DCBOOKS
Malayalam News Literature Website

പ്രേമക്കൊലയാളികളും ബലാത്സംഗ കുറ്റവാളികളും

സി.എസ്. ചന്ദ്രിക

പ്രേമം എത്ര മനോഹരമായ പദമാണ്‌! ആശയവും അനുഭവവുമാണ്‌! എന്നാല്‍ രണ്ടു പേര്‍ പരസ്‌പരം പരിചയപ്പെടുകയും ഇഷ്‌ടപ്പെടുകയും ചെയ്‌തു എന്നതിന്റെ പേരിലോ അഥവാ ഒരാള്‍ക്ക്‌ ഏകപക്ഷീയമായ പ്രേമം തോന്നി എന്നതിന്റെ പേരിലോ കൊല ചെയ്യപ്പെടുന്നത്‌ ഏറ്റവും ഭയാനകമാണ്‌! പ്രേമം എന്ന മനോവികാരത്തോടു തന്നെ പേടിയും അരക്ഷിതത്വവും ജനിപ്പിക്കുന്ന തരം പ്രത്യാഘാതമാണ്‌ അതു പലരിലും ഉണ്ടാക്കുന്നത്‌. രക്ഷിതാക്കള്‍ പെണ്‍മക്കളുടെ ജീവനെ സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായിത്തന്നെ ഇനി പതിവിലും കൂടുതല്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇടവരുത്തും വിധമുള്ള പ്രത്യാഘാതം. മാതാപിതാക്കള്‍ മാത്രമല്ല, പോലീസ്‌ മേധാവികളും പറയുന്നത്‌ പെണ്‍കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങളുടെ ഫോട്ടോയും മറ്റും ഇടാതിരിക്കുകയാണ്‌ സുരക്ഷിതമായിരിക്കാനുള്ള വഴി എന്നാണ്‌. അല്ലെങ്കില്‍ത്തന്നെ ‘ഇല ചെന്ന്‌ മുള്ളില്‍ വീണാലും മുള്ള്‌ ഇലയില്‍ വീണാലും ഇലയ്‌ക്കു തന്നെ കേട്‌’ എന്ന്‌ കേട്ടു കേട്ടു വളരുന്ന പെണ്‍കുട്ടികളുടെ സമൂഹമാണിത്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ പെണ്‍കുട്ടികള്‍ക്ക്‌ പ്രശ്‌നങ്ങളെ നേരിടാന്‍ ആരോഗ്യകരമായതോ ആത്മവിശ്വാസം കൊടുക്കുന്നതോ ആയ പോംവഴിയല്ല. അക്രമാസക്തി കൊണ്ട്‌ രോഗാതുരമായ പുരുഷാധിപത്യ സമൂഹത്തിനാണ്‌ ശരിയായ വിദദ്ധ ചികിത്സ വേണ്ടത്‌. അതില്‍ പോലീസ്‌ സംവിധാനം സ്‌ത്രീപക്ഷത്തു നിന്നു കൊണ്ട്‌, പെണ്‍കുട്ടികളുടേയും സ്‌ത്രീകളുടേയും പൗരാവകാശങ്ങളേയും തുല്യ സ്വാതന്ത്ര്യത്തേയും നിയന്ത്രിക്കാതെ തുല്യ നീതിയും സമത്വവും നടപ്പാക്കാനായി, അക്രമികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉറപ്പാക്കിക്കൊണ്ട്‌ സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. ഒപ്പം കോടതികള്‍ക്കുള്ള പങ്ക്‌ എത്രയധികം നിര്‍ണ്ണായകമാണെന്ന്‌ ആവര്‍ത്തിച്ചു പറയേണ്ടതില്ലല്ലോ.

പ്രപഞ്ചത്തില്‍ മനുഷ്യരുള്ളിടത്തോളം കാലം പ്രേമവുമുണ്ടാകും എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. അത്രയധികം സ്വപ്‌നസമാനവും സുന്ദരവുമാണ്‌ പ്രേമം എന്നത്‌ മനുഷ്യര്‍ അറിഞ്ഞു കഴിഞ്ഞു. പ്രേമത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ നമുക്ക്‌ വായിക്കാനും കാണാനും ആസ്വദിക്കാനും ഇവിടെ എത്ര സാഹിത്യവും സിനിമയും മറ്റുമുണ്ടാകും? അതിനാല്‍ പ്രേമത്തെക്കുറിച്ച്‌ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശരിയായി പറഞ്ഞു കൊടുക്കുകയാണ്‌ വേണ്ടത്‌. കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ തള്ളിയിടുന്നത്‌ പ്രേമത്തിന്റെ ഏറ്റവും അനാരോഗ്യകരവും മിഥ്യാത്മകവുമായ മാനസിക രൂപമാണ്‌. മാനസ എന്ന പെണ്‍കുട്ടിയുടെ നേര്‍ക്കു നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ കേരളമാകെയും സര്‍വ്വ മാതാപിതാക്കളുടേയും മനസ്സില്‍ വലിയ നടുക്കം സൃഷ്‌ടിച്ചിട്ടുണ്ട്‌. മാനസയുടെ കൊലപാതക വാര്‍ത്ത അറിഞ്ഞ മാനസികാഘാതത്തില്‍ മലപ്പുറം ജില്ലയില്‍ ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്‌തു എന്ന വാര്‍ത്തയും വളരെയേറെ അലട്ടിക്കൊണ്ടിരിക്കുന്നു.

