DCBOOKS
Malayalam News Literature Website

മുമ്പേ നടക്കുന്നവര്‍

മലയാളിയുടെ സ്വത്ത് എന്ന പുസ്തകത്തിന് ടി.ജെ.എസ്. ജോര്‍ജ് എഴുത്തിയ ആമുഖം

പണ്ടു പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ചോദിച്ചതാണ്. നാം തളര്‍ന്നു വീണതോ തകര്‍ന്നു പോയതോ? ഇതുവരെ ആരും ശരിയായ ഒരു മറുപടിയുമായി മുമ്പോട്ടു വന്നിട്ടില്ല. ശരിയായ മറുപടി ഉണ്ടോ ആ ചോദ്യത്തിന്? മറുപടിയല്ല, ചോദ്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന തത്ത്വശാസ്ത്രമാണ് പ്രസക്തം എന്നതാണ് സത്യം. രണ്ടു പ്രമേയങ്ങളാണ് നമ്പ്യാര്‍ മുമ്പോട്ടു വച്ചത്. വീണു എന്ന അടിസ്ഥാന പ്രമേയം അതില്‍ ഉള്‍പ്പെടുന്നില്ല. വീണത് തളര്‍ച്ചകൊണ്ടാണോ അതോ തകര്‍ച്ചകൊണ്ടാണോ എന്നതുമാത്രമാണ് വിഷയം. എത്രയോ ഗാഢമായ തത്ത്വചിന്തയാണ് അങ്ങനെയൊരു വേര്‍തിരിക്കലിലേക്ക് മനുഷ്യമനസ്സിനെ കൊണ്ടെത്തിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ കര്‍മ്മനിരതനായിരുന്നത്. ഓട്ടന്‍തുള്ളല്‍ എന്ന കല കണ്ടുപിടിക്കത്തക്കവണ്ണം പ്രബുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഭാവനാവൈഭവം. പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി തട്ടിച്ചുനോക്കിയാല്‍, എത്ര ലളിതസുന്ദരമായിരുന്നു അദ്ദേഹത്തിന്റെ കാലഘട്ടം? അമ്പലത്തെ ചുറ്റിപ്പറ്റി കലകള്‍ വികസിച്ചാല്‍ അത് ഹിന്ദുത്വമാണെന്നും മറ്റുമുള്ള വ്യാഖ്യാനങ്ങള്‍ ആരും മുമ്പോട്ടുവച്ചില്ല. ഹിന്ദുത്വം എന്നൊരു ആശയം ഇല്ലായിരുന്നു എന്നര്‍ത്ഥം. ഹിന്ദുമതമുണ്ടായിരുന്നു, മറ്റുള്ളവരെ ബഹുമാനിക്കുകയും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുകയും ചെയ്ത ഒരു വിശ്വാസപാരമ്പര്യം. അതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല. മറ്റു മതങ്ങളും രാഷ്ട്രീയച്ചുവ ഇല്ലാതെ സമാധാനത്തോടെ സമൂഹത്തില്‍ നിലകൊണ്ടു. ഈശ്വരനെ സംബന്ധിച്ച വിശ്വാസം എന്തായാലും സമൂഹത്തില്‍ സഹവര്‍ത്തിത്വം സാധ്യമാണെന്നുമാത്രമല്ല, അത് ആവശ്യമാണെന്നും എല്ലാവരും അംഗീകരിച്ചു.

ആ തിരിച്ചറിവും അംഗീകാരവും മലയാളി സംസ്‌കാരത്തെ ആഴത്തില്‍ സ്വാധീനിച്ചു. മതം രാഷ്ട്രീയവത്കരിക്കപ്പെടുന്നതിനുമുമ്പ് വള്ളത്തോളിന്റെ മഗ്ദലനമറിയം എത്ര ഉല്‍കൃഷ്ടമായ രീതിയിലാണ് ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടത്. ഉള്ളിലേക്ക് തുളച്ചുകയറുന്ന രണ്ടു മൂന്നു വരികളെങ്കിലും മനഃപാഠമാക്കാത്ത മലയാളികളുണ്ടോ? നീറുന്ന മനസ്സുമായി മഗ്ദലനമറിയം ഉരുവിടുന്ന പ്രാര്‍ത്ഥന ആരുമറക്കും? ”ചെയ്യരുതാത്തതു ചെയ്തവളെങ്കിലുമീയെന്നെ തള്ളല്ലേ തമ്പുരാനേ.” മതമല്ല, മനുഷ്യനാണ് പ്രമേയം.

