DCBOOKS
Malayalam News Literature Website

എങ്ങനെയാണ് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ജനിക്കുന്നത്?

പുസ്തകങ്ങളുടെ വിലയിരുത്തലുകൾ പലപ്പോഴും ഒരു വൃക്തിയുടെ ശരിതെറ്റുകളിലും കാഴ്ചപ്പാടിലും അധിഷ്ടിതമാണ് എന്ന വിശ്വാസം വച്ചുപുലർത്തുന്നത് കൊണ്ടാകാം പലപ്പോഴും പുസ്തങ്ങളുടെ ആസ്വാദനകുറിപ്പ് എഴുതാൻ മുതിരാതെ അഭിപ്രായം രേഖപ്പെടുത്തുകമാത്രമാണ് ഞാൻ ചെയ്യാറുള്ളത്.ഒരു എഴുത്തുകാരന്റെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും ഒരു വായനക്കാരൻ വിലയിരുത്തുന്നത് അയാളുടെ അനുഭവങ്ങളുടെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ ആണ്.ഈ വൈരുദ്ധ്യത്തെ മറികടന്ന്‌ തനിക്ക് അനുഭവവേദ്യമായ വസ്തുതകളെ അല്ലെങ്കിൽ അനുഭവങ്ങളെ അതേ അളവിൽ വായനക്കാരിൽ എത്തിക്കാൻ സാധിക്കുന്നിടത്താണ് രചയിതാവിന്റെ വിജയം.അത്തരത്തിലുള്ള ഒരു മികച്ച വായനാനുഭവം പ്രദാനം ചെയ്യുന്ന പുസ്തകമാണ് ലിപിൻ രാജ് എം പി യുടെ ” മരങ്ങൾ ഓടുന്ന വഴിയേ“. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്നും നാളത്തെ ഇന്ത്യയെ വാർത്തെടുക്കാനായി, ഭരണചക്രം തിരിക്കാൻ യോഗ്യരായ യുവത്വത്തെ തിരഞ്ഞെടുക്കുന്ന സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ലിപിൻ രാജിന്റെ സിവിൽ സർവീസ് അക്കാദമിയിലെ ജീവിതാനുഭവങ്ങളുടെയും യാത്രാനുഭവങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം.അക്കാദമി ജീവിതം,ഭാരത് ദർശൻ എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് രചയിതാവ് തന്റെ അനുഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ” അക്കാദമി ജീവിതം ” എന്ന ഭാഗത്തിൽ സിവിൽ സർവീസ് അക്കാദമിയിലെ ചിട്ടയായ പരിശീലത്തെയും അക്കാദമിയിലെ അനുഭവങ്ങളെ പറ്റിയും പ്രതിപാദിക്കുന്നു.” Lipin Raj M P-Marangal Odunna Vazhiyeഭാരത് ദർശൻ ” എന്ന ഭാഗത്തിൽ ഇന്ത്യൻ ഗ്രാമങ്ങളിലൂടെയും നഗരപ്രാന്തങ്ങളിലൂടെയും അദ്ദേഹം നടത്തിയ യാത്രനുഭവങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലിപിൻ രാജ് എന്ന വൃക്തിയിൽ നിന്ന് ഒരു സിവിൽ സെർവന്റിലേക്കുള്ള യാത്രയാണ് ഈ പുസ്തകം.എങ്ങനെയാണ് ഒരു ഭരണാധികാരി രൂപപ്പെടുന്നത് എന്നതിന്റെ നേർചിത്രം ഈ പുസ്തകം പകർന്നുതരുന്നു.