DCBOOKS
Malayalam News Literature Website

ശംസുദ്ദീന്‍ മുബാറകിന്റെ മരണപര്യന്തം എന്ന പുസ്തകത്തെക്കുറിച്ച് ജയന്‍ ശിവപുരം എഴുതുന്നു…

വളരും തോറും കുട്ടികളില്‍ ചിന്താശേഷിയുടെ ആഴം വര്‍ധിക്കുന്നു. വിദ്യാഭ്യാസം ലഭിക്കുന്നവരില്‍ ഇതു വളരെ വേഗത്തിലുമാകും. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവരുടെ മനസ്സിലും ജീവിതം അനേകം സന്ദേഹങ്ങള്‍ നിറയ്ക്കുന്നുണ്ട്. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീതിയും സന്ദേഹവും ഏതെന്ന ചോദ്യത്തിനു രണ്ടാമതൊരുത്തരമില്ല. അത് മരണവും മരണാനന്തര ജീവിതവും തന്നെ. അപരിഷ്‌കൃത ഗോത്രസമൂഹങ്ങളിലെ മനുഷ്യരെപ്പോലും ഇതു വേട്ടയാടുന്നുണ്ടാവണം. ലോകം ആര്‍ജിച്ച വൈജ്ഞാനിക സമ്പത്തു തലമുറകളായി പകര്‍ന്നു കിട്ടാത്തതിനാല്‍ അവര്‍ക്ക് ഇതു സംബന്ധിച്ചുള്ള അറിവു പരിമിതമായിരിക്കുമെങ്കിലും മരണഭീതിമൂലം അവരും അദൃശ്യശക്തികളെ ഭയപ്പെടുന്നു. ജീവിതത്തിനപ്പുറം ശൂന്യതയാവില്ല എന്നു സംശയിക്കുന്നു. പരിഷ്‌കൃത സമൂഹം വിവക്ഷിക്കുന്ന തരത്തിലല്ലെങ്കിലും മറ്റൊരു തരം ആത്മീയതയില്‍ അവരും അഭയം കണ്ടെത്തുന്നുണ്ട്.

ഭൂമിയില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെട്ട ഓരോ വ്യക്തിയും വ്യത്യസ്തവും വിചിത്രവുമായ അനുഭവലോകത്തിലൂടെയാണ് കടന്നുപോകുന്നത്. ഓരോരുത്തരും തിര ഞ്ഞെടുക്കുന്ന വഴിയനുസരിച്ചാണ് ജീവിതം അവര്‍ക്കു മുന്നില്‍ തുറക്കപ്പെടുന്നതെന്നു സാമാന്യമായി പറയാറുണ്ട്. എന്നാല്‍ സ്വന്തം വഴി നിശ്ചയദാര്‍ഢ്യത്തോടെ തിര ഞ്ഞെടുക്കാന്‍ അധികമാര്‍ക്കും കഴിയാറില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും നിവൃത്തി കേടുകളും കൊണ്ട് മനുഷ്യര്‍ ഓരോ വഴിയിലൂടെ നയിക്കപ്പെടുകയാണ്. ഇതിനിടയില്‍ കടുത്ത തീരുമാനങ്ങളും ഉറച്ച വിശ്വാസവുമായി മുന്നോട്ടു പോകുന്നവരുമുണ്ടാകാം. അവര്‍ ന്യൂനപക്ഷമാണെന്നതില്‍ തര്‍ക്കമില്ല. ഈ ജീവിത യാത്രയ്ക്കിടയില്‍ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ആത്മീയമായ മേഖലകളില്‍ കൂടി വിഹരിക്കുന്ന സവിശേഷ ജീവിയാണ് മനുഷ്യന്‍.

