിന്‍റെ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യസമാഹാരം ആരംഭിക്കുന്നത്.’അധികപ്പേടി’ ഒരു രോഗ ലക്ഷണമാണ്.പൊതുവെ നമ്മൾ മനുഷ്യർ ഞരമ്പുരോഗികളാണെന്ന് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്.അതിന് ആദിമ ചരിത്രത്തോളം പഴക്കമുള്ളതുകൊണ്ട് പഴകുന്തോറുമേറുന്ന വീര്യമായി രോഗം മനുഷ്യരെ ഗ്രസിക്കുന്നു.മനുഷ്യൻ കവി കൂടിയാകുമ്പോൾ രോഗത്തിന്റെ തീവ്രത അത്രയും വർദ്ധിക്കുന്നു.കയറുമ്പോഴും ഇറങ്ങുമ്പോഴും ഒരു പടവ് അധികമുണ്ടെന്ന യാഥാർത്ഥ്യവും കയറ്റിറക്കങ്ങൾക്ക് ഇനി പടവുകളില്ലെന്ന ബോധ്യവും കൂടിച്ചേർന്ന് മനസിനെ രോഗാതുരമാക്കുമ്പോള്‍ സംഭവിക്കുന്ന ഞരമ്പുകളുടെ വലിഞ്ഞു മുറുക്കവും അതില്‍ നിന്നുള്ള ഒരഴിയലുമാണ്  ‘അധികപ്പേടി’യെന്ന കവിത. ചുള്ളിക്കാടിന്റെ കവിതകൾ ഇത്തരം വലിഞ്ഞു മുറുകലിൽ നിന്നുമുണ്ടാകുന്നതാണ്. പോക്കുവെയിലിലെ ബാലുവിന്റെ രോഗമെന്തായിരുന്നു..?ആത്മഹത്യയ്ക്കും കൊലയ്ക്കും പകരമായി എന്ത് ചെയ്യാം..? എന്ന ചോദ്യത്തിനുത്തരമാകുന്നു ചിലപ്പോൾ കവിത.ഹൃദയതാളത്തിലെ പൊരുത്തക്കേടുകളെ ഈസിജി രേഖപ്പെടുത്തുന്നതുപോലെ കവിക്കും രേഖപ്പെടുത്താം.അതറിയാൻ ‘കേട്ടുപതിഞ്ഞ ശബ്ദത്തിൽ’ എന്ന കവിതയിലെ ഈ വരികൾ സഹായിക്കും:

“ഉള്ളകത്തെ മിടിപ്പിന്റെ തോത് / താളക്രമത്തിലെ ഏറ്റക്കുറച്ചിൽ കൊണ്ടതു / പ്രകടമാക്കും. ”
കേട്ടുപതിഞ്ഞ ശബ്ദം എന്ന വാക്കിൽ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ സാനിധ്യമുണ്ട്. കുടുംബ ബന്ധത്തിനെ വൈകാരികമായി ആവിഷ്കരിക്കുമ്പോൾ ഇത്രയേറെ സൂക്ഷ്മത പുലർത്താൻ ഈ കവിക്കാക്കുന്നതു കൊണ്ടാണ്  ആമുഖപഠനത്തിൽ മനോജ് കുറൂർ ‘സൂക്ഷ്മതയാണ് അസീം താന്നിമൂടിന്റെ മൊഴിയടയാളം’എന്നെഴുതിയത്. രോഗത്തിന്റെ ഹൃദയതാളപ്പിഴകളെ സൃഷ്ടിയുടെ ഹൃദയാവേഗവുമായി ചേർത്തുവയ്ക്കാന്‍ കവികാട്ടുന്ന കരവിരുത് ഈ കവിതയേയും ഉദാത്തമാക്കുന്നു.രോഗത്തെ മറച്ച് എനിയ്ക്കൊന്നുമില്ല പോയ് വരൂ എന്നാശ്വസിപ്പിക്കുന്ന വാപ്പമാരധികമുള്ള ലോകത്തു തന്നെയാണ് നാം ജീവിക്കുന്നത്.അതു മാത്രം പറഞ്ഞാൽ കവിതയാകുന്നില്ല.കവി പുതുതായി എന്തെങ്കിലും പറയേണ്ടതുണ്ട്. ആ പുതിയ പറച്ചിലാണ് കവിതയുടെ അവസാന വരികൾ .

