DCBOOKS
Malayalam News Literature Website

‘മലയാളി മെമ്മോറിയൽ’; ഒറ്റത്തിരിയുടെ മരണം

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മലയാളി മെമ്മോറിയലി’ ന്  ഡോ. മുഹ്സിന. കെ. ഇസ്മായിൽ എഴുതിയ വായനാനുഭവം

മനുഷ്യാവകാശങ്ങളേയും മതങ്ങളെയും ജാതി വ്യവസ്ഥയേയും ഗഹനമായി പഠിച്ച ഇന്ത്യൻ ഭരണഘടനയുടെ ഉപജ്ഞാതാവായ ഡോ. ബി. ആർ അംബേദ്കറുടെ മുഖചിത്രവുമായി ഇറങ്ങിയ ഉണ്ണി ആറിന്റെ ‘മലയാളി മെമ്മോറിയൽ’ എന്ന പുസ്തകം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ‘പുസ്തകം വായിച്ചിട്ട് പറയൂ’ എന്നാണ് കഥാകാരൻ അന്ന് അതിനു പ്രതികരിച്ചത്. എന്നത്തേക്കാളും ശക്തമായി രാജ്യത്തെ മതഭൂപടം ഭരിക്കുകയും ‘അസഹിഷ്ണുത ‘  സമൂഹത്തെ നയിക്കുകയും ചെയ്യുന്ന ഇക്കാലത്തു ഫിക്ഷൻ എന്ന കലയുടെ വായ്മൂടിക്കെട്ടപ്പെടുന്ന അവസ്ഥയെക്കൂടി സൂചിപ്പിക്കാനാണോ ഈ ഉദ്യമമെന്ന് ഞാൻ ആശ്ചര്യപ്പെട്ടു പോകുന്നു.

‘എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും,’ എന്ന് കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിൽ പറഞ്ഞെങ്കിൽ നാം വികസനമെന്ന്‌ കൊട്ടിഘോഷിക്കുന്ന പ്രഹസനങ്ങൾ അഭിപ്രായസ്വാതന്ത്ര്യമെന്ന മനുഷ്യന്റെ മൗലികവകാശത്തെ നിഷേധിക്കുന്നതെന്താണെന്ന്‌ മനസ്സിലാകുന്നില്ല.

ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും നാട്ടുനടപ്പിനെയും അനായാസം ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞു പോകുന്ന ആഖ്യാനശൈലിയാണ് കഥാകൃത്തിന്റേത്. കൂട്ടത്തിൽ എന്ത്കൊണ്ട് ഞാൻ ആമയെ ഇഷ്ടപ്പെടുന്നു? എന്ന ആമുഖക്കുറിപ്പ് ‘ഒച്ചപ്പാട്’ ‘കാഴ്ചപ്പാട്’ എന്നീ വാക്കുകളുടെ അർത്ഥതത്തെയും അർത്ഥ വ്യത്യാസങ്ങളെയും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. മണ്ണിര, സ്വരം വ്യഞ്ജനം എന്നീ കഥാഷീർകങ്ങൾ കൊണ്ട് തന്നെ അർത്ഥവിസ്‌ഫോടനങ്ങൾ സൃഷ്ടിച്ചിട്ടുള്ള കഥാകാരൻ വായനക്കാരാണ് സമ്മാനിക്കുന്ന വാക്കുകൾ കൊണ്ടുള്ള മാന്ത്രിക ലോകത്തേക്കുള്ള താക്കോൽ കൂട്ടങ്ങളൾ മാത്രമല്ല കഥാപാത്രങ്ങളുടെ പൊതുവായ പുതു ലോക കാഴ്ചപ്പാടുകളിലേക്കും ജീവിതത്തിൽ പൊതുവേ അലട്ടുന്ന അതൃപ്തിയിലേക്കും കൈ ചൂണ്ടുന്നു. കേരളത്തിലെ മൗലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച വാത്സ്യായനൻ,അളകാപുരി, മാവ് വെട്ടുന്നില്ല, ഒരു നാടൻ സംഭവം (1957-1959), മലയാളി മെമ്മോറിയൽ, ഒരു പകൽ, ഒരു രാത്രി എന്നീ ആറ് കഥകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്കൂളിലെ ഗാന്ധി ജയന്തി ആഘോഷത്തിനൊരിക്കൽ അംബേദ്കർ ആയി വേഷമിട്ട എസ് സന്തോഷ്‌ നായർ എന്ന യുവാവിനെ പിന്നീടെല്ലാവരും അംബേദ്കർ എന്ന് വിളിക്കുകയും ആ പേര് തനിക്ക് വേണ്ടന്ന് ആ യുവാവ് കഥയിലെ കേന്ദ്ര കഥാപാത്രത്തോട് വന്നു പറയുന്നതുമാണ് മലയാളി മെമ്മോറിയൽ എന്ന കഥയിൽ. സമൂഹത്തിലെന്നും നിലനിൽക്കുന്ന ജാതിമത വ്യവസ്ഥയെക്കാൾ ഈ കഥ കൈ ചൂണ്ടുന്നത് പിൽക്കാലത്തു സമൂഹത്തെ ഭരിക്കാൻ പോകുന്ന മനുഷ്യ മനസ്സിന്റെ ഇടുങ്ങിയ ചിന്താഗതികളിലേക്കാണ്.
“എന്റെ കൈയിലെ ചെമ്പരിത്തിക്കമ്പ് എന്നോട് അനുവാദം ചോദിക്കാൻപോലും കാത്തു നിൽക്കാതെ താഴേക്കു ഇറങ്ങിപ്പോയി,” എന്നിങ്ങനെയുള്ള നർമ്മം കലർന്ന വാചകങ്ങൾ കൊണ്ട് കഥാസന്ദർഭങ്ങളെ ചലിപ്പിക്കുന്നതിൽ കഥാകൃത്തു കാണിച്ച മിടുക്കും എടുത്തു പറയേണ്ടത് തന്നെ.

