DCBOOKS
Malayalam News Literature Website

ഓര്‍മ്മകളുടെ ലാല്‍വസന്തം

ലാല്‍ ജോസിന്റെ ഓര്‍മ്മപ്പുസ്തകം ‘മദ്രാസില്‍ നിന്നുള്ള തീവണ്ടി’ ക്ക് കമല്‍ എഴുതിയ കുറിപ്പില്‍ നിന്നും

ഒരാള്‍ അയാളുടെതന്നെ ജീവിതം നേരും നുണയും കൂട്ടിക്കലര്‍ത്തി എഴുതുന്ന ആത്മകഥയോ അയാള്‍ ഒരു സെലിബ്രിറ്റിയാണെങ്കില്‍ അയാളെക്കുറിച്ച് മറ്റൊരാള്‍ എഴുതുന്ന ജീവചരിത്രമോ-രണ്ടായാലും സാധാരണ സംഭവിക്കുക അതയാളുടെ ജീവിതസായാഹ്നത്തിലാവും. ജീവിതത്തിന്റെ നെടുമ്പാതയുടെ പകുതിമാത്രം പിന്നിട്ട ഒരാളെക്കുറിച്ച് ഒരു പുസ്തകമുണ്ടാകുമ്പോള്‍ ആ ആള്‍ അത്രമാത്രം സവിശേഷമായ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോയ ഒരാളാവാം. അല്ലെങ്കില്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകി സ്വയം രാകി മിനുക്കിയെടുത്ത ആളുമാവാം. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, സിനിമയുടെ മൂശയില്‍ വെന്തു ജ്വലിച്ച് സ്വയം പ്രകാശിതമായി നില്‍ക്കുന്ന ഈ മദ്ധ്യാഹ്നത്തില്‍ പ്രിയ ലാലുവിന്റെ Textജീവിതത്തിന്റെ അടരുകള്‍ ചേര്‍ത്തുവെച്ച് ഇങ്ങനെയൊരു പുസ്തകം ഉണ്ടാവുന്നത്.

ലാല്‍ജോസിന് മുന്‍പ് കോടമ്പാക്കം എന്ന പഴയ മദിരാശിയിലെ സിനിമാ വറുതിയുടെ നാളുകള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ള ആളെന്ന നിലയ്ക്ക് രാജാമണി പരിചയപ്പെടുത്തുമ്പോള്‍ മുന്‍പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്റെ മനസ്സും സ്വപ്നങ്ങളും വായിച്ചെടുക്കാന്‍ എനിക്ക് ആ ഒരു നിമിഷം മതിയായിരുന്നു. നിഷ്‌കപടമായ ഒരു ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിന് അന്നുമുതല്‍ തുടക്കമായി. സഹ സംവിധായകനോ ശിഷ്യനോ അല്ല ലാല്‍ജോസ് എനിക്ക്. പ്രിയപ്പെട്ട ലാലുവാണ്. പില്‍ക്കാലത്ത് പ്രതിഭകൊണ്ടും സ്വപ്രയത്‌നംകൊണ്ടും മലയാളസിനിമയില്‍ ഇടം രേഖപ്പെടുത്തിയ നിരവധി ചെറുപ്പക്കാരെ കൂടെനിര്‍ത്താന്‍ കഴിഞ്ഞുവെന്നുള്ളതാണ് എന്റെ ജീവിതത്തിലെ സുവര്‍ണ്ണനേട്ടങ്ങളിലൊന്ന്. അക്കൂട്ടത്തിലെ പ്രതിഭാധനരില്‍ ഒരാളാണ് ലാല്‍ജോസ്. എനിക്കതില്‍ ഏറെ അഭിമാനമുണ്ട്.

ഹോളോകാസ്റ്റ് ദുരന്തത്തിന്റെ മരിക്കാത്ത ഓര്‍മ്മയായി, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ലക്ഷങ്ങള്‍ ചത്തൊടുങ്ങുന്നതിനിടയിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സില്‍ ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്‍ക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോള്‍ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഒരു പിഞ്ചുമനസ്സിന്റെ നടുക്കുന്ന ഓര്‍മ്മകളുടെ നെരിപ്പോടുപോലെ വായനക്കാരുടെ ഉള്ളുലയ്ക്കുന്ന വായനാനുഭവമായി മാറി വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ഇംഗ്മാര്‍ ബര്‍ഗ്മാന്‍ തന്റെ മഹനീയ ജീവിതത്തിന്റെ നീണ്ട പാതയുടെ ദൂരം മുഴുവന്‍ താണ്ടി തിരിഞ്ഞുനോക്കി, പിന്നിട്ട സുവര്‍ണ്ണകാല്‍പ്പാടുകളെ
നിസ്സംഗതയോടെ വരച്ചിട്ട മാജിക് ലാന്റെണ്‍ നമ്മുടെ ഉള്ളില്‍ കോറിയിടുന്ന ആത്മസംഘര്‍ഷങ്ങള്‍ ഇതൊന്നും ആവേണ്ടതില്ലല്ലോ കൊച്ചുകേരളത്തിന്റെ സിനിമാമുറ്റത്തെ കല്‍പ്പടവുകളിലിരുന്ന് ഒറ്റപ്പാലത്തുകാരനായ ചെറുപ്പക്കാരന്‍ തന്റെ സ്വപ്നങ്ങളെ പകര്‍ത്തിവയ്ക്കുമ്പോള്‍. അതിന്റെ നന്മയും സത്യസന്ധതയും ലാളിത്യവുംതന്നെയാണ് പകര്‍ത്തപ്പെടേണ്ടത്. വായനയില്‍ ആ തനിമ പകര്‍ന്നുകിട്ടി എന്നുള്ളതാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ എനിയ്ക്ക് പ്രേരണയായതും.

സ്വന്തം സിനിമകളിലെ ശുദ്ധമായ നാട്ടുലാവണ്യം വ്യക്തിജീവിതത്തിലും സൂക്ഷിക്കുന്ന ആളാണ് ലാലു. കൗമാര, യൗവ്വനകാലങ്ങള്‍ വിവരിക്കുന്നിടത്തൊക്കെ വള്ളുവനാടിന്റെ ചന്തവും നന്മയും വാക്കുകളിലും പ്രകടമാണ്. സിനിമയിലെത്തുമ്പോള്‍, വിപുലമായ സൗഹൃദങ്ങളും അനുഭവസമ്പത്തും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന കലാകാരന്റെ സത്യസന്ധമായ നേര്‍ച്ചിത്രം സൂക്ഷ്മമായിത്തന്നെ വരച്ചിടുന്നുണ്ട് ഇവിടെ.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.