മതങ്ങളും മറ്റു ദര്‍ശന പദ്ധതികളും മനുഷ്യരെ പല ചിന്താസരണികളിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കുന്നു. സ്വന്തം അസ്തിത്വത്തെപ്പറ്റി സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും മുമ്പുതന്നെ മതങ്ങള്‍ അവരുടേതായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അവ യ്ക്കുള്ള ഉത്തരം ചെറുപ്രായത്തില്‍ത്തന്നെ മനുഷ്യര്‍ക്കു നല്‍കുകയും ചെയ്യുന്നുണ്ട്. മരണത്തോടെ എല്ലാം അവസാനിക്കുമോ എന്ന ചോദ്യമാണ് ലോകമെങ്ങുമുള്ള മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ആദ്യത്തെയും അവസാനത്തെയും ചോദ്യം. പ്രധാനപ്പെട്ട മതചിന്താധാരകളെല്ലം ഇതിനു നല്‍കുന്ന ഉത്തരം സമാനമാണ്. ശരീരം മാത്രമല്ല മനുഷ്യര്‍ക്ക് ആത്മാവുമുണ്ട്. ആത്മാവിനെക്കുറിച്ചുള്ള ആലോചനയില്‍ നിന്നു തന്നെയാണ് ആത്മീയതയുടെ പിറവി. ഇങ്ങനെ മനുഷ്യജീവിതത്തിനു കേവല ഭൗതികതയില്‍ നിന്നു വിഭിന്നമായ ആത്മീയതലം കൂടി വന്നുചേര്‍ന്നു. മരിച്ചാല്‍ തീര്‍ന്നു എന്ന കേവല യുക്തിവാദത്തിന്റെ യാന്ത്രികതയേക്കാള്‍ ക്രിയാത്മകവും സൗന്ദര്യാത്മകവുമാണ് ആത്മീയതയിലൂന്നുന്ന മരണാനന്തര ലോകം എന്ന ചിന്തയില്‍ നിന്നാണ് ലോകത്തെ മഹത്തായ പല കലാസൃഷ്ടികളും സാഹിത്യ സൃഷ്ടികളും ഉണ്ടായിട്ടുള്ളത്. ഇതു സാര്‍വലൗകികമായ വിഷയവുമാണ്. എന്നാല്‍ ഖുര്‍ആനെയും അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളെയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന്റെ മരണാനന്തര ജീവിത പരീക്ഷണങ്ങളെ അനാവരണം ചെയ്യുന്ന ഒരു ആഖ്യായിക ഒരു പക്ഷേ ലോക സാഹിത്യത്തില്‍ തന്നെ അപൂര്‍വമായിരിക്കും. ശംസുദ്ദീന്‍ മുബാറക്കിന്റെ മരണപര്യന്തം അഥവാ റൂഹിന്റെ നാള്‍മൊഴികള്‍ എന്ന നോവല്‍ ഇത്തരമൊരന്വേഷണമാണ്. അധികം എഴുത്തുകാര്‍ കടന്നു ചെന്നിട്ടില്ലാത്ത ഇഹലോക ത്തിനപ്പുറമുള്ള ലോകത്തെ വിശേഷങ്ങളും വിചാരണകളും വിചാരങ്ങളും വരച്ചിടുന്ന ഈ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്നു.

ഓരോ വ്യക്തിയിലുമുള്ള ആത്മാവ് എന്ന അണയാത്ത പ്രകാശമാണ് റൂഹ്. മനുഷ്യ ശരീരത്തിന് ജീവനും അറിവും ശക്തിയും പ്രദാനം ചെയ്യുന്ന റൂഹ് അല്ലാഹുവിന്റെ സൃഷ്ടിയെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ജിബ്രീല്‍ മാലാഖ വഴി 23 വര്‍ഷം കൊണ്ട് ദൈവം പ്രവാചകനായ മുഹമ്മദിനു നല്‍കിയ സന്ദേശങ്ങളില്‍ മനുഷ്യരുടെ ഇഹലോക ജീവിതത്തെപ്പറ്റി മാത്രമല്ല ആത്മാവിന്റെ സഞ്ചാരപഥങ്ങളെക്കുറിച്ചും തെറ്റു ചെയ്യുന്നവര്‍ നേരിടേണ്ടിവരുന്ന തീവ്രപരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. ഇതിനെപ്പറ്റി പല പണ്ഡിതരും വ്യാഖ്യാനങ്ങള്‍ രചിച്ചു. ഖുര്‍ആന്‍ വചനങ്ങളുടെ കാവ്യാ ത്മകതയെപ്പറ്റിയും ഇതരഗ്രന്ഥങ്ങളില്‍ നിന്നു വ്യത്യസ്തമായി അതിനുള്ള തുറന്ന ഘടനയെപ്പറ്റിയും പഠനങ്ങളുണ്ടായി.