പ്രേമം എന്നത്‌ ആദര്‍ശാത്മകമായ പരസ്‌പര ഉത്തരവാദിത്വവും കരുതലുമായി മാറ്റിത്തീര്‍ക്കേണ്ടതായ ആകര്‍ഷകമായ ഒരു ജീവിത ബോധം കൂടിയാണ്‌. അതില്ലാത്തിടത്ത്‌ പ്രേമം മരിച്ചു പോവുകയും പ്രേമികള്‍ മാനസികമായും ശാരീരികമായും അകലുകയും ചെയ്യും. പ്രേമം ആരില്‍ നിന്നും നിര്‍ബ്ബന്ധിച്ച്‌ പിടിച്ച്‌ വാങ്ങാന്‍ കഴിയുന്ന വസ്‌തുവല്ല. പ്രേമമാകര്‍ഷണത്താല്‍ ആശയവിനിമയമോ ജീവിതമോ പങ്കുവെയ്‌ക്കാന്‍ തുടങ്ങിയ രണ്ടു പേര്‍ക്കിടയില്‍ എപ്പോള്‍ പ്രേമം എന്ന സന്തോഷകരമായ അനുഭവം ഇല്ലാതാകുന്നുവോ, സംഘര്‍ഷങ്ങള്‍ നിറയുന്നുവോ, സ്വാതന്ത്ര്യം ഇല്ലാതാകുന്നുവോ അപ്പോള്‍ അതില്‍ നിന്ന്‌ പിന്‍മാറാന്‍ ആര്‍ക്കായാലും അവകാശമുണ്ട്‌. വിശേഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌. കാരണം, പുരുഷന്റെ ഭാഗത്തു നിന്ന്‌ പ്രേമത്തിന്റെ പേരില്‍ സ്‌ത്രീയുടെ മേല്‍ സമ്മര്‍ദ്ദവും അവകാശവും അധികാരവും അക്രമവും പ്രവര്‍ത്തിക്കാന്‍ യഥേഷ്‌ടം സാഹചര്യങ്ങളും സാധ്യതകളുമുള്ള ഒരു പുരുഷാധിപത്യ സമൂഹത്തിലാണ്‌ നമ്മള്‍ ജീവിക്കുന്നത്‌. അവന്‌ പുറത്തു പോയി തോക്ക്‌ അടക്കമുള്ള ആയുധങ്ങള്‍ വാങ്ങാനും കയ്യില്‍ വെയ്‌ക്കാനും ആസൂത്രണം ചെയ്‌ത്‌ തക്കം പാര്‍ത്തിരുന്ന്‌ സ്‌ത്രീയെ കൊല ചെയ്യാനും വരെ കഴിയുന്ന സഞ്ചാര സ്വാതന്ത്ര്യവുമുണ്ട്‌. ഇന്റര്‍ നെറ്റ്‌ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചും അവള്‍ക്കു നേരെ ഭീഷണമായ നിരവധി ആക്രമണവലകള്‍ തീര്‍ക്കാന്‍ അവന്‌ കെല്‌പുണ്ട്‌.

പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്യുന്ന തുടക്ക കാലങ്ങളില്‍ മാനസികമായ പൊരുത്തക്കേടുകള്‍ ഇരുകൂട്ടര്‍ക്കും പരസ്‌പരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. ‘പ്രേമത്തിന്‌ കണ്ണില്ലെ’ന്ന്‌ പറയുന്നത്‌ അതുകൊണ്ടാണല്ലോ. ഇക്കാലത്താണെങ്കില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രമല്ല, മുതിര്‍ന്ന സ്‌ത്രീ പുരുഷന്‍മാരും ഏറെയും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്‌. പ്രേമത്തിലകപ്പെടാനുള്ള സാധ്യതകള്‍ അവിടെ അധികമാണ്‌. എന്നാല്‍, ഇത്തരം തുറവികളെ ആപല്‍ക്കരമല്ലാതെയാക്കാന്‍ സാധ്യമായിട്ടുള്ള ചില സുപ്രധാന കാര്യങ്ങളുണ്ട്‌. ആരോഗ്യകരമായ സ്‌ത്രീപുരുഷ ബന്ധങ്ങള്‍ ഉള്ള തുറന്ന ഒരു സമൂഹത്തെ വിഭാവനം ചെയ്യണം.