അക്കരയപ്പന്റെ പറമ്പും വീട്ടിലെ നിധിയും തന്ത്രപൂർവ്വം കൈക്കലാക്കാൻ ശ്രമിക്കുന്ന കണിയാരുടെ കഥയാണ് ഒരു നാടൻ സംഭവം(1957-1959). ‘പണത്തിന് മീതെ പരുന്തും പറക്കില്ലെ’ ന്ന ചൊല്ലിനെ അന്വാവർത്തമാക്കുന്ന ചില മുഹൂർത്തങ്ങളും ആർത്തി മൂത്തു കയ്യിലുള്ള മനോഹരമായ ജീവിതം കളഞ്ഞു കുളിക്കുന്ന ഇന്നത്തെ യുവതലമുറയുടെ പരാക്രമങ്ങളും ഈ കഥ എന്നെ ഓർമ്മിപ്പിച്ചു.

പണ്ടൊക്കെ പല സമയങ്ങളിലായി കല്ല് സ്വയം ചലിക്കുന്നത് പോലെ അതിരുവിട്ട് നടന്നു Textകയറുന്നുണ്ടായിരുന്നുവെങ്കിൽ ആ നടത്തത്തിൽ ഒരൽപ്പം പേടിയുണ്ടായിരുന്നു. ഇന്നു ചോദിക്കാനും പറയാനും ആരുമില്ലാത്ത കെടപ്പാടത്തിലേക്കായപ്പോൾ കല്ലിന്റെ ചാട്ടം കംഗാരുവിനെ തോൽപ്പിക്കുന്ന വേഗത്തിലായിരുന്നു എന്ന വാചകങ്ങളിലെ കല്ലും ‘ഏ’ എന്ന കണിയാത്തിയുടെ ഞെട്ടലിന്റെ കൊടുങ്കാറ്റിൽ ആ ഒറ്റത്തിരിയുടെ വിറയൽ അവസാനിച്ചു’ എന്നീ വാചകങ്ങളിലെ ‘തിരി’യും കഥാസന്ദർഭങ്ങളനുസരിച്ചു ചലിക്കുന്ന സഹനടനും സഹനടിയുമായിട്ടാണ് എനിക്ക് തോന്നിയത്. പെട്ടന്നുണ്ടായ ഒറ്റത്തിരിയുടെ വിയോഗം കഥകിലെന്ന പോലെ എന്റെ മുന്നിലും അൽപനേരം ഇരുട്ടു പരത്തി. പിന്നീട് കടന്നു വരുന്ന ‘റാന്തലിന്റെ വെളിച്ച’വും ‘കണിയാന്റെ ക്ഷണ’വും ‘ഒച്ചും’ വാക്യങ്ങളുടെ ആലങ്കാരികത മാത്രമല്ല കഥാസന്ദർഭങ്ങളുടെ ഭംഗിയും ചടുലതയും അധികരിപ്പിക്കുന്നു.