” താളക്രമം പഴേപടി ചിട്ടപ്പെടുത്താനുള്ള / തത്രപ്പാടിനിടയിലാവണം / ആ ഒച്ച എന്നെ / നിങ്ങൾ കേട്ട പ്രകാരമങ്ങനെ / ഉച്ചത്തിൽ / ആവിഷ്കരിച്ചത്. ”

ആവിഷ്കാരം ഒരു സൃഷ്ടിപ്രക്രിയയാണ്. സൃഷ്ടിപ്രക്രിയയിലെ ഭൗതികതയും (ശരീരവും) അതിഭൗതികതയും (ശബ്ദവും ) ഉൾച്ചേർന്നിരിക്കുന്ന ഈ അവസാന വരികൾ മനസിനെ മലിനമാക്കുന്നു.മരണത്തിൽ നിന്നും കവിത ജനിപ്പിക്കുന്ന ഈ തന്ത്രം മാനവരാശിയുടെ തുടർച്ചയെ കൂടി അടയാളപ്പെടുത്തുന്നുണ്ട്.മനുഷ്യ മനസ് ഉദാത്തവൽക്കരിക്കപ്പെടേണ്ട ഒന്നല്ലായെന്ന് 1957 മുതലെങ്കിലും മലയാളിക്കറിയാവുന്നതാണ്.എം.എൻ . വിജയൻ മാഷ് തന്റെ മാമ്പഴം പഠനത്തിൽ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്.അമ്മയുടെ തടിയിൽ കുഞ്ഞിനായി വേണ്ടി മാത്രം കായ്ക്കുന്ന ഫലങ്ങളാണ് മുലകളെന്നും അത് നിഷേധിച്ചതുമൂലം ഉണ്ണിയ്ക്ക് അമ്മയോടുണ്ടായിരുന്ന പ്രതികാരത്തിന്റെ പ്രതീകമായിരുന്നു മാമ്പഴം കവിതയെന്നും ഇന്നു നമുക്കറിയാം.ഇത് ഉദാത്തവൽക്കരണത്തിനു മുൻപുള്ള യാഥാർത്ഥ്യത്തെ പുറത്തു കൊണ്ടുവരലാണ്.തന്റേതൊരു റിഡക്ടീവ് മെത്തേഡാണെന്ന് പറഞ്ഞതിന്റെ കാരണവുമതാണ്. അധരമധു തുപ്പലാണ് എന്നതാണ് റിഡക്ടീവ് മാർഗം. അസീം താന്നിമൂടിന്റെ ‘ച്യൂയിങ്ഗം’ എന്ന കവിത നോക്കൂ, ശൈശവ രതിയിലെ ഓറൽ സ്റ്റേജിന്റെ (വദനഘട്ടം ) ആഗ്രഹത്തെയാണ് ഒളിപ്പിച്ചിരിക്കുന്നത്. അമ്മയുടെ മുല നുകരുകയും നിരന്തരം നുകരുകയും കൊതിതീരുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുക എന്നത് ശിശുവിന്റെ ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമാണ്. മുതിരുന്തോറും ഈ കൊതി വിട്ടുപോയിയെന്നു വിചാരിച്ചു ജീവിക്കുന്ന മനുഷ്യനോട് ഇതങ്ങനെ വിട്ടുപോകുന്ന ഒന്നല്ലയെന്നും ച്യൂയിങ്ഗം ചവപ്പ് പഴയ ശൈശവരതിയുടെ വദനഘട്ടത്തിന്റെ തിരിച്ചുവരവാണെന്നും ഈ കവിത ഓർമിപ്പിക്കുന്നു. കുഞ്ഞിന് പല്ലു വരുന്നതോടുകൂടി നിഷേധിക്കപ്പെടുന്ന മധുരക്കനി മുതിരുമ്പോൾ ച്യൂയിങ്ഗമായി മുന്നിലെത്തുന്നു.

