സോജാ… രാജകുമാരി… സോജാ…: ബാലചന്ദ്ര മേനോന്റെ പ്രണയ ഓര്‍മ്മകള്‍
ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’
മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.
പുസ്തകത്തില്‍ നിന്നും
അതൊരു കാലം…
കാണാന്‍ ചന്തമുള്ള പെണ്‍പിള്ളേരെ പല കളസങ്ങളില്‍ ചക്കാത്തിനു കാണാന്‍ കിട്ടിയ അവസരം. കോളജുകുമാരനായുള്ള ആദ്യനാളുകള്‍. എന്റെ ക്ലാസ്സില്‍ കൂടുതലും പെണ്‍കുട്ടികളായിരുന്നു–അതുകൊണ്ടുതന്നെ ബെല്ലടിക്കുന്ന ഇടവേളകളില്‍ അങ്ങുനിന്നുമിങ്ങുനിന്നും കുരുവിക്കൂടുള്ള പൂവാലന്മാര്‍ ആര്‍ത്തിപൂണ്ട കണ്ണുകളിലൂടെ കാമദേവന്റെ അമ്പെയ്തു രസിക്കാന്‍ ജനലഴികള്‍ക്കരികിലൂടെ ഘോഷയാത്ര നടത്തുമായിരുന്നു. പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
സോജാ… കറുത്തു മെലിഞ്ഞ് ചുരുണ്ട മുടിയുള്ള അവള്‍ക്കു ചുറ്റിനും രശ്മികള്‍ പ്രസരിപ്പിക്കുന്ന കണ്ണുകളും തേനൂറുന്ന ശബ്ദവുമുണ്ടായിരുന്നു.
ഏറ്റവും പിറകിലെ ബഞ്ചിലായിരുന്നു അവളുടെ സ്ഥാനം. അവളെ ചക്കാത്തിനു കാണാനായി ക്ലാസ്സു നടക്കുമ്പോള്‍ പല തവണ ഞാന്‍ പേന മനഃപൂര്‍വ്വം നിലത്തിട്ടു വാരിയെടുത്തു–നടുവളഞ്ഞുള്ള ആ യോഗാസനത്തിനിടയില്‍ അവളുടെ കണ്ണുകളില്‍നിന്നു രശ്മികള്‍ ചുറ്റും പ്രസരിക്കുന്നത് ഞാന്‍ കണ്ടു. അവളാകട്ടെ എന്റെ ഗൂഢപ്രവൃത്തികളൊന്നും അറിഞ്ഞതുമില്ല.
പേനകള്‍ തുരുതുരെ വീണുകൊണ്ടിരുന്നു; രശ്മികള്‍ പ്രസരിച്ചുകൊണ്ടിരുന്നു.
അടുത്ത ഘട്ടത്തിലേക്കു കഥ കടക്കുന്നു. ഞാന്‍ ദിവസവും അര മണിക്കൂര്‍ ട്രെയിന്‍യാത്ര കഴിഞ്ഞാണ് കോളജില്‍ എത്തുന്നത്. ഈ യാത്രയാകട്ടെ ഒരാഘോഷവുമാണ്. ബോഗിക്കുള്ളില്‍ ആണും പെണ്ണും ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തിക്കിയും തിരക്കിയും സമ്പന്നമാക്കുന്ന യാത്ര. കള്ളച്ചിരികള്‍, അടക്കംപറച്ചിലുകള്‍, എത്തിനോട്ടങ്ങള്‍, സാരിത്തലപ്പുകൊണ്ടു മാറുമറയ്ക്കല്‍. ഈ ലോകത്തോടുമൊത്തം ദേഷ്യമെന്ന ചേഷ്ടകള്‍, ആരോടോ ഉള്ള ഇഷ്ടം ചോറ്റുപാത്രത്തെ നെഞ്ചോടു ചേര്‍ത്തു വെളിവാക്കുന്ന ദൃശ്യങ്ങള്‍. ഒരായിരം ഓര്‍മ്മയിലുണ്ട്. ട്രെയിന്‍യാത്രക്കാരനായ ഒരു എം.എ. വിദ്യാര്‍ത്ഥി എന്റെ ശ്രദ്ധയില്‍പ്പെടുന്നു. സൗമ്യന്‍, ശാന്തന്‍, നല്ലനിറം, ഷേവുചെയ്ത പച്ചപ്പു പടര്‍ന്ന മുഖം. പേരു ജോയി. യേശുദാസിനെ ഓര്‍മ്മിപ്പിക്കുന്ന വെള്ള പാന്റ്, ഷര്‍ട്ട്, ചെരുപ്പ്, ബെല്‍റ്റ്, വാച്ചിന്റെ സ്ട്രാപ്പ്. യേശുദാസിന്റെ വിരഹഗാനങ്ങളിലൂടെ ‘ജോയി’ എല്ലാവരുടേയും മനസ്സില്‍ ‘ജോയിച്ച’നായി, എന്റെയും—എന്നെ ജോയിച്ചന്‍ ഒരു കുഞ്ഞനുജനായി ദത്തെടുത്തു. എല്ലാ കാര്യങ്ങളും ഞങ്ങള്‍ പങ്കിട്ടു. കവൈറ്റിലുള്ള മാതാപിതാക്കളുടെ ഏകസന്തതിയായ ജോയിച്ചന് കാശ് എന്തു ചെയ്യണമെന്നുമാത്രം അറിയില്ലായിരുന്നു. ഏതെല്ലാം രീതിയില്‍ കാശു ചെലവാക്കാമെന്നു പരിശീലിപ്പിക്കലായിരുന്നു എന്റെ ജോലി. പുറംലോകം ജോയിച്ചനെ ‘യേശു പിശാശ്’ എന്നു കളിയാക്കി വിളിച്ചിരുന്നതുമാത്രം ഞാന്‍ പരമരഹസ്യമായി സൂക്ഷിച്ചു.
ഒരു പ്രണയകഥയിലെ നായകനെയും നായികയെയും ഞാന്‍ അവതരിപ്പിച്ചു എന്നു കരുതിക്കൊള്ളൂ. അധികം തിരക്കില്ലാത്ത ഒരു ട്രെയിന്‍യാത്രയില്‍ വികാരാവേശത്തോടെ ജോയിച്ചന്‍ എന്നോടു ചോദിച്ചു:
‘നിന്റെ ക്ലാസ്സില്‍ സോജയെന്നൊരു പെണ്ണുണ്ടോ?’
ഇനിയാണു കഥ. എനിക്കു പങ്കെടുക്കാന്‍ കഴിയാത്ത ഒരു ചടങ്ങില്‍ സോജ ഒരു പാട്ടുപാടിയത് ജോയിച്ചന്‍ കേട്ടു–കേട്ടതാകട്ടെ:
‘ഒരു കൊച്ചുസ്വപ്നത്തിന്‍ചിറകുമായ് അവിടുത്തെ അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍–‘
പാട്ടെഴുതിയ ഭാസ്‌കരന്‍മാസ്റ്ററുടെയും സിനിമയില്‍ ചുണ്ടനക്കിയ ഷീലയെയും ആ പാട്ടിലെ വിവാദപുരുഷനായ സത്യനെയും ഒക്കെ പിന്‍നിരയിലാക്കിക്കൊണ്ട് ജോയിച്ചന്‍ ആദ്യ ദര്‍ശന ശ്രവണത്തില്‍തന്നെ പ്രേമവിവശനായി കമിഴ്ന്നടിച്ചു വീണിരിക്കുന്നു…
തേനൂറുന്ന ശബ്ദമായി ആദ്യമേ തോന്നിയ സ്ഥിതിക്ക് അതിലൂറിവരുന്ന ഒരു പാട്ട് എനിക്ക് ഊഹിക്കാം. ജോയിച്ചന്
ഇരിക്കപ്പൊറുതിയില്ലാതായി. ഊണിലും ഉറക്കത്തിലും കുളിമുറിയിലും പള്ളി അരമനയിലും ‘ഒരു കൊച്ചുസ്വപ്നം’ ചിറകടികളുമായി ജോയിച്ചനെ ശല്യപ്പെടുത്തുന്നു.
ഒരു കുഞ്ഞനിയന്‍ എന്ന നിലയില്‍ ഞാനൊന്നു സഹായിക്കണം. ഒരു മധ്യവര്‍ത്തിയാവണം. ഇടനിലക്കാരനില്ലെങ്കില്‍ പ്രേമം കൊഴുക്കില്ല. ശിവകാശിയില്‍ അച്ചടിച്ച ‘നളദമയന്തി’ പോസ്റ്ററുകള്‍ ഓര്‍മ്മയില്‍വന്നു. ജോയിച്ചന് സോജയെ
സ്വന്തമാക്കണം. അതിലേക്ക് എന്റെ ഹംസപ്പണി ആവശ്യമുണ്ട്. ഇപ്പോള്‍ ജോയിച്ചന്‍ പഴയപോലെ ട്രെയിന്‍യാത്രകളില്‍
ഞങ്ങളെ ആരേയും കാണാറില്ല. കോച്ചില്‍ ജോയിച്ചനുംപിന്നെ ഒരേ ബസ്സ്‌യാത്രക്കാരിയായ സോജയും മാത്രമെന്നൊരു തോന്നല്‍. കണ്ടവന്മാര്‍ക്കുവേണ്ടി പാടുന്നതു നിര്‍ത്തി. അകലങ്ങളില്‍ കണ്ണുംനട്ട് നിശ്ശബ്ദനായ ഒരു യാത്രികനായി മാറി. അന്തരാളങ്ങളില്‍ മധുരപ്രണയഗീതങ്ങള്‍ വിലപിച്ചു സുഖിച്ചു–അനുരാഗവിവശനായ്.
Comments are closed.