സാധാരണ പെണ്ണുങ്ങളാണ് പരദൂഷണം പറയുന്നവർ എന്നാണ് പൊതുവായുള്ള പരദൂഷണം. എന്നാൽ, ആൺ പെൺ വ്യത്യാസമോ പ്രായവ്യത്യാസമോയില്ലാത്ത മനുഷ്യ രാശിയുടെ ജിജ്ഞാസയിൽ നിന്നു ഉടലെടുത്ത കലയാണ് പരദൂഷണമെന്നതാണ് ‘മാവ് വെട്ടുന്നില്ല,’ എന്ന കഥയിലെ ഇതിവൃത്തം. ഇതിനു ഇരയാകുന്നവർ മാത്രമറിയാതെ ചുറ്റുമുള്ളവർ സസൂക്ഷ്മം നെയ്തെടുക്കുന്ന ഈ വല പലപ്പോഴും മീനിന് പകരം കൂറ്റൻ കപ്പലുകളെ വലയിലാക്കുന്ന പരിതാപക സ്ഥിതിയാണ് ഇന്നു നിലനിൽക്കുന്നത്.

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പുരുഷന്മാരുടെ സ്വകാര്യ ലോകത്തേക്കാണ് ‘ഒരു പകൽ, ഒരു രാത്രി,’ എന്ന കഥ നമ്മെ കൈ പിടിച്ചു കൊണ്ട് പോകുന്നത്. മറ്റുള്ളവരുടെ ഭാവവും ചേഷ്ഠകളും സസൂക്ഷ്മം നിരീക്ഷിച്ചു അവരെക്കുറിച്ചുള്ള കാര്യങ്ങൾ കൃത്യമായി വിവരിക്കുന്ന( ഷെർലെക് ഹോംസിന്റെ കഴിവുള്ള എന്ന് വേണമെങ്കിൽ ചുരുക്കിപ്പറയാം) രണ്ട് അൻപതു വയസ്സുകാരുടെ ഈ കഥയുടെ അവസാനഭാഗം മനുഷ്യരുടെ അസഹിഷ്ണുത വരുത്തി വെക്കുന്ന അപകടങ്ങളെ വിളിച്ചോതുന്നു.

‘ ചായക്കടയുടെ ചുവരിലെ ദൈവങ്ങൾ കരി പുതച്ചാണ് ഇരിക്കുന്നത്. വർഷങ്ങൾ പോയതറിയാതെയാണ് കലണ്ടറുകളും കിടക്കുന്നത്,’ എന്ന വാചകങ്ങൾ ഏറെ ചിന്തിപ്പിക്കുന്നതാണ്. പ്രസാധന രംഗത്തെ തോൽ‌വിയിൽ നിന്നു കരകേറാൻ വേണ്ടി ഒരമ്പലം തുടങ്ങുന്ന ചന്ദ്രനാണ് ‘വാത്സ്യായനൻ’ എന്ന കഥയിലെ മുഖ്യകഥാപാത്രം.
‘ ആ രണ്ട് വാല്യങ്ങളാണ് ചന്ദ്രന്റെ പത്തു സെന്റ്‌ സ്ഥലം അമേരിക്കക്കാരൻ കുഞ്ഞു മോന്റെ കൈയിലേക്ക് എത്തിച്ചത്,’ എന്ന വാചകത്തിൽ ഹാസ്യം നിറഞ്ഞ അഖ്യാനശൈലിയും ജീവിതയാഥാർഥ്യത്തിന്റെ കൈപ്പും ഒരുപോലെ ഇഴച്ചർന്നു കിടക്കുന്നു. ചന്ദ്രന്റെ ജീവിതത്തിലൂടെ കടന്നു പോയ വസ്തുക്കളും ആളുകളും ചന്ദ്രനെക്കാണാൻ കാത്തു നിൽക്കുന്ന ആ മുഹൂർത്തം കാല്പനിക ലോകത്തേക്കു വായനക്കാരനെ കൈ പിടിച്ചു കൊണ്ട് പോകുന്നു. കൂടി നിന്നവരിലെ വൃത്തം പൂർത്തിയാക്കും പോലെയായിരുന്നു ചോദ്യങ്ങളുടെ ഭ്രമണം, ‘ മതേതരത്വം ചന്ദ്രന് പണ്ടേ ഇഷ്ടമായിരുന്നതുകൊണ്ട് മുഖമപ്പോൾ പൂർണ്ണചന്ദ്രനായി!’(വാത്സ്യായനൻ) എന്ന് പറയുമ്പോഴും വാചകങ്ങളുടെ കാവ്യാത്മയാണെന്നെ ഏറെ ആകർഷിച്ചത് .

