DCBOOKS
Malayalam News Literature Website

ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഒരു പ്രായോഗിക സമീപനം

ഓര്‍മ്മശക്തിയും ബുദ്ധിശക്തിയുമാണ് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന്. മനുഷ്യരിലെ ബുദ്ധിശക്തി പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രായോഗികമായി ബുദ്ധിശക്തി എങ്ങനെ വളര്‍ത്താം, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് വിശദമായ അറിവുകള്‍ പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്ന് രചിച്ച പുതിയ പുസ്തകമാണ് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍.

പുസ്തകത്തിന് ഇരുവരും ചേര്‍ന്ന് രചിച്ച ആമുഖം വായിക്കാം

സമൂഹത്തില്‍ അറുപതു ശതമാനം ആളുകള്‍ക്കും ഓര്‍മ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. 30 വയസ്സു കഴിയുമ്പോഴേക്കും ഒരാളിന്റെ തലച്ചോറിലെ പത്തു ശതമാനത്തോളം ന്യൂറോണുകള്‍ക്ക് പ്രതിവര്‍ഷം ക്ഷതം പറ്റും എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മദ്യപന്മാരില്‍ ഒരു ദിവസം അയ്യായിരത്തോളം ന്യൂറോണുകള്‍ മരിക്കും എന്നാണ് കണക്ക്. ഓര്‍മ്മശക്തി കുറയു ന്നതിന് നിരവധി കാരണങ്ങളുണ്ട്. കുട്ടികള്‍ പഠിക്കുമ്പോള്‍ അവര്‍ക്കു പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനോ പരീക്ഷയില്‍ അതു പ്രകടിപ്പിക്കാനോ ചിലപ്പോള്‍ കഴിയാതെ വരും. പരീക്ഷ കഴിഞ്ഞിറങ്ങുമ്പോഴാണ് ‘അയ്യോ! അത് ഞാന്‍ പഠിച്ചതാണല്ലോ, എഴുതാന്‍ പറ്റിയില്ലല്ലോ’ എന്നൊരു തോന്നലുണ്ടാകുക. ഇത്തരം പ്രശ്‌നങ്ങള്‍ ജനസംഖ്യയില്‍ പകുതിയിലേറെ ആളുകളെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇതു സംബന്ധിച്ച ഒരു പുസ്തകം എഴുതണമെന്ന് ഡിസി ബുക്‌സ് പ്രത്യേകം ആവശ്യപ്പെട്ടതിന്‍പ്രകാരമാണ് ഈ പുസ്തകം തയ്യാറാക്കിയത്.

ഓര്‍മ്മശക്തി എന്താണ്? ബുദ്ധിശക്തി എന്താണ് എന്ന ന്യൂറോളജിക്കല്‍ സിദ്ധാന്തം പറഞ്ഞിട്ടു കാര്യമില്ല. അത് എം.ബി.ബി.എസ്സുകാര്‍ പഠിക്കേണ്ട വിഷയമാണ്; മാത്രവുമല്ല ആ സിദ്ധാന്തം ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്കുപോലും മനസ്സിലാവുകയുമില്ല. പ്രായോഗികമായി ബുദ്ധിശക്തി എങ്ങനെ വളര്‍ത്താം, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് വിശദമായ അറിവുകള്‍ പകര്‍ന്നുകൊടുക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

