DCBOOKS
Malayalam News Literature Website

കല്ലായിയിലെ ആള്‍മരം

താഹ മാടായിയുടെ ‘മാമുക്കോയ’ എന്ന പുസ്തകത്തിന് കെ.വി.മധു എഴുതിയ വായനാനുഭവം

”എന്റെ വാപ്പാന്റെ പേര് മമ്മദ്. വാപ്പയുമായിട്ട് എനിക്ക് വലിയ അടുപ്പമൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ ആറാംക്ലാസിലെത്തിയപ്പോള്‍ തന്നെ വാപ്പ മരിച്ചിരുന്നു. വാപ്പ മരിക്കുമ്പോള്‍ കുടുംബവുമായി വലിയ അടുപ്പമില്ലായിരുന്നു. വാപ്പാക്ക് വേറെ ഭാര്യയും രണ്ട്മൂന്ന് മക്കളുമുണ്ടായിരുന്നു. ഞാനും ജ്യേഷ്ഠന്‍ കോയട്ടിയും പെങ്ങള്‍ പാത്തുമ്മക്കുട്ടിയും ഉമ്മ ഇമ്പച്ചി ആയിശയുമടങ്ങുന്നതായിരുന്നു കുടുംബം. ”

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയ ജീവിതം പറയുകയാണ്. ഒരു സാധാരണമനുഷ്യന്റെ എല്ലാ സങ്കീര്‍ണതകളും അടങ്ങിയ ജീവിതം. അതിജീവനത്തിനായി ഒടുവില്‍ മരക്കമ്പനിയില്‍ തടിയളവുകാരനായി. കോഴിക്കോട്ടെ അറിയപ്പെടുന്ന തടിയളവുകാരന്‍. പക്ഷേ ജീവിതം തൊഴിലില്‍ മാത്രം തളച്ചിടപ്പെടേണ്ടതല്ല എന്ന് മാമുക്കോയയുടെ ജീവിതം സാക്ഷ്യപ്പെടുത്തി. അതിജീവനത്തിനായി ജോലി ചെയ്യുമ്പോഴും സഹൃദയത്വം അണകെട്ടിനിര്‍ത്താനാകില്ലെന്ന് മാമുക്കോയയ്ക്ക് മനസ്സിലായി. കോഴിക്കോടിന്റെ സാംസ്‌കാരിക സദസ്സിലെ നിത്യസാന്നിധ്യമായി മാമുക്കോയ. ഉള്ളില്‍ ആവോളമുണ്ടായിരുന്ന പ്രതിഭയെ നാടകവേദിയിലേക്ക് അലിയിച്ചുചേര്‍ത്ത് രംഗവേദിയിലെ മികച്ച അഭിനേതാവായി മാറുകയും ചെയ്തു മാമുതൊണ്ടിക്കോട് എന്ന നടന്‍. ജീവിതയാത്രയ്ക്കിടെ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനായി സിനിമയിലും സ്വന്തം സിംഹാസനം പണിത് അതില്‍ കയറിയിരുന്നു. ആ മാമുക്കോയയുടെ ജീവിതം പറയുകയാണ് താഹമാടായി മാമുക്കോയ എന്ന പുസ്തകത്തിലൂടെ. ഡിസി ബുസ്‌ക് പ്രസിദ്ധീകരിച്ച മാമുക്കോയ, ജീവിതം മാമുക്കോയ കോഴിക്കോട്, മാമുക്കോയയുടെ മലയാളികള്‍ എന്നീപുസ്തകങ്ങളുടെ സമാഹാരം കൂടിയാണ്.

