DCBOOKS
Malayalam News Literature Website

അഭിനയത്തിന് മാത്രമല്ല വായനയ്ക്കുമുണ്ട് മമ്മൂട്ടിക്ക് ടെക്‌നിക്ക്!

താരത്തിന്റെ അഭിനയത്തിനെന്ന പോലെ തന്നെ വായനയ്ക്കും ആരാധകരേറെയാണ്

 

“വായനാദിനത്തിലും വായനാവാരത്തിലും തന്നെ വായിക്കണമെന്നില്ല, എല്ലായ്പ്പോഴും വായിക്കാം. ഒരു ദിവസത്തില്‍ ഒരു വരിയെങ്കിലും വായിക്കാതെ നമ്മുടെ ജീവിതം കടന്നുപോകുന്നില്ല. ഒന്നുകില്‍ ഒരു പത്രത്തിന്‍റെ തലക്കെട്ടോ ഒരു ബോര്‍ഡോ ഒരു കുറിപ്പോ എങ്കിലും നമ്മള്‍ വായിക്കും. ഞാന്‍ ആ വായനയെപ്പറ്റിയല്ല പറയുന്നത്. നമ്മള്‍ അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കുന്ന വായനയെപ്പറ്റിയാണ്. സാധാരണ അങ്ങനെ വായിക്കുന്നത് പുസ്തകങ്ങളാണ്. പലരും പല തരത്തില്‍ വായിക്കും. മനസ്സുകൊണ്ട് വായിക്കുന്നവരുണ്ട്, ചുണ്ടനക്കി വായിക്കുന്നവരുണ്ട്, കുറച്ച് ശബ്ദത്തില്‍ വായിക്കുന്നവരുണ്ട്.”

ഡിസി ബുക്‌സ് സംഘടിപ്പിച്ച വായനാവാരം വായനതാരത്തില്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ വായിച്ചുകൊണ്ട്  പ്രിയനടന്‍ മമ്മൂട്ടി വായനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. മലയാളത്തിന്റെ സ്വകാര അഹങ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ അഭിനയത്തിനെന്ന പോലെ തന്നെ വായനയ്ക്കും ആരാധകരേറെയാണ്. ബഷീറിന്റെ മതിലുകളും ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യുമൊക്കെ അദ്ദേഹം വായിച്ചപ്പോള്‍ ആരാധകര്‍ അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ച കാഴ്ച മലയാളി കണ്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ “മതിലുകള്‍” സിനിമയാക്കിയപ്പോള്‍ നായകനായി എത്തിയത് മമ്മൂട്ടിയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്

“ഞാന്‍ വായിക്കുന്ന ഒരു ടെക്നിക്ക് വേണമെങ്കില്‍ പറയാം. പെട്ടെന്ന് വായിക്കുകയും കാര്യങ്ങള്‍ മനസിലാവുകയും ഓര്‍ക്കുകയും ചെയ്യുന്ന ഒരു വായന. അതായത് വായിക്കുന്ന വാക്കുകള്‍ക്ക് തൊട്ടുമുന്നിലേക്ക് കണ്ണ് എപ്പോയും ഇങ്ങനെ പോയിക്കൊണ്ടിരിക്കും. അങ്ങനെയാണ് ഞാന്‍ വായിക്കുന്നത്.” ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ അത് പബ്ലിഷ് ചെയ്‍ത കാലത്ത് ടി ഡി രാമകൃഷ്ണന്‍ തനിക്ക് അയച്ചുതന്നതാണെന്നും മമ്മൂട്ടി പറയുന്നു. “ഇത് പബ്ലിഷ് ചെയ്യുന്ന സമയത്തുതന്നെ അദ്ദേഹം എനിക്ക് അയച്ചുതന്നതാണ്. അന്ന് ഞാനിതു കുറേ വായിച്ചു, പിന്നെയും വായിച്ചു. ഇത് വളരെ രസകരമായ ഒരു പുസ്തകമാണ്. ഇട്ടിക്കോര എന്നു പറയുന്നത് സിനിമയിലൊക്കെ ഉപയോഗിക്കാവുന്ന ഒരു നല്ല കഥാപാത്രമാണ്”, മമ്മൂട്ടി പറയുന്നു.

ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര വാങ്ങാന്‍ സന്ദര്‍ശിക്കുക

 

Comments are closed.