എട്ടാം നൂറ്റാണ്ടില്‍ കലയുടെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായിരുന്ന ഡമാസ്‌കസില്‍ ജനിച്ച ഇബിനുല്‍ ഖയ്യിമിന്റെ കിതാബുല്‍ റൂഹ് അഥവാ ആത്മാവിന്റെ പുസ്തകമാണ് ഈ ശ്രേണിയിലെ ഒരു പക്ഷേ ആദ്യത്തേതും ഏറ്റവും ശ്രേഷ്ഠമായതും. അറബിയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഉറുദു പരിഭാഷയുണ്ടങ്കെിലും സമഗ്രമായ ഇംഗഌഷ് പരിഭാഷ ലഭ്യമാണോ എന്ന കാര്യം സംശയമാണ്. ഈ പുസ്തകത്തിന്റെ സംഗ്രഹം ദ് സോള്‍സ് ജേണി ആഫ്റ്റര്‍ ഡത്ത് (ആത്മാവിന്റെ മരണാനന്തര സഞ്ചാരങ്ങള്‍) എന്ന പേരില്‍ ലൈല മബ്‌റൂക്ക് ഇംഗഌഷില്‍ എഴുതിയിട്ടുണ്ട്. ഇസ്ലാമിക ബൗദ്ധിക നവോത്ഥാനത്തിന്റെ നേതൃസ്ഥാനത്ത് പല ചിന്തകരും ഇബിനുല്‍ ഖയ്യിമിനെ പ്രതിഷ്ഠിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടില്‍ അദ്ദേഹം തുടങ്ങിവച്ച അന്വേഷണങ്ങളുടെ തുടര്‍ച്ച കൂടിയാണ് ശംസുദ്ദീന്‍ മുബാറക്കിന്റെ അത്യപൂര്‍വമായ ഈ നോവല്‍.

ഭാവനയുടെ അപാര ലോകങ്ങളില്‍ വ്യാപരിക്കുമ്പോഴും പ്രവാചകനായ മുഹമ്മദിലൂടെ വെളിപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ശംസുദ്ദീന്റെ രചനയ്ക്കു വഴികാട്ടിയാവുന്നത്. മനുഷ്യജന്മത്തിന്റെ നിസ്സാരതയും ക്ഷണികതയും നിസ്സഹായതയും ഈ പുസ്തകത്താളുകളില്‍ നിശബ്ദ തേങ്ങലുകളായി വ്യാപിച്ചുകിടക്കുന്നു. നിവൃത്തി കേടിനാല്‍ ചെറുതല്ലാത്ത തെറ്റുകളിലേക്ക് മുഖംകുത്തി വീണ തയ്യിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീറിന്റെ മരണാനന്തര ജീവിതമാണ് ഇതിന്റെ ഇതിവൃത്തമെന്ന് ഒറ്റവാചകത്തില്‍ പറയാം. ബഷീറിന്റെ മരണത്തോടെയാണ് ആഖ്യാനത്തിനു തുടക്കമാവുന്നതെങ്കിലും റൂഹിന്റെ ഓര്‍മയിലൂടെ ഭാര്യ സലീനയും മകന്‍ അജ്മലും കുഞ്ഞുമോളും അടങ്ങിയ കുടുംബജീവിതത്തിന്റെ ചിത്രം അതി തീവ്രമായി ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. കബറിനുള്ളില്‍ നിന്നു പുറത്തേക്കും തിരികെ വീണ്ടും അകത്തേക്കും അവിടെ നിന്നു പരലോകത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും ഭൂമിയുടെ തന്നെ അന്ത്യത്തിലേക്കും പിന്നെ പുതിയ സൂര്യോദയത്തിലേക്കുമുള്ള അക്ഷര സഞ്ചാരത്തില്‍ അനുഭവപ്പെടുന്നത് അസാമാന്യമായ രചനാവൈഭവത്തിന്റെ ഒഴുക്കും സൗന്ദര്യവുമാണ്.