“പൊതിഞ്ഞു ഭദ്രം മൂടി / വെച്ച ച്യൂയിങ്ഗങ്ങളി-/ ലുതിരും മോഹങ്ങളോ /ടാണതിന്നേറെ പ്രിയം ”
പൊതിഞ്ഞു ഭദ്രമാക്കി വച്ചവയിൽ നിന്നുതിരുന്ന മോഹങ്ങളോടുള്ള പ്രിയം, വലുതാകുന്തോറും ഉദാത്തീകരിക്കപ്പെടുന്ന ഈ പ്രിയത്തെപ്പറ്റിയാണ് ‘സഹ്യന്റെ മകൻ’ എന്ന പഠനത്തിലും വിജയൻ മാഷ് വിശദീകരിക്കുന്നത്.കുഞ്ഞിന് മുലകളോടുള്ള മോഹത്തിന്റെ ആവിഷ്കാരമാണോയിത് എന്ന് സംശയിക്കാൻ സാധ്യതയുണ്ട്.ഈ സംശയ സാധ്യതയെപ്പോലും നശിപ്പിക്കുന്ന വരികളാണ് കവിതയിലുള്ളത്…
“മോദമോടാദ്യമിളം – /ഭാവത്തിലടുത്തുവ-/ നിണങ്ങും … കരങ്ങളി-/ലണഞ്ഞാൽ മുതിർന്നുടൻ/തിടുക്കപ്പെടും , പാടെ / മുകരാ, നിമ്പങ്ങളെ / നുകരാ,നൊരുവന്യ / ഭാവമന്നേരം കോമ്പ- /ല്ലമർത്തി ധൃതിപ്പെടും…”

കോമ്പല്ലമർത്തി ധൃതിപ്പെടുമ്പോൾ നഷ്ടമാകുന്നത് പാലിന്റെ മാധുര്യമാണെന്ന് ഏത് കുഞ്ഞും മുതിരുമ്പോൾ മനസിലാക്കുന്നതാണ്. ദന്തത്തരിപ്പിൽ ഊറ്റിയെടുത്ത് ആവേശം കൊള്ളുമ്പോൾ കുഞ്ഞറിയുന്നില്ല താൻ നഷ്ടപ്പെടുത്തുന്നത് തന്റെ ജീവിത രുചിയാണെന്ന്.ഇങ്ങനെ മനുഷ്യ മനസിന്റെ അബോധതലങ്ങളിലടിഞ്ഞുകൂടിയ ശൈശവരതിയുടെ സാനിധ്യം – ഫ്രോയിഡ് കണ്ടെത്തിയ,മലയാളികൾക്ക് വിജയൻ മാഷ് വിശദീകരിച്ചു കൊടുത്ത സത്യം -ഒരു കവിക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് തെളിയിക്കുക കൂടിയാണ് ച്യൂയിങ്ഗം എന്ന കവിത. അതുകൊണ്ടാണ് കവിതയുടെ തുടക്കവും ഒടുക്കവും വ്യത്യസ്തമാണെന്ന് തോന്നിക്കുമെങ്കിലും ഒരുപോലെയായത്. ” ചതച്ചു രസിച്ചീമ്പി – / ത്തുപ്പുവാ നൊരുകൊതി – /യെപ്പോഴുമുറഞ്ഞിരി – /പ്പുണ്ടേതു മനസ്സിലും … ”

സ്വന്തം മോഹത്തെ തലകുത്തി നിറുത്തുവാൻ എല്ലാ നല്ല കവികൾക്കുമറിയാം.(‘ആരാവാം’ എന്ന കവിതയിൽ തലകുത്തി നിൽക്കുന്ന കവി ബിംബമുണ്ട്.) വ്യക്തിമനസിന്റെ മോഹം ആവിഷ്കരിക്കുന്നതിലൂടെ സമൂഹമനസിന്റെ മോഹം വെളിവാക്കുവാനല്ല മറിച്ച് സമൂഹമനസിനെ തുറന്നുകാട്ടി വ്യക്തി മനസിന്റെ അബോധത്തെ മറയ്ക്കുവാനാണ് തന്റെ ഈഗോയെ പ്രതിഫലിപ്പിച്ചുകൊണ്ട് ‘ഏതു മനസ്സിലും’ എന്ന് കവിത അവസാനിപ്പിച്ചത്.അതൊരു യാഥാർത്യമായതുകൊണ്ട് വായനക്കാർ കവിയോടു ക്ഷമിക്കുക.മുതിരുന്നതോടെ നഷ്ടമാകുന്ന ശൈശവരതിയുടെ സാനിധ്യത്തെ മുതിർന്ന ബോധമനസ് സമ്മതിച്ചു തരില്ലെങ്കിലും അത്തരം സാനിധ്യങ്ങളെ അബോധമനസ് തെളിവുസഹിതം പുറത്തുകൊണ്ടു വരുമെന്ന ഫ്രോയിഡിയൻ സങ്കൽപ്പം ഈ കവിതയെ വ്യത്യസ്തമാക്കുന്നു.