ഓര്‍മ്മശക്തി അല്ലെങ്കില്‍ ബുദ്ധിശക്തി തലച്ചോറിന്റെ പ്രധാനപ്പെട്ട കര്‍മ്മങ്ങളിലൊന്നാണ്. ചാള്‍സ് സി. സ്പിയന്‍മാന്റ് എഴുതിയ ‘ഇന്റലിജന്‍സ്’ (1904) ആണ് ഇതു സംബന്ധിച്ച ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം. ഓര്‍മ്മശക്തിയെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എല്‍.എല്‍. തോഴ്സ്റ്റ എഴുതിയ ‘പ്രൈമറി മെന്റല്‍ എബിലിറ്റി’ എന്ന പുസ്തകമാണ് കുറച്ചുകൂടി വിശദമായി, പ്രായോഗികമായ കാര്യങ്ങള്‍  രേഖപ്പടുത്തിയിട്ടുള്ള പുസ്തകം. 1957-ല്‍ ജയിംസ് വാട്ട്‌സണ്‍ ആര്‍ ക്രിക്ക് ഡി.എന്‍.എ. തന്മാത്ര കണ്ടുപിടിച്ചതിനുേശഷം,  കോഗ്നിറ്റീവ് തിയറിസ്’ എന്ന പേരില്‍ അന്നു നിലനിന്നിരുന്ന സിദ്ധാന്തങ്ങള്‍ ലീ ക്രോ ബാക്ക് എന്ന ശാസ്ത്രജ്ഞന്‍ രേഖപ്പടുത്തിയിട്ടുണ്ട്. ഇതില്‍ കുറച്ചുകൂടി ആധുനികമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു.

1983-ല്‍ ഹോവാര്‍ഡ് ഗാര്‍ഡിനര്‍ എഴുതിയ ‘മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്’ ആണ് ഇൗ രംഗത്തുള്ള ഏറ്റവും ബൃഹത്തായ പുസ്തകം. ഒരാളുടെ ബുദ്ധിശക്തി പലതരത്തിലാണ്  പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് ഒന്‍പത് തരത്തിലുള്ള ബുദ്ധിശക്തിയുണ്ട്. അതില്‍  ഓരോന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നു, അവിടെ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്താെക്കയാണ് എന്ന് ഇൗ പുസ്തകത്തില്‍  രേഖപ്പടുത്തിയിരിക്കുന്നു. ഇൗ സിദ്ധാന്തത്തെ ശക്തിപ്പെടുത്തിയത്‌ പിന്നീടുവന്ന സ്റ്റേബര്‍ഗ് എന്ന ശാസ്ത്രജ്ഞന്‍ എഴുതിയ  ട്രയാര്‍ക്കിക് സിദ്ധാന്തമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മൂന്നു രീതികളില്‍ എങ്ങനെ സ്വാധീനിക്കുന്നുെവന്ന് ഇൗ സിദ്ധാന്തം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.  വളരെ വിശദമായ രീതിയില്‍  മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകത്തക്ക രീതിയില്‍ അതിനെ വ്യാഖ്യാനിച്ചത് വിശ്വ്രപസിദ്ധനായ ജറാലവി എന്ന ശാസ്ത്ര ജ്ഞനാണ്.അദ്ദേഹത്തിന്റെ  ബയോളജിക്കല്‍ തിയറിയിലാണ് ബയോളജിക്കലായ കാര്യങ്ങള്‍ കൊണ്ട് ബുദ്ധിശക്തിയെ എങ്ങനെ വികസിപ്പിക്കാം എന്നു  രേഖപ്പടുത്തിയിരിക്കുന്നത്.

മുന്‍പ് സൂചിപ്പിച്ച സംഗതികളെ പ്രായോഗികതലത്തില്‍ രൂപാന്തരപ്പെടുത്തിയത് ജീന്‍ പേജറ്റ് (Jean Piagte) എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ‘സൈക്കോമെട്രിക് തിയറീസ്’ ബുദ്ധിശക്തിയെ മൂന്നുതരത്തില്‍ വിഭജിക്കുന്നു. ഒന്ന് കോഗ്‌നിഷന്‍, അടുത്തത് അസിമിലേഷന്‍, മൂന്നാമത് അക്കോമേഡഷന്‍. ഇത് വികസിക്കുന്നതിന് വളരെ ശക്തമായ നാല് കാലഘട്ടങ്ങളുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഒന്നാമത്തെ കാലഘട്ടം ‘സെന്‍സോറി മോട്ടര്‍ പീരീഡ്’ ഗര്‍ഭകാലംമുതല്‍ മൂന്നു വയസ്സുവരെ. രണ്ടാമതായി ‘പ്രീഓപ്പറേഷണല്‍ പീരീഡ്’ നമ്മുടെ തലയില്‍ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വളരുന്ന രണ്ടു വയസ്സുമുതല്‍ ഏഴു വയസ്സുവരെ. മൂന്നാമതായി ‘ഓപ്പറേഷണല്‍’ഏഴു വയസ്സു മുതല്‍ പന്ത്രണ്ടു വയസ്സുവരെ. മൂന്നാമത്തെ ഘട്ടം കഴിയുമ്പോഴേക്കും തലച്ചോറിന്റെ 98 ശതമാനം ഘടനയും പൂര്‍ത്തിയായിരിക്കും. നാലാമത്തെ ഘട്ടം ‘ഫോര്‍മല്‍ ഓപ്പറേഷണല്‍ പീരീഡ്’ പന്ത്രണ്ടു വയസ്സു മുതല്‍ ഒരു വ്യക്തി മരിക്കുന്ന കാലംവരെ.

