DCBOOKS
Malayalam News Literature Website

ലോക്ഡൗൺ കാലത്തു പ്രിയ വായനക്കാർക്കായി അഞ്ച് മികച്ച പുസ്തങ്ങൾ നിർദ്ദേശിച്ച് എം മുകുന്ദൻ

മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോൾ ഇതാ ഈ ലോക്ഡൗൺ കാലത്തു പ്രിയ വായനക്കാർക്കായി അഞ്ച് മികച്ച പുസ്തങ്ങൾ അദ്ദേഹം നിർദ്ദേശിച്ചിരിക്കുകയാണ്.

അന്ധർ ബധിരർ മൂകർ – ടി.ഡി രാമകൃഷ്ണൻ

T D Ramakrishnan-Andhar Badhirar Mookarവര്‍ഷങ്ങള്‍ കൊണ്ട് എഴുതിത്തീര്‍ത്ത ദേശകാല ചരിത്രങ്ങളിലേക്ക് സമകാലീനത ചേര്‍ത്തുവയ്ക്കുന്ന നോവലുകള്‍ കൊണ്ട് ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണന്‍. എന്നാല്‍, തീര്‍ത്തും മൂന്നോനാലോ മാസങ്ങള്‍ കൊണ്ട് എഴുതി വിസ്മയിപ്പിച്ച ഒരു ജനതയുടെ ആധിയുടെ, ജീവിതത്തിന് മുമ്പോട്ട് നീണ്ടുകിടക്കുന്ന അനിശ്ചിതത്വത്തിന്റെ, നമുക്ക് കേട്ടുകേള്‍വിയോ, മറ്റുചിലര്‍ക്ക് കെട്ടുകഥയോ മാത്രമായ കാശ്മീരി ജനതയുടെ ജീവിതമാണ് ‘അന്ധര്‍ ബധിരര്‍ മൂകര്‍’.

Quichotte- Salman Rushdie

ഇന്ത്യന്‍ വംശജനായ ലോകപ്രശ്‌സ്ത ബ്രിട്ടീഷ് എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൺ ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്. ലോകത്ത് ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് സ്പാനിഷ് ക്ലാസിക് കൃതിയായ ഡോണ്‍ ക്വിക്‌സോട്ട്. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നായ ഡോണ്‍ ക്വിക്‌സോട്ടില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് സല്‍മാന്‍ റുഷ്ദി എഴുതിയ നോവൽ.

Blue is Like Blue- Vinod Kumar Shukla

വ്യത്യസ്തമായ എഴുത്തുശൈലിയും ജീവിതരീതിയും പിന്തുടരുന്ന വ്യക്തിയാണ് വിനോദ് കുമാര്‍ ശുക്ല. ഗ്രാമീണ ഇന്ത്യയിലെ ജീവിതത്തിന്റെ പകര്‍ത്തെഴുത്താണ് ഈ കൃതി.

എഴുത്തുകാർ എഴുതാത്തത് – ജോണി ലൂക്കോസ്

മലയാളത്തിലെ മാധ്യമ പ്രവർത്തകനാണ്‌ ജോണി ലൂക്കോസ്. എം. കൃഷ്ണന്‍നായരെ മോഹിപ്പിച്ചതെന്തായിരുന്നു? ടി. പത്മനാഭന്‍റെ വിധിയും മുന്‍വിധിയും എന്ത്? അഴീക്കോടിന്‍റെ സൗന്ദര്യ ലഹരി, ലീലാവതിയുടെ മറക്കാത്ത സത്യങ്ങള്‍, സി. രാധാകൃഷ്ണന്‍റെ ഭയപ്പാടുകള്‍, സുഗതകുമാരിയുടെ ശത്രുക്കള്‍, ചുള്ളിക്കാടിന്‍റെ കലഹങ്ങള്‍, പെരുമ്പടവത്തിന്‍റെ പ്രതികാരം, സച്ചിദാനന്ദന്‍റെ പ്രകോപനങ്ങള്‍ എന്നിങ്ങനെ എഴുത്തുകാരുടെ അറിയപ്പെടാത്ത ലോകങ്ങള്‍ അനാവരണം ചെയ്യുന്ന ജോണി ലൂക്കോസ് രചിച്ച കൃതി.

കൃഷ്ണപക്ഷം- കെ.ജയകുമാർ

അറുപതുകളിലേയും എഴുപതുകളിലേയും ദക്ഷിണേന്ത്യന്‍ സിനിമയുടെ ചരിത്രമെഴുതിയ പ്രമുഖ സമ്വിധായകന്‍‍ എം. കൃഷ്ണന്‍ നായരുടെ ജീവിതത്തിലേക്ക് കവിയും ഗാന രചയിതാവുമായ മകന്‍ കെ. ജയകുമാര്‍ നടത്തിയ ഓര്‍മ്മകളുടെ യാത്രാ പുസ്തകം. നിരവധി വ്യക്തികളും അനേകം അനുഭവങ്ങളും വൈകാരികത നിറഞ്ഞ ജീവിത സന്ദര്‍ഭങ്ങളും പോയ കാലത്തിന്റെ സവിശേഷ നിറങ്ങളില്‍ പുനര്‍ജനിക്കുന്ന സരളവും സത്യസന്ധവുമായ ആഖ്യാനം.

 

 

Comments are closed.