DCBOOKS
Malayalam News Literature Website

എം ഗോവിന്ദന്റെ കവിതകള്‍

മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു എം. ഗോവിന്ദന്റെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും. മനുഷ്യന്റെ വേര് മനുഷ്യന്‍ തന്നെയാണെന്നു വിശ്വസിച്ച ഗോവിന്ദന്റെ കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരമാണ് എം ഗോവിന്ദന്റെ കവിതകള്‍. ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന് ഡോ പി കെ തിലക് എഴുതിയ വാനാക്കുറിപ്പ്.

മലയാളത്തിന്റെ ദാര്‍ശനികനായ മഹാകവിയാണ് എം.ഗോവിന്ദന്‍. വാക്കിന്റെ ശോഭയും കരുത്തും തിരഞ്ഞ് മാനവഹൃദയങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. കവിതയെ വിതയാക്കി. അതിരുകളില്ലാത്ത സ്വാതന്ത്ര്യം സ്വപ്നം കണ്ടു. എല്ലാ ത്തരം അധീശത്വത്തെയും ചോദ്യം ചെയ്യാനുള്ള ഉള്‍ക്കരുത്ത് അദ്ദേഹം ആര്‍ജിച്ചത് കവിതയിലൂടെയാണ്. കവി കവിതയാകുന്നു/വിത കതിരാകുന്നു/വിത്തു വീണ്ടും മുള ചൂടി/പട്ടാങ്ങപ്പാക്കനാരാകുന്നു ചൊല്ലായ്, ചെയ്തിയായ് വെല്ലു/ന്നെല്ലു നൂറുള്ള വാക്കുകള്‍/വാക്കിനെന്തിനു കിരീടം, വഴിവക്കില്‍ പൊക്കിയ കുഴിമാടം? എല്ലുറപ്പുള്ള വാക്കിന് സ്മൃതിമണ്ഡപങ്ങള്‍ ആവശ്യമില്ല. അത് ജനഹൃദയങ്ങളിലൂടെ മുളച്ചുപൊന്തും. കവി ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്.

കവിത കവിയുടെ വിത/പതിരില്ലാപ്പഴങ്കഥ/മാവേലിക്കും മാകവിക്കും/മരണമില്ല, ഭരണമില്ല. (പതിരില്ലാപ്പഴങ്കഥ) ആരുടെ മേലും ആധിപത്യമാളാന്‍ ശ്രമിക്കാത്ത, ഒരിക്കലും നശിക്കാത്ത ശക്തിയായി കവിത മാറുന്നു. കവിതയിലൊരു വിതയുണ്ടത്രേ എന്ന് പില്‍ക്കാലത്ത് കുഞ്ഞുണ്ണി മാഷിനെ ചിന്തിപ്പിച്ചത് ഗോവിന്ദന്റെ ദര്‍ശനമാവാം. മാനവരാശി പടുത്തുയര്‍ത്തിക്കൊണ്ടുവന്ന ദാര്‍ശനിക പാരമ്പര്യം പ്രഫുല്ലമാകുന്നത് കവിതയിലാണെന്ന് അദ്ദേഹം കണ്ടെത്തി. ആ ശക്തികൊണ്ട് മുന്നേറാന്‍ കവി ഉപദേശിക്കുന്നു. മനുഷ്യന്‍ ചോര ചൊരിഞ്ഞു കൊട്ടിപ്പടുത്ത അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ അവനുതന്നെ തടവറയായിത്തീരുന്ന കാഴ്ച കവി കാട്ടിത്തരുന്നു. കുരുക്ഷേത്രത്തിലേക്കു വീണ്ടും എന്ന കവിതയില്‍ അദ്ദേഹം പാടുന്നത് ഇപ്രകാരമാണ്.

എത്ര സുല്‍ത്താന്മാര്‍ കോയിത്തമ്പുരാക്കന്മാരിങ്ങു/രിക്തമാമെലിമ്പിന്റെ തമ്പുകള്‍ കെട്ടിപ്പൊക്കി?സോദരരുധിരത്തില്‍ തര്‍പ്പണം ചെയ്തും കോയ്മ നേടിയോരോടിപ്പോയോരെത്രയാണീ ശ്രേണിയില്‍ അക്കുരുക്ഷേത്രം മുതലിന്നോളമരങ്ങത്തു/രക്തരക്ഷസ്സിന്നധികാരമേ തിറയാടി മാറ്റുകിപ്പാരമ്പര്യം തെറ്റെന്നു കുരുക്ഷേത്രം/മറ്റൊന്നുതീര്‍ക്കാം, ശവക്കൂനയും വെടിപ്പാക്കാം.പൊന്നാനിയെ തന്റെ ആദര്‍ശ ഭൂമിയായി എം.ഗോവിന്ദന്‍ കാണുന്നു. മാനവമൈത്രിയുടെ വിളഭൂമിയായാണ് ആ പ്രദേശം നമ്മുടെ മുമ്പില്‍ തെളിയുന്നത്.വിശ്വംപൊന്നാനിയിലേക്കു ചുരു ങ്ങുന്നതായും പൊന്നാനി മഹാപ്രപഞ്ചമായി വികസിക്കുന്നതായും നമുക്ക് അനുഭവപ്പെടുന്നു. വാക്കിന്റെ കൂടു തേടുന്ന കവിയെ വാക്കേ വാക്കേ കൂടെവിടെ എന്ന കവിതയില്‍ കാണാം.

