DCBOOKS
Malayalam News Literature Website

ശീലങ്ങളെ മാറ്റിയെഴുതിയ ലോക്ഡൗൺ ദിനങ്ങൾ: ഷീബ ഇ. കെ എഴുതുന്നു

ലോക്ക് ഡൗണിനു മുന്പും പിന്പും എന്ന് കാലത്തെ വ്യക്തമായി നിര്‍വചിക്കാന്‍ കഴിയുന്നുവെന്നാണ് മാര്‍ച്ച് 24 മുതല്‍ ഇതെഴുതുന്ന ഏപ്രില്‍ 29 വരെയുള്ള ദിവസങ്ങള്‍ എടുത്തു നോക്കുന്പോള്‍ മനസ്സിലാക്കാനാവുന്നത്.എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്ത് കേവലമൊരു സൂക്ഷ്മാണു ലോകത്തെ,കാലത്തെത്തന്നെ നിശ്ചലമാക്കിയിരിക്കുന്നു.ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ.ഒന്നു ചുമച്ചാല്‍ പോലും പരസ്പരം ഭയപ്പാടോടെ നോക്കുന്ന സ്ഥിതിവിശേഷം.

മതം,ധൂര്‍ത്ത്,അഹങ്കാരം,പരിസ്ഥിതി നശീകരണം തുടങ്ങിയ  കാര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകളാണ്  ലോക്ക് ഡൗണ്‍കാലം കൊണ്ടുവരുന്നത്.മതത്തിന്‍റെ പേരില്‍ ധാരാളം അനാചാരങ്ങള്‍ നടക്കുന്ന, കൊലപാതകങ്ങള്‍ വരെ വര്‍ദ്ധിച്ചു വരുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.ആചാരങ്ങളിലാണല്ലോ മതം നിലനില്‍ക്കുന്നത്.കേവലം ഒരു വൈറസിന് മനുഷ്യന്‍റെ മനസ്സിലുള്ള മതാന്ധതയെ ഒരു നിമിഷം കൊണ്ട് മാറ്റി മറിക്കാന്‍ കഴിഞ്ഞിരിക്കുന്നു.ആരാധനാലയങ്ങള്‍ അടച്ചു, ഒഴിവാക്കാനാവില്ലെന്നു ശഠിച്ചിരുന്ന ആചാരങ്ങള്‍ എല്ലാ മതക്കാരും    നിര്‍ത്തി വച്ചു.പുരോഹിതന്‍ മാത്രമായി വിശ്വാസികളില്ലാതെ ചടങ്ങുകള്‍ നടത്തപ്പെടുന്നു.എല്ലാം ഒരു സൂക്ഷ്മാണു കാരണം.കോവിഡിനു മുന്പു വരെ പൗരത്വനിയമം എന്ന ഭീഷണി ഉയര്‍ത്തിയിരുന്നവരും ഇതേ മതതിമിരം ബാധിച്ചവരായിരുന്നു.മതം കൊണ്ടുള്ള മനുഷ്യന്‍റെ അഹങ്കാരത്തെ കോവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ത്തു കളഞ്ഞു.പൂരം,പെരുന്നാള്‍ എന്നിവയുടെയെല്ലാം പേരില്‍ തര്‍ക്കങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നവര്‍ക്ക് ഇപ്പോള്‍ അതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും.മനുഷ്യന്‍ കഴിഞ്ഞിട്ടേ മതവും ആചാരങ്ങളുമുള്ളൂ എന്ന് തിരിച്ചറിവു തന്നെയാണ്  ലോക്ക് ഡൗണ്‍ തരുന്ന പ്രധാനപ്പെട്ട പാഠം.