‘പ്രളയം’ എന്ന കവിതയിൽ മനുഷ്യ പ്രളയത്തിന്റെയും ആദിമാതാവിന്റെയും രൂപനിർമ്മിതിയെയാണ് ഭാവന ചെയ്തിരിക്കുന്നത്.പ്രപഞ്ചം അതിന്റെ സകലശക്തികളെയും സംഗമിപ്പിച്ച ആദിമശക്തിയാണ് രുദ്രകാളി.അവളുടെ തലമുറയുടെ ഇങ്ങേയറ്റത്ത് ഞാനും നിങ്ങളും കവിയും നിൽക്കുന്നു. മേഘത്തെ ചീന്തിയെടുത്ത് തലയും മഴകൊണ്ട് നാഡീഞരമ്പുകളും കുടൽമാലകളും മിന്നലുകൊണ്ട് നട്ടെല്ലും അഴിമുഖത്തെ കലക്കുവെള്ളം കൊണ്ട് കരളും രണ്ടു പുഴകൾകൊണ്ട് കരങ്ങളും രണ്ടു കുന്നുകൾകൊണ്ട് കാലുകളും തീർത്തുകൊണ്ട് പ്രപഞ്ചകാളിയുടെ രൂപം കവി വരയ്ക്കുന്നു.ഉശിരൻ കിഴക്കൻ കാറ്റ് ശ്വാസമായി, ഇടിയുടെ ആഘാതങ്ങൾ നെഞ്ചിടിപ്പായി.അങ്ങനെ ആദിമാതാവ് സൃഷ്ടിക്കപ്പെട്ടു.ആ മാതാവ് ” ഉയിരിട്ടതും / ഓടിച്ചെന്ന് / ഭൂമിയുടെ തെക്കുഭാഗത്തേക്കു നോക്കി / കുന്തിച്ചിരുന്നു/പെറ്റുകൂട്ടി. ” പെറ്റുകൂട്ടലിന്റെ തുടർച്ചയാണ് മനുഷ്യ ജീവിതമെന്നത് ഒരു ജൈവസത്യമാണ്. പെറ്റുകൂട്ടലിനു പിന്നിൽ പ്രവർത്തിച്ച മനുഷ്യോർജ്ജത്തെയാണ് ഫ്രോയിഡ് ലിബിഡോ എന്ന് വിളിച്ചത്.ഈ ഊർജ്ജത്തിനെ പരിവർത്തിപ്പിച്ചാണ് കവിത നിർമ്മിക്കുന്നത്.എല്ലാ ഉൽപ്പാദനങ്ങൾക്കും അടിസ്ഥാനമായ ആ ഊർജ്ജത്തിന്റെ സാനിധ്യം ഈ കവിതയെ വാജീകരിക്കുന്നു.

ഒരു കവിത കവിയുടെ മനസിലുണ്ട്. അതെവിടെ നിന്നെത്തിയെന്നറിയില്ല. വന്നിടത്തേക്ക് തിരിച്ചു പോകാൻ പറയുന്നത് വ്യർത്ഥമാണെന്ന് കവിക്കറിയാം;അതിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അതേക്കാളുമൊരു അസ്വസ്ഥതയുമില്ല.തന്റെ ചിന്തയെന്ന അമൂർത്തതയിൽപ്പിറന്ന കവിതയ്ക്കു മുന്നിൽ അങ്കലാപ്പോടെ നിൽക്കുന്ന കവി മറ്റൊരു കവിതയെഴുതുന്നു.അതാണ് ഈ കാവ്യസമാഹാരത്തിന്റെ പേര് – ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’. പുറത്താക്കപ്പെട്ടതിനൊന്നും തിരിച്ചുപോക്ക് സാധ്യമല്ലെന്ന പ്രകൃതി നിയമത്തിന്റെ ആവിഷ്കാരമാണിക്കവിത. ‘എഴുത്തുകാരന്റെ മരണം’ എന്ന സങ്കൽപ്പത്തിന്റെ ഒരർത്ഥമിതാണ്. പുറത്താക്കപ്പെട്ടതിന് വന്നയിടത്തെ ആവശ്യമില്ല.പുറത്താക്കപ്പെടുന്ന ആശയത്തിന് അഥവാ  മൂർത്തവൽക്കരിക്കപ്പെടുന്ന ആശയത്തിന് നിലനിൽക്കാൻ എഴുത്തുകാരന്റെ ആവശ്യമില്ല. അതുകൊണ്ട്  “വിത്ത് / മരത്തിനെ തിരിച്ചു വിളിക്കണം എന്നത്  പ്രതിഭാസമ്പന്നമായൊരു സങ്കല്പം മാത്രമാണ്. ”

അസഹ്യമെങ്കിലും അമർത്തി വയ്ക്കുന്ന ഒരു നിലവിളിയാണ് ഈ കവിക്ക് കവിത. അതിനെ എങ്ങോട്ടും ആട്ടിപ്പായിക്കുക സാധ്യമല്ലയെന്നത് ഒരു വേദനയുടെ ആവിഷ്കാരം കൂടിയാണ്. അതിസങ്കീർണമായ അനുഭത്തിന്റെ അഥവാ കാവ്യനിർമ്മിതിയുടെ രസതന്ത്രമാണത്.അതുകൊണ്ടാണ് ‘ശിശിര’മെന്ന കവിതയിൽ ഒരില കാറ്റത്തടർന്നു വീഴുമ്പോൾ ശിഖരമനുഭവിക്കുന്ന ദുഖത്തെ മറയ്ക്കാൻ ഈ കവിയ്ക്കാകുന്നത്.
സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കവിത ‘ജലമര’മാണ്.ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ചൂണ്ടകൊണ്ട് കവി കവിതയുടെ ആഴമളക്കുകയാണ് .പലവിധ വ്യാഖ്യാനങ്ങളിലേക്ക് സഞ്ചരിക്കാവുന്ന ബഹുശാഖിയായ മരം പോലെ, പല കാലങ്ങളിലേക്ക് പടരുന്ന ജലം പോലെ ഒരു ‘ജലമരം’ നമ്മുടെ ഉള്ളിലും വളരുന്നു. വിത്തിനെ കാവ്യബീജമായി സങ്കൽപ്പിച്ചാൽ കവിഭാവനയാകുന്ന ജലത്താൽ വളരുന്ന ജലമരമാണ് ( ഭാവനാരൂപമാണ് ) ഈ കവിത.ജീവിതത്തിന്റെ ചരിത്രത്തെ ഒരു ജലത്തുള്ളിയിൽ , ഒരു വിത്തിന്റെ ആഴത്തിൽ കവി ഒളിപ്പിച്ചിരിക്കുന്നു. സകലതിനെയും പ്രതിബിംബിപ്പിക്കുക എന്ന തന്റെ സ്വാഭാവികതയിൽ ജലം മുഴുകുന്നു. അതുപോലെ കവിയും തന്റെ കാഴ്ചകളെല്ലാം പകർത്താൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ഈ കവിത. കാവ്യബീജത്തിന് വളർന്നു പന്തലിക്കാനുള്ളതെല്ലാം കവി നൽകുന്നതു പോലെ വിത്തിന് വളർന്നു മരമാകാൻ വേണ്ടത് നൽകുന്നത് ജലമാണ്. ഇവിടെ ജലവും കവിയും ഒന്നാകുന്നു. കവിത അവസാനിക്കുന്നത് ജലമരത്തിന്റെ കടപുഴകലിലാണ്. ഉള്ളിലെ കവിത അദൃശ്യമായതിന്റെ വേദനയാണ് ജലമരമെന്ന കവിതയിലൂടെ വ്യക്തമാകുന്നത്.

അവ്യക്തതകളുടെ കവിത…

മരുഭൂമിയിലെ മരീചിക ഒരു പ്രതിഭാസമാണ്. പ്രകാശനത്തിന് സംഭവിക്കുന്ന അപവർത്തനമാണതിന്റെ ശാസ്ത്രം.മരീചികാ പ്രതിഭാസം വിടാതെ പിൻതുടരുന്ന കവിയാണ് അസീം താന്നിമൂടെന്നതിന് തെളിവുകൾ ഈ സമാഹാരത്തിൽ വേണ്ടുവോളമുണ്ട്. തോന്നലുകളുടെ (അബോധത്തിന്റെ ) കവിതകളാണിതിലധികവും. വ്യക്തിഗതാനുഭവങ്ങളെ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധചെലുത്തുന്നതിന്റെ ഫലമാണീ തോന്നൽ രോഗം. അധോവൃത്തി പ്രതിബിംബത്തിന്റെ(inferior mirage) ഫലമായുണ്ടാകുന്ന തോന്നലാണ് മരീചിക .തന്റെ തോന്നലുകൾക്ക് പ്രകൃതി കൂട്ടുനിൽക്കുന്ന മനോഹരക്കാഴ്ച ‘തോന്നൽ’ എന്ന കവിതയിൽ ആവിഷ്കരിച്ചിട്ടുണ്ട്.

