DCBOOKS
Malayalam News Literature Website

ജാതിയും മതവും ലിംഗഭേദവുമില്ലാത്ത പ്രണയങ്ങള്‍

സി. എസ്‌. ചന്ദ്രിക

പ്രസവിച്ച്‌ മൂന്നു ദിവസം കഴിയുമ്പോള്‍ അനുപമയില്‍ നിന്ന്‌ അകറ്റപ്പെട്ട കുഞ്ഞ്‌ പലയിടങ്ങളിലായി നീണ്ട ഒരു വര്‍ഷം ജീവിതം താണ്ടിക്കടന്ന്‌ ആദ്യമായി സ്വന്തം അമ്മയുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുന്ന സമാധാനപരമായ കാഴ്‌ചയോടെയാണ്‌, അനുപമ കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ വേണ്ടി നടത്തി വന്ന സമരത്തിന്റെ വലിയൊരു ഘട്ടം ഇക്കഴിഞ്ഞ ദിവസം സന്തോഷകരമായി തീരുന്നത്‌. സ്വന്തം കുടംബത്തില്‍ അച്ഛനില്‍ നിന്ന്‌ അനുപമ നേരിട്ട അക്രമങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും വ്യാപ്‌തി എത്രയെന്ന്‌ ഈ കേസ്‌ നിരീക്ഷിച്ചവര്‍ക്കെല്ലാം പ്രഥമദൃഷ്‌ട്യാ മനസ്സിലായിട്ടുണ്ടായിരുന്നു. അനുപമയുടെ പരാതിയിന്‍മേല്‍, കുഞ്ഞിനെ ഏറ്റെടുക്കലും ദത്തു നല്‍കലും സംബന്ധിച്ച്‌ സി ഡബ്ലു സി, ശിശുക്ഷേമ സമിതി, പോലീസ്‌ സ്റ്റേഷന്‍ അടക്കം അനുപമ കുഞ്ഞിനെ വേണമെന്ന്‌ പറഞ്ഞ്‌ പരാതിപ്പെട്ട മറ്റ്‌ ഇടങ്ങള്‍ ഇതിലെല്ലാം നടന്നിട്ടുള്ള ഗുരുതരമായ വീഴ്‌ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന അന്വേഷണത്തില്‍ മുന്‍ വനിതാ ശിശു വകുപ്പ്‌ ഡയറക്‌ടര്‍ ടി വി അനുപമ ഐ എ എസ്‌ കണ്ടെത്തിയിട്ടുണ്ടെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വീഴ്‌ചകള്‍ വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ഇനിയും കാലതാമസം കൂടാതെ നടപടികള്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇത്തരം കേസുകളില്‍ സംഘര്‍ഷം നടക്കുന്നത്‌, സമൂഹത്തില്‍ ലിംഗഭേദ – വര്‍ഗ്ഗ – മത ജാത്യധികാര വ്യവസ്ഥകള്‍ പരിപാലിച്ചു സംരക്ഷിക്കുന്ന ലൈംഗിക സദാചാര ബോധവും തുല്യനീതി വിഭാവനം ചെയ്യുന്ന ഭരണഘടനാപരമായ ജനാധിപത്യ പൗരാവകാശബോധവും തമ്മിലാണ്‌. ഭരണഘടനാപരമായ ധാര്‍മ്മികതയും വ്യക്തികളുടെ പൗരാവകാശങ്ങളോടു പുലര്‍ത്തേണ്ടതായ നീതി സ്ഥാപിക്കലുമാണ്‌ ഒരു സമൂഹത്തില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക.

