DCBOOKS
Malayalam News Literature Website

‘മണ്‍വിളക്ക്’; ഓഷോയുടെ ദര്‍ശനങ്ങളും ചിന്തകളും

ജീവിതം ആസ്വദിക്കുന്നതാണ് അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അഭികാമ്യമെന്ന് ആത്മീയാചാര്യന്‍ ഓഷോ പറയുന്നു. ജീവിതത്തെ മനസ്സിലാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍, വിഡ്ഢിയാണെന്ന് സ്വയം തെളിയിക്കുകയാണ് ചെയ്യുന്നതത്രേ. അതേസമയം, ജീവിതം ആസ്വദിക്കുന്ന മനുഷ്യന്‍ ശ്രേഷ്ഠനാകുന്നു. കാരണം, അവന്‍ നമുക്കു ചുറ്റുമുള്ള നിഗൂഢതയെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവനാണ്.
ജീവിതം ആസ്വദിക്കാനും അതുവഴി മഹത്തായ ജ്ഞാനം അറിയാനും സഹായിക്കുന്ന ഓഷോയുടെ ചിന്തകളടങ്ങിയ സമാഹാരമാണ് മണ്‍വിളക്ക് എന്ന ഈ കൃതി.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി അശോകന്‍ ചിള്ളിക്കാടനാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മണ്‍വിളക്കിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

കൃതിയില്‍ നിന്ന്

“ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈശ്വരന്റെ മൂര്‍ത്തികളാല്‍ തിങ്ങിനിറഞ്ഞ മന്ദിരങ്ങളുള്ള ഒരു നഗരം സമുദ്രത്തില്‍ മുങ്ങിത്താഴുകയുണ്ടായി. ആ മന്ദിരങ്ങളില്‍ നിന്ന് ഇന്നും മണി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷേ, ജലതരംഗം കൊണ്ടായിരിക്കാം അതു മുഴങ്ങുന്നത്. അല്ലെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും നീന്തിക്കൊണ്ടിരിക്കുന്ന മത്സ്യവുമായി കൂട്ടിമുട്ടുന്നതുകൊണ്ടായിരിക്കാം. എന്തായാലും മണി മുഴങ്ങുന്നുണ്ട്. സമുദ്രതീരത്തു ചെന്നാല്‍ ഇന്നും ആ മധുരസംഗീതം കേള്‍ക്കാന്‍ കഴിയും.

എനിക്കും ആ സംഗീതം കേള്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, ഞാന്‍ ആ സമുദ്രം അന്വേഷിച്ച് യാത്രപുറപ്പെട്ടു. അനേക വര്‍ഷങ്ങളുടെ അന്വേഷണത്തിനു ശേഷം അവസാനം ഞാന്‍ ആ സമുദ്രതീരത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍ അവിടെച്ചെന്നപ്പോള്‍ ആ ഏകാന്തതയില്‍ തിരമാലകളുടെ അലര്‍ച്ചയും ദൂരെനിന്നു വരുന്ന സമുദ്രനാദവും തുടര്‍ച്ചയായി മാറ്റൊലിക്കൊള്ളുന്നതാണു കേള്‍ക്കാന്‍ കഴിഞ്ഞത്.

അവിടെ സംഗീതമുണ്ടായിരുന്നില്ല. ഏതെങ്കിലും മന്ദിരത്തില്‍നിന്ന് മണി മുഴങ്ങുന്ന നാദവുമുണ്ടായിരുന്നില്ല. ഞാന്‍ വളരെ ശ്രദ്ധയോടെ അതു കേള്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊട്ടിച്ചിതറുന്ന തിരമാലകളുടെ മുഴക്കമല്ലാതെ മറ്റൊന്നുമവിടെയുണ്ടായിരുന്നില്ല.

