DCBOOKS
Malayalam News Literature Website

ചരിത്രവത്കരണത്തിന്റെ പല പടവുകളിൽ വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യുന്ന ഗ്രന്ഥം

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന പുസ്തകത്തിന് ശ്രീജിത്ത് കടിയാക്കോൽ എഴുതിയ വായനാനുഭവം

ഏതൊരു പുസ്തകവും അതെഴുതപ്പെടുന്ന സമയത്തെ ലോകക്രമത്തോട് വിനിമയത്തിലേർപ്പെട്ടാണ് നിർമ്മിതമാവുക. അതൊരു പക്ഷെ താൻ ആ സമയത്ത് വായിക്കുന്ന മറ്റ് പുസ്തകങ്ങളോ അല്ലെങ്കിൽ തന്റെ ചുറ്റുപാടിലെ ജീവിത്തിന്റെ നേർ പ്രതിഫലനമോ ആവാം. അല്ലാതെ സത്താപരമായ ഭാവന എന്നൊന്നില്ല. ഒരു സാഹിത്യവും ശൂന്യതയിൽ നിന്ന് കല്പിതമാവുന്നില്ല എന്ന് ചുരുക്കം. ജൂലിയ ക്രിസ്റ്റേവ പറയുന്ന ‘every text is an intertext’ എന്നതിലെ ടെക്സ്റ്റ് എന്നത് എഴുതപ്പെട്ട പുസ്തകം മാത്രമല്ല, ചുറ്റുപാടും അലയടിക്കുന്ന ജീവിതത്തിൽ നിന്നുരുവാകുന്ന ആശയങ്ങളും ആവാം. സാധാരണ ഒരു പുസ്തകത്തെ ഈ രീതിയിൽ നോക്കി കാണുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ ഒരു മതഗ്രന്ഥമായി വളർന്ന ഒരു പുസ്തകത്തെ ചരിത്രപരമായി വിലയിരുത്തുക എന്നത് പ്രശ്നഭരിതമായ ഒന്നാണ്, പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ. കാരണം മതഗ്രന്ഥങ്ങൾ അഭൗമമായ ഒരു വെളിപാടിൽ നിന്നുണ്ടായതാണെന്നാണ് വിശ്വാസികൾ എപ്പോഴും കരുതുക. മറിച്ചൊരു വായന എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു പാപകർമ്മം തന്നെയാണ്. പ്രത്യേകിച്ച് മഹാഭാരതം പോലെയൊരു പുസ്തകം. ഗ്രന്ഥകാരൻ തന്നെ പറയുന്നത് പോലെ ഗ്രീക്കിലെ ഇലിയഡ്ഡോ ഒഡീസിയോ പോലെയല്ല ഇന്ത്യയിൽ മഹാഭാരതത്തിന്റെ നില. ഗ്രീക്ക് ഇതിഹാസങ്ങൾ ഏറിയും കുറഞ്ഞും പുസ്തകങ്ങളായി തന്നെ ഇന്നും നിലനിൽക്കുമ്പോൾ മഹാഭാരതം പല രീതിയിൽ ഇന്ത്യക്കാരുടെ നിത്യജീവിതത്തിൽ ജീവിക്കുന്നു. ഈയൊരു വെളിച്ചത്തിൽ വേണം സുനിൽ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന പുസ്തകത്തെ വിലയിരുത്താൻ.

താൻ ഇത് വരെ പരിശീലിച്ച് പോന്ന വായനയുടെ ഒരു രീതിശാസ്ത്രം ഉപയോഗിച്ച് തന്നെയാണ് മഹാഭാരതത്തേയും സമീപിക്കുന്നത് എന്ന് ഗ്രന്ഥകാരൻ ആരംഭത്തിൽ തന്നെ പറയുന്നുണ്ട്. എന്നാൽ അതേ സമയം തന്റെ വായനയാണ് അന്തിമമെന്നോ ആത്യന്തികമായി ശരിയെന്നോ അവകാശപ്പെടുന്നുമില്ല. മഹാഭാരതത്തെ പറ്റിയുള്ള അനേകം വായനകളിൽ ഒന്ന് എന്നേ അവകാശപ്പെടുന്നുള്ളൂ. ആമുഖത്തിൽ ഇങ്ങനെ പറയുന്നു ഗ്രന്ഥകാരൻ:

