DCBOOKS
Malayalam News Literature Website

എസ്.കെ.പൊറ്റെക്കാടിന്റെ ‘ലണ്ടന്‍ നോട്ട്ബുക്ക്’ പത്താം പതിപ്പില്‍

മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. ലോക സഞ്ചാരിയായ എസ്.കെ പൊറ്റെക്കാട് പാരീസില്‍ നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെ നിന്ന് കപ്പലില്‍ ബോംബയ്ക്കും നടത്തിയ യാത്രകളെപ്പറ്റിയാണ് ലണ്ടന്‍ നോട്ട്ബുക്ക് വിവരിക്കുന്നത്. മനുഷ്യനെന്ന പൊതുഭൂമികയില്‍ വിരിയുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ നടത്തിയ അന്വേഷണ യാത്രയുടെ ഹൃദ്യമായ അനുഭവ കഥനമാണ് ഈ കൃതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ലണ്ടന്‍ നോട്ട്ബുക്കിന്റെ പത്താമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

ലണ്ടന്‍ നോട്ട്ബുക്കിന് എസ്.കെ പൊറ്റെക്കാട് എഴുതിയ ആമുഖത്തില്‍നിന്ന്

“ഇന്ത്യയില്‍ നിന്നു സൂയസ്സ് തോടു കടക്കാതെ ലണ്ടനിലെത്തിച്ചേര്‍ന്ന ആദ്യത്തെ കേരളീയന്‍ ഞാനാണെന്ന് എനിക്കഭിമാനിക്കാമെന്നു തോന്നുന്നു- ബോംബെയില്‍ നിന്നു സമുദ്രമാര്‍ഗ്ഗം പൂര്‍വ്വ ആഫ്രിക്കയിലെ പോര്‍ത്തുഗീസ് പ്രദേശമായ ബൈറയില്‍ എത്തി അവിടെനിന്നു മദ്ധ്യആഫ്രിക്കയിലൂടെ നൈല്‍ നദീമാര്‍ഗ്ഗം ഈജിപ്റ്റില്‍ ചെന്നുചേര്‍ന്ന് അലക്‌സാന്‍ഡ്രിയായില്‍ നിന്ന് യൂറോപ്പിലേക്കു കപ്പല്‍ കയറുകയാണുണ്ടായത്. അഞ്ചു മാസത്തോളം യൂറോപ്പില്‍ ചുറ്റി സഞ്ചരിച്ചതിനു ശേഷമാണ് ഇംഗ്ലണ്ടിലെത്തിയത്. വര്‍ണ്ണ വിദ്വേഷത്തിന്റെ ലാഞ്ഛന പോലുമനുഭവപ്പെടാതെ യൂറോപ്യന്‍ നാടുകളില്‍ കഴിച്ച് ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവിടെ കറുത്ത വര്‍ഗ്ഗക്കാരോട്- അക്കൂട്ടത്തില്‍ ഇന്ത്യാക്കാരോടും- ഉള്ള പെരുമാറ്റത്തില്‍ ചില ഇംഗ്ലീഷ് ധ്വരന്മാരുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന തീണ്ടല്‍ഭാവത്തിന്റെ പുളിച്ചുതേട്ടല്‍ എന്നെ അല്പം അലോസരപ്പെടുത്തിയെന്നു പറഞ്ഞുകൊള്ളട്ടെ.

ബിലാത്തിവിശേഷം തുടങ്ങി ഇംഗ്ലണ്ടിനെപ്പറ്റിയും ലണ്ടനെപ്പറ്റിയും മലയാളികളെഴുതിയ ധാരാളം പുസ്തകങ്ങള്‍ നമുക്കുണ്ട്. ലണ്ടന്‍ എന്നും യാഥാസ്ഥിതികത്വത്തിന്റെ തറവാടായിത്തന്നെ നിലകൊള്ളുന്നു. ഒരുപ്രകാരത്തില്‍ ഹിറ്റ്‌ലറോടു നന്ദി പറയേണ്ടിയിരിക്കുന്നു. ആ സംഹാരമൂര്‍ത്തി ലണ്ടന്‍ ബോംബിട്ടു തകര്‍ത്തിരുന്നില്ലെങ്കില്‍ ആ നഗരം ഇന്നും അതിന്റെ പഴയകോലത്തില്‍ത്തന്നെ കിടക്കുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ കാലഘട്ടത്തിലായിരുന്നു എന്റെ ലണ്ടന്‍ സന്ദര്‍ശനം- 1950-ലെ വസന്താവസാനത്തില്‍. ഇന്ത്യയിലേക്കു കപ്പലുകളില്‍ യുദ്ധം കഴിഞ്ഞു കപ്പലുകള്‍ വളരെക്കുറച്ചേ അവശേഷിച്ചിരുന്നുള്ളൂ. പാസ്സേജ് കിട്ടാതെ വിഷമിച്ച് നാല്പത്തിയേഴുദിവസം എനിക്ക് ലണ്ടനില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. ആ ദിവസങ്ങളില്‍ എനിക്കുണ്ടായ അനുഭവങ്ങളും ഞാന്‍ കണ്ട കാഴ്ചകളുമാണ് എന്റെ ഡയറിക്കുറിപ്പുകളില്‍ നിന്നു ഞാനിവിടെ പകര്‍ത്തി അവതരിപ്പിക്കുന്നത്.

പാരീസ് വിടുന്നതുവരെയുള്ള എന്റെ യൂറോപ്യന്‍ യാത്രകളുടെ വിവരണം, ഇന്നത്തെ യൂറോപ്പ് എന്ന ഗ്രന്ഥത്തില്‍ മുമ്പു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പാരീസില്‍ നിന്നു ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നിര്‍വ്വഹിച്ച യാത്രകളെപ്പറ്റിയാണ് ഈ ലണ്ടന്‍ നോട്ടുബുക്കില്‍ പ്രതിപാദിച്ചിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അദ്ധ്യായമാണ് ഈ നോട്ട് ബുക്ക്. കാരണം എന്റെ ജീവിതത്തെ പിടിച്ചു കുലുക്കിയ ചില പ്രധാന സംഭവപരിണാമങ്ങള്‍ ലണ്ടനില്‍വെച്ചാണുണ്ടായത്. എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായക ഘട്ടങ്ങളെ ഞാന്‍ നേരിട്ടതും ആ നഗരിയില്‍വെച്ചു തന്നെ.”

 

 

Comments are closed.