DCBOOKS
Malayalam News Literature Website

നിലപാടുകളിലെ വ്യക്തത…

ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പ്രീതി ഷേണോയ് സെഷന്‍ ആരംഭിച്ചത്. സമൂഹമാധ്യമങ്ങള്‍ ഇന്ന് അനിവാര്യമാണെന്നും അതില്‍നിന്നും ഒളിച്ചോടാന്‍ നോക്കുകയല്ല മറിച്ച് അതിനടിമപ്പെടാതെ നല്ല കാര്യങ്ങള്‍ക്കായി അതിനെ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രീതി പറഞ്ഞു. ഇത്തവണ 2019 എന്ന വര്‍ഷത്തില്‍ താന്‍ 100 പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുമെന്നും അതില്‍ അഞ്ച് കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. വായിച്ച പുസ്തകങ്ങളെക്കുറിച്ച് സമൂഹത്തോട് സംവദിക്കാനും അതുവഴി വായനാശീലം ആളുകളിലെത്തിക്കാനും താന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. പ്രീതിയുടെ നോവലുകളില്‍ പലപ്പോഴും ‘അമ്മ’ എന്ന കഥാപാത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വീടുകളില്‍ ഓരോ അമ്മമാരും മക്കളെ ചെറിയ ചെറിയ ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും അവരെ ചെറുപ്പം തൊട്ടേ പരിശീലിപ്പിക്കണമെന്നും പ്രീതി അഭിപ്രായപ്പെട്ടു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാം ഒരേപോലെയല്ല വളര്‍ത്തുന്നതെന്നത് ഒരു യാഥാര്‍ഥ്യമാണ്. താന്‍ ഒരിക്കല്‍ രാത്രി പുറത്തു പോവാന്‍ ഒരുങ്ങിയപ്പോള്‍ മകള്‍ ‘അമ്മ ഒറ്റക്ക് പോയാല്‍ ആരാണ് സുരക്ഷിതമായി നോക്കുക?’ എന്ന് ചോദിച്ച കാര്യം പ്രീതി ഓര്‍ത്തെടുത്തു. പുരുഷാധിപത്യം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്നും ജീവിക്കുന്നത്. എങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുന്നത് നല്ല പ്രതീക്ഷ ആണ്. താന്‍ ഇങ്ങോട്ടുവരുന്ന വഴി ഒരു സ്ത്രീയെ പരിചയപ്പെട്ടുവെന്നും അവര്‍ പറഞ്ഞത് തനിക്ക് ഒരു ജോലി ഉണ്ടെങ്കില്‍ തന്നെ കെട്ടിച്ചുവിടില്ല, തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കുമെന്നുമാണ്. ആളുകള്‍ മാറിച്ചിന്തിക്കുന്നുവെന്നത് വ്യക്തമാണ്.

തന്റെ എഴുത്തുകള്‍ ഒട്ടുമിക്കതും മക്കള്‍ പഠിക്കാന്‍ പോവുമ്പോഴാണ് നടന്നിട്ടുള്ളത്.അപ്പോഴാണ് തനിക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷം എഴുത്തിനായി കണ്ടെത്താന്‍ കഴിയാറുള്ളത്. ‘Some people are like drains and some other people are like radiators’ എന്ന തന്റെ വാചകത്തെക്കുറിച്ചും പ്രീതി വാചാലയായി. ചിലര്‍ സംസാരിക്കുമ്പോള്‍ ഒരു കാരണമില്ലെങ്കില്‍ പോലും നമ്മള്‍ ചിരിക്കുകയും പോസിറ്റീവ് ആവുകയും ചെയ്യാറുണ്ട്.എന്നാല്‍ മറ്റുചിലരോട് സംസാരിക്കുമ്പോള്‍ നാം ഒട്ടും കംഫര്‍ട്ടബിള്‍ ആവാറില്ല എന്നതാണ് താന്‍ മനുഷ്യരില്‍ നോക്കിക്കണ്ട സവിശേഷത.

മീ ടൂ ക്യാമ്പയിനെ കുറിച്ച് താന്‍ വളരെ സന്തോഷവതിയാണെന്ന് പ്രീതി പറഞ്ഞു. അനുഭവിച്ച പ്രശ്‌നങ്ങളെ കുറിച്ചു തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നത് വളരെ മികച്ച മുന്നേറ്റം തന്നെയാണ്. താന്‍ ഒരിക്കലും രാഷ്ട്രീയം എഴുതുകയില്ല എന്നൊരഭിമുഖത്തില്‍ പറഞ്ഞതിനെ കുറിച്ചു ചോദിച്ചപ്പോള്‍ എനിക്കാ വിഷയം താല്‍പര്യമില്ലാത്തത് കൊണ്ടാണ് എന്നാണ് പ്രീതി പറഞ്ഞത്. മനുഷ്യബന്ധങ്ങളും വികാരങ്ങളുമാണ് തനിക്കിഷ്ടപ്പെട്ട വിഷയങ്ങള്‍. Creative Writing താന്‍ പഠിപ്പിക്കുന്നുണ്ടെന്നും നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു കഴിവ് തന്നെയാണ് എഴുത്ത് എന്നും പ്രീതി അഭിപ്രായപ്പെട്ടു.

ഒരു എഴുത്തുകാരി എന്ന നിലയില്‍ മാര്‍ക്കറ്റിങ്ങ് വളരെ പ്രാധാന്യം ഉള്ളതാണ്.പക്ഷെ നിങ്ങളുടെ എഴുത്ത് നല്ലതല്ലെങ്കില്‍ അതിന് പരസ്യം ചെയ്തിട്ട് യാതൊരു കാര്യവുമില്ല എന്നും പ്രീതി പറഞ്ഞു. എഴുതിയ പുസ്തകങ്ങളെ പരസ്യപ്പെടുത്താന്‍ വീഡിയോ ചെയ്യുന്നതും, അനാവശ്യ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതും വെറുതെയാണെന്നും പ്രീതി പറഞ്ഞു. നോവലുകളുടെ കവര്‍ പേജുകള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ താന്‍ ഭാഗമാവാറുണ്ടെന്നും അത് തനിക്കിഷ്ടപ്പെട്ട മേഖലയാണെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു.

നോവല്‍ മാത്രമല്ല, ചെറുകഥകളും താന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അത് ഈബുക്ക് രൂപത്തില്‍ മാത്രമാണ് കിട്ടുന്നത് എന്നും പ്രീതി പറഞ്ഞു.വനഒരുപാട് വായിക്കാറുണ്ടെന്നും എല്ലാ എഴുത്തുകാരില്‍ നിന്നും സ്വാധീനം ഉള്‍ക്കൊള്ളാറുണ്ടെന്നും പ്രീതി പറഞ്ഞു. ഇന്ത്യന്‍ പബ്ലിഷിംഗ് മേഖല ഒരുപാട് അറിയിട്ടുണ്ടെന്നും പ്രീതി അഭിപ്രായപ്പെട്ടു.

നേരിട്ടറിയാവുന്ന പലരെയും തന്റെ നോവലുകളില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും പക്ഷേ അവരുടെ ജീവിത സാഹചര്യങ്ങളും പേരും സ്ഥലവുമൊക്കെ മാറ്റിയാണ് ഉള്‍പ്പെടുത്താറുള്ളത് എന്നും പ്രീതി പറഞ്ഞു.പുതിയ പ്രോജക്ടുകളെ കുറിച്ചു ചോദിച്ചപ്പോള്‍ ഏപ്രില്‍ 2019-ല്‍ ഇറങ്ങാന്‍ പോവുന്ന തന്റെ പുതിയ പുസ്തകം ഒരു സര്‍െ്രെപസ് ആയിരിക്കുമെന്നാണ് പ്രീതി പറഞ്ഞത്.താന്‍ എഴുതുമ്പോള്‍ വായനക്കാരെ കുറിച്ച് ചിന്തിക്കാറില്ല, എഴുതി കഴിഞ്ഞാല്‍ മാത്രമാണ് ചിന്തിക്കാറുള്ളത്.’Rule Breakers’ എന്ന തന്റെ പുസ്തകത്തില്‍ 19 വയസ്സുള്ള വേദ എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് പറയുന്നത്. ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന വേദക്ക് കോളേജ് പ്രൊഫസര്‍ ആവാനാണ് ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിച്ചു വിടാനും. അവളുടെ ജീവിതമാണ് ഈ പുസ്തകത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വളരെ ശക്തമായ എഴുത്തുകള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രീതി അതിനേക്കാള്‍ ശക്തവും വ്യക്തവുമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ഒരു സ്ത്രീ തന്നെയാണ്. അവരുടെ ഓരോ വാക്കുകളിലും അത് കാണാന്‍ കഴിയുന്നുണ്ടായിരുന്നു.

തയ്യാറാക്കിയത്: ശില്പ മോഹന്‍ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍) 

Comments are closed.