DCBOOKS
Malayalam News Literature Website

മലയാള പാഠാവലി

ബഹുമുഖമായ വ്യക്തിത്വരൂപീകരണത്തിന് മാതൃഭാഷാപഠനം അനിവാര്യമാണ്. മാതൃഭാഷാപരിജ്ഞാനത്തിലൂടെ മാത്രമേ അന്യഭാഷകളും ശാസ്ത്ര-സാങ്കേതികവിഷയങ്ങളും വ്യക്തതയോടെ പഠിക്കാനും പഠിപ്പിക്കാനും സാധിക്കുകയുള്ളൂവെന്നു വിവിധ സർവ്വകലാശാല പഠനങ്ങൾ തെളിയിക്കുന്നു. ആകയാൽ മാതൃഭാഷാപഠനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും വരും തലമുറകൾക്ക് കൈമാറുന്നതിനുമായി ഡി സി കിഴക്കെമുറി ഭാഷാപഠനകേന്ദ്രം തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകങ്ങളാണ് ശ്രേഷ്ഠഭാഷാ പാഠാവലി. ആധുനിക വിദ്യാഭ്യാസബോധനസിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് തയ്യാറാക്കിയ ശ്രേഷ്ഠഭാഷാ പാഠാവലി പഠനവും പഠിപ്പിക്കലും ഒരുപോലെ ആസ്വാദ്യകരമാക്കുന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. പഠനം രസകരമാക്കാൻ, മാതൃഭാഷ അനായാസേന സ്വായത്തമാക്കാൻ, നമ്മുടെ പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുവാൻ ഈ പാഠപുസ്തകങ്ങൾ ഉപകാരപ്രദമാകും.

ഓരോ പ്രായത്തിനനുസരിച്ച് കുട്ടികൾ നേടേണ്ട ബുദ്ധിപരവും മാനസികവുമായ വിവിധ ശേഷികൾ വികസിപ്പിക്കാനുതകുംവിധം ശാസ്ത്രീയമായാണ് ഓരോ ക്ലാസിലെയും പാഠഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, നമ്മുടെ സാഹിത്യം, കല, പരിസ്ഥിതി, സംസ്‌കാരം, സമൂഹം എന്നിവയെക്കുറിച്ചുള്ള വിവിധ അദ്ധ്യായങ്ങൾ കുട്ടികളിൽ സ്വന്തം നാടിന്റെ സംസ്‌കാരത്തെക്കുറിച്ച് മികച്ച അവബോധവും ആത്മാഭിമാനവുമുണർത്തുന്നതാണ്.

ഭാഷാപഠനത്തിൽനിന്ന്‌ പലപ്പോഴും കുട്ടികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളെ ഒഴിവാക്കിയും ലഘൂകരിച്ചും എന്നാൽ രസകരവും വിജ്ഞാനപ്രദവുമാക്കിയാണ് ശ്രേഷ്ഠഭാഷാ പാഠാവലി തയ്യാറാക്കിയിരിക്കുന്നത്. നമ്മുടെ എഴുത്തുകാരുടെ മൗലികമായ രചനകൾകൊണ്ട് സമൃദ്ധമാണ് ശ്രേഷ്ഠഭാഷാ പാഠാവലി. ഭാഷയിലെ ഏറ്റവും മികച്ച പുസ്തകങ്ങളിൽനിന്നാണ്
പദ്യഭാഗങ്ങളും ഗദ്യരചനകളുമെല്ലാം അദ്ധ്യായങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് സാഹിത്യാസ്വാദനശേഷി വളർത്തുന്നതോടൊപ്പം ഭാഷയെ ഇഷ്ടപ്പെടാനും ഉപകരിക്കും. അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളെ സഹായിക്കാൻ കഴിയുന്ന രീതിയിൽ ചൊല്ലിക്കൊടുക്കാവുന്ന കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രേഷ്ഠഭാഷാ പഠനത്തിന്റെ നവലോകത്തേക്ക് നിങ്ങളെ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.