അതുപോലെത്തന്നെയായിരുന്നു മലയാളികളില്‍ വര്‍ദ്ധിച്ചു വരുന്ന ധൂര്‍ത്ത്.പ്രത്യേകിച്ച് വിവാഹം തുടങ്ങിയ ചടങ്ങുകളില്‍.കടം വാങ്ങിയാണെങ്കിലും ആളുകളെ കാണിക്കാന്‍ വേണ്ടി ആര്‍ഭാടമായി വിവാഹം നടത്തുന്ന പ്രവണത നിരവധി കുടുംബങ്ങളെ ആത്മഹത്യയിലേക്കും തീരാദുഃഖത്തിലേക്കും നയിച്ചിട്ടുണ്ട്.എത്രയോ മനുഷ്യര്‍ക്ക് അവകാശപ്പെട്ട ഭക്ഷണമാണ് ഇത്തരം ചടങ്ങുകളില്‍ പാഴാക്കിക്കളഞ്ഞിരുന്നത്.വേഷഭൂഷാദികളിലും ഇതേ അവസ്ഥ തന്നെയായിരുന്നു.കേവലം ഒരു ദിവസത്തിനു വേണ്ടി എത്ര പൈസയും കളയാന്‍ മടിക്കില്ല.ഉള്ളവനും ഇല്ലാത്തവനും ഇക്കാര്യത്തില്‍ ഒരുപോലെത്തന്നെയായിരുന്നു .എടുത്താന്‍ പൊങ്ങാത്ത ഭാരം ഏറ്റെടുക്കുന്പോഴും മറ്റുള്ളവരുടെ കണ്ണില്‍ വലിയവനാകണം എന്നാണ് താല്‍പര്യം.വിവാഹത്തില്‍ മാത്രമല്ല നോന്പ് തുടങ്ങിയ ആചാരങ്ങള്‍ക്കു പോലും ഭക്ഷണത്തിന്‍റെ ധാരാളിത്തം അനിവാര്യമായിത്തീര്‍ന്നിരുന്നു. ആഘോഷിക്കാന്‍ ഒരു കാരണം നോക്കി നടക്കുകയായിരുന്നു.

ലളിതമായി ഒരു ചടങ്ങു നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന മലയാളി ഇന്ന്  അഞ്ചോ പത്തോ ആളുകളെ വച്ച് വിവാഹം നടത്തുന്നു.അനാവശ്യമായ സല്‍ക്കാരങ്ങളും ആര്‍ഭാടങ്ങളും പാടെ ഒഴിവാക്കുന്നു.കയ്യിലുള്ളത് ചെലവഴിക്കാന്‍ ഇപ്പോള്‍ അവന് ഭയപ്പാടുണ്ട്. പാഴാക്കിക്കളയുന്ന പണവും ഭക്ഷണവുമെല്ലാം മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാനുള്ളതാണെന്ന പാഠം കൂടിയാണ്  ഈ ലോക്ക് ഡൗണ്‍ കാലം  പഠിപ്പിക്കുന്നത്.

തുള വീണ ബലൂണ്‍ പോലെ മനുഷ്യരുടെ അഹങ്കാരത്തെയാണ് ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കിയത്.എത്ര പണമുള്ളവനും സ്വാധീനമുള്ളവനും പുറത്തേക്കു പോലും ഇറങ്ങാനാവാത്ത അവസ്ഥ.സ്വന്തം നാട് മോശവും മറ്റിടങ്ങള്‍ സ്വര്‍ഗ്ഗവും എന്നുകരുതുന്ന മലയാളിയുടെ വിശ്വാസങ്ങള്‍ക്കേറ്റ കനത്ത അടി കൂടിയാണ് കോവിഡ് കാലം.സ്വന്തം നാടിനെ പുച്ഛത്തോടെ കാണുന്ന വിദേശമലയാളി സുഹൃത്തുക്കള്‍ ചിലരെങ്കിലുമുണ്ട്. സുരക്ഷിതത്വം നല്‍കുമെന്നു കരുതിയവര്‍ ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നില്‍ക്കുന്ന അവിശ്വസനീയമായ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.വികസിതരാജ്യങ്ങള്‍ അവരുടെ പ്രായമായ പൗരന്‍മാരെ മരണത്തിന് എറിഞ്ഞു കൊടുക്കുന്പോഴും കേരളമെന്ന കൊച്ചു സംസ്ഥാനം 98 വയസ്സുള്ളവരെപ്പോലും മരണത്തിനു വിട്ടുകൊടുക്കാതെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന കാഴ്ചയായിരിക്കാം ഈ കാലം നല്‍കുന്ന ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് പരിഹസിച്ച നാവുകള്‍ വരെ വാഴ്ത്തുന്ന സ്ഥിതിവിശേഷം.