മരണാനന്തരമുള്ള നാള്‍വഴിക്കുറിപ്പില്‍ 2208 ഒക്‌ടോബര്‍ അഞ്ചിന് ഭൂമിയിലൂടെ അപ്പൂ പ്പന്‍ താടി പോലെ പറന്നു നടന്ന റൂഹിനു മുന്നില്‍ ഇബ്‌നു മുറാദ് എന്ന സിറിയ ക്കാരനാണ് അറബ് രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ വാര്‍ത്തകള്‍ എത്തിക്കുന്നത്. ലോകം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളാണത്. തുര്‍ക്കിക്കാരും സിറിയക്കാരും തമ്മില്‍ സ്വര്‍ണത്തിനു വേണ്ടിയുള്ള യുദ്ധം. 2278 മേയ് 13 നാണ് ലോകാവസാനത്തിനു നിയോഗിക്കപ്പെട്ട ഇസ്‌റാഫീല്‍ മാലാഖ കാഹളമൂതുന്നത്. ലോകാവസാനത്തിനു മുന്നോടിയായി ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ വിവരണം ആഖ്യാനത്തിന്റെ അഃ്യ പൂര്‍വ തലങ്ങളിലൂടെയാണ് വികസിക്കുന്നത്. ഭൗമാന്തര്‍ഭാഗത്തെ ഖനികള്‍ പുറത്തേക്കു തള്ളി സ്വര്‍ണവും വെള്ളിയും ഭൂമിയുടെ തൊലിപ്പുറത്തു പരന്നുകിടക്കുന്നതിന്റെ വാങ്മയചിത്രങ്ങള്‍.

ലോകവസാനം പെയ്ത പെരുമഴയില്‍ റൂഹിനു പുനര്‍ജന്മമുണ്ടായ ശേഷമുള്ള നങറ്റ വഴിക്കുറിപ്പുകളാണ് നോവലിന്റെ തുടര്‍ന്നുള്ള ഭാഗം. എല്ലാവരും മരണത്തിനു കീഴടങ്ങിയ ശേഷം ബാക്കിയാവുന്നത് മരണത്തിന്റെ മാലാഖയായ അസ്‌റാഈലും ദൈവവും മാത്രം. ലോകരെ മുഴുവന്‍ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയ ദേവതയും ഒടുക്കം മരണത്തിന്റെ രുചിയറിയുന്നു. മരണത്തിന് ഇത്ര വേദനയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഒരു മനുഷ്യാത്മാവിനെപ്പോലും താന്‍ പിടിക്കില്ലായിരുന്നുവെന്ന് കുറ്റബോധ ത്തോടെ അസ്‌റാഈല്‍ വിലപിക്കുമ്പോള്‍ ദൈവം ചിരിക്കുകയാണ്. ഇതിഹാസ കഥകളില്‍ നിന്ന് സര്‍ഗാവിഷ്‌കാരത്തിന്റെ നൂതനപഥങ്ങളിലേക്ക് പാത്രചിന്തയെ പുനരാനയിക്കുന്നതിന്റെ ഉത്തമനിദര്‍ശനം കൂടിയാണ് ഈ ഭാഗം.

