DCBOOKS
Malayalam News Literature Website

വായന തിരിച്ചുപിടിക്കാം ഈ ലോക്ക്ഡൗൺ കാലത്ത്!

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നമ്മളെല്ലാം വീട്ടിലിക്കുന്ന സമയമാണല്ലോ ഇത്. എപ്പോഴും കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകളും ദൃശ്യങ്ങളും കാണുമ്പോൾ മാനസിക സമ്മര്‍ദ്ദം കൂടാതെ നോക്കണം. ടി.വിയും മൊബൈല്‍ ഫോണും കുട്ടികളും മുതിര്‍ന്നവരും അമിതമായി ഉപയോഗിക്കരുത്. വീട്ടിലിരിക്കുന്നവര്‍ അര മണിക്കൂര്‍ എന്തെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് നന്നാണ്. പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവുമൊക്കെ ചെയ്യാന്‍ നല്ല സമയമാണിത്. ഇടക്കിടെ കൈ സോപ്പിട്ടു കഴുകണം തുടങ്ങിയ സർക്കാറിന്‍റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഇതോടൊപ്പം കൈവിട്ട ചില നല്ല ശീലങ്ങൾ തിരിച്ചുപിടിക്കാനും ഈ ലോക്ക്ഡൗൺ കാലം നമുക്ക് ഉപയോഗപ്പെടുത്താനാവണം.

പലർക്കും നഷ്ടപ്പെട്ട വായന ശീലം തിരിച്ചുപിടക്കുന്നതിനാകട്ടെ പ്രധാന പരിഗണന. വായന പാമരനെ പണ്ഡിതനാക്കും, പണ്ഡിതനെ എളിയവനാക്കും. ദിവസവും പത്തു താളുകള്‍ വായിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ജ്ഞാനിയാകാം. അറിയാനും പഠിക്കാനുമുള്ള ആഗ്രഹമാണ് വായനയിലൂടെ ഉണ്ടാകുന്നത്. വായനയിലൂടെ പുതിയ അറിവുകള്‍ തേടി മനസ് വിശാലമാവുന്നു. ശരീരത്തിന് വ്യായാമം എന്ന പോലെയാണ് മനസ്സിന് വായന. വായനയിലൂടെ മനസ്സിനും ബുദ്ധിക്കും ആത്മാവിനും പോഷണം ലഭിക്കുന്നു. ഹൃദയ നവീകരണത്തിനും വായന ഉപകരിക്കുന്നു.

കുട്ടികള്‍ക്കാണെങ്കില്‍ വായനക്ക് ജൂണ്‍ വരെ സമയമുണ്ട്. വായന ഒരു സംസ്‌കാരമാണെന്നും വായിച്ചു വളരണമെന്നും മലയാളിയെ പഠിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ പി.എന്‍ .പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം നാം വായനാവാരമായി ആചരിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ലോക്ക്ഡൗണ്‍ ചെയ്ത നാളുകളിലും തുടര്‍ന്നും വായനാചരണം നടത്താന്‍ നമുക്കു കഴിഞ്ഞാല്‍ നാം മാനസികമായി വളരുക മാത്രമല്ല, നമ്മുടെ വായന ശീലത്തെ തിരികെ കൊണ്ടുവരാനും കഴിയും.

ബുദ്ധിവികാസം വായനാ ശീലമുള്ളവര്‍ക്ക്

ടെലിവിഷന്‍ കാണുന്നവരേക്കാൾ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ധിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയ കാര്യമാണ്. കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും. അറിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ വായനാശീലം സഹായിക്കുന്നു.

കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ ഏറ്റവും പങ്ക് വഹിക്കാനാകുക മാതാപിതാക്കള്‍ക്കാണ്. വായനാശീലം ഉണ്ടാക്കിയെടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വായിക്കാന്‍ കുട്ടികൾ പ്രാപ്തരാകുന്നതിനു മുമ്പേ അവരുടെ മുന്നില്‍ വെച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ അവര്‍ കേള്‍ക്കെ വായിക്കണം. കുഞ്ഞുങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിയാന്‍ ഇതുപകരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉറക്കെ ഉച്ചരിക്കണം. കുട്ടിക്ക് വാക്കുകള്‍ എളുപ്പം മനസിലാക്കാന്‍ ഇത് സഹായിക്കും. കുട്ടികളെക്കൊണ്ട് വാക്കുകള്‍ ആവര്‍ത്തിച്ചു പറയിക്കുകയും വേണം.
കഥകളും ചിത്രങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. അതിനാല്‍ അവര്‍ക്ക് കഥ, കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ വാങ്ങി നല്‍കണം. തനിയെ വായിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ വായിച്ചുകൊടുക്കണം. ചിത്രങ്ങളുള്ള പുസ്തകങ്ങളാണെങ്കില്‍ കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കും.

കുട്ടികളിൽ വായനാശീലം വളർത്താം
വായന തുടങ്ങുന്ന കുട്ടിക്ക് വലിയ അക്ഷരങ്ങളില്‍ കുറച്ചുമാത്രം വാക്കുകളുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കണം. ഒരുപാടു വരികളും ചെറിയ അക്ഷരങ്ങളുമുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ വായനാതാല്‍പര്യം കുറക്കും.
ടിവിയിലെ പരസ്യങ്ങളിലെ വാക്കുകളും അക്ഷരങ്ങളും അവരെ കൊണ്ട് വായിപ്പിക്കുന്നത് അക്ഷരങ്ങളും വാക്കുകളും മനസ്സില്‍ പതിയാന്‍ സഹായിക്കും. ഒരു വാക്ക് പറഞ്ഞ് അത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടാം. വീട്ടുസാധനങ്ങളില്‍ പേരെഴുതി ഒട്ടിക്കുക. ആവശ്യമുള്ള സാധനം കണ്ടുപിടിച്ചു വരാന്‍ കുട്ടിയോടു പറയുക തുടങ്ങിയ കാര്യങ്ങൾ ചെയ്യിക്കാം.
ടെലിവിഷനില്‍ പഠന പരിപാടികളുണ്ടെങ്കില്‍ കുട്ടിയില്‍ അത് കാണാനുളള താല്‍പര്യം വളര്‍ത്തിയെടുക്കണം. ഇത് വാക്കുകളുമായി പരിചയപ്പെടാന്‍ കുട്ടിയെ സഹായിക്കും. വായനാശീലം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല. വായിക്കാന്‍ കുട്ടികളില്‍ താല്‍പര്യമുണ്ടാക്കുകയാണ് വേണ്ടത്. വായിക്കുന്ന ഭാഗത്തില്‍ നിന്ന് ചോദ്യം ചോദിച്ച് അതിന് ചെറുസമ്മാനം നല്‍കണം. ഇത്തരം കാര്യങ്ങള്‍ നാം ചെയ്താല്‍ സ്വാഭാവികമായും വായിക്കാനുള്ള താല്‍പര്യം കുട്ടികളില്‍ വളരും.

 

ഇ-വായന

വായന മരിക്കുന്നു എന്നു പറയുന്നവരുണ്ട്. വായന മരിക്കുകയല്ല, പുസ്തകങ്ങളിൽനിന്ന് വായന ഇന്‍റര്‍നെറ്റിലേക്കു വഴിമാറുകയാണ് ചെയ്തത്. ഇ-വായനയും പ്രധാനമാണ്. പക്ഷേ നിരന്തരമായ ഇ-വായന കണ്ണിനു ദോഷം ചെയ്യുന്നതോടൊപ്പം മനസിനും ശരീരത്തിനും ക്ഷീണവുമുണ്ടാക്കും.പഴയതുപോലെ പുസ്തകങ്ങള്‍ വിറ്റുപോകുന്നില്ലെന്ന് തീവണ്ടികളിലെ പുസ്തക കച്ചവടക്കാർ പറയുന്നു. തീവണ്ടി യാത്രക്കാരെല്ലാം ഇന്ന് മൊബൈല്‍ ഫോണിലാണ്. കുട്ടികളുടെ പുസ്തകങ്ങളാണ് തീവണ്ടിയില്‍ കുറച്ചെങ്കിലും വിറ്റുപോകുന്നത്, പിന്നെ ദിനപത്രങ്ങളും. പത്ത് വര്‍ഷം മുമ്പ് തീവണ്ടിയിലെ യാത്രക്കാര്‍ എല്ലാവരും വായനയുടെ ലോകത്തായിരുന്നു.

എഴുതിയത് ; നദീറ അൻവർ
കടപ്പാട് ; മാധ്യമം ഓൺലൈൻ

Comments are closed.