Sunil P Elayidom-Mahabharatham-Samskarikacharithram“ ഇപ്രകാരം, ചരിത്രവത്കരണത്തിന്റെ പല പടവുകളിൽ വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലുള്ളത്. അതിനപ്പുറം, തത്ത്വചിന്തയുടേയും അധ്യാത്മവിചാരത്തിന്റേയും ദൈവദർശനത്തിന്റേയും മറ്റും തലങ്ങളിൽ മഹാഭാരതം എന്തു പറയുന്നു എന്നാരായാൻ ഈ ഗ്രന്ഥം കാര്യമായി ശ്രമിച്ചിട്ടില്ല. അതിനർത്ഥം അത്തരം പ്രമേയങ്ങളാകെ അപ്രസക്തമാണെന്നല്ല. ഇതര പാരായണ രീതികളേയോ അതു ജന്മം നൽകുന്ന അർത്ഥലോകത്തേയോ നിരസിക്കുക എന്ന താത്പര്യം ഇവിടെ അൽപം പോലുമില്ല. ഇതാണ് മഹാഭാരതം എന്ന വിധി തീർപ്പല്ല; ഇത് കൂടിയാണ് മഹാഭാരതം എന്ന നിവേദനമേ ഇതിലുള്ളൂ.”

ഒരു പുസ്തകം എന്നതിനപ്പുറം മഹാഭാരത കഥകളും കഥപാത്രങ്ങളും ഇന്ത്യക്കാരന്റെ നിത്യജീവിതത്തിൽ പലതട്ടുകളിൽ വ്യാപരിക്കുന്നത് കൊണ്ട് തന്നെ മഹാഭാരതം എന്ന ടെക്സ്റ്റിന്റെ ചരിത്ര വിശകലനം മാത്രമായാൽ പൂർണ്ണമാവില്ല എന്ന ഉത്തമബോധ്യമാണ് ഈ പഠനത്തിന്റെ സവിശേഷത. അത് കൊണ്ട് തന്നെ ഒരു സാഹിത്യപാഠത്തിനുള്ളിൽ സാഹിതീയമായി സംഭവിക്കുന്ന സംഘർഷങ്ങളെ മാത്രം മുൻ നിർത്തി ( ബക്തീൻ പറയുന്ന polyphony) മഹാഭാരതത്തെ വായിച്ചാൽ നീതി പുലർത്താനാവില്ല. അതിലുപരി ആ പാഠത്തിന് പുറത്ത് ഏതെല്ലാം സ്ഥലികളുമായി മഹാഭാരതം അനേക വർഷങ്ങൾ കൊണ്ട് സംഘർഷത്തിലേർപ്പെട്ട് ഇന്ന് കാണുന്ന രൂപമാർജ്ജിച്ചു എന്ന് വിശദീകരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷത. മഹാഭാരതം Oral Formലും Written Formലും സഞ്ചരിച്ച കാലഘട്ടത്തിന്റെ ഭൗതിക ചരിത്രം, വിവിധ തരത്തിലും തലത്തിലും ഉള്ള മനുഷ്യരുടെ വായന, ഇത്രയും ബഹുസ്വരമായ ഭൂപ്രദേശങ്ങളുടെ സ്വാധീനം, ഗീത എന്ന, play with in a play എന്നൊക്കെ പറയുന്ന പോലെ, പാഠത്തിൽ നിന്ന് തെറിച്ച് നിൽക്കുന്ന ഒരു ടെക്സ്റ്റ് തുടങ്ങിയ അനന്യമായ മഹാഭാരത സവിശേഷതകളെ ഒട്ടും വൈകാരികമല്ലാതെ, എന്നാൽ ചരിത്രപരമായി വായിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ മറ്റ് മഹാഭാരത പഠനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകം.

മതവും മതകീയമായ പുസ്തകങ്ങളും എല്ലാം രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഒരു കാലത്ത് അവയെ ചരിത്രപരമാ‍യും സാഹിതീയവുമായി നിർദ്ധാരണം ചെയ്തെടുക്കുക എന്നത് ഈ കാലം ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. ആ ലക്ഷ്യത്തിലേക്കുള്ള ഒരു ഉറച്ച കാൽവെപ്പാണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാൻ കഴിയും. അത് കൊണ്ട് തന്നെ ഈ പുസ്തകം അക്കാഡമിക്ക് സർക്കിളിനപ്പുറം എത്തിച്ചേരുക എന്നത് ഒരു കാവ്യ നീതി കൂടിയാണ്.

ശ്രീജിത്ത് കടിയാക്കോൽ,
ഇംഗ്ലീഷ് വിഭാഗം,
ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
ബാംഗ്ലൂർ

Comments are closed.