വാക്കേ, വാക്കേ കൂടെവിടെ?/വളരുന്ന നാവിന്റെ കൊമ്പത്ത്/വാക്കേ, വാക്കേ കൂടെവിടെ?ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.എന്ന് ആരംഭിക്കുന്ന കവിത വാക്കിന്റെ മഹത്തായ ശക്തി പരിചയപ്പെടുത്തുന്നു. ചരമശ്ലോകങ്ങള്‍ എഴുതി വാക്കിന്റശക്തി ചോര്‍ത്തിക്കളയുന്നവരുണ്ട്. ശൃഗാര ചാപല്യങ്ങള്‍ വര്‍ണിച്ച് വാക്കിന്റെ മുനയൊടിക്കുന്നവരും കുറവല്ല. ഫലിതവും നേരമ്പോക്കും മെനയാന്‍ വാക്കിന്റെ ഊര്‍ജം ദുര്‍വ്യയം ചെയ്യരുതെന്ന നിലപാടാണ് എം.ഗോവിന്ദനുള്ളത്. ഭാഷയുടെ മര്‍മം അറിഞ്ഞ കവിക്ക് വാക്ക് നിസ്സാരമല്ല. ‘എല്ലും പല്ലുമുള്ള’ മലയാളവാക്ക് പോരാട്ടത്തിനും ചെറുത്തുനില്പിനുമുള്ള ആയുധമാണ്.

ഇടിത്തീപോലുള്ള സംഹാരശക്തി വാക്കിനുണ്ട്. ആകാശവാണിയുടെ സമയംകൊല്ലി കലാപരിപാടികള്‍ വാക്കിന്റെ അന്തസ്സു കെടുത്തുന്നു. ‘തപ്പിലും മപ്പിലും വീര്‍പ്പായ് വിടര്‍ന്ന് തുടം വായ്ച്ച’താണ് മലയാളവാണി എന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. പാണന്റെ ഉടുക്കിലും പാടത്തിന്‍ മുടുക്കിലും പാടിയാടിയപുന്നാര വാക്കിനെ അശ്ലീലച്ചുവയുള്ള നൃത്തരംഗങ്ങള്‍ക്ക് പശ്ചാത്തലമാക്കാന്‍ തുനിയരുതെന്ന് കവി താക്കീതു നല്‍കുന്നു. അര്‍ത്ഥത്തിന്റെ ഉരുവപ്പെടലാണ് വാക്ക്.വാക്കിലൂടെയല്ലാതെ അര്‍ത്ഥത്തെ ആവിഷ്‌കരിക്കാന്‍ ആവുകയില്ല.അതിനാല്‍ അര്‍ത്ഥത്തിനൊപ്പം വാക്കും പ്രാധാന്യമര്‍ഹിക്കുന്നു. വാക്കില്‍ കാപട്യം കലര്‍ത്തുന്നവരോട് കവിക്കു പറയാനുള്ളത് ഇതാണ്:മനസ്സിലെയതിസാരത്താല്‍/മന്ത്രിമാരു തൂറ്റുമ്പോള്‍/അതും പെറുക്കി, അധിപന്റെ മുഞ്ഞിമൊഴിയും പിഴിഞ്ഞൊഴിച്ച്/പത്രത്തിലുടച്ചുചേര്‍ക്കാന്‍/പറ്റും പയറ്റുമണിയല്ല പറയന്റെ ചെണ്ടയിലും/ഉറയുന്ന തൊണ്ടയിലും/ഉയരം കൊണ്ടുയിര്‍പെറ്റ്/ഊറ്റമൂട്ടിയ നമ്മുടെ വാക്ക്. വാക്കുകളെ ഏറ്റവുമധികം മലിനമാക്കുന്നത് വര്‍ത്തമാനപത്രങ്ങളാണ്. പത്രാധിപരുടെ ഹിതാഹിതങ്ങളാണ് അവിടെ ആത്യന്തികമായി ആവിഷ്‌കരിക്കപ്പെടുന്നത്. അവര്‍ വാക്കുകള്‍ക്ക് ദുരര്‍ത്ഥങ്ങള്‍ കല്പിക്കുന്നു. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിളമ്പി സത്യത്തെ ദുര്‍ഗ്രഹമാക്കിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ വാക്കിന്റെ യഥാര്‍ത്ഥ ശക്തി അവരുടെ കുതന്ത്രങ്ങളെ അതിജീവിക്കുന്നു. അത് വിമോചനപ്പോരാട്ടങ്ങളുടെ ജിഹ്വയാണ്. സ്വാതന്ത്ര്യത്തിന്റെ ചിറകായി വാക്ക് ഉയരങ്ങള്‍ കീഴടക്കുന്നു. വാക്കിന്റെ പൊരുള്‍ തേടലില്‍ ദാര്‍ശനികമായ ഉള്‍ക്കാഴ്ച അടങ്ങിയിരിക്കുന്നു.