ഇന്ത്യയുടെ നാല് അതിരുകളും തൊടുന്ന ട്രെയിൻ യാത്രകളെ വളരെ ഹൃദ്യമായ ഭാഷയിൽ രചയിതാവ് അവതരിപ്പിച്ചിരിക്കുന്നു.യാത്രകളിൽ കണ്ടുമുട്ടിയ വൃക്തികൾ,നേടിയെടുത്ത അറിവുകൾ,കണ്ട സംസ്കാരങ്ങൾ എന്നിവയെ വളരെ ലളിതമായ ഭാഷയിൽ രചയിതാവ് ആവിഷ്കരിച്ചിരിക്കുന്നു.പരിമിതികളെ എങ്ങനെ വിജയത്തിലേക്കുള്ള ചിവിട്ടുപടികളാക്കാം എന്ന് ഈ പുസ്തകം കാട്ടിത്തരുന്നു.വിജയികളും പരാജിതരും സഞ്ചരിക്കുന്ന പാത ഒന്നാണെന്നും വിജയം ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രമായി നല്കപ്പെട്ടതല്ലെന്നും സ്വന്തം അനുഭവങ്ങളിലൂടെ തെളിക്കുകയാണ് രചയിതാവ്‌.വിജയികളും പരാജിതരും തമ്മിലുള്ള വ്യതാസം രചയിതാവ് തന്റെ ” ഫൗണ്ടേഷൻ ദിനങ്ങൾ” എന്ന കഥയിൽ അടയാളപ്പെടുത്തിയിരുക്കുന്നത് ഇപ്രകാരമാണ്
“നഷ്ടപ്പെട്ട സ്വപ്നങ്ങളെയും യാഥാർഥ്യങ്ങളെയും ഓർത്തു നിലവിളിക്കുന്നവർ അധീരരാണ്.ലക്ഷ്യത്തിൽ നിന്നും അധികം ദൂരെയല്ല,വിജയികളും പരാജിതരും.യഥാർത്ഥത്തിൽ വിജയികളും പരാജിതരും നടത്തുന്നത് ഒരേ ഞാണിമേൽക്കളിയാണ്.വിജയികൾ വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ നോക്കുമ്പോൾ പരാജിതർ വിജയത്തിലേക്കുള്ള ദൂരത്തെപ്പറ്റി ശരിയായ അറിവുള്ളവരായിരിക്കില്ല.അതിനാൽ തന്നെ വിജയമെന്നത് ആപേക്ഷികവും പരാജയമെന്നത് സ്ഥായിയല്ലാത്തതുമാണ്”.
കാലം അടയാളപ്പെടുത്തുന്നത് പലപ്പോഴും വിജയികളെ മാത്രമാണ്.അതേ പാതയിലൂടെ നടന്നുനീങ്ങി പരാജയത്തെ സ്വയം സ്വീകരിച്ചു യാത്ര അവസാനിപ്പിച്ച മനുഷ്യർ കഥകളായി മാത്രം ഒടുങ്ങുകയാണ് ചെയ്യുന്നത്. വിജയവും പരാജയവും മനുഷ്യന്റെ കൈയകലത്ത് ആണെന്നും അവയിൽ ഏത് സ്വീകരിക്കണം എന്നത് നമ്മുടെ തീരുമാനം ആണെന്നും രചയിതാവ് സ്വന്തം അനുഭവങ്ങളിലൂടെ കാട്ടിതരുന്നു.അറിവും അനുഭവങ്ങളും ആത്മവിശ്വാസവും ഒരുപോലെ പകർന്നു തരുന്ന പുസ്തകം വായനക്കാരന് മികച്ച ഒരു വായനാനുഭവം പ്രദാനം ചെയ്യുന്ന ഒന്നാണ്.

ലിപിൻ രാജ് എഴുതിയ പുസ്തകം ‘മരങ്ങൾ ഓടുന്ന വഴിയേ‘ എന്ന യാത്രാവിവരണത്തെ കുറിച്ചുള്ള ആസ്വാദനം.

എഴുതിയത്: സൂര്യ എസ്‌.എസ്.
എം.എസ്.ഡബ്ലിയു വിദ്യാർത്ഥിനി,
കാര്യവട്ടം ക്യാംപസ്, കേരള യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം.

Comments are closed.