” അതിസമൃദ്ധം തളിരിടാതാകിലാ -/ കുറവു കൊണ്ടെന്റെ തോന്നലു പാളുമെ- / ന്നറിവെഴുന്ന പോൽ പുല്ലുകൾ, പൂവിട്ടു / മതിവരാത്തതുപോൽ ചെടിച്ചില്ലകൾ … ”
ഇതൊരു ഗൃഹാതുരതയുടെ മാത്രം പ്രശ്നമല്ല.പ്രവാസ ജീവിതത്തിൽ നാടിന്റെ ഭംഗികൾ അലട്ടുന്നതിന്റെ ഭാഗമായി മാത്രമൊതുക്കാൻ കഴിയാത്തവിധം മരീചികാസാനിധ്യം ഈ Textകാവ്യസമാഹാരത്തിലുണ്ട്. അതുകൊണ്ടവയെ തോന്നലിന്റെ ആവിഷ്കാരങ്ങൾ എന്നു വിളിക്കാം. ഉച്ചിക്കുമുകളിൽ ശിരസ്സുകുത്തിക്കളിക്കുന്ന നിഴലിന്റെ സാനിധ്യം ‘ആരാവാം’ എന്ന കവിതയിലുണ്ട്.കവിതയുടെ പേരു തന്നെ തോന്നലിനെ അഥവാ അവ്യക്തതയെ സൂചിപ്പിക്കുന്നു. കടലിന്റെ മനോഹരമായ ‘മണൽത്തരിശില്പം’ കൊത്താൻ ആഗ്രഹിക്കുന്ന തത്രപ്പാടിന്റെ കവിതയിലും ‘പോൽ’ എന്ന അനുപ്രയോഗം കൊണ്ട് താൻ തോന്നലിന്റെ കവിതന്നെ എന്നുറപ്പിക്കുന്ന ‘ശിശിരം’ എന്ന കവിതയിലും ഏറെനേരം എന്തിനെയെങ്കിലും സൂഷ്മമായി നോക്കി നിന്നാൽ തന്റെ ശരീരവും (കണ്ണുകൾ) മനസും വേറെ വേറെ കാഴ്ച തേടിപ്പോകുമെന്ന് കവി സമ്മതിക്കുന്ന ‘കൂളിങ്ഗ്ലാസ്’ എന്ന കവിതയിലും തോന്നലിന്റെ സാനിധ്യമുണ്ട്.ഭയം പോലെ മൂർച്ചിക്കുന്തോറും രോഗമായി മാറുന്ന ഒന്നാണ് തോന്നൽ. ‘അധികപ്പേടി’യിൽ നിന്ന് (ഒന്നാമത്തെ കവിത ) അധികക്കാഴ്ചയിലേക്കുള്ള (ഇരുപത്തിനാലാമത്തെ കവിത ) വളർച്ച ഈ കാവ്യസമാഹാരത്തിന്റെ സവിശേഷതയാണ്. അധികമായാൽ അമൃതും വിഷമെന്ന പഴഞ്ചൊല്ല് സത്യമല്ലെന്നിതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വ്യക്തിയെ രോഗിയാക്കുന്ന ‘അധിക’ പ്രക്രിയ ഈ കവിതകളിലുണ്ട്. കവിത്വം ഒരു രോഗമാണെന്നും രോഗം മൂർച്ചിക്കുന്തോറും മികച്ച കവിതകളുണ്ടാകുമെന്നുമാണ് ഇതിലൂടെ  മനസിലാക്കേണ്ടത്.നമ്മുടെ സാഹിത്യ ചരിത്രത്തിൽ രോഗത്തിന് മാന്യമായ സ്ഥാനമുണ്ട്.തോന്നൽ രോഗിയായ ഈ കവിയുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്ന വാക്കാണ് ‘അവ്യക്തത’. അടഞ്ഞ വീടുകളെന്ന കവിതയിൽ ‘അടഞ്ഞ വീടുകളുടെ അവ്യക്തതകൾ’ എന്നും ‘പക’ എന്ന കവിതയിൽ തിരച്ചറിയാതിരിക്കാൻവേണ്ടി ‘ഭാവദുരൂഹ’ എന്ന വാക്കായും  `ശിശിരം’ എന്ന കവിതയിലെ ‘പോൽ’ എന്ന അനുപ്രയോഗത്തിലവസാനിക്കുന്ന വരികളും ‘അപൂർണ്ണം’ എന്ന കവിതയിലെ മൂന്നു പദ്യങ്ങൾ ‘പോലി’ൽ അവസാനിക്കുന്നതും ‘ഹൈക്കു’ എന്ന കവിതയിൽ ‘പോൽ’ ആവർത്തിക്കുന്നതും മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് എന്ന കവിതയിൽ ‘വീട്ടിലേക്കു മടങ്ങുന്നതു പോലെ’ എന്നും തന്റെ അവ്യക്തതയെ കവി അടയാളപ്പെടുത്തുന്നു. ‘ജാലകപ്പഴുത്’ എന്ന കവിതയിൽ ‘പുറത്തവ്യക്തത പുലമ്പുമാരവം’ എന്നും  `ഗർഭം’ എന്ന കവിതയിൽ “എത്രയൊഴിഞ്ഞാലുമുന്തി/ നിൽക്കും വയറെന്ന തോന്നൽ… ” എന്നും കവി എഴുതുന്നു.’