മലയാളത്തില്‍ മാത്രമല്ല, എല്ലാ സാഹിത്യങ്ങളിലും കവിഹൃദയം സഞ്ചരിക്കുന്നത് ഉന്നതങ്ങളിലാണ്. മനുഷ്യന്റെ സ്വാഭാവികസഞ്ചാരപഥം ഉന്നതങ്ങളിലാണെന്നു ചൂണ്ടിക്കാണിക്കുകയാണ് കവി ചെയ്യുന്നത്. ഒരേ കാലത്ത് ഒരേ സാമൂഹികസാഹചര്യങ്ങളില്‍ ഏതാണ്ടു സമാനമായ രീതിയില്‍ ജീവിക്കുന്ന മനുഷ്യരുടെ ഇടയില്‍ എന്തുകൊണ്ട് ചിലര്‍ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗദര്‍ശികളാകുന്നു എന്ന ചോദ്യം ആസ്ഥാനത്തല്ല. ഇവിടെ നാം മനസ്സിലാക്കേണ്ടത് സ്ഥാപനങ്ങളല്ല, വ്യക്തികളാണ് ആദര്‍ശപരമായ ജീവിതത്തിന്റെ നാഴികക്കല്ലുകള്‍ എന്ന സത്യമാണ്. സ്ഥാപനങ്ങള്‍ക്ക് അവയുടേതായ പങ്കുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുതലായ ക്രമീകരണങ്ങള്‍ക്ക് അവയുടേതായ പ്രാധാന്യമുണ്ട്. പക്ഷേ, അവിടെയും അടിസ്ഥാനപരമായി വ്യത്യാസം കുറിക്കുന്നത് വ്യക്തികളുടെ ഇടപെടലാണ്.

ഒരു പറ്റം വ്യക്തികളാണ് ഈ സമാഹാരത്തില്‍ അണിനിരന്നിരിക്കുന്നത്. എന്ത് അളവുകോല്‍ വച്ചാണ് അവരെ തിരഞ്ഞെടുത്തതെന്നു ചോദിച്ചാല്‍ എനിക്കു മറുപടിയില്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെപ്പോലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തികള്‍ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. മലയാളിയുടെ പൊതുവായ അവബോധത്തില്‍ തല ഉയര്‍ത്തിനിന്നവരാണ് എല്ലാവരും. മലയാളസംസ്‌കൃതിയില്‍ അവരുടേതായ കാല്പാടുകള്‍ വീഴ്ത്തിയവര്‍. അവരുടെ സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ചക്രവാളം അത്രയും ചെറുതാകുമായിരുന്നു. ആധുനികതയില്‍, മൗലികതയില്‍, നെഞ്ചുറപ്പില്‍ അവരുടെ സ്ഥാനം ഒന്നാം നിരയില്‍ ആയിരുന്നു. ഓരോ വ്യക്തിയും സ്വന്തമായ വഴിയില്‍ക്കൂടിയാണു സഞ്ചരിച്ചത്. ചിലര്‍ നാടിന്റെ അഭിമാനമായപ്പോള്‍, ചിലര്‍ സംശയങ്ങള്‍ ഉണര്‍ത്തി മാറിനിന്നു. അങ്ങനെ നോക്കുമ്പോള്‍, ‘പി. ഗോവിന്ദപ്പിള്ള മുതല്‍ തുഷാര്‍ വെള്ളാപ്പള്ളിവരെ’ എന്ന തലക്കെട്ടായിരുന്നോ ഉചിതം എന്നു തോന്നാം. അല്ലെങ്കില്‍ ‘പി.കെ. വാസുദേവന്‍ നായര്‍ മുതല്‍ ജോസ്. കെ. മാണിവരെ’. എത്രയോ അജങ്ങളും ഗജങ്ങളും തമ്മിലുള്ള അന്തരങ്ങളാണ് കേരളം കണ്ടത്.

അന്തരങ്ങളും അവയുടെ അര്‍ത്ഥങ്ങളും ഒന്നുകൂടെ മനസ്സിലാക്കാന്‍ ഈ പാഠങ്ങള്‍ സഹായിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.കഥാപാത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുറന്നടിച്ചാണു പറയുന്നത്. പലര്‍ക്കും വിപരീതാഭിപ്രായങ്ങള്‍ കാണും. മാനുഷരെല്ലാരും ഒന്നുപോലെയല്ലല്ലോ. എല്ലാം നോക്കി കാണുക എന്നത് ജീവിതവൃത്തിയാക്കിയ ഒരു പത്രപ്രവര്‍ത്തകന്റെ തോന്നലുകള്‍ എന്നു കരുതിയാല്‍ മതി. കുഞ്ചന്‍ നമ്പ്യാര്‍ മനസ്സിലാക്കിയ ഒരു പരിപാടിയായിരുന്നു അത്. അദ്ദേഹം തുള്ളിയ ചില വരികള്‍ ഓര്‍ക്കുക:

മണ്ണില്‍ പല പല കുഴിയുണ്ടാക്കി
പ്പൊണ്ണന്‍മാര്‍ ചിലരവരിടെയൊളിച്ചു.
കണ്ണുമടച്ചു പുതച്ചുകിടന്നൊരു
വണ്ണമുറക്കവുമങ്ങുതുടങ്ങി.

ഉറങ്ങുന്ന പൊണ്ണന്‍മാരെ ഉണര്‍ത്താന്‍ എഴുതുന്ന പൊണ്ണനു കഴിയുമെന്ന വിശ്വാസത്തോടെ ഈ പഠനങ്ങള്‍ സഹൃദയര്‍ക്കു സമര്‍പ്പിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.