ലൈംഗിക വിദ്യാഭ്യാസം അഥവാ ജീവിത നൈപുണി വിദ്യാഭ്യാസം എന്തെന്ന അടിസ്ഥാനപരമായ അറിവ്‌ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ക്ലാസ്സ്‌ മുറികളിലോ സ്വന്തം വീടുകളിലോ നിന്നു പോലും ലഭിച്ചിട്ടില്ലാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസ്സിന്റേയും ശരീരത്തിന്റേയും പ്രകൃതി സഹജമായ ആഗ്രഹങ്ങളെ വൈകാരികമായും ബുദ്ധിപരമായും ആരോഗ്യകരമായും കൈകാര്യം ചെയ്യാന്‍ അറിവ്‌ ലഭിച്ചിട്ടില്ലാത്തവരാണ്‌. ആണ്‍കുട്ടികള്‍/പുരുഷന്‍മാര്‍ നീലച്ചിത്രങ്ങള്‍ കണ്ടും അവരുടെ ആണ്‍സൗഹൃദ വൃത്തങ്ങളിലെ അനുഭവങ്ങള്‍ പങ്കു വെച്ചും കിട്ടുന്ന അസംബന്ധപൂര്‍ണ്ണവും അക്രമവും അജ്ഞത നിറഞ്ഞതുമായ ലൈംഗിക ലോകത്താണ്‌ പ്രധാനമായും വളര്‍ന്നു വിഹരിച്ച്‌ വലുതാവുന്നത്‌. വര്‍ദ്ധിച്ച ഉല്‍ക്കണ്‌ഠകളാല്‍ പല ആണ്‍കുട്ടികളും പുരുഷന്‍മാരും മാനസികമായ ആരോഗ്യം തകര്‍ന്നു പോകുന്നവരും കായികമായി അക്രമാസക്തരുമാണ്‌. സ്‌ത്രീയുടെ നേര്‍ക്കുള്ള പുരുഷന്റെ അക്രമത്തെ നിസ്സാരവല്‍ക്കരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന പ്രബല പുരുഷാധികാര സാമൂഹ്യ വ്യവസ്ഥയുടെ അതേ മനോഭാവത്തില്‍ പോലീസും കോടതികളും പെരുമാറുന്നിടത്താണ്‌ ഈ അക്രമങ്ങള്‍ തുടരുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നത്‌.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും അവള്‍ ഗര്‍ഭിണിയാവുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്‌ത കേസില്‍ ബലാത്സംഗക്കുറ്റത്തിന്‌ തടവറയിലെത്തിപ്പെട്ട ഫാദര്‍ റോബിന്‍ ഇരയെ വിവാഹം കഴിക്കാമെന്നും പുറത്തു വിടണമെന്നും സുപ്രീംകോടതിയോട്‌ അപേക്ഷിച്ചതിന്റെ സന്ദര്‍ഭത്തെക്കൂടി ഇതോടൊപ്പം പരാമര്‍ശിക്കട്ടെ. റോബിന്റെ മാത്രമല്ല, ഇരയായ പെണ്‍കുട്ടിയുടെ അപേക്ഷയിലും അത്ഭുതമൊന്നുമില്ല. നമ്മുടെ നാടും നാട്ടിലെ സദാചാര ലൈംഗികവ്യവസ്ഥയും ഇങ്ങനെയാണ്‌ നിര്‍മ്മിച്ചു വെച്ചിട്ടുള്ളത്‌.

ഒരു ലൈംഗിക കുറ്റവാളിയോട്‌ ബലാത്സംഗം ചെയ്‌ത ഇരയെ വിവാഹം കഴിക്കാമോ എന്ന്‌ സുപ്രീം കോടതിയില്‍ അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ തന്നെ ചോദിച്ച രാജ്യമാണിത്‌. വസ്‌ത്രത്തിന്‌ മുകളിലൂടെ സ്‌ത്രീയുടെ ശരീരത്തില്‍ തൊട്ടാല്‍ അത്‌ ലൈംഗിക ആക്രമണമാവില്ലെന്ന്‌ ഇന്ത്യയിലെ മറ്റൊരു ജഡ്‌ജിയുടെ വിധി കേട്ട്‌ അമ്പരന്നിരിക്കുന്നവര്‍ കൂടിയാണ്‌ രാജ്യത്തെ സ്‌ത്രീകള്‍. റോബിന്‌ ഇരയെ വിവാഹം കഴിക്കാനായി ജാമ്യത്തില്‍ വിടാനുള്ള അപേക്ഷ ഹൈക്കോടതിയില്‍ നല്‍കാന്‍ സുപ്രീംകോടതി ഉപദേശിച്ചതിന്റെ നിയമപരമായ സാംഗത്യം എനിക്ക്‌ മനസ്സിലായിട്ടില്ല. എന്നാല്‍ ധാര്‍മ്മികമായി ആ ഉപദേശം തെറ്റാണ്‌. നൈതികത വീണ്ടും വീണ്ടും അപായപ്പെടുകയാണ്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കടപ്പാട്- മാധ്യമം

Comments are closed.