DCBOOKS
Malayalam News Literature Website

അടക്കിവച്ച ഒരുപാടു സ്വപ്നങ്ങളുടെ മേൽ ഉറങ്ങുന്ന ഒരു നിശാസുന്ദരിയാണോ നമ്മുടെ ഭാരതം ?

“ചാങ്‌സു ഒരു ദിവസം ഒരു സ്വപ്നം കാണുന്നു .താനൊരു ചിത്രശലഭമായി മാറിയെന്ന് . ഉണർന്നു കഴിഞ്ഞപ്പോൾ ചാങ്‌സു സ്വയം ചോദിച്ച ഒരു ചോദ്യമുണ്ട്. ‘ചിത്രശലഭമായി മാറി എന്ന് സ്വപ്നം കണ്ട മനുഷ്യനാണോ അതോ ചാങ്‌സു ആണെന്ന് വിചാരിക്കുന്ന ചിത്രശലഭമാണോ ഇപ്പോൾ ഞാൻ?’ ” – ബെന്യാമിൻ (മഞ്ഞവെയിൽ മരണങ്ങൾ )

ഡീഗോ ഗാർഷ്യയിലൂടെയും കേരളത്തിലൂടെയും യാത്ര ചെയ്യുന്ന ക്രിസ്റ്റി എന്ന ചെറുപ്പക്കാരന്റെ ഉദ്വേഗം നിറഞ്ഞ ജീവിതവഴികൾ അനുവാചകന് ആകാംക്ഷജനിപ്പിക്കുന്ന അക്ഷരങ്ങളിലൂടെ വരച്ചുകാട്ടുകയായിരുന്നു എഴുത്തുകാരൻ മഞ്ഞവെയിൽ മരണങ്ങളിലൂടെ. കഥയുടെ സവിശേഷതമാത്രമല്ല നോവൽ ആവിഷ്കാരത്തിനു വേണ്ടി കഥാകാരൻ അവലംബിച്ച ആഖ്യാനരീതിയും വഴികളും കൂടി നോവലിന്റെ സവിശേഷതയായി എടുത്തു പറയേണ്ടതാണ് . തുടക്കത്തിൽ ഉദ്വേഗജനകമായ ഏതോ ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണകഥയാണോ വായിക്കുന്നത് എന്ന് തോന്നിപ്പിക്കും വിധം തുടങ്ങിയ നോവൽ കടലാസുകൾ മറിഞ്ഞു തീരുമ്പോൾ ആചാരാനുഷ്ടാനങ്ങളുടെയും സ്വപ്നങ്ങളുടെയും വിചിത്രമായ ലോകവും നിഷ്കളങ്ക സൗഹൃദങ്ങളുടെ കാണാകാഴ്ചകളും സ്വപ്നങ്ങളും പച്ചയായ ജീവിതചിത്രങ്ങളും അനുവാചക മനസ്സിൽ അവശേഷിപ്പിക്കുന്നു . നോവൽ എഴുതപ്പെട്ട കാലത്തു വളരെ അധികം സജീവമായിരുന്നു ഓർക്കുട്ട് എന്ന ഓർമ്മപുസ്തകവും ഈ നോവലിൽ പലതിനെയും ഇഴചേർന്നു ബന്ധിപ്പിച്ചു ഒരു കഥാപാത്രമായി മാറുന്നു.

Textമഞ്ഞവെയിൽ മരണങ്ങൾ വായിക്കാൻ തുടങ്ങിയപ്പോൾ സർ ആർതർ കോനൻ ഡോയലിന്റെ സീരീസുകളിൽ ഏതോ ഒന്നിന്റെ പരിഭാഷ അല്ലെ വായിക്കുന്നത് എന്ന് സംശയം തോന്നി . ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സന്ദേഹത്തോടെ എന്നാൽ നിഷ്കളങ്കതയോടെ സഞ്ചരിക്കുന്ന ക്രിസ്റ്റി . ദുരൂഹതകളുടെ അന്ത്രപ്പേർ . ദുരൂഹമായ കഥാപാത്രങ്ങൾ , കാഴ്ചകൾ ,സംഭവങ്ങൾ,അതിലും ദുരൂഹമായ രണ്ടു മരണങ്ങൾ . ഒരുവേള വായിക്കുന്നതൊരു പാരാ സൈക്കോളജിക്കൽ ത്രില്ലെർ അല്ലെ എന്നും ഉള്ള ചിന്ത മനസ്സിൽ വന്നു . താളുകൾ മറയുമ്പോൾ മാത്രം കൂടുതൽ വ്യക്തമാവുന്ന സ്വപ്നങ്ങളുടെയും സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും പ്രണയഭംഗങ്ങളുടെയും ബന്ധങ്ങളുടെയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും നനുത്ത നൂലിഴകൾ ഇഴചേർത്ത് ആകാംക്ഷയും സ്വപ്നങ്ങളും നിറക്കുന്ന കഥയും കഥാപാത്രങ്ങളും തെളിമയോടെ അനാവൃതമായിട്ടും ചില ചോദ്യങ്ങൾ അനുവാചകമനസ്സിൽ അവശേഷിപ്പിച്ചു പോകുന്ന ഒരു ബെന്യാമിൻ മാജിക്‌.

ഇന്ത്യയിലെ രാജവംശങ്ങളിൽ ഇന്നും അനന്തരാവകാശികളെ വാഴിക്കുന്നതെന്തുകൊണ്ടാവും ? നൂറ്റാണ്ടുകൾക്ക് ശേഷവും എന്നെങ്കിലും രാജഭരണം തിരികെ വരും എന്നും അവർ നാടുവാഴികളാവും എന്നും അവർ സ്വപ്നം കാണുന്നുണ്ടാകുമോ ? ഇങ്ങനെയുള്ള അടക്കിവച്ച ഒരുപാടു സ്വപ്നങ്ങളുടെ മേൽ ഉറങ്ങുന്ന ഒരു നിശാസുന്ദരിയാണോ നമ്മുടെ ഭാരതം ? എന്നെങ്കിലും ഈ സ്വപ്നങ്ങളെല്ലാം ഞെട്ടിയുണരുമോ ? സ്വപ്നങ്ങളെ പുതച്ചുറങ്ങുന്ന അന്ത്രപ്പേർ നോവലാന്ത്യം ദുരൂഹത മറനീക്കിയപ്പോൾ ഒരുപാട് സ്വപ്നങ്ങളുടെ മേൽ ഉറങ്ങുന്ന സുന്ദരിയായ ഇന്ത്യയുടെ ചിത്രം ബന്യാമിൻ അനുവാചകരുടെ മനസ്സിൽ പോറിയിട്ടു . മികച്ച ആവിഷ്കാരങ്ങളിലൊന്ന്. മികച്ച വായനാനുഭവം. വായിക്കുമല്ലോ .

ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിന് സന്ധ്യ ചൂരിയിൽ എഴുതിയ വായനാനുഭവം

Comments are closed.