എന്നിട്ടും ഞാന്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. വാസ്തവത്തില്‍ തിരിച്ചുപോകാനുള്ള മാര്‍ഗ്ഗംപോലും ഞാന്‍ മറന്നുപോയിരുന്നു.ആരുമില്ലാത്ത അപരിചിതമായ ആ സമുദ്രതീരം എന്റെ സമാധിയായി മാറുകയായിരുന്നു. സമുദ്രത്തില്‍ മുങ്ങിയ മന്ദിരത്തിന്റെ മണിമുഴക്കം കേള്‍ക്കാനുള്ള എന്റെ ആ വിചാരവും ക്രമേണ ഇല്ലാതായി. ഞാന്‍ ആ സമുദ്രതീരത്ത് താമസമുറപ്പിച്ചു.

സമുദ്രത്തില്‍ മുങ്ങിയ ആ മന്ദിരങ്ങളില്‍നിന്നു മണിമുഴങ്ങിക്കൊണ്ടിരിക്കുന്നതായി ഒരു ദിവസം രാത്രിയില്‍ ഞാന്‍ കേട്ടു. ആ മധുരസംഗീതം എന്റെ പ്രാണനെ പ്രകമ്പിതമാക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ സംഗീതം കേട്ട് ഉണര്‍വ്വുണ്ടായെന്നു മാത്രമല്ല, അതിനുശേഷം ഉറങ്ങാനും കഴിഞ്ഞില്ല. ഇപ്പോള്‍ അകത്ത് എന്തോ ഒന്ന് നിരന്തരമായി ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. നിദ്ര എന്നില്‍നിന്ന് എന്നേക്കുമായി അകന്നുകഴിഞ്ഞിരുന്നു. ജീവന്‍ പ്രകാശത്താല്‍ നിറയപ്പെട്ടു. കാരണം നിദ്രയില്ലാത്തിടത്ത് അന്ധകാരമുണ്ടാകാറില്ലല്ലോ.

ഇപ്പോള്‍ ഞാന്‍ വളരെയധികം ആനന്ദത്തിലാണ്. അല്ല…അല്ല… ഞാനിപ്പോള്‍ ആനന്ദം മാത്രമായിക്കഴിഞ്ഞു. എന്തുകൊണ്ടെന്നാല്‍ ഈശ്വരന്റെ മന്ദിരത്തില്‍നിന്നു വരുന്ന സംഗീതമുള്ളിടത്ത് എങ്ങനെയാണ് ദുഃഖം സ്ഥിതി ചെയ്യുക?

എന്താ, നിങ്ങള്‍ക്കും ആ സമുദ്രതീരത്തു വരാന്‍ ആഗ്രഹമുണ്ടോ? ഈശ്വരന്‍ മുങ്ങിക്കിടക്കുന്ന ആ മന്ദിരത്തിന്റെ സംഗീതം കേള്‍ക്കണമെന്നുണ്ടോ?

എങ്കില്‍ നടക്കൂ…സ്വയം അകത്തേക്കു പ്രവേശിച്ചുകൊണ്ടു സഞ്ചരിക്കൂ…സ്വന്തം ഹൃദയം തന്നെയാണ് ആ സമുദ്രം. അതിന്റ ആഴങ്ങളില്‍ത്തന്നെയാണ് ഈശ്വരന്റെ മൂര്‍ത്തികള്‍ മുങ്ങിയ മന്ദിരത്തിന്റെ നഗരം സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ എല്ലാ രീതിയിലും ശാന്തമാകാനും ശൂന്യമാകാനും കഴിയുന്നവര്‍ക്കു മാത്രമേ ആ മന്ദിരത്തില്‍ നിന്നു വരുന്ന മധുരസംഗീതം കേള്‍ക്കാന്‍ കഴിയൂ.

വിചാരത്തിന്റെയും വാസനയുടെയും കോലാഹലമുള്ളിടത്ത് ആ സംഗീതം കേള്‍ക്കാന്‍ കഴിയുമോ? അതിനെ പ്രാപിക്കാനുള്ള വാസന പോലും അതിന്റെ അനുഭവത്തിന് തടസ്സമായിത്തീരുന്നു.”

Comments are closed.