കടൽജലഭ്രമം’ എന്ന കവിതയിൽ പേരുകൊണ്ടുതന്നെ താൻ മരീചികയുടെ അഥവാ ഭ്രമത്തിന്റെ കവിയാണെന്ന്  സമ്മതിക്കുന്നു.അവ്യക്തത മൂലം താനെഴുതാതെ പോയ വാക്കിന്റെ അമൂർത്ത ചാരുതയെക്കുറിച്ച് ‘അമൂർത്തം’ എന്ന കവിതയിലും  അവ്യക്തമായ ഇടവേളയെക്കുറിച്ച് ‘ദൈവത്തിന്റെ ഫോൺ നമ്പർ’ എന്ന കവിതയിലും ‘വാക്കിനവ്യക്തതയ്ക്കൊറ്റയർത്ഥമേയുള്ളു’ എന്ന് ‘ലിപിയിരമ്പം’ എന്ന കവിതയിലും വരച്ചിടുന്ന കവി താൻ അവ്യക്തതയുടെ അഥവാ തോന്നലിന്റെ കവിയാണെന്ന് വിളിച്ചു പറയുകയാണ്. ഇങ്ങനെ അവിടവിടങ്ങളിലായി കാണുന്ന അവ്യക്തതയുടെ സാന്നിധ്യം വായനക്കാരുടെ തോന്നലായി തള്ളിക്കളയാമെന്നു കരുതിയാൽ അതിനാകാത്തവിധം പിന്നെയും അത് പൊന്തിനിൽക്കുന്നു.’ അവ്യക്തത’ എന്ന പേരിൽ ഒരു കവിത തന്നെയുണ്ട് ഈ സമാഹാരത്തില്‍.കവി പറയുന്നു ” വലിയൊരു വിതാനമായ് / പരന്നു നിവരുകയാ – / ണവ്യക്തത. ” അതായത് തന്റെ അവ്യക്തത ഒരു നിറസാനിധ്യം തന്നെ. കഥാകൃത്ത് ടി.പദ്മനാഭനെ ഏറെ ആകർഷിച്ച ‘ജാലകപ്പഴുത്’ എന്ന കവിത ആരംഭിക്കുന്നത് അവ്യക്തതയിലാണെങ്കിലും പിന്നീടങ്ങോട്ട്, വയ്ക്കുന്നു , മുനിഞ്ഞിരിക്കുന്നു, പോരുന്നു , തേടുന്നു , പായുന്നു, വിരിഞ്ഞിറങ്ങുന്നു, പോകുന്നു , നിൽക്കുന്നു എന്നിങ്ങനെ വ്യക്തതയുടെ പൂർണ്ണക്രിയാ രൂപങ്ങളിലാണ് ഓരോ ഭാവവും അവസാനിക്കുന്നത്. ഇത്കണ്ട് കവിക്ക് വ്യക്തതയുണ്ടല്ലൊ,പോൽ / പോലെ എന്നീ അനുപ്രയോഗങ്ങൾ ചേർത്ത് വയ്ക്കുന്ന പോൽ, വിരിഞ്ഞിറങ്ങുന്ന പോലെ എന്നിങ്ങനെ അവ്യക്തത പ്രകടിപ്പിക്കുന്നില്ലല്ലൊ എന്നു കരുതേണ്ടതില്ല.കാരണം മറ്റൊരു കവിതയുടെ പേര് ‘കൺഫ്യൂഷൻ’ എന്നാണ്. സംശയം ഒരവ്യക്തതയാണെന്ന് അറിയാവുന്നതു കൊണ്ട് ഒട്ടും സംശയിക്കേണ്ടതില്ല ഈ കവി അവ്യക്തതയുടെ കവിതന്നെ. ഈ അവ്യക്തത എന്തുകൊണ്ട്? എന്നന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് ജീവിതത്തിന്റെ അനിശ്ചിതത്വത്തിലാണ്. ജീവതത്തിന്റെ നിയതമില്ലായ്മയും ഉറപ്പില്ലായ്മയും ചേർന്ന് വ്യക്തിയിൽ രൂപപ്പെടുത്തുന്ന ദർശനമാണ് അവ്യക്തത .വ്യക്തി എന്നാൽ വ്യക്തിമനസ് തന്നെ. തന്റെ മനസിന്റെ അബോധത്തിൽ ഉറഞ്ഞുകൂടുന്ന അവ്യക്തതകളെ വ്യക്തമായി തിരിച്ചറിയുന്ന ബോധമനസിന്റെ ഈഗോയാണ് ഈ കവിയെ സമകാല കവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ‘മനസ്’ എന്ന കവിതയിൽ കവി എഴുതുന്നു
” ചതിവു പറ്റിയ ബ്രേക്ക് , പരിധിയിൽ / നിയതമാക്കാത്തൊരാക്സിലേറ്റർ, കഴ/ ലതിലമർത്തിയിരിപ്പതവ്യക്തത – / ലഹരിയേറ്റിപ്പെരുക്കിയ ഡ്രൈവറും ”
നിർത്തില്ലാത്തതും പരിധിയില്ലാത്തതുമായ വേഗതയിൽ മനസിനെപ്പായിക്കുന്ന ഈ ഡ്രൈവർ അവ്യക്തതയുടെ കവി തന്നെയാണ്. അസ്വസ്ഥമായ അവ്യക്തതയുടെ വേദനയാണ് തന്റെ കവിതകളെന്ന് ‘ മസോക്കിസം’ എന്ന കവിതയിലും സൂചിപ്പിക്കുന്നുണ്ട്.