മതത്തിന്റെ അതിരുകള്‍

ഒരു അസ്സല്‍ മലയാളിയുടെ പ്രതീകാത്മകജീവിതമാണ് മാമുക്കോയ ജീവിച്ചത്. അതിസാധാരണമായ സാമ്പത്തിക സാമൂഹ്യ ചുറ്റുപാടിന്റെ എല്ലാ പ്രശ്‌നങ്ങളും അനുഭവിച്ചാണ് Textജീവിച്ചത്. മതപരമായ കെട്ടുപാടുകളെ സിമ്പിളായി പൊട്ടിച്ചെറിയാന്‍ പോന്ന ത്രാണിയും ഉള്‍ക്കരുത്തുമുള്ള സാമൂഹ്യവീക്ഷണമാണ് മാമുക്കോയയെ നയിക്കുന്നത് തന്നെ. ഈ ജീവിതകഥയിലൊരിടത്ത് തന്റെ മതസാമുദായിക കാഴ്ചപ്പാടിനെ കുറിച്ച് മാമുക്കോയ പറയുന്നുണ്ട്. ഹലാലും ഹറാമും മുഖ്യവിഷയമായി മുന്നേറുന്ന ഒരുകാലത്താണ് മാമുക്കോയ മനുഷ്യനെ കുറിച്ച് സംസാരിക്കുന്നത്. മതത്തിനും ജാതിക്കും സങ്കുചിതകാഴ്ചകള്‍ക്കുമപ്പുറം മനുഷ്യനെന്ന മഹത്തായ പദത്തിന്റെ മൂലാര്‍ത്ഥം തേടിയുള്ള ഒരു അന്വേഷണമായി മാമുക്കോയയുടെ ജീവിതകഥയും മാറുന്നു എന്നതാണ് സത്യം. മഹാന്മാര്‍ എന്ന അധ്യായത്തില്‍ അദ്ദേഹം പറയുന്നു

” ആലോചിച്ചുപോയാല്‍ വലിയ പിടികിട്ടാത്ത സംഗതിയാണ് ജീവിതം. കാറ്റ്, വെളിച്ചം, വായു, ഇവയ്‌ക്കെല്ലാം ഞാന്‍ പടച്ചോന് നല്‍കുന്ന നികുതിയാണ് പ്രാര്‍ത്ഥന. ബുദ്ധന്‍, ക്രിസ്തു, നബി, ഗാന്ധിജി ഇവരൊക്കെ മഹാന്മാരാകുന്നത് നമ്മളെ പോല്ള്ള ചെറിയ മനുഷ്യന്മാര് ജീവിച്ചിരിക്കുന്നതുകൊണ്ടാണ്. അവര് മഹാന്മാരാണ് എന്ന് തിരിച്ചറിയാനുള്ള നമ്മുടെ കഴിവിന്റെ മഹത്വം കാരണമാണ് അവരൊക്കെ മഹാന്മാരിയത്തീര്‍ന്നത്. ”

മനുഷ്യനുമേലുള്ള മതങ്ങളുടെ അതിരുവിട്ട പിടിത്തം മനുഷ്യജീവിതം തന്നെ പ്രതിസന്ധിയിലാക്കുകയും ഇങ്ങനെ പോയാല്‍ മതത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് മനുഷ്യന് മതിപ്പുകുറയുന്ന ഒരുകാലം വന്നേക്കുമെന്നുള്ള ആശങ്കയാണ് ബാല്യത്തിലെ മതപാഠശാല തൊട്ട് ഇക്കാലത്തെ ഹലാലും ഹറാമുംവരെയുള്ള ചര്‍ച്ചകളിലേക്ക് നീളുന്ന മാമുക്കോയയുടെ മതാനുഭവങ്ങള്‍ പറയാതെ പറയുന്നത്.