‘ മരണത്തെക്കുറിച്ച് കഥകൾ നെയ്യുന്നൊരു എട്ടുകാലിയെന്ന് പൗലോപ്പിയെക്കുറിച്ച് മാഷിന് തോന്നിയിരുന്നു,’ എന്ന വാചകത്തിൽത്തന്നെ എഴുപതു വയസ്സ് പൂർത്തിയായ ദിവസം എഴുപത്തൊന്നിലേക്ക് ഇല്ല എന്ന തീരുമാനമെടുത്ത ‘അളകാപുരി’ എന്ന കഥയിലെ പൗലോപ്പിയെന്ന കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാണ്. കോഴിക്കോട് നഗരത്തിലൂടെയുള്ള പൗലോപ്പിയുടെ യാത്ര അളകാപുരി എന്ന ഹോട്ടലിനോടുള്ള ഇഷ്ടം അതെല്ലാം വളരെ മനോഹരമായാണ് കഥാകൃത്തു വിവരിക്കുന്നത്.

ഓരോ കഥയും വീണ്ടും വായനക്കാരന്റെ മുന്നിലെത്തുമ്പോൾ വരികൾക്കിടയിൽ ഒളിച്ചിരിക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ മറനീക്കി പുറത്തു വരാം. കൂടുതൽ അന്വേഷണങ്ങലേക്ക് കടന്നാൽ ഓരോ വാക്കും എത്ര സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന ബോധം വായനക്കാരനെ ആവേശഭരതനാക്കും.
പുരുഷധിപത്യ ലോകത്ത് സ്ത്രീകൾ നേരിടെണ്ടി വരുന്ന അവഗണനയെക്കുറിച്ച് പറയാതെ പറഞ്ഞു പോകുന്നു പുസ്തകത്തിലുടനീളം. കഥയുടെ അവതരണമാണ് പ്രധാനം. കഥാപാത്രങ്ങൾ വായനക്കാരന്റെ മുന്നിൽ അഭിനയിക്കുന്നു.അതിനൊത്ത് പശ്ചാത്തലസംഗീതരാമൊരുങ്ങുന്നു. ഉണ്ണി ആറിന്റെ കഥകൾ അനുഭവിച്ചുതന്നെയറിയണം കഥാപാത്രങ്ങളുടെ പേരുകൾ തിരഞ്ഞെടുത്തത്തിലുള്ള ശ്രദ്ധ, ഒരു രംഗത്തിൽ നിന്നു മറ്റു രംഗത്തിലേക്കു കടക്കുമ്പോഴും മുറിഞ്ഞുപോകാത്ത കഥാതന്തുക്കൾ, കഥകളുനീളം നിലനിർത്തുന്ന സസ്പെൻസ് എന്നിവ എടുത്തു പറയേണ്ടത് തന്നെയാണ്. വായിച്ചു തീർന്നാൽ പെയ്തൊഴിഞ്ഞ മഴയെ ഓർത്തു കുളിരണിയുകയേ നിവൃത്തിയുള്ളൂ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.