കേരളത്തില്‍ തീര്‍ത്തും പുതിയതാണ്‌ ഇത്തരത്തിലുള്ള ഒരു സമരം. പുതിയ തലമുറയിലെ യുവതികളില്‍ നിന്ന്‌ ഭാവിയില്‍ ഇടയ്‌ക്കിടെ പൊട്ടിപ്പുറപ്പെടാന്‍ പോകുന്ന പ്രതികരണങ്ങളുടെ, സമരങ്ങളുടെ ഒരാമുഖം എന്ന്‌ ഈ സമരത്തെ വിശേഷിപ്പിക്കാമെന്ന്‌ എനിക്ക്‌ തോന്നുന്നു. അതിനാല്‍ ലൈംഗിക, കുടുംബ ജീവിത സ്വാതന്ത്ര്യ തെരഞ്ഞെടുപ്പുകള്‍ സ്വന്തം വീടുകളില്‍, നാട്ടില്‍ സ്‌ത്രീകള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അതിനെ എങ്ങനെ ജനാധിപത്യപരമായി അഭിമുഖീകരിക്കണം എന്നതിന്റെ പ്രായോഗിക പാഠമാണ്‌ പ്രാഥമികമായി അനുപമയുടെ സമരം കുടുംബങ്ങളില്‍ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുന്നത്‌. ആ പാഠങ്ങള്‍ മനസ്സിലാക്കാന്‍ എല്ലാവരും അത്യന്തം കഠിനമായി ശ്രമിക്കേണ്ടി വരും.

ലൈംഗിക സദാചാര വിചാരണ നടത്തി അനുപമയെ ചീത്ത സ്‌ത്രീ എന്ന്‌ മുദ്ര കുത്തുന്ന പൊതു സമൂഹത്തിലെ സ്‌ത്രീപുരുഷന്‍മാര്‍ക്ക്‌ പോലും ഈ സമരത്തെ കണ്ടില്ലെന്ന്‌ നടിക്കുക അസാധ്യമായിരുന്നു എന്നത്‌ ഈ സമരത്തിന്റെ വലിയ പ്രത്യേകതയായിരുന്നു. കാരണം, അമ്മയുടെ മേല്‍ സ്വന്തം അവകാശം ചോദിക്കാന്‍ പറ്റാത്ത തീര്‍ത്തും നിസ്സഹായമായ ഒരു കുഞ്ഞു കൂടി അദൃശ്യമായി ഈ സമരത്തില്‍ സജീവമായി ഉള്‍പ്പെട്ടിരിക്കുകയായിരുന്നു. അനുപമ ഉയര്‍ത്തിയ ആ സന്നിഗ്‌ദധതയുടെ മുമ്പിലാണ്‌, അടിയന്തരമായി ദത്തു നടപടികള്‍ കോടതിയില്‍ നിര്‍ത്തി വെയ്‌ക്കാനും ആന്ധ്രയിലെ ദമ്പതികള്‍ക്ക്‌ ഫോസ്റ്റര്‍ കെയറിനു കൊടുത്തു കഴിഞ്ഞ കുഞ്ഞിനെ അതിവേഗം തിരിച്ചു കൊണ്ടു വരാനും തുടര്‍ന്ന്‌ കുഞ്ഞിന്റേയും അമ്മയുടേയും അച്ഛന്റേയും ഡി എന്‍ എ ടെസ്റ്റ്‌ നടത്താനും പിറ്റേന്നു തന്നെ കോടതിയില്‍ വെച്ച്‌ കുഞ്ഞിനെ അനുപമയെ ഏല്‍പ്പിക്കാനും സര്‍ക്കാരിന്റെ പക്ഷത്തു നിന്ന്‌ സമയബന്ധിതമായ ശ്രമങ്ങള്‍ ഉണ്ടായത്‌.

സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

18 വയസ്സു കഴിയുന്ന മക്കളെ രക്ഷിതാക്കള്‍ ഇനി എന്തു ചെയ്യണം?