മറ്റൊന്ന് പരിസ്ഥിതിയും സ്വയംപര്യാപ്തതയുമാണ്.പരിസ്ഥിതി നശീകരണത്തില്‍ എത്രമാത്രം മുന്നോട്ടുപോയിരിക്കുന്നുവോ അത്രത്തോളം സ്വയം പര്യാപ്തതയില്‍ നിന്നകന്നു പോയതാണ് മലയാളി.അതിര്‍ത്തികള്‍ അടയ്ക്കപ്പെട്ടാല്‍ കഞ്ഞികുടി മുടങ്ങുന്ന അവസ്ഥയാണുള്ളതെന്ന തിരിച്ചറിവ് ഈ കാലം നല്‍കുന്നുണ്ട്.അതുകൊണ്ടു തന്നെ ഓരോ വീട്ടിലും അടുക്കളത്തോട്ടങ്ങളും മൈക്രോ ഗ്രീന്‍ കൃഷിയുമൊക്കെ വ്യാപകമാക്കാന്‍  കാരണമായിട്ടുണ്ട്.

എല്ലാറ്റിനുമുപരിയായി മനുഷ്യനന്മ ഏറ്റവും കൂടുതലായി നമുക്ക് കാണാന്‍കഴിഞ്ഞു.മതവും വര്‍ഗ്ഗീയതയും മാറി നിന്നിടത്ത് നന്മയുടെ ,സഹജീവി സ്നേഹത്തിന്‍റെ ,ആത്മാര്‍ത്ഥതയുടെ ഒരുപാടു കാഴ്ചകളാണ് കാണാനാവുന്നത്.സ്വന്തം ജീവന്‍ പോലും ഗൗനിക്കാതെയാണ് ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധസേവകരും പൊലീസും ഫയര്‍ഫോഴ്സുമെല്ലാം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്.മുന്‍കാലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ചികിത്സനല്‍കുന്നതിനു പോലും ആളുകള്‍ക്കു ഭയമായിരുന്നു.വീടിനടുത്തുള്ള വസൂരിപ്പുര, കുരിപ്പു പുര എന്നാണ് അറിയപ്പെട്ടിരുന്നത്.മരണത്തോടടുത്ത രോഗികളെ പാര്‍പ്പിച്ചിരുന്ന ഇടമാണതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.എന്‍റെ കുട്ടിക്കാലത്ത് വസൂരി നിര്‍മാര്‍ജ്ജനം ചെയ്തിരുന്നതിനാല്‍ പറഞ്ഞുകേട്ട അറിവുകളേയുള്ളൂ.അരമതിലും  കന്പിവലകളുമിട്ട ആരും പ്രവേശിക്കാന്‍ മടിച്ചിരുന്ന ആ കെട്ടിടം പക്ഷേ കുട്ടിക്കാലത്തെ ഭയപ്പെടുത്തുന്ന ഒരു ഓര്‍മ്മയാണ്.ആളൊഴിഞ്ഞ ഇടത്ത്,ഉറ്റവരാരുമില്ലാതെ മരണം കാത്തിരുന്നവരുടെ നിലവിളികള്‍ അതിലൂടെ പോകുന്നവരൊക്കെ ഭയപ്പാടോടെ ഓര്‍ക്കുന്നുണ്ട്.സമീപപ്രദേശത്തെ ഒരു സ്ത്രീ രോഗികള്‍ക്കായി വെള്ളവും ഭക്ഷണവുമൊക്കെ കൊണ്ടുവെക്കുമായിരുന്നു.കുരിപ്പു പുര ഇന്ന് ജനങ്ങള്‍ക്കു സേവനം നല്‍കുന്ന ഫയര്‍ സ്റ്റേഷനാണ്.പൊളിഞ്ഞുവീഴും വരെ കുരിപ്പു പുരക്കുള്ളില്‍ കയറാനുള്ള മനസ്സുറപ്പുണ്ടായിട്ടില്ല.അവസാനകാലത്ത് മാനസികരോഗികളും മറ്റും അതിനുള്ളില്‍ അഭയം തേടിയിരുന്നു.ഇന്ന് ആളുകള്‍ക്ക് പകര്‍ച്ചവ്യാധിയോടുള്ള സമീപനം മാറിയിരിക്കുന്നു.വീടുകളില്‍ ഐസോലേഷന്‍ നടത്താനും പരിചരിക്കാനുമെല്ലാം ആളുകള്‍ സന്നദ്ധരാണ് എന്നത് എത്രയോ ആശ്വാസം തരുന്ന കാര്യമാണ്. ഒരു വര്‍ഷത്തേക്ക് കിട്ടിയ മുഴുവന്‍ ക്ഷേമപെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്ന അമ്മമാരുടെ ഉള്ളിലെ സ്നേഹത്തിന്‍റെ നീരുറവകള്‍   നമുക്കു കാണിച്ചു തന്നത് ഈ കാലം തന്നെ.അതൊടൊപ്പം രാഷ്ട്രീയത്തിന്‍റെതായ കള്ളനാണയങ്ങളും നിരിച്ചറിയാനാവുന്നുണ്ട്.ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്തു പോലും കാലുവാരുന്നവരെയും ഈ കാലം വെളിപ്പെടുത്തിയിരിക്കുന്നു.

