DCBOOKS
Malayalam News Literature Website

ഓര്‍മകളിലൂടെ ഒരു ട്രപ്പീസ് : താഹ മാടായി

ജെമിനി ശങ്കരന്റെ ‘മലക്കം മറിയുന്ന ജീവിതം’ എന്ന പുസ്തകത്തിന് താഹ മാടായി എഴുതിയ ആമുഖം

ഓരോ ആളുടെയും ഉള്ളില്‍ ബാല്യത്തിലെന്നോ കണ്ടുപോയ സര്‍ക്കസിന്റെ ഓര്‍മകളുണ്ടാവും. നമ്മുടെ കൈയടികളിലേക്ക് മലക്കം മറിഞ്ഞു വീഴുന്ന മനുഷ്യര്‍… ചമയങ്ങളോടെ കടന്നുവരുന്ന മൃഗങ്ങള്‍… ഇളക്കി മറിക്കുന്ന ചിരി…സര്‍ക്കസ് തമ്പിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ നമ്മെ എതിരേല്‍ക്കുന്ന പശ്ചാത്തല സംഗീതം… അങ്ങനെ, മരിക്കുംവരെ അഴിച്ചുവെക്കാത്ത ഓര്‍മയുടെ തമ്പ്. മുതിരുമ്പോള്‍ കുട്ടിയുടെ കൈ പിടിച്ച് സര്‍ക്കസ് തമ്പിലേക്ക് പോകുന്ന ആള്‍ അറിയുന്നുണ്ടാവുമോ അതിന്റെ പിന്നിലെ അനിശ്ചിതത്വങ്ങളും നെടുവീര്‍പ്പുകളും…അനിശ്ചിതത്വങ്ങളില്‍ നിന്നുയരുന്ന ആരവമാണ് സര്‍ക്കസ്. ഓര്‍മകളുടെ തമ്പിലേക്ക് സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ കാലെടുത്തു വെക്കുകയാണ്. സര്‍ക്കസ് അഭ്യാസംപോലെ ചില ‘ഐറ്റം ഓര്‍മകള്‍’ മാത്രമാണ് ജെമിനി ശങ്കരന്‍ ഇതില്‍ പങ്കുവെക്കുന്നത്. ഓര്‍മകളിലൂടെ ഒരു ട്രപ്പീസ്. മറ്റൊരു വിധത്തില്‍ Textകൂടി ഇത് വായിക്കാം. ആത്മവിശ്വാസം പകരുന്ന ഐഡിയല്‍ ഐറ്റം നമ്പറുകള്‍… അതെ, അങ്ങനെ തന്നെയാണ് ഇത് രേഖപ്പെടുത്തുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് സര്‍ക്കസ് സാമ്രാജ്യം രൂപപ്പെടുത്തിയ ഒരാള്‍ പുതിയ തലമുറയ്ക്ക് ആത്മവിശ്വാസം പകരുന്ന ചില പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു. ‘നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്കത് സാധ്യമാണ്’ എന്ന ഉത്തരം നല്‍കുന്ന അനുഭവങ്ങള്‍.

ഇന്ത്യന്‍ സര്‍ക്കസ് കുലപതികളിലൊരാളായ ജെമിനി ശങ്കരന്‍ അപൂര്‍വ ചിത്രങ്ങളുടെ ഒരു ആല്‍ബം സൂക്ഷിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. എസ്. രാധാകൃഷ്ണന്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഡോ. സക്കീര്‍ ഹുസൈന്‍, മൊറാര്‍ജി ദേശായി, ഇന്ദിരാ ഗാന്ധി, എ.കെ.ജി, ഇ.എം.എസ്, സി. അച്യുത മേനോന്‍ തുടങ്ങി ഒരു കാലഘട്ടത്തിന് ദിശാബോധം നല്‍കിയ മഹാന്മാരോടൊപ്പം ജെമിനി ശങ്കരന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ആ ഫോട്ടോകള്‍ നോക്കി പഴയ കാലത്തിന്റെ ഓര്‍മകള്‍ ഒട്ടും നിറം മങ്ങാതെ പറയാന്‍ കഴിയും ശങ്കരേട്ടന്. സര്‍ക്കസും നിരവധി അഭ്യാസപ്രകടനങ്ങളും കോമാളികളുടെ ചിരികളും ഗാലറിയിലെ നിലയ്ക്കാത്ത ആരവങ്ങളും എല്ലാവരുടെയും ഗൃഹാതുര സ്മൃതികളിലുണ്ടാവും. എല്ലായ്‌പോഴും കാണാവുന്ന സിനിമകളേക്കാള്‍ വല്ലപ്പോഴും നഗരങ്ങളില്‍ വന്ന് തമ്പ് കെട്ടി നമ്മെ വിസ്മയത്തിലാഴ്ത്തുന്നു സര്‍ക്കസുകള്‍. ഏതൊക്കെയോ ദേശങ്ങളില്‍നിന്നു ചേക്കേറുന്ന മനുഷ്യരുടെ കൂടാരംകൂടിയാണ് സര്‍ക്കസ് തമ്പുകള്‍. ഭാഷയും വേഷവും ദേശവും വ്യത്യസ്തമായിരിക്കുമ്പോഴും സര്‍ക്കസ് എന്ന ഒരു വൈകാരിക തലമാണ് അവരെ ഒരു തമ്പില്‍ ഒരുമയോടെ താമസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജെമിനി ശങ്കരന്‍ പഴയ കാലത്തേക്ക് ഒരു മലക്കംമറിച്ചില്‍ നടത്തുകയാണ് ഈ പുസ്തകത്തില്‍. അദ്ദേഹം വിദഗ്ദ്ധനായൊരു സര്‍ക്കസ് കലാകാരന്‍ കൂടിയാണ്. ഇന്ത്യന്‍ സര്‍ക്കസിലെ എക്കാലത്തെയും ആചാര്യനായ കീലേരി കുഞ്ഞിക്കണ്ണേട്ടന്റെ കളരിയില്‍ നിന്നാണ് ഇദ്ദേഹം സര്‍ക്കസ് പഠിക്കുന്നത്.

ഈ പുസ്തകം വ്യത്യസ്തമായ ഒരു ഘടനയിലാണ് രൂപപ്പെടുത്തിയത് എന്ന് ആദ്യമേ പറഞ്ഞല്ലോ. പുതിയ തലമുറയുടെ പുതു വായനാസംസ്‌കാരത്തിന് അനുപൂരകമായ രീതിയില്‍ അവര്‍ക്ക് ശുഭാപ്തിവിശ്വാസം പകരുന്ന 10 ഐഡിയല്‍ ഓര്‍മകളാണ് ഇതിന്റെ പ്രത്യേകതയായി ഞങ്ങള്‍ കാണുന്നത്. ശങ്കരേട്ടന്‍ ഇക്കാര്യത്തില്‍ നന്നായി സഹകരിച്ചു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.