പാഷാണപ്പാട്ട് എന്ന കവിതയില്‍ ജീവിതത്തിന്റെ പൊരുള്‍ തേടുന്ന കവി ചെന്നെത്തുന്ന തീര്‍പ്പുകള്‍ കാണുക: ദൈവം തന്ന മണ്ണ്/ദൈവം തന്ന കാല് അവന്റെ മണ്ണിലവന്റെ കാലുറയ്ക്കായ്കില്‍/ഉടലിലുരുട്ടിവെച്ച തലയെന്തിന്? എറിയുക, കല്ലെറിയുക/ചുമ്മാ കല്ലെറിഞ്ഞേ കൊല്ലുക.സ്വന്തം മണ്ണും വേരും മറക്കുന്നമനുഷ്യന്‍ ഭൂമിക്ക് ഭാരമാണെന്ന കാഴ്ചപ്പാട് ഇതിനു പിന്നിലുണ്ട്. വിമര്‍ശനാത്മക പ്രകൃതിദര്‍ശനമാണ് കവി ഇവിടെ വച്ചുപുലര്‍ത്തുന്നത്. മറ്റെല്ലാ ജീവജാലങ്ങളെയും ഉപദ്രവകാരികളായി കാണുകയും അവയില്‍നിന്ന് സുരക്ഷിതവലയം തീര്‍ത്തു കഴിയുകയാണ് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യമെന്നു വിശ്വസിക്കുകയും ചെയ്യുന്ന സമീപനം ആപത്കരമാണ്. മറ്റു ജീവികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന് രണ്ടു കാല് മാത്രമേയുള്ളൂ.

ആകാലുകളെ നിലം തൊടിയിക്കാതെ തേക്കടിയിലും തേവിടിശ്ശിപ്പുരയിലും തേവാരനടയിലും കാറില്‍കുട്ടിത്തേവാങ്കിനെപ്പോലെ കുനിഞ്ഞിരുന്നു പോകുന്ന ബോറനാണ് മനുഷ്യന്‍. അവനെ കല്ലെറിയുന്നതിന് ഒരു തടസ്സം മാത്രമേയുള്ളൂ ‘പാപം ചെയ്യാത്തവര്‍ കല്ലെറിഞ്ഞാലേ തല തെറിക്കൂ.’മാനുഷികതയുടെ ഔന്നത്യം കുടികൊള്ളുന്നത് മനുഷ്യന്റെ ഉയര്‍ന്ന ധാര്‍മികതയിലാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മിത്തുകളെയും ആദിരൂപങ്ങളെയും കുറിച്ചുള്ള അന്വേഷണം കവിതയ്ക്ക് പുതിയ ഊര്‍ജം പകരുമെന്ന് എം.ഗോവിന്ദന്‍ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പല കവിതകളും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട് തുടര്‍ക്കണി എന്ന സമാഹാരത്തിലെ കവിതകള്‍ കേരളസംസ്‌കാരത്തിന്റെ ഈടുവെപ്പുകളായ പുരാവൃത്തങ്ങളുടെ പൊരുള്‍ തിരയുന്നവയാണ്. വരരുചി എന്ന മഹാപണ്ഡിതനായ ബ്രാഹ്മണന് പറയിയില്‍ പിറന്ന പന്ത്രണ്ടുമക്കളുടെ കഥ പല കവിതകളിലായി എം. ഗോവിന്ദന്‍ ആഖ്യാനംചെയ്യുന്നു.

നാറാണത്തു തിരുവടികള്‍, മനോധര്‍മ്മം, ഒരു പകലുമൊരിരവും പാക്കനാരും, കിളിപ്പാട്ട്, ഇടശ്ശേരി നിനവില്‍ വരുമ്പോള്‍, പരസ്യമല്ല രഹസ്യവുമല്ല എന്നിവയാണ് ആല്‍ബം എന്ന് അര്‍ത്ഥംവരുന്ന തുര്‍ക്കണിയിലെ കവിതകള്‍. നാറാണത്തു തിരുവടികള്‍ എന്ന കവിതയില്‍ പന്തിരുകുലത്തിന്റെ സമഗ്രചിത്രം കവി അവതരിപ്പിച്ചിട്ടുണ്ട്. തികഞ്ഞ ദാര്‍ശനികനായിട്ടാണ് നാറാണത്തു ഭ്രാന്തനെ അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. നാറാണത്തു തിരുവടികള്‍ എന്ന ശീര്‍ഷകംതന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. നാറാണത്തു തിരുവടികളുടെ ജീവിതചിത്രത്തി
ലേക്ക് ഒരു കിളിവാതില്‍ തുറന്നുകൊണ്ടാണ് ആഖ്യാനം ആരംഭിക്കുന്നത്.

Comments are closed.