അനുപമയുടെ സമരത്തിന്റെ തുടക്കത്തില്‍ ഈ കോളത്തില്‍ തന്നെ ഞാന്‍ നേരത്തേ എഴുതിയിരുന്നു, സമൂഹത്തിന്റെ സദാചാര സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ അനുപമയുടെ അച്ഛന്‍ മറ്റെന്തു ചെയ്യണമായിരുന്നു എന്ന്‌. അക്രമരഹിതമായ മറ്റു വഴികള്‍ എന്തുകൊണ്ട്‌ ആ അച്ഛന്‍ തെരഞ്ഞെടുത്തില്ല? ദീര്‍ഘകാലത്തെ ഇടതുപക്ഷ രാഷ്‌ട്രീയ പ്രവര്‍ത്ത നേതൃത്വത്തിലൂടേയും മറ്റും കൈവന്ന സാമൂഹ്യ മൂലധനമുണ്ടായിട്ടും ജീര്‍ണ്ണസദാചാര നിയമസംഹിതകളെ ഭയക്കുകയോ കൂട്ടുപിടിക്കുകയോ ചെയ്‌തതെന്തു കൊണ്ട്‌? അമ്മയുടെ വലിയ ആന്തരിക, ബാഹ്യ സംഘര്‍ഷങ്ങള്‍ക്കകത്ത്‌, അധികാര രാഹിത്യത്തിനുളളില്‍ പിറന്നു വീണ ഒരു കുഞ്ഞു ജീവനോട്‌ കാണിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ സ്വന്തം ജീവിതം ജയിലിലകപ്പെടാനുള്ള സാധ്യതയുണ്ടെന്ന്‌ പോലും അറിയാനുള്ള ചിന്താശൂന്യത എന്തുകൊണ്ടുണ്ടായി?

ഈ ചോദ്യങ്ങള്‍ എല്ലാ അച്ഛനമ്മമാരോടും ഉള്ളതാണ്‌. നമ്മുടേതെന്ന്‌ മാത്രം കരുതി വളര്‍ത്തി വലുതാക്കുന്ന സ്വന്തം മക്കള്‍ 18 വയസ്സു തികഞ്ഞ്‌, പ്രായപൂര്‍ത്തിയായി സമ്പൂര്‍ണ്ണ പൗരരായാല്‍ മക്കളുടെ മേല്‍ മാതാപിതാക്കള്‍ക്ക്‌ അവകാശം, ഉത്തരവാദിത്വങ്ങള്‍ എത്രമാത്രമുണ്ട്‌ എന്ന കാതലായ ചര്‍ച്ച ഇത്തരം പുതുതലമുറ സമരങ്ങളോടു കൂടി ഉയര്‍ന്നു വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. വര്‍ത്തമാന കാലത്തെ മനുഷ്യ ജീവിതങ്ങളുടെ, കുടുംബ ബന്ധങ്ങളുടെ അതിവൈകാരിക അധികാര സങ്കീര്‍ണ്ണതകളെ സമഗ്രമായി കാണാന്‍ നമുക്കു കഴിയണം. കാരണം, 18 വയസ്സു തികയുന്നതിന്റെ തലേന്നു വരേയും അച്ഛന്റേയും അമ്മയുടേയും രക്ഷാകര്‍തൃത്വത്തിന്റെ തണലില്‍ വളര്‍ന്നവള്‍/ന്‍ 18 ദിവസം തികയുന്ന ദിവസം മുതല്‍ സാങ്കേതികമായി സര്‍വ്വ അവകാശങ്ങളും സ്വന്തം നിലയില്‍ നിയന്ത്രിക്കാന്‍ അധികാരമുള്ള സ്വതന്ത വ്യക്തി പദവിയില്‍ എത്തുകയാണ്‌. അവരുടെ മുന്നോട്ടുള്ള സ്വതന്ത്ര വ്യക്തി ജീവിതത്തിന്‌, തെരഞ്ഞെടുപ്പുകളുടെ ജീവിത സാധ്യതകള്‍ക്ക്‌ അനുകൂലമായ സാമ്പത്തിക, സാമൂഹ്യ, സാംസ്‌ക്കാരിക, പിന്തുണാ അന്തരീക്ഷം ഒരുക്കിയെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്കുള്ള റോള്‍, ഉത്തരവാദിത്വങ്ങള്‍ കൂടി പുതിയ കാലത്ത്‌ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. അതായത്‌, കുടുംബനാഥനായ അച്ഛന്‍ ശീലിച്ചു വന്ന പാരമ്പര്യ മൂല്യബോധത്തിനനുസരിച്ച അളവുകോലുകളില്‍ തനിക്ക്‌ അംഗീകരിക്കാന്‍ പറ്റാത്ത ഒരു പ്രവൃത്തി ചെയ്‌ത മകളെ സ്വന്തം വീട്ടില്‍ നിന്ന്‌ ഇറക്കി വിടാന്‍ (പടിയടച്ചു പിണ്‌ഡം വെയ്‌ക്കുക എന്ന പ്രയോഗം പണ്ടു മുതലേ തന്നെ നമുക്ക്‌ ഭാഷയിലുണ്ട്‌) തീരുമാനിച്ചാല്‍ അതുമല്ലെങ്കില്‍ മക്കള്‍ അസ്വാതന്ത്ര്യവും പീഢനവും നിറഞ്ഞ വീടു വിട്ട്‌ ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാല്‍ അവന്‍/അവള്‍ നേരെ എവിടെ ചെന്ന്‌ കയറണം? അവരുടെ തുടര്‍വിദ്യാഭ്യാസം, തൊഴില്‍, വരുമാനം, ശാരീരിക മാനസിക സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാന്‍ എന്തു സംവിധാനങ്ങളാണ്‌ നമുക്കുള്ളത്‌?

