DCBOOKS
Malayalam News Literature Website

‘മനോഭാരമകറ്റൂ മനഃശക്തി നേടൂ’; ജീവിതപരിവര്‍ത്തനശക്തിക്കായുള്ള 12 ചുവടുകള്‍

സമാധാനത്തിലേക്കും സാന്ത്വനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും മനുഷ്യനെ നയിക്കുവാന്‍ സഹായിക്കുന്ന 12 ചുവടുകളെ പരിചയപ്പെടുത്തുന്ന റോബര്‍ട്ട് എ.ഷുള്ളറിന്റെ കൃതിയാണ് മനോഭാരമകറ്റൂ മനഃശക്തി നേടൂ. പരമോന്നത ശക്തിയെ നേരിട്ടറിയുവാനും ജീവിതക്ലേശങ്ങള്‍ അകറ്റുവാനുമുള്ള ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നതുമായ വിവിധ മാര്‍ഗങ്ങളെ കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ആത്മീയശക്തി കൈവരുന്നതിലൂടെ ജീവിതപ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിനും ആത്മീയ വളര്‍ച്ച നേടുന്നതിനും ഈ ചുവടുകള്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ പെരുമാറ്റത്തിലും മനോഭാവത്തിലുമുള്ള വൈരുദ്ധ്യങ്ങള്‍ പിഴുതെറിഞ്ഞ് പുതുശക്തി കൈവരിക്കാനുള്ള വഴികള്‍ ചിന്തോദ്ദീപകങ്ങളായ സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുന്നു.

റോബര്‍ട്ട് എ.ഷുള്ളര്‍ ‘മനോഭാരമകറ്റൂ മനഃശക്തി നേടൂ’വിന് എഴുതിയ ആമുഖക്കുറിപ്പ് 

“വിജയം ഒരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു പ്രയാണമാണ്. ഒരു ജീവിതരീതി. ഈ പുസ്തകത്തിലൂടെയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്കും ബാധകമാണത്. ഏതെങ്കിലും ഒരു ലക്ഷ്യസ്ഥാനത്തോ പരിപൂര്‍ണ്ണതയിലോ ആധ്യാത്മിക പക്വതയിലോ അല്ലെങ്കില്‍ നിങ്ങള്‍ വിളിക്കുന്ന മറ്റെന്തെങ്കിലുമോ എത്താനല്ല ഞങ്ങളുടെ ശ്രമം. ജീവിതത്തിലൂടെ നമ്മള്‍ നടത്തുന്ന പ്രയാണങ്ങളുടെ സമ്പ്രദായത്തില്‍ മാറ്റം ചെലുത്താനായുള്ള ശ്രമമാണിത്. ഓരോ ദിവസവും ജീവിക്കാനായി ഉത്തമമായതു തന്നെ നമ്മള്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള മാറ്റത്തിനായുള്ള ശ്രമം.

അപരിചിതമായ പ്രദേശത്തേക്കുള്ള സവാരിയില്‍ തെറ്റായ വഴിയേ പോകാനും ഇടയ്ക്ക് വഴി മുട്ടിപ്പോകാനും എളുപ്പമാണ്. തെറ്റായ വഴിയേ പോയതു കൊണ്ട് മൊത്തം സവാരി തകര്‍ന്നു തരിപ്പണമായി എന്നര്‍ത്ഥമില്ല. അല്പനിമിഷത്തേക്ക് നിങ്ങള്‍ക്കു കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവുന്നു എന്ന് മാത്രം.

നമ്മളെല്ലാവരും കാര്യങ്ങള്‍ കുഴച്ചു മറിക്കാറുണ്ട്. ചെയ്യരുതാത്തവ ചെയ്യുകയോ പറയരുതാത്തവ പറയുകയോ ചെയ്യും. ഇപ്പോഴോ എപ്പോഴോ ആ തെറ്റായ വഴിയ്ക്കു തിരിയുമ്പോള്‍ ചെയ്യേണ്ടത് ഒന്നുമാത്രം. പുറകോട്ടു തിരിഞ്ഞു ശരിയായ വഴിയ്ക്കു പോവുക. ആദ്യ ചുവടുവെക്കുക.സമയം ഇനിയും വൈകിയിട്ടില്ല.”

ലോകപ്രശസ്ത പ്രബോധകനായ റോബര്‍ട്ട് എ.ഷുള്ളറിന്റെ ‘ഡംപ് യുവര്‍ ഹാങ് അപ്‌സ്’ എന്ന കൃതിയുടെ തര്‍ജ്ജമയാണ് ‘മനോഭാരമകറ്റൂ മനഃശക്തി നേടൂ‘. ഡി.സി ലൈഫ് പ്രസിദ്ധീകരിച്ച ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത് ചന്ദ്രാ വാക്കയില്‍ ആണ്.

Comments are closed.