DCBOOKS
Malayalam News Literature Website

2016 ലെ ഡി സി നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണയോഗ്യമായി തിരഞ്ഞെടുത്ത കൃതി

പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം നിമിത്തം തകര്‍ന്നുപോയ ലീബ് എന്ന കന്യകയെ പുറത്തേക്ക് അധികം കാണാതായി. ഏകാന്തമായ രാവുകളില്‍ മകള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുന്നത് അമ്മയും, ചില സന്ധ്യകളില്‍ സെമിത്തേരിയില്‍ പോയി മടങ്ങിവരുന്നത് അയല്‍ക്കാരും ശ്രദ്ധിച്ചു. നിലാവുള്ള രാത്രികളില്‍ അവള്‍ പാലം കടന്ന് പുല്‍മേട്ടില്‍ പരതിനടന്ന് പൂക്കളും ചെറുചെടികളും ശേഖരിക്കുന്നതും ചിലര്‍ കണ്ടിട്ടുണ്ടുപോലും. അവള്‍ ഏതോ നിഗൂഢസിദ്ധികള്‍ അഭ്യസിക്കുന്നതായും ചില നാട്ടുകാര്‍ കഥകള്‍ മെനഞ്ഞു.

ലീബിന് മറ്റു ചില വിവാഹാലോചനകള്‍ വരുമ്പോഴാണ് ആ സംഭവമുണ്ടായത്. അവള്‍ പുരുഷശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പിഷ്‌നായിലെ കുഴലൂത്തുകാരന്‍ യിസ്സാല്‍ ആണെന്ന് അവകാശപ്പെട്ട ആ ശബ്ദം അപരിചിതമായ ഭാഷയില്‍ ലീബിന് അപരിചിതമായ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങി. പൈശാചികശക്തിയെ ലീബിന്റെ ശരീരത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ പിലാക്കാ നഗരത്തിലെ ബെയ്‌ലി എന്ന തെരുവുവേശ്യയുടെ ആത്മാവുകൂടി ലീബിന്റെ ശരീരത്തിലേക്ക് കുടിയേറി.

ഫോര്‍ട്ടുകൊച്ചി മുതല്‍ മതിലകം വരെ നീണ്ടുപരന്നു കിടന്നിരുന്ന പഴയ യൂദസമൂഹത്തില്‍ നിറഞ്ഞാടിയ പ്ലമ്മേനപ്പാട്ടുകളില്‍ ഒരുപാട് പാതിവ്രത്യക്കഥകളും മദാലസാദുരന്തങ്ങളും വാഴ്ത്തിപ്പാടുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് ലീബിന്റെ കഥ. 1943ല്‍ അടക്കം ചെയ്യപ്പെട്ട ആമോസു മുത്തശ്ശി യദ്ദീശു ഭാഷയില്‍ കുറിച്ചിട്ട കിസ്തകളില്‍ ഒന്ന്. ആ കഥയുടെ പുനരാഖ്യാനമാണ് നീനു അന്‍സാര്‍ രചിച്ച ലീബിന്റെ പിശാചുക്കള്‍ എന്ന നോവല്‍.

1650 മുതല്‍ 1810 വരെയുള്ള കാലയളവാണ് ലീബിന്റെ പിശാചുക്കള്‍ എന്ന നോവലിന്റെ പശ്ചാത്തലം. പൂര്‍ണ്ണമായും ഭാവനയുടെ കാന്‍വാസില്‍ വരച്ചിട്ട ഒരു ഭ്രമാത്മകചിത്രം പോലെ അനുഭവപ്പെടുന്ന ഈ കൃതി 2016ലെ ഡി സി സാഹിത്യപുരസ്‌കാരം നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണയോഗ്യമായി തിരഞ്ഞെടുത്തതാണ്. ഭാഷയിലൂടെ അയത്‌നലളിതമായ സഞ്ചാരം സാധ്യമാക്കുന്ന രചന വായനാസുഖമുള്ളതാണെന്ന് ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ടി.ഡി.രാമകൃഷ്ണന്‍, ഡോ. പി.കെ.രാജശേഖരന്‍, വിജെ.ജെയിംസ് എന്നിവര്‍ അഭിപ്രായപ്പെടുന്നു.

കലാശാലാതലത്തില്‍ കഥാമത്സരങ്ങള്‍ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള നീനു അന്‍സാര്‍ നിരവധി വിദേശ കഥകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഐരാപുരം സി.ഇ.ടി കോളജില്‍ അധ്യാപികയാണ് മാസ് കമ്മ്യൂണിക്കേഷനിലും ഇംഗ്ലിഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദ നേടിയിട്ടുള്ള അവര്‍.

 

Comments are closed.