സ്വന്തം ഇഷ്‌ടപ്രകാരമുള്ള ലൈംഗിക ബന്ധങ്ങളും ഒളിച്ചോട്ടങ്ങളും വിവാഹങ്ങളും ഇതിനു മുമ്പും ഒട്ടേറെ പെണ്‍കുട്ടികളും സ്‌ത്രീകളും നടത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌, പെണ്‍കുട്ടി ‘പിഴച്ചു’ പോയി കുടുംബത്തിന്‌ നാണക്കേടുണ്ടാക്കാതിരിക്കാന്‍ ഇളം പ്രായത്തിലേ വിവാഹം കഴിച്ചു കൊടുക്കുകയായിരുന്നു പതിവ്‌. വിവാഹപ്രായത്തെക്കുറിച്ച്‌ ഇപ്പോള്‍ നിയമമുള്ളതിനാല്‍ വിവാഹം കഴിപ്പിക്കാന്‍ 18 വയസ്സു വരെ കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്‌. അതേ സമയം ഇന്നത്തെ പെണ്‍കുട്ടികളില്‍ കുറേപ്പേര്‍ കൂടുതല്‍ പഠിക്കാനും സ്വന്തമായി വരുമാനമുണ്ടാക്കാനും ആഗ്രഹിക്കുന്നവരാണ്‌. അതിനിടയില്‍ അവര്‍ക്ക്‌ പ്രേമബന്ധങ്ങളുണ്ടാവുകയോ ജൈവികമായ ലൈംഗിക മോഹങ്ങളുണ്ടാവുകയോ ചെയ്യുക സ്വാഭാവികമാണ്‌. പെണ്‍കുട്ടികളുടെ തെരഞ്ഞെടുപ്പ്‌ അവള്‍ക്ക്‌ നഷ്‌ടങ്ങളും സഹനങ്ങളും വേദനകളും ആത്മഹത്യയും കൊലപാതകവും വിളിച്ചു വരുത്തുന്നതാകരുത്‌ എന്ന സ്വയം കരുതല്‍ ബോധവും പക്വതയും നല്‍കാന്‍ മാത്രം കുടുംബങ്ങള്‍ക്ക്‌, വിദ്യാഭ്യാസ വ്യവസ്ഥയ്‌ക്ക്‌ വലിയ പങ്കുണ്ട്‌. പെണ്‍കുട്ടികള്‍ക്ക്‌ മാത്രമല്ല, പ്രണയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും പരസ്‌പരം ബഹുമാനവും ഉത്തരവാദിത്വവും നിര്‍വ്വഹിക്കും വിധം ആണ്‍കുട്ടികളെ കരുതലോടെ വളര്‍ത്തിയെടുക്കുവാനും ഈ പുതിയ കാലത്ത്‌ പുതിയ പഠന സഹായങ്ങള്‍ നല്‍കിയേ മതിയാവൂ. കേരളത്തില്‍ പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ മാത്രമല്ല, പ്രണയത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കൊല്ലുന്നതും ആവര്‍ത്തിച്ച്‌ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

