DCBOOKS
Malayalam News Literature Website

ഹെലികോപ്റ്റര്‍ തകര്‍ന്ന് ലെസ്റ്റര്‍ സിറ്റി ഉടമയടക്കം അഞ്ച് പേര്‍ മരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമയും തായ്‌ലന്‍ഡിലെ ശതകോടീശ്വരനുമായ വിഷൈ ശ്രീവദനപ്രഭ(60) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്ററില്‍ വിഷൈയും പൈലറ്റുമടക്കം അഞ്ചു പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലെസ്റ്റര്‍ഷെയര്‍ പൊലീസാണ് അപകടവിവരം ഔദ്യോഗികമായി അറിയിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരം കഴിഞ്ഞ് തൊട്ടുപിന്നാലെയായിരുന്നു അപകടം. ലെസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തില്‍നിന്ന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിങ് മേഖലയിലാണ് ഹെലികോപ്റ്റര്‍ വന്നുപതിച്ചത്. ഉടന്‍ തീപിടിയ്ക്കുകയും ചെയ്തു.

വിഷൈ ഇംഗ്ലണ്ടിലെത്തിയാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണിത്. ലെസ്റ്റര്‍ സിറ്റിയുടെ എല്ലാ ഹോം മത്സരങ്ങളിലും വിഷെയും അദ്ദേഹത്തിന്റെ ബന്ധുക്കളും ഹെലികോപ്റ്ററിലാണ് സ്‌റ്റേഡിയത്തിലെത്തുന്നതും പോകുന്നതും. അപകടവിവരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Comments are closed.