DCBOOKS
Malayalam News Literature Website

പി. പത്മരാജന്റെ ‘ലോല’

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മനുഷ്യമനസ്സിലെ തീവ്രവികാരങ്ങളുടെ അടിയൊഴുക്കുകളും ഈ കഥകളില്‍ നമുക്ക് കാണുവാനാകും.

പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ പ്രണയനിര്‍ഭരമായ പതിനെട്ടു കഥകളുടെ സമാഹാരമാണ് ലോല. പ്രണയത്തിന്റെ ശാരീരികവും വൈയക്തികവും സാമൂഹികവുമായ തലങ്ങളെ അനശ്വമായി ആവിഷ്‌ക്കരിക്കുകയാണ് പത്മരാജന്‍ ഈ കഥകളിലൂടെ.

വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.

ജീവിതയാത്രയില്‍ അത്യന്താപേക്ഷിതമായി മാറുന്ന വേര്‍പാട് മുന്നില്‍ കാണുമ്പോഴും തീവ്രമായ പ്രണയത്തിന്റെ അലയടികളാണ് ലോല എന്ന കഥയില്‍ നാം കാണുന്നു. കഥാകാരന്‍ തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും ആര്‍ദ്രമായൊരു ആഖ്യാനമാണ് ഈ വരികളിലൂടെ വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രഹേളികയില്‍ കാണുന്നത് സുഖലോലുപതയില്‍ മാത്രം കുടികൊള്ളുന്ന പ്രണയത്തിന്റെ മറ്റൊരു മുഖഛായയാണ്. ലെസ്ബിയന്‍ ചിന്തകളുണര്‍ത്തുന്ന നമ്മള്‍ നഗ്‌നകളും ഭാര്യ ഭര്‍തൃ ബന്ധത്തിലെ സ്‌നേഹത്തിന്റെ ആഴങ്ങള്‍ അനാവരണം ചെയ്യുന്ന ശൂര്‍പ്പണഖയും വ്യത്യതസ്തങ്ങളായ വായനാനുഭവം നല്‍കുന്നവയാണ്.

ലോല, പുലയനാര്‍ക്കോട്ട, ഒരു ദുഖിതന്റെ ദിനങ്ങള്‍, പാതയിലെ കാറ്റ്, ഭദ്ര, നക്ഷത്രദുഖം തുടങ്ങിയ പതിനെട്ട് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അവിഷ്‌ക്കരിക്കപ്പെടുന്ന ഈ കഥകള്‍ ഇന്നും വായനക്കാര്‍ നെഞ്ചിലേറ്റുന്നു. പുസ്തകത്തിന്റെ 9-ാമത് പതിപ്പ് പുറത്തിറങ്ങി.

 

 

 

Comments are closed.