DCBOOKS
Malayalam News Literature Website

മലയാളത്തിന്റെ ഇംഗ്ലീഷ് യാത്രകള്‍

ഇ.പി. രാജഗോപാലന്‍

വിവര്‍ത്തകരുടെ പ്രൊഫഷണല്‍ നിലവാരം ഇന്ന് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ആര്‍. ഇ. ആഷറിന്റെ ബഷീര്‍ വിവര്‍ത്തനങ്ങളെക്കാളും വി. അബ്ദുള്ളയുടെ എം.ടി വിവര്‍ത്തനങ്ങളെക്കാളും ഒ.വി.വിജയന്റെ ഖസാക്ക് വിവര്‍ത്തനത്തെക്കാളും ഊര്‍ജ്ജസ്വലവും മികവുള്ളതുമാണ് ഫാത്തിമ ഇ.വി.യുടെയും ജയശ്രി കളത്തിലിന്റെയും ഷഹനാസ് ഹബീബിന്റെയും നന്ദകുമാര്‍ കെ.യുടെയും മിനിസ്തി എസ്.ന്റെയും ജെ. ദേവികയുടെയും മറ്റും (സമകാലിക) വിവര്‍ത്തനങ്ങള്‍ എന്നു വേണം വിചാരിക്കാന്‍. അതിനുള്ള അംഗീകാരം കൂടിയാണ് ജെ.സി.ബി. പ്രൈസ് പോലുള്ള കയ്യടികള്‍: മലയാളനോവലുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ലോകശ്രദ്ധയിലെത്തിക്കൊണ്ടിരിക്കുന്നതിന്റെ വര്‍ത്തമാനകാല സര്‍ഗ്ഗാത്മകതകള്‍ വിശകലനം ചെയ്യുന്നു.

‘It is the task of the translator to releases in his/her own language that pure language that is under the spell of another, to liberate the language imprisoned in a work in his/ her recreation of that work.’
— Walter Benjamin

2018-ലാണ് ജെ. സി. ബി. അവാര്‍ഡ് തുടങ്ങിയത്. ആ വര്‍ഷം തന്നെ Jasmine Days ന് പുരസ്‌കാരം കിട്ടി.ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലു’കളുടെ ഇംഗ്ലിഷ് വിവര്‍ത്തനമാണ്. ഷഹനാസ് ഹബീബാണ് ഇംഗ്ലിഷിലാക്കിയത്. 2020 ല്‍ Moustache നായിരുന്നു ഇതേ പുരസ്‌കാരം. എസ്.
pachakuthiraഹരീഷിന്റെ ‘മീശ’യുടെ വിവര്‍ത്തനം. ജയശ്രീകളത്തിലിന്റെതാണ് മൊഴിമാറ്റം. ഇപ്പോള്‍ Delhi, A Soliloquy  (2021ല്‍) ജെ.സി.ബി. അവാര്‍ഡ് നേടി. എം. മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’ ക്ക് നന്ദകുമാര്‍ കെ.യും ഫാത്തിമ ഇ. വിയും ചേര്‍ന്നു നല്‍കിയ വിവര്‍ത്തനമാണത്. ഇത്തവണ വി.ജെ. ജെയിംസിന്റെ ആന്റിക്ലോക്കിന്റെ വിവര്‍ത്തനം (അതേ പേര് തന്നെ) അവസാനപ്പട്ടികയില്‍ ഉണ്ടായിരുന്നു എന്ന് വായിച്ചു. മിനിസ്തി എസ്. ആണ് വിവര്‍ത്തക.

മലയാളം ഇന്ത്യയിലെ വലിയൊരു സാഹിത്യഭാഷയാണെന്ന് പൊതുവെ കണക്കാക്കപ്പെടുന്നുണ്ടോ എന്ന് അറിയില്ല. മലയാളികളില്‍ ചിലര്‍ക്ക് ആ തോന്നല്‍ ഇല്ല എന്ന് അറിയാം. എന്നിരിക്കിലും ഇന്ത്യയിലെ ഏറ്റവും വലിയ (സമ്മാനത്തുകയുടെ മാത്രം അടിസ്ഥാനത്തില്‍) സാഹിത്യസമ്മാനത്തിന് തുടര്‍ച്ചയായി മലയാള നോവലുകളുടെ വിവര്‍ത്തനങ്ങള്‍ അര്‍ഹമാവുന്നു എന്നത് ചര്‍ച്ചയ്ക്ക് വരേണ്ട ഒരു കാര്യമാണ്. (സമ്മാനം തന്നെ ഒരു ജനപ്രിയനോവലിന് വിഷയമായിത്തീര്‍ന്ന കാര്യം ഓര്‍മ്മവരുന്നു. 1962-ല്‍ പുറത്തുവന്ന ഇര്‍വ്വിങ് വാലസിന്റെ The Prize. നോബല്‍ സമ്മാനമാണ് ഇതിലെ വിഷയം. ഇതിനെ ആധാരമാക്കി ഒരു ചലച്ചിത്രവും വന്നു).

1965-ല്‍ ഒന്നാമത്തെ ജ്ഞാനപീഠപുരസ്‌കാരം നല്‍കപ്പെട്ടു. അത് മലയാളകവിതയ്ക്കായിരുന്നു. 1950ല്‍ പുറത്തുവന്ന, ജി. ശങ്കരക്കുറുപ്പിന്റെ ‘ഓടക്കുഴലി’ന്. ഇത്തരമൊരു വലിയ സമ്മാനത്തിന് അര്‍ഹമായ പുസ്തകമൊന്നും സമകാലിക മലയാളത്തിലില്ല എന്ന് തൃശൂരിലെയോ
മറ്റോ ഒരു പണ്ഡിതസംഘം ജ്ഞാനപീഠസമിതിയെ അറിയിച്ചതായുള്ള കഥയും കേട്ടിട്ടുണ്ട്. ഏതായാലും 1965-ന് ശേഷം മലയാളസാഹിത്യംഅഖിലേന്ത്യാ ശ്രദ്ധയിലേക്ക് (ഔപചാ
രികമായിട്ടാണെങ്കിലും) വരുന്ന കാലമാണിത് എന്ന് കാണാവുന്നതാണ്. എന്‍. പ്രഭാകരന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’യുടെ വിവര്‍ത്തനത്തിനും (ജയശ്രീ കളത്തില്‍, Diary
of a Malyali Madman), സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖത്തിന്റെ വിവര്‍ത്തനത്തിനും (ഫത്തിമ ഇ.വി, A Preface to Man) ” ‘ക്രോസ് വേഡ് ബുക്ക് അവാര്‍ഡ് ഫോര്‍ ഫിക്ഷന്‍ ഇന്‍ ട്രാന്‍സലേഷന്‍’ കിട്ടിയതും ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.

ജെ.സി.ബി സമ്മാനിതമായ രണ്ട് നോവലുകള്‍ ഒരര്‍ത്ഥത്തില്‍ ‘അകേരളീയം’ ആണ്. മറ്റൊന്ന് ‘അതി കേരളീയവും’. മുല്ലപ്പൂനിറമുള്ള പകലുകള്‍’ അറബ്‌നാട്ടില്‍ നടന്ന ഒരു ജന
മുന്നേറ്റത്തിന്റെ ഭാവനാത്മകമായരേഖപ്പെടുത്തലാണ്. ‘ദല്‍ഹിഗാഥകളി’ല്‍ ദല്‍ഹി നഗരത്തിലെ രാഷ്ട്രീയവും വ്യക്തിജീവിതവുംകൊണ്ട് അടയാളപ്പെടുത്തുന്ന ഭൂമിശാസ്ത്രമാണ് ഉള്ളത്. മലയാളികള്‍ ഉണ്ടെങ്കിലും മലയാളമോ കേരളമോ അതില്‍ വിഷയമല്ല. ഈ ‘അകേരളീയത’യാണ് ജെ.സി.ബി പുരസ്‌കാരത്തിലേക്ക് എളുപ്പവഴിയായത് എന്ന് പറയുന്നവര്‍ കണ്ടേക്കാം.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.