തുടര്‍ന്നാണ് മനുഷ്യവിചാരണയ്ക്കായി മഹ്ശറ എന്ന വലിയ ലോകം സൃഷ്ടിക്ക പ്പെടുന്നതും വിചാരണ ആരംഭിക്കുന്നതും. മഹ്ശറയിലെ ചീത്ത മനുഷ്യരെ നോക്കി യുള്ള നരകത്തിന്റെ അട്ടഹാസവും തീതുപ്പലും. നരകയാതനയുടെ നാളുകള്‍ ഉള്‍ക്കി ടിലത്തോടെ മാത്രമേ വായിക്കാന്‍ കഴിയൂ. സ്വര്‍ഗനരകങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ പല ഗ്രന്ഥങ്ങളിലും പലവിധത്തിലാണ്. ഇസ്ലാമിക ഗ്രന്ഥങ്ങളിലെ വിവരണമാണ് നോവ ലിന് അടിസ്ഥാനമെങ്കിലും ഒരു പ്രത്യേക ആത്മാവിന്റെ വൈയക്തികമായ അനു ഭവമെന്ന നിലയില്‍ അതിസൂക്ഷ്മവും ഹൃദയസ്പര്‍ശിയുമാണ് ഈ ആഖ്യാനം. കേവല വ്യാഖ്യാനത്തിനും വിശദീകരണത്തിനുമപ്പുറം നരകത്തെ സംഭ്രമാത്മക യാഥാര്‍ഥ്യ മായും സ്വര്‍ഗത്തെ കാവ്യാത്മക സൗന്ദര്യമായും ആവിഷ്‌ക്കരിക്കാനാണ് ശംസുദ്ദീന്‍ ശ്രമിക്കുന്നത്.

സുഘടിതവും സുന്ദരവുമായ നോവല്‍ശില്‍പ്പത്തിന്റെ അന്ത്യത്തോടടുക്കുമ്പോള്‍ വായ നക്കാരും സ്വര്‍ഗത്തിലേക്കു പ്രവേശിക്കുന്നു. ബഷീറിനൊപ്പം ഹൂറിയുടെ കൊട്ടാര ത്തിലേക്ക് ആനയിക്കപ്പെടുന്നു. സൗഭാഗ്യത്തിന്റെ പൂങ്കാവനങ്ങളിലൂടെയുള്ള സഞ്ചാരം. എന്നാല്‍ നരകത്തിന്റെ ആസുരമായ കണ്ണീര്‍പ്പാടങ്ങളും വേദനയുടെ അഗ്‌നിശയ്യകളും പിന്നിട്ട് ബഷീര്‍ പാപമോചിതമായ മറ്റൊരിടത്തേക്ക് പ്രവേശിക്കുമ്പോഴും തെറ്റിലേക്കു വീണുപോയ ഒരു മനുഷ്യന്റെ സഹനങ്ങള്‍ വായനക്കാരെ വേട്ടയാടുക തന്നെ ചെയ്യും. നല്ല നോവലുകള്‍ കൃത്യമായ കഥയല്ല മനസ്സില്‍ അവശേഷിപ്പിക്കുന്നത്. ആഖ്യാന ത്തിന്റെ വിശദാംശങ്ങളുമല്ല. മറിച്ച് വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ നിരീക്ഷിക്കുന്നതുപോലെ മഹത്തായ അനുഭവലോകണമാണത്. വായനാനന്തരം കഥയായി പറഞ്ഞു ഫലിപ്പിക്കാനാവാത്ത അപൂര്‍വരസാനുഭൂതി. വ്യത്യസ്തവും നൂതനവുമായ വായനാനുഭവത്തിന്റെ ലോകത്തേക്കു ചവിട്ടിക്കയറാനുള്ള കോണിയാണ് ഓരോ നോവലും. മരണപര്യന്തത്തിനും ചേരും ഈ വിശേഷണം.

ആത്മാവിനു പിറകെ മറ്റൊരു മാലാഖയെപ്പോലെ രചയിതാവ് നടത്തുന്ന സഞ്ചാരമാണ് മരണപര്യന്തം. ഇതില്‍ കാലം മുന്നോട്ടു പറക്കുന്നു. ലോകം കീഴ്‌മേല്‍ മറിയുന്നു. ഭൂമി തന്നെ ഇല്ലാതായി മഹാശൂന്യതയുടെ ഇരുട്ടുപരക്കുന്നു. പിന്നെ പുതിയ ലോകവും വിചാരണയും പീഡനപര്‍വവും. ആശ്വാസത്തിന്റെ പച്ചപ്പിലൂടെ സുഗന്ധോദ്യാനങ്ങളി ലേക്കു പ്രവേശിക്കുന്ന കഥ സ്വര്‍ഗീയാനുഭൂതിയുടെ വിശദാഖ്യാനത്തോടെയാണ് പൂര്‍ണമാകുന്നത്.

 

 

Comments are closed.