പാട്രിയാർക്കിയെ ക്ഷീണിപ്പിച്ച സമരം

സ്‌ത്രീകളെ സംബന്ധിച്ച്‌, അടിമുടി പാട്രിയാര്‍ക്കല്‍ സാമൂഹ്യ നിര്‍മ്മിത ഇടമായ കുടുംബത്തിനുള്ളില്‍ ലൈംഗിക, പ്രത്യുത്‌പാദന അവകാശങ്ങള്‍ അടക്കം സ്വന്തം നിയന്ത്രണാധികാരം പതിനെട്ടു വയസ്സോടെ നിയമപരമായി അവള്‍ക്ക്‌ സ്വന്തമാവുകയാണ്‌. ഇന്ത്യ പോലൊരു രാജ്യത്ത്‌ ആ അവകാശവും അധികാരവും സ്വതന്ത്ര വ്യക്തി പദവിയും കയ്യാളാന്‍ സ്‌ത്രീകള്‍ക്ക്‌ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ അനുവാദമില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ സംഭവിച്ച വലിയ അധികാര സംഘര്‍ഷത്തിനുള്ളിലാണ്‌ അനുപമയുടെ വിവാഹപൂര്‍വ്വ ലൈംഗികബന്ധവും ഗര്‍ഭധാരണവും പ്രസവവും രഹസ്യമായി നടക്കുന്നത്‌. രഹസ്യമായി പ്രസവം നടന്നാല്‍, ജീവനോടെ ജനിച്ച കുഞ്ഞിനെ കുടുംബത്തിനുള്ളില്‍ മറച്ചു വെയ്‌ക്കുക എന്നത്‌ അസാധ്യമാണ്‌. സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരിടാന്‍ പോകുന്ന പരിഹാസവും ഒററപ്പെടുത്തലും ഭയന്ന്‌ ആ കടുത്ത വെല്ലുവിളിയെ അക്രമാസക്തമായ കുടുംബങ്ങള്‍/പിതൃബിംബങ്ങള്‍ പൊതുവേ കൈകാര്യം ചെയ്‌തു വരുന്ന രീതിയാണ്‌ അനുപമയുടെ അച്ഛന്‍ എളുപ്പം സ്വീകരിച്ചത്‌. ശിശുക്ഷേമ സമിതി ഇല്ലാതിരുന്ന കാലത്തും നാട്ടിലുള്ള അനാഥാലയങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ എത്തിക്കൊണ്ടിരുന്നത്‌ ഇങ്ങനെയാണ്‌. ചിലപ്പോള്‍ അമ്മമാര്‍ തന്നെ ഭയന്നും വേദനിച്ചും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു കളയാറുണ്ട്‌, കൊന്നു കളയാറുണ്ട്‌.

എന്റെ ഇരുപതു വയസ്സിന്റെ തുടക്കത്തില്‍ ‘സമത’ സ്‌ത്രീനാടക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബെര്‍ത്തോള്‍ഡ്‌ ബ്രെഹ്‌റ്റിന്റെ ‘ചോരക്കുഞ്ഞിനെ കൊന്ന മേരി ഫെറാറിന്റെ കഥ’യിലെ മേരിയായി ഞാന്‍ അത്തരം ഭയവും വേദനയും ഭാവനയില്‍ കണ്ട്‌ കേരളം മുഴുവനും നിരവധി സ്റ്റേജുകളില്‍ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടുള്ളത്‌ ഇപ്പോള്‍ സാന്ദര്‍ഭികമായി ഓര്‍ത്തു പോകുന്നു. അതിനു ശേഷം വര്‍ഷങ്ങള്‍ എത്ര കടന്നു പോയിരിക്കുന്നു! എന്നിട്ടും ഇവിടെ മാത്രമല്ല, ഇപ്പോഴും ലോകത്തെല്ലായിടത്തുമുള്ള പാട്രിയാര്‍ക്കല്‍ സമൂഹങ്ങളില്‍ ഇതേ നിഷ്‌ഠൂരതകള്‍ തുടരുക തന്നെയാണ്‌. പാട്രിയാര്‍ക്കിയെ ക്ഷീണിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുക എന്ന കൃത്യമാണ്‌ അതിനെതിരെ ചെയ്യാനുള്ളത്‌. അനുപമയുടെ സമരത്തിന്‌ പാട്രിയാര്‍ക്കിയെ ഒട്ടൊന്ന്‌ ക്ഷീണിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്‌.