സാമൂഹികമായ വലിയ  മാറ്റങ്ങളാണ് ലോക്ക് ഡൗണിനു ശേഷം കാത്തിരിക്കുന്നതെന്ന് തിരിച്ചറിയാനാവുന്നുണ്ട്.ഒന്നും ചെയ്യാനാവാതെ വലിയൊരു വിഭാഗം ഭീതിയിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.അന്നന്നത്തെ അന്നത്തിനുള്ള വക ദിനംപ്രതി സമ്പാദിച്ചു കൊണ്ടുവരുന്നവരാണ്..കമ്മ്യൂണിറ്റി കിച്ചനും റേഷനും കൊണ്ട് അവര്‍ക്ക് പട്ടിണി കൂടാതെ കഴിയാനെങ്കിലും പറ്റുന്നുണ്ട്.പക്ഷേ ഭക്ഷണത്തിനുമപ്പുറം എത്രയോ കാര്യങ്ങളാണ് പരിഹാരമില്ലാതെ കിടക്കുന്നത്.സ്ഥിരവരുമാനക്കാരല്ലാത്ത എല്ലാവരുടെയും അവസ്ഥ ഇതുപോലെത്തന്നെയാണ്.നോട്ടു നിരോധനവും പ്രളയവും കഴിഞ്ഞ് ലോക്ക് ഡൗണ്‍ കൂടി വരുന്പോള്‍ സാന്പത്തികവും സാമൂഹികവുമായ പ്രയാസങ്ങള്‍ എങ്ങിനെ തരണം ചെയ്യുമെന്ന ചിന്ത വല്ലാതെ ബാധിക്കുന്നുണ്ട്.
ആദ്യആഴ്ചകളിുല്‍ ലോക്ക് ഡൗണ്‍ ചിലര്‍ക്കെങ്കിലും ഒരു ആശ്വാസമായിരുന്നു.ദീര്‍ഘകാലമായി അവധിക്കാലമില്ലാതെ ജോലി ചെയ്ചുന്നവര്‍ക്കും ഒന്നിനും സമയം മാറ്റി വെയ്ക്കാനില്ലാത്തവര്‍ക്കും    ലോക്ക് ഡൗണ്‍ ആശ്വാസം പകര്‍ന്നു.സോഷ്യല്‍ മീ‍ഡിയയും മറ്റും ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാനാവും.ആളുകള്‍ കുടുംബത്തോടൊപ്പമുള്ള സമയങ്ങള്‍ ആ്സ്വദിക്കുന്ന കാഴ്ചകളായിരുന്നു.പാചകപരീക്ഷണങ്ങളും സിനിമയും വായനയും എഴുത്തും കൃഷിയുമെല്ലാമായി സജീവമായി.ആഴ്ചകള്‍ പോകും തോറും ആളുകളുടെ മാനസികാവസ്ഥ മാറി വരികയാണ്.വല്ലാത്തൊരു അനിശ്ചിതത്വം എല്ലാ മേഖലയിലുമുള്ളവരെയും വേവലാതിപ്പെടുത്തുന്നുണ്ട്.പലര്‍ക്കും ഒന്നും തന്നെ ചെയ്യാനാവാത്ത അവസ്ഥയുണ്ട്..വായിക്കാനോ പാട്ടുകേള്‍ക്കാനോ പോലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ.അതൊടൊപ്പം തന്‍റേതായ ഇടങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്ന സ്ഥിതിവിശേഷം ആളുകളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.ലോക്ക് ഡൗണിന്‍റെ ആദ്യ ആഴ്ചകളില്‍ ഒട്ടും മടുപ്പ് അനുഭവപ്പെട്ടിട്ടില്ലായിരുന്നു.19 വര്‍ഷമായി അവധിക്കാലമില്ലാത്ത ജോലിയില്‍ നിന്നും തിരക്കുകളില്‍ നിന്നും ഒരു ഇടവേള കിട്ടിയതുപോലെയായിരുന്നു.മാറ്റിവച്ച കുറേക്കാര്യങ്ങള്‍ ചെയ്യാനും ഇഷ്ടപ്പെട്ട സിനിമകള്‍ കാണാനും പുസ്തകങ്ങള്‍ വായിക്കാനും കഴിഞ്ഞു.പക്ഷേ ഓരോ ആഴ്ചയും കഴിയുന്പോള്‍ അസ്വസ്ഥത കൂടി വരികയാണ്.മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍,സമയബന്ധിതമായി ഓഫീസിലും വീട്ടിലും ചെയ്യേണ്ട ജോലികള്‍,പുറംനാടുകളില്‍ കഴിയുന്ന പ്രിയപ്പെട്ടവര്‍ ഇങ്ങിനെയൊക്കെ ആലോചിക്കുന്പോള്‍ വല്ലാത്ത അനിശ്ചിതത്വം തോന്നുന്നുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ച യാത്രകളെല്ലാം മുടങ്ങി.വലിയ സാമ്പത്തികനഷ്ടം വന്നെങ്കിലും അതിനെക്കുറിച്ച് ഖേദിക്കുന്നില്ല.സ്വന്തം ആരോഗ്യത്തേക്കാളുപരിയായി ആലോചിച്ചത് നമ്മുടെ യാത്ര മൂലം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സര്‍ക്കാരിനുമുണ്ടാവുന്ന ബുദ്ധിമുട്ടുകളാണ്.വേണമെങ്കില്‍ പോകാമായിരുന്ന അവസ്ഥയായിരുന്നിട്ടും അപകടസാധ്യത മുന്‍നിര്‍ത്തി ഒഴിവാകുകയായിരുന്നു.മറ്റുള്ളവരുമായി നോക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങളൊന്നും ഒന്നുമല്ല.മൊബൈലും ഇന്‍റര്‍നെറ്റും കേബിള്‍ ടിവിയുമില്ലാതെ മാസങ്ങളോളമാണ് കശ്മീര്‍ ജനത ലോക്ക് ഡൗണ്‍ അനുഭവിച്ചത്.