‘ആ ശിൽപം’ എന്ന കവിതയിൽ ആവിഷ്കരിക്കാൻ കഴിയാത്ത അമൂർത്തമായ അവ്യക്തതയുടെ സാനിധ്യത്തെ ഒരു ശിൽപ്പിയിൽ സന്നിവേശിപ്പിച്ചുകൊണ്ട് തന്റെതന്നെ കാവ്യനിർമ്മിതിയുടെ സാരത്തെ വെളിവാക്കുന്നുമുണ്ട്.

ഒരു കൃതി അനേകം പാഠങ്ങളൊളിപ്പിച്ചിരിക്കുന്നുവെന്നും ഈ അനേകം പാഠങ്ങൾ അനേകം വ്യക്തികളെയും അവരുടെ ആശയങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും വിമർശനം തെളിയിക്കുന്നു.’അത്’ എന്ന കവിതയിൽ പാടത്തെയും പാഠത്തെയും ഒന്നിപ്പിച്ചു കൊണ്ട് , ആവിഷ്കരിക്കപ്പെട്ട ആശങ്ങളെയും ആവിഷ്കരിക്കപ്പെടാത്ത ആശയങ്ങളുടെ പ്രാധാന്യത്തെയും കവി രേഖപ്പെടുത്തുന്നു.ചില കവിതകൾ സ്വയം വിടർന്നുവരും ചിലത് വിടരും മുൻപേ കൊഴിയും ചിലത് വിടർന്ന് എല്ലാപേർക്കും സുഗന്ധം പകരും ചിലത് മൊട്ടിടുക പോലും ചെയ്യാതെ അങ്ങനെ തടസപ്പെട്ട് നിൽക്കും. അപ്പോഴും ‘അത്’ അവിടെയുണ്ടെന്ന സത്യം കവി ഇങ്ങനെ ആവിഷ്കരിക്കുന്നു.

” മുരടിച്ചാലൊ എന്നു പേടിച്ച് കിളിർക്കാതെ / കൊഴിഞ്ഞാലൊ എന്നു മടിച്ച് / വീശാതെ / വറ്റിയാലൊ എന്നു ശങ്കിച്ചു / മുകരാതെ / മുറിഞ്ഞാലൊ എന്നു വേദനിച്ച് കരളാതെ / നേരിയൊരസാന്നിധ്യമായ് / എപ്പോഴും / അതവിടെയൊക്കെത്തന്നെ / ഉണ്ടാകും” തന്റെ കൃതി അനേകം പാഠങ്ങൾ നിർമ്മിക്കുമെന്ന പ്രത്യാശ ഈ കവിതയിലുണ്ട്. മനസിലാകാത്ത കാര്യം തന്റെ കവിതയുടെ സത്യം വെളിവാക്കപ്പെടാതിരിക്കാത്തക്കവിധം വായനക്കാരിൽ അവ്യക്തത പടർത്താനുള്ള കഴിവ് ഈ കവിക്കെങ്ങനെ ലഭിച്ചുവെന്നാണ്…! വൃത്തം പാലിക്കുകയും വൃത്തശാസ്ത്രം പാലിക്കാതെ അവ്യക്തത പടർത്തുകയും ചെയ്യുന്ന ഈ കവി , മനസിന്റെ ആകുലതകളെ വൈവിധ്യ ഭാവങ്ങളെ മനുഷ്യ-പ്രകൃതി സംയോഗത്തെ ആർക്കാണ് കൃത്യമായി അറിയാൻ കഴിയുകയെന്ന സത്യത്തെ വെളിപ്പെടുത്തുന്നു.തന്റെയും സമൂഹത്തിന്റെയും അവ്യക്തതകളെ ഇത്ര വ്യക്തമായി തിരിച്ചറിയുകയും അതുവഴി അമൂർത്തമായ അവ്യക്തതകളെ ഭാഷ കൊണ്ട് മൂർത്തമാക്കുകയും ചെയ്തുവെന്നതാണ് അസീം താന്നിമൂടെന്ന കവിയുടെ മൗലികത. തെളിഞ്ഞ ഭാഷയും വാഗ്സമൃദ്ധിയും പദ്യഗദ്യരൂപത്തെളിമയും ഭാവതീവ്രതയും താളക്രമവും ഒക്കെച്ചേർന്ന വ്യത്യസ്ത ലോകമാണ് ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്’. തിരിച്ചു പോകാനാവാത്ത കവിതകൾ കവി മനസിനെ അസ്വസ്ഥമാക്കിയതിന്റെ തെളിവുകളാണിത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.