ജാതിയും മതവും ലിംഗഭേദവുമില്ലാത്ത പ്രണയങ്ങള്‍

അനുപമയുടെ കാര്യത്തില്‍, കുഞ്ഞിന്റെ അച്ഛനായ അജിത്‌ ജാതിവ്യവസ്ഥയില്‍ അനുപമ ജനിച്ച ജാതിയേക്കാള്‍ താഴ്‌ന്ന നിലയിലുള്ള ആളാണ്‌ എന്നതും അനുപമ കുഞ്ഞിനെ പ്രസവിക്കുന്ന സമയത്ത്‌ അദ്ദേഹം മറ്റൊരു സ്‌ത്രീയുടെ ഭര്‍ത്താവ്‌ ആയിരുന്നു എന്നതും അനുപമയുടെ കുടുംബത്തിന്റെ സാമൂഹ്യ നിര്‍മ്മിത മാനാഭിമാന പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമായി വെല്ലുവിളിക്കുന്നതായിരുന്നു. അതിനാല്‍ അധികരിച്ച വൈരാഗ്യ വികാരത്തോടും കൂടിയാണ്‌ അനുപമയുടെ അച്ഛന്‍ മകളെ നേരിട്ടത്‌ എന്നറിയുന്നു.

ഈ കാലത്തെ കുറേ പെണ്‍കുട്ടികളുടെ ചിന്തകള്‍ ഞാനറിയുന്നത്‌ 18 വയസ്സുള്ള എന്റെ മകളിലൂടേയും അവളുടെ കൂട്ടുകാരിലൂടേയുമാണ്‌. ഞങ്ങള്‍ നിരന്തരം സംസാരിക്കുന്നു. അവര്‍ ഭിന്ന ലൈംഗിക അധികാര ലോകത്തെ നിശിതമായി വിമര്‍ശിക്കുന്നവരും വൈവിദ്ധ്യമാര്‍ന്ന ജെന്റര്‍ ഐഡന്റിറ്റികളുടെ യാഥാര്‍ത്ഥ്യങ്ങളേയും ജീവിത സാധ്യതകളേയും കുറിച്ച്‌ കൂടി നല്ല ധാരണയുള്ളവരും സ്വന്തം ശരീരത്തിന്റെ വളര്‍ച്ചയേയും തൃഷ്‌ണകളേയും മാനസിക വികാസത്തേയും കൗതുകത്തോടെ മനസ്സിലാക്കി തുറന്നു സംസാരിക്കുന്നവരുമാണ്‌. അനുപമയുടെ ജീവിതത്തില്‍ മാത്രമല്ല, ലൈംഗികത സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനോ സംശയങ്ങള്‍ തീര്‍ക്കാനോ സാധ്യതകളില്ലാത്ത അടഞ്ഞ കുടുംബങ്ങളിലാണ്‌ നമ്മുടെ ഭൂരിഭാഗം പെണ്‍കുട്ടികളും വളരുന്നത്‌. അനുപമയ്‌ക്ക്‌ വീട്ടിനുള്ളില്‍ ഏഴു മാസം വരെയും ഗര്‍ഭം ഒളിപ്പിച്ചു വെയ്‌ക്കാനായി എന്നത്‌ നമ്മുടെ കുടുംബങ്ങളില്‍ മക്കളും അമ്മമാരും തമ്മിലുള്ള ആശയ വിനിമയത്തിലെ അമ്മമാരുടെ ദയനീയമായ അവസ്ഥയെക്കൂടിയാണ്‌ തുറന്നു കാട്ടിത്തരുന്നത്‌.

സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.