ഒരാളിലുള്ള ബുദ്ധിശക്തിയുടെ അളവും കണ്ടെത്താന്‍ കഴിയും. ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് ഗാള്‍ ‘മെഷറിങ് ഇന്റലിജന്‍സ്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഐ.ക്യുവിനെ സംബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ തിയറികള്‍ അനാവരണം ചെയ്യുന്നത് ഈ പുസ്തകത്തിലാണ്. ഐ.ക്യു. ഭംഗിയായി അളക്കുവാന്‍ സാന്‍ഫോര്‍ഡ്, ബിനറ്റ് എന്നീ രണ്ട് ശാസ്ത്രജ്ഞന്‍മാര്‍ ‘സാന്റ്‌ഫോര്‍ ബിനറ്റ് ടെസ്റ്റ്’ ഉപയോഗിച്ചു. ഇതിനെ അല്പംകൂടി പരിഷ്‌കരിച്ചത് ഗ്രൂവര്‍ എന്ന ശാസ്ത്രജ്ഞനാണ്. ‘ഗിഫ്റ്റഡ് നെസ്’ എന്ന ടെസ്റ്റ് അദ്ദേഹം നടപ്പാക്കുകയും അഞ്ഞൂറു രൂപ ചെലവില്‍ നമ്മുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും അളക്കുവാനുള്ള യാഡ്സ്റ്റിക്ക് കണ്ടെത്തുകയും ചെയ്തു.

ബുദ്ധിശക്തിയുടെ ശാസ്ത്രം സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക രീതിയില്‍ വ്യാഖ്യാനിച്ചുതന്നത് ബെഞ്ചമിന്‍ വോള്‍മാന്‍ തയ്യാറാക്കിയ ‘ഹാന്‍ഡ്ബുക്ക് ഓഫ് ഇന്റലിജന്‍സ്’ (1985) എന്ന പുസ്തകമാണ്. ഇന്റലിജന്‍സിന്റെ തിയറിയും അളവും അതിന്റെ ആപ്ലിക്കേഷനും ഈ പുസ്തകത്തിലുണ്ട്. തലച്ചോറിനെ സംബന്ധിച്ചും അതിന്റെ ബുദ്ധിശക്തിയുടെ അളവിനെ സംബന്ധിച്ചും പഠിച്ച വിശ്വപ്രസിദ്ധമായ ചില പുസ്തകങ്ങള്‍ ഉദ്ധരിച്ചത് വിഷയസംബന്ധമായ അറിവ് പ്രാഥമികമായി ആവശ്യമുള്ളതുകൊണ്ടാണ്. ഈ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് പ്രായോഗികമായി നമ്മുടെ ഓര്‍മ്മശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നാണ് ഇനി മനസ്സിലാക്കാനുള്ളത്. പ്രായോഗികതയില്‍ മാത്രമൂന്നിയാണ് ഈ പുസ്തകം ഞങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വിഷയം സംബന്ധിച്ച അധിക വായനയ്ക്കായി വിശദമായി ഗ്രന്ഥസൂചിയും ഒടുവില്‍ കൊടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ പുസ്തകം ഉപകാരപ്പെടും എന്നു പ്രതീക്ഷിക്കട്ടെ.

ഡോ. അലക്‌സാണ്ടര്‍ ജേക്കബ്
അമ്മു എലിസബത്ത് അലക്‌സാണ്ടര്‍

 

Comments are closed.