ഇരുപത്തിനാലു മണിക്കൂറും വാഹനങ്ങള്‍ കടന്നുപോകുന്ന കോഴിക്കോട് പാലക്കാട് ദേശീയപാതയോരത്താണ് ജീവിക്കുന്നത്.നിറയെ കടകളും ഷോപ്പിംഗ് കോംപ്ലക്സുകളുമുള്ള, തിരക്കും വെളിച്ചവുമുള്ള ഇടം ഒരു മനുഷ്യനുമില്ലാതെ ,ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ അവിശ്വസനീയമാണ്. ഒരു അത്യാവശ്യ സാധനം വാങ്ങാനോ ആരെയെങ്കിലും കാണാനോ സ്വാതന്ത്ര്യം ഇല്ലാതായി എന്ന അവസ്ഥ ഭീതി ജനിപ്പിക്കുന്നുണ്ട് .അടുത്ത ബന്ധുക്കളെപ്പോലും കണ്ടിട്ട് ആഴ്ചകളായിരിക്കുന്നു.അടുത്തുള്ള വീടുകളില്‍ നിന്നുപോലും ആരും വരുന്നില്ല.ആരും അങ്ങോട്ടും പോകുന്നുമില്ല.

ഒഴിഞ്ഞ നിരത്തുകൾ,തെരുവ് വിളക്കുകൾ കത്താത്ത രാത്രികൾ.. ഏതോ വിദൂരമായ കാലത്തില്‍ ജീവിക്കുന്നത് പോലെ.അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി  വല്ലപ്പോഴും മാത്രമേ പുറത്തു പോകുന്നുള്ളൂ. .സ്ഥിരം പോകുന്ന കടയില്‍ ആരെയും അകത്തേക്കു കയറ്റുന്നില്ല.ഓർഡർ കൊടുത്താൽ പായ്ക്ക് ചെയ്തു കിട്ടും.ഷോപ്പിന് മുൻപിൽ ഒരു മീറ്റർ അകലത്തിൽ ആളുകളെ ഇരുത്താൻ കസേരകൾ ഇട്ടിട്ടുണ്ട്. നമുക്കു ഇഷ്ടപ്പെട്ട ഒരു സാധനം തിരഞ്ഞെടുക്കാൻ നിര്‍വാഹമില്ല. ഏതു ബ്രാൻഡ് വാങ്ങണം എന്ന് താരതമ്യം ചെയ്ത് നോക്കാൻ പറ്റാത്ത അവസ്‌ഥ.സജീവമായിരുന്ന നഗരം ഇപ്പോള്‍  ഒരു മൃതനഗരം പോലെയാണ് .ആരെയും പുറത്ത് കാണാനില്ല.ഫാര്മസികൾ തന്നെ കുറവാണ്.ഒക്കെ  വിജനവും മൂകവുമാണ്.

ഓഫീസിൽ നിന്നിറങ്ങി സാധനങ്ങള്‍ വാങ്ങിച്ച്   ബുക്‌ഷോപ്പിലൊന്നു കയറി പരിചയക്കാരെയൊക്കെ കണ്ട്  ഇന്ത്യൻ കോഫി ഹൗസില്‍  നിന്നും ഒരു ചായയോ ലെമണ്‍ ടീ യോ കഴിച്ചു  വീട്ടിലേക്ക് പോയിരുന്ന വൈകുന്നേരങ്ങൾ മറ്റേതോ കാലത്തിലായിരുന്ന പോലെ.നഷ്ടപ്പെടുമ്പോഴാണ് സാധാരണ ജിവിതത്തിന്‍റെ ചെറിയ ആഹ്ലാദങ്ങള്‍ പോലും എത്ര വലിയ അനുഗ്രഹമായിരുന്നുവെന്നു തിരിച്ചറിയുന്നത്.എല്ലാം സാധാരണനിലയിലാകാന്‍, എവിടെയങ്കിലും ഒന്നുപോകാന്‍ ഇനിയും എത്രകാലം കാത്തിരിക്കണമെന്നറിയില്ല.

വീട്ടകങ്ങള്‍ തന്നെയാണ് മനുഷ്യന്‍റെ സുരക്ഷിതത്വമെന്ന് ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ ലോക്ക് ഡൗണ്‍ കാലം.
കോവിഡിന് ശേഷമുള്ള ലോകം വളരെ വ്യത്യസ്തമായിരിക്കും.സാമൂഹികമായും സാമ്പത്തികമായും ഒക്കെ വലിയ പ്രയാസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുന്നത്..ലോകമഹായുധങ്ങളും മഹാമാരികളും ചരിത്രത്തെ മാറ്റിയെഴുതിയപോലെ ഈ കുഞ്ഞൻ വൈറസും ലോകത്തിന്റെ സന്തുലിതാവസ്ഥയെ മാറ്റിമറിക്കുമെന്നു മനസ്സിലാക്കാനാവുന്നു. പ്രളയങ്ങളെ ,നിപ്പയെ അതിജീവിക്കാൻ കഴിഞ്ഞതുപോലെ ലോകം ഈ കാലവും മറികടന്ന് മുന്നോട്ടു പോവുക തന്നെ ചെയ്യും..

Comments are closed.