മഹാന്മാരുടെ ജീവിതം

തന്റെ ജീവിതത്തില്‍ കണ്ട, പരിചയപ്പെട്ട, തൊട്ടറിഞ്ഞ, വ്യക്തിത്വങ്ങളെ ഈ ജീവിതകഥ പറച്ചിലിനിടെ മാമുക്കോയ പരാമര്‍ശിക്കുന്നുണ്ട്. ഇഎംഎസ് മുതല്‍ എംഎസ് ബാബുരാജ് വരെ കടന്നുവരുന്നുണ്ട്. അവരൊക്കെ തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ എങ്ങനെയൊക്കെ ഇടപെട്ടു എന്നും മാമുക്കോയ പറയുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകള്‍ക്കപ്പുറത്താണ് വ്യക്തിപരമായ അടുപ്പങ്ങളെന്ന് മാമുക്കോയയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. വൈക്കം മുഹമ്മദ് ബഷീറില്ലാതെ മാമുക്കോയയുടെ ജീവിതം അപൂര്‍ണമാണ് എന്ന് തോന്നും ഈ അനുഭവങ്ങള്‍വായിക്കുമ്പോള്‍. അത്രയ്ക്ക് അടുപ്പം അവര്‍ തമ്മിലുണ്ടായിരുന്നു. തന്റെ ബന്ധങ്ങളില്‍ ഭൂരിഭാഗവും ബഷീര്‍ക്ക വഴിയാണെന്ന് മാമുക്കോയ പറയുകയും ചെയ്യുന്നുണ്ട്. ബഷീറിന്റെ വ്യക്തിജീവിതത്തിലെ മര്‍മപ്രധാനമായ നര്‍മബോധത്തെ ഒരിടത്ത് മാമുക്കോയ പറയുന്നുണ്ട്.

ഒരിക്കല്‍ ബേപ്പൂര് കൂടി നടന്നുവരുന്ന ബഷീര്‍ക്കാനോട് ഒരാള് ചോദിച്ചത്രെ
” ബേപ്പൂരെ ജുമാഅത്ത് പള്ളിയേടയാ?
ബഷീര്‍ക്കാന്റെ മറുപടി പെട്ടെന്ന് തന്നെയുണ്ടായി
കുറേ നടക്കുമ്പോ വല്ലാതെ മൂത്രം മണത്തുതുടങ്ങും. ആ മണം പിടിച്ച് പിറകെ നടക്കുക. അതിന്റെ അറ്റത്താണ് ബേപ്പൂര്‍ പള്ളി.
ഈ സംഭവത്തില് കുറച്ച് സത്യവുമുണ്ട്. മുസ്ലിങ്ങള് നിസ്‌കരിക്കുന്നതിനേക്കാളേറെ മൂത്രമൊഴിക്കാനാണ് പള്ളിയില്‍ പോവുന്നതെന്ന ഒരഭിപ്രായം മൂപ്പര്‍ക്കുണ്ടായിരുന്നു.

വേരൊരിക്കല്‍ കുതിരവട്ടം പപ്പു എന്ന മഹാനടന്റെ പേരുമാറ്റിയ കഥയും മാമുക്കോയ പറയുന്നുണ്ട്.
എന്താ പേര് ?
ബഷീര്‍ക്ക ചോദിച്ചു
പദ്മദലാക്ഷന്‍
എവിടെയാ നാട്?
കുതിരവട്ടം
ബഷീര്‍ക്ക ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇത്ര നല്ലൊരു നാടുള്ളപ്പോള്‍ എന്തിനാണ് പദ്മദലാക്ഷന്‍ എന്നൊരു പേര്. നീ കുതിരവട്ടം പപ്പു എന്നറിയപ്പെടും.

അങ്ങനെ പദ്മദലാക്ഷന്‍ കുതിരവട്ടം പപ്പുവായി.

ഇ എംഎസും സീതിഹാജിയും മുതല്‍ കെടി മുഹമ്മദും വാസുപ്രദീപും വരെ കടന്നുവരുമ്പോള്‍ നാം കണ്ടതിനപ്പുറം മാമുക്കോയ കാണുന്നുണ്ടല്ലോയെന്നോര്‍ത്ത് വായനക്കാരന്‍ വിസ്മയിക്കും. സീതിഹാജിയെ കുറിച്ച് പറയുമ്പോള്‍ രാഷ്ടീയത്തിലെ മാമുക്കോയയാണ് സീതിഹാജിയെന്ന ഒരുപരാമര്‍ശം നടത്തുന്നുണ്ട് മാമുക്കോയ.

ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെകുറിച്ച് പറയുമ്പോഴാണ് ലഹരിയോടുള്ള അടുപ്പത്തെ മാമുക്കോയ വിശദീകരിക്കുന്നത്.

” കാട്ടില്‍ മരം അളക്കാന്‍ പോയാല്‍ പണിയര് എനിക്ക് കഞ്ചാവ് തരും. ചില്ലറയെന്തെങ്കിലും കൊടുക്കണം. നാട്ടിലെത്തിയാല്‍ ബഷീര്‍ക്കാക്കും സുരാസുവിനും ജോണ്‍ എബ്രഹാമിനും ഈ കഞ്ചാവ് ഒരു നുള്ള് വീതം കൊടുക്കും. കുറച്ച് ഞാനുമെടുക്കും. അക്കാലത്ത് നമ്മള് കഞ്ചാവ് വലിക്കുമായിരുന്നു. പി്‌ന്നെയത് നിര്‍ത്തി. 1984 മെയ് ഒന്നിന് പുകവലിയും പൂര്‍ണമായും നിര്‍ത്തി.

പൊരയും പൊഴയും ഭാഷയും

കോഴിക്കോടിനെ കുറിച്ച്, ശ്രീനിവാസനെ കുറിച്ച്, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച്, സത്യന്‍ അന്തിക്കാടിനെ കുറിച്ച്, ഗഫൂര്‍കാ ദോസ്തിനെ കുറിച്ച് ഒക്കെ മാമുക്കോയ പറയുന്നുണ്ട്. സിനിമ ജീവിതം തന്നെയായി മാറിയതോടെ മാമുക്കോയയുടെ ജീവിതം വെള്ളിത്തിരയിലെ അടയാളങ്ങളായി മാറിയല്ലോ.

സിനിമയില്‍ കോഴിക്കോടന്‍ ജീവിതത്തെ പറിച്ചുനട്ടവന്‍ എന്ന് മാമുക്കോയയെ ചരിത്രം വിലയിരുത്തും. ഒരു സാധാരണകല്ലായിക്കാരന്‍ മരപ്പണിക്കാരന്റെ ജീവിതാവസ്ഥകള്‍ സാധാരണ മലയാളിയുടെ വേദനയും ചിരിയും ആകുലതയും എല്ലാമായി മാറിയത് മാമുക്കോയയിലൂടെയാണ്. ആ ജീവിതവും ഭാഷയുമെല്ലാം ആശങ്കയേതുമില്ലാതെ മാമുക്കോയ പറിച്ചു നട്ടു. വരവേല്‍പ്പ് സിനിമയുടെ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോഴുണ്ടായ ഒരനുഭവം മതി. മാമുക്കോയയുടെ ഭാഷ ആദ്യകാലത്ത് നേരിട്ട സങ്കീര്‍ണതകള്‍ മനസ്സിലാക്കാന്‍.

”രാത്രി മൂക്കറ്റം മദ്യപിച്ച് കൃഷ്ണന്‍കുട്ടി വരുന്ന സീനാണ് ഷൂട്ട് ചെയ്യുന്നത്. ഒരലമ്പ് വരവാണ്. ഇയാളെ എന്തുചെയ്യും എന്നോ മറ്റോ മോഹന്‍ലാല് ചോദിക്കും.
ഇയാളെ പൊരയില് കൊണ്ടിടാം എന്ന് ഞാന്‍ പറയുന്നു
പൊഴയിലോ?
മോഹന്‍ലാല്‍ തിരിച്ചുചോദിക്കുന്നു.
ഞാന്‍ പൊരയില് എന്ന് പറഞ്ഞത് മോഹന്‍ലാല്‍ പൊഴയില് എന്നാണ് കേട്ടത്. അത് കൂട്ടച്ചിരിക്കുള്ള വരവായി. അവിടെ എഴുതി വച്ച സംഭാഷണത്തെ കൂടാതെ ഒരു വരി യാദൃച്ഛികമായി വരികയാണ്. സിനിമയില്‍ ഇത്തരം യാദൃച്ഛികതകള്‍ വരും. ”

മാമുക്കോയയുണ്ടാക്കിയ അത്തരം യാദൃച്ഛികതകള്‍ മലയാളിക്ക് ആസ്വാദ്യതയുടെ പുതിയ ലോകം പണിതു. ഇന്ന് മലയാളിക്ക് കോഴിക്കോടന്‍ മലബാര്‍ ഭാഷയെ ചിരപരിചിതമാക്കിയതില്‍ മാമുക്കോയയുടെ പങ്കെത്രയാണ്. !

ആരാണ് മാമുക്കോയ?

ഈ ജീവിതം മുഴുവന്‍ വായിച്ച് തീരുമ്പോഴും ആരാണ് മാമുക്കോയ എന്ന് നമ്മള്‍ പിന്നെയും ആലോചിക്കും. നമുക്ക് പിടി തരാത്ത എന്തോ ഒരു നിഗൂഢത ആ മനുഷ്യനിലുണ്ട്. ഒരുഅസാധാരണപ്രതിഭയുടെ ജീവിതം പോലെ തന്നെ. കുഞ്ഞാണ്ടി എന്ന അധ്യായത്തില്‍ മാമുക്കോയ പറയുന്നുണ്ട്.

” പടച്ചോനെ എനിക്കെപ്പോഴെങ്കിലും ഒരു ഈഡിപ്പസ് വേഷം കിട്ടാനുള്ള യോഗ്യതയുണ്ടാകുമോ?
പിന്നീട് ഞാന്‍ കുഞ്ഞാണ്ടിയേട്ടനുമൊക്കെയായി ഒന്നിച്ച് നാടകം കളിച്ചു. അപ്പോളും ഈഡിപ്പസ് നമ്മളെ വലിയ മോഹമായി ബാക്കി നിന്നു. നമ്മളെ തടിക്ക് പറ്റിയ വേഷമല്ല അതെന്ന് ഇപ്പോളെനിക്കറിയാം. ചില ജാതി മരങ്ങളുണ്ട്. ആ മരങ്ങളില് വലിയ ഉരുപ്പടികളോ കൊത്ത് പണികളോ തീര്‍ക്കാന്‍ കഴിയില്ല. അതുപോലൊരു ജാതി മരമാണ് ഞാന്‍. കല്ലായിയിലെ ഒരു ആള്‍മരം. ”

മാമുക്കോയ പറഞ്ഞില്‍ ഒരു വലിയ സത്യമുണ്ട്. അദ്ദേഹം ഒരു വലിയ ആള്‍മരമാണ്. അദ്ദേഹം സ്വയം കരുതുന്നതിനപ്പുറം മലയാള സിനിമയിലെ അനശ്വരമായ എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് ജീവനേകിയെന്നോര്‍ക്കുമ്പോഴാണ് മാമുക്കോയയെന്ന കല്ലായിയിലെ ആള്‍മരം മലയാളസിനിമയില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ഒരുവലിയ ആള്‍മരമാണ് എന്ന് നാം തിരിച്ചറിയുന്നത്. അതെ ഒരു ആള്‍മമരമാണ് മാമുക്കോയ. മാമുതൊണ്ടിക്കോടായി വന്ന് ഒരു ശരാശരി മലയാളിസിനിമാസ്വാദകനെ വെള്ളിത്തിരയോട് അടുപ്പിച്ച് ജീവിതപ്രതിസന്ധികള്‍ പോലും പ്രചോദനമേകുന്ന നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ച ഒരു വലിയ ആള്